This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറ്റ് എന്‍ജിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറ്റ് എന്‍ജിന്‍

ഏതൊരു പ്രവര്‍ത്തനത്തിനും വിപരീത ദിശയില്‍ തുല്യമായ പ്രവര്‍ത്തനമുണ്ടെന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനം.

ആണവ ഭൗതികത്തില്‍ 'ജോയിന്റ് യൂറോപ്യന്‍ ടോറസ്' (Joint European Torus) എന്ന ടൊകമാക് യന്ത്രത്തിന്റെ ആദ്യക്ഷര സംയോജിത പദമാണ് ജെറ്റ്. യൂറോപ്പില്‍ ഒരു ഫ്യൂഷന്‍ പവര്‍ റിയാക്ടര്‍ നിര്‍മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന ആണവ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ക്കുവേണ്ടി ഇംഗ്ലണ്ടില്‍ നിര്‍മിച്ചെടുത്ത ടൊകമാക് യന്ത്രമാണ് ഈ 'ജെറ്റ്'.

ജെറ്റ് പ്രവാഹം (Jet flow). താരതമ്യേന നിശ്ചലാവസ്ഥയിലുള്ള ഒരു ദ്രവത്തിലൂടെ ഉയര്‍ന്ന പ്രവേഗത്തില്‍ കടന്നുപോകുന്ന ഒരു സ്ഥാനീയ പ്രവാഹത്തെ സൂചിപ്പിക്കാനും ജെറ്റ് എന്ന സംജ്ഞ ഊര്‍ജതന്ത്രത്തില്‍ ഉപയോഗിക്കാം. ജെറ്റ് പ്രവാഹം സൃഷ്ടിക്കാന്‍ ദ്രവത്തില്‍ ജെറ്റ് പ്രവാഹത്തിന്റെ ദിശയെ ലക്ഷ്യമാക്കി ഒരു ബലം ചെലുത്തേണ്ടതാണ്. ദ്രവത്തില്‍ ബലം പ്രയോഗിക്കുന്ന ഈ സംവിധാനത്തില്‍ പ്രസ്തുത ബലത്തിന്റെ പ്രതിക്രിയ എന്ന വണ്ണം അതേ അളവില്‍ ഒരു ബലം ജെറ്റ് പ്രവഹിക്കുന്നതിന്റെ എതിര്‍ദിശയെ ലക്ഷ്യമാക്കി അനുഭവപ്പെടുന്നു. ജെറ്റ്വിമാനം, റോക്കറ്റ് എന്നിവ മുന്നോട്ടു കുതിക്കുന്നതിനുള്ള ബലം നല്കുന്നത് ഈ പ്രതിക്രിയാ ബലമാണ്.

സര്‍ ഫ്രാങ്ക് വിറ്റില്‍(വലത്) അത്യാധുനിക ജറ്റിന്റെ രൂപകല്പന പരിശോധിക്കുന്നു

ജെറ്റ് പ്രവാഹത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജലവൈദ്യുത നിലയങ്ങളിലെ ആവേഗചക്രം ജലജെറ്റില്‍ നിന്നു ലഭിക്കുന്ന ഊര്‍ജത്തെ ബല ആഘൂര്‍ണമാക്കി മാറ്റുന്നു. ഈ ബല അഘൂര്‍ണമാണ് ജലവൈദ്യുതി നിര്‍മാണ സംവിധാനത്തിലെ ഷാഫ്റ്റിനെ കറക്കുന്നത്. അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ കത്തിക്കൊണ്ടിരിക്കുന്ന പദാര്‍ഥങ്ങളിലേക്ക് കണികകളായി വേര്‍പിരിയാതെ ജലം എത്തിക്കാന്‍ ജലജെറ്റ് പ്രയോജനപ്പെടുത്തുന്നു. സ്വര്‍ണഘനന സമയത്ത് മണ്ണ് നീക്കം ചെയ്യാനും ദ്രവ ഊര്‍ജ വിസരണം ചെയ്യാനും ജലജെറ്റ് ഉപയോഗിക്കാറുണ്ട്.

ജെറ്റ് നോദനം(Jet propulsion). ജെറ്റ് പ്രവാഹത്തില്‍ നിന്ന് ലഭ്യമാകുന്ന പ്രണോദം (തള്ളല്‍) ഉപയോഗിച്ച് സൃഷ്ടിക്കുന്ന നോദനമാണിത്. ഒരു വസ്തുവില്‍ നിന്ന് ഒരു നിശ്ചിത ദിശ ലക്ഷ്യമാക്കി ഉയര്‍ന്ന വേഗതയില്‍ ഒരു ദ്രവത്തെയോ വാതകത്തെയോ പുറംതള്ളിയാല്‍ ആ ദിശയ്ക്ക് എതിരായ ദിശയില്‍ പ്രസ്തുത ബലത്തിന്റെ പ്രതിക്രിയയായി ആദ്യത്തെ വസ്തുവില്‍ തള്ളല്‍ അനുഭവപ്പെടും. ഈ പ്രതിക്രിയയ്ക്കാധാരം ന്യൂട്ടന്റെ മൂന്നാമത്തെ ഗതിസമീകരണ സിദ്ധാന്തമാണ്.

ജെറ്റ് നോദനം ഇന്ന് വളരെ വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്നു. വിമാനങ്ങള്‍, ബഹിരാകാശവാഹനങ്ങള്‍, മിസൈലുകള്‍, എയര്‍-കുഷന്‍ വാഹനങ്ങള്‍, വാണിജ്യക്കപ്പലുകള്‍, വൈദ്യുത പ്ളാന്റുകള്‍, പൈപ്പ് ലൈനുകള്‍ തുടങ്ങിയവ ജെറ്റ് നോദനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആദിനക്ഷത്രങ്ങ(proto stars)ളുടെ പതനംമൂലം നക്ഷത്രങ്ങള്‍ ജന്മമെടുക്കുന്ന പ്രക്രിയയ്ക്കുപോലും ജെറ്റ് നോദനം അനിവാര്യമാണെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ജെറ്റ് നോദനം ഉപയോഗിച്ച് ഒരു വിമാനം ആദ്യമായി പ്രവര്‍ത്തിച്ചത് അലക്സാന്‍ണ്ട്രിയ(ഗ്രീസ്)ലാണ്. ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ ഹെറൊ രൂപകല്പന ചെയ്ത ഇ എലിപൈല്‍ എന്ന ടര്‍ബൈന്‍ നീരാവി ജെറ്റുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

കുബ്ലൈഖാന്റെ സൈന്യത്തിനു നേരെ ചീന പടയാളികള്‍ തൊടുത്തുവിട്ട റോക്കറ്റുകളും ജെറ്റ് നോദന സിദ്ധാന്തമനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. അമേരിക്കക്കാരനായ റോബര്‍ട്ട് ഗഡ്ഡാര്‍ഡ്, ജര്‍മന്‍കാരനായ ഹെര്‍മന്‍ ഒബെറ്ത്ത്, വെര്‍ണര്‍ വോണ്‍ബ്രൂണ്‍, റഷ്യക്കാരനായ സെര്‍ജി കൊറൊലെവ്, കോണ്‍ സ്റ്റന്റില്‍ സില്‍കൊവ്സ്കി എന്നിവരാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.

ബ്രിട്ടീഷുകാരനായ ഫ്രാങ്ക്വിറ്റില്‍ പ്രഭു, ജര്‍മന്‍കാരനായ ഹന്‍സ് ഫൊണ്‍ ഒഹൈന്‍, മക്സ് അഡൊല്‍ഫ് മ്യൂള്ളര്‍, ഇറ്റലിക്കാരനായ സെകന്‍ദൊ കാംപിണി എന്നിവരാണ് ടര്‍ബോ ജെറ്റ് വിഭാവന ചെയ്തത്.

റാം ജെറ്റ് നിര്‍മിച്ചത് ഫ്രഞ്ചുകാരനായ റെനെ ല്യൂഡക്, ജര്‍മന്‍കാരായ യൂജിന്‍ സാന്‍ജെര്‍, ഓട്ടൊ പാബ്സ്റ്റ് എന്നിവരാണ്.

ജെറ്റ് നോസില്‍(Jet nozzle). ഒരു ജെറ്റ് എന്‍ജിന്റെ പ്രധാന ഭാഗമായ ജെറ്റ് നോസിലില്‍ വച്ചാണ് സ്ഥിതികോര്‍ജത്തെ ഗതികോര്‍ജമാക്കി മാറ്റുന്നത്.

രണ്ടുതരം നോസിലുകള്‍ ഉപയോഗത്തിലുണ്ട്. നോസിലിനു ചുറ്റുമുള്ള പരിസരദ്രവമര്‍ദം താഴ്ന്നിരിക്കുമ്പോള്‍ ഉപയോഗിക്കുന്ന അഭിസാരിനോസിലും പ്രസ്തുത മര്‍ദം ഉയര്‍ന്നിരിക്കുമ്പോള്‍ ഉപയോഗിക്കുന്ന അഭിസാരി - അപസാരി നോസിലും.

ജെറ്റ് പ്രവാഹം സൃഷ്ടിക്കുന്ന രീതി അടിസ്ഥാനമാക്കി ജെറ്റ് നോദന എന്‍ജിനുകളെ രണ്ടായി തരംതിരിക്കാം.

(i) റോക്കറ്റ് എന്‍ജിന്‍ ഇതില്‍ ഓക്സിജന്‍ കൂടി ഇന്ധനത്തോടൊപ്പം എന്‍ജിനകത്ത് സംഭരിച്ചുവയ്ക്കുന്നു. തന്മൂലം റോക്കറ്റ് എന്‍ജിനുകള്‍ ശൂന്യാകാശത്തും വായു രഹിത അന്തരീക്ഷത്തിലും പ്രവര്‍ത്തിപ്പിക്കാം.

(ii) ജെറ്റ് എന്‍ജിന്‍ ഇന്ധനം കത്തിക്കുന്നതിനാവശ്യമായ ഓക്സിജന്‍ അടങ്ങിയ വായു അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുക്കുന്നു. ജെറ്റ് എന്‍ജിനുകള്‍ ഭൌമാന്തരീക്ഷത്തിലോ വായു ഉള്ള അന്തരീക്ഷത്തിലോ മാത്രമേ പ്രവര്‍ത്തിപ്പിക്കാനാകൂ.

ഇന്ധനം കത്തിച്ച് പ്രവാഹം സൃഷ്ടിക്കുന്ന രീതി ആസ്പദമാക്കി ജെറ്റ് എന്‍ജിനെ ഇപ്രകാരം തരംതിരിക്കാം.

ടര്‍ബൊ ജെറ്റ് (Turbo jet). വളരെ വേഗതയുള്ള വാതക പ്രവാഹമുപയോഗിച്ച് ഇതിലെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നു. ടര്‍ബൈനിലെ കംപ്രസര്‍ ഉപയോഗിച്ച്, എന്‍ജിനകത്തേക്കു കടന്നുവരുന്ന വായുവിനെ സമ്മര്‍ദത്തിനു വിധേയമാക്കുന്നു. ടര്‍ബൈനിലൂടെ കടന്നുപോകുന്ന വാതകപ്രവാഹം എന്‍ജിന്റെ പുറകിലുള്ള നോസിലിലൂടെ വളരെ വേഗത്തില്‍ പുറത്തുവരുന്നു. തന്മൂലം എന്‍ജിനില്‍ ഒരു തള്ളല്‍ അനുഭവപ്പെടുന്നു.

ടര്‍ബൊ പ്രൊപെല്ലര്‍ ടര്‍ബോ പ്രോപ് എന്‍ജിന്‍ (Turbo propeller turbo prop engine). ഇതില്‍ ടര്‍ബൈനില്‍ കംപ്രസറും പ്രൊപെല്ലറും ഘടിപ്പിച്ചിരിക്കും. പ്രൊപെല്ലറിന്റെ പ്രവര്‍ത്തനമാണ് എന്‍ജിനില്‍ അനുഭവപ്പെടുന്ന തള്ളല്‍ ഭൂരിഭാഗവും നല്കുന്നത്; പുറന്തള്ളുന്ന വാതകങ്ങള്‍ നല്കുന്ന തള്ളല്‍ തുലോം ചെറുതാണ്.

ടര്‍ബൊ ഫാന്‍ ഉപമാര്‍ഗ എന്‍ജിന്‍(Turbo fan bypass engine). ടര്‍ബോജെറ്റിന്റെ പരിഷ്കൃത രൂപമാണിത്. ഇതില്‍ എന്‍ജിനുള്ളിലേക്കു വരുന്ന വായുവിന്റെ ഒരംശത്തെ ഭാഗിക സമ്മര്‍ദനത്തിനു വിധേയമാക്കിയശേഷം ടര്‍ബൈന്റെ പുറകിലെ ഒരറയിലേക്കു കടത്തിവിടുന്നു. അവിടെ ആ വായുവിനോട് ടര്‍ബൈനിലൂടെ കടന്നുവരുന്ന തപ്തമായ പുറംതള്ളുവാതകം കലര്‍ത്തുന്നു. ഈ മിശ്രിതത്തെ നോസിലിലൂടെ പുറത്തേക്കു പ്രവഹിപ്പിച്ചാണ് തള്ളല്‍ സൃഷ്ടിക്കുന്നത്. ചില എന്‍ജിനുകളില്‍ ഉപമാര്‍ഗം ചെയ്യപ്പെട്ട വായുവിനെ എന്‍ജിനില്‍ വച്ച് കൂട്ടിക്കലര്‍ത്താതെ നേരിട്ട് പുറത്തേക്കു കടത്തിവിടുന്നു.

ഉപമാര്‍ഗ ജെറ്റ് എന്‍ജിനുകള്‍ക്ക് പല മേന്മകളുണ്ട്. യാനങ്ങള്‍ പറക്കാന്‍ തുടങ്ങുമ്പോഴോ ഉയരത്തില്‍ പൊങ്ങിപ്പറക്കുമ്പോഴോ കൂടുതല്‍ തള്ളല്‍ ലഭിക്കുന്നു. ഈ എന്‍ജിനുകളുടെ നോദന ദക്ഷതാ നിരക്ക് ഉയര്‍ന്നതും ഇന്ധന ഉപയോഗ നിരക്ക് താഴ്ന്നതുമാണ്. ടര്‍ബോ ജെറ്റിനെ അപേക്ഷിച്ച് ഉപമാര്‍ഗ ജെറ്റിന്റെ രവത്തോത് കുറഞ്ഞതാണ്. ഉപമാര്‍ഗത്തിലൂടെ കടക്കുന്ന വായുപ്രവാഹം ഒരളവുവരെ എന്‍ജിനെ തണുപ്പിക്കുകയും ചെയ്യുന്നു.

റാംജെറ്റ്(Ramjet). ഇതില്‍ വാഹനം മുന്നോട്ട് ചലിച്ചു തുടങ്ങുമ്പോള്‍ അന്തരീക്ഷത്തിലെ വായു എന്‍ജിനകത്തേക്കു വലിച്ചെടുക്കപ്പെടുന്നു. എന്‍ജിനിലുള്ള ഒരു അറയില്‍ വച്ച് ഈ വായു സമ്മര്‍ദത്തിനു വിധേയമാക്കപ്പെടുന്നു. ഈ സമ്മര്‍ദിത വായുവിലേക്ക് ഇന്ധനം അന്തക്ഷേപണം ചെയ്യുന്നു. പ്രസ്തുത മിശ്രിതം കത്തിക്കുന്നതിലൂടെ ലഭിക്കുന്ന ചൂടുള്ള പുറംതള്ളുവാതകത്തെ എന്‍ജിന്റെ പുറകിലുള്ള നോസിലിലൂടെ പുറത്തേക്കു പ്രവഹിപ്പിച്ചാണ് തള്ളല്‍ സൃഷ്ടിക്കുന്നത്.

സ്പന്ദ പള്‍സ് ജെറ്റ്(Pulse jet). സ്പ്രിങ് ഘടിപ്പിച്ച ഒരു നിര വാല്‍വുകള്‍ റാം ജെറ്റ് എന്‍ജിന്റെ കംബസ്റ്റ്യണ്‍ സെക്ഷനുമുന്നില്‍ ഉറപ്പിച്ചാണ് സ്പന്ദ ജെറ്റ് നിര്‍മിക്കുന്നത്. ഇന്ധനം കത്തിക്കുന്നത് തുടര്‍ച്ചയായിട്ടല്ല; സ്പന്ദനം പോലെ ഇടവിട്ടാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ഷട്ടര്‍പോലെ പ്രവര്‍ത്തിക്കുന്ന വാല്‍വുകളിലൂടെ കടന്നുവരുന്ന വായു, ഇന്ധനവുമായി കലര്‍ന്നു കത്തിത്തുടങ്ങുമ്പോള്‍ സംജാതമാകുന്ന ഉയര്‍ന്ന മര്‍ദം മൂലം വാല്‍വുകള്‍ താനേ അടയുന്നു. തന്മൂലം വാല്‍വുകളിലൂടെ പ്രതിപ്രവാഹം നടക്കുന്നില്ല. പിന്നീട് ചൂടായ വാതകമിശ്രിതം അറയില്‍ നിന്ന് പുറത്തേക്കു പ്രവഹിക്കുമ്പോള്‍ എന്‍ജിനില്‍ തള്ളല്‍ അനുഭവപ്പെടുന്നതോടൊപ്പം അറയ്ക്കുള്ളിലെ മര്‍ദവും കുറയുന്നു. ഇത് വാല്‍വുകള്‍ വീണ്ടും തുറക്കാനും അവയിലൂടെ വായു വീണ്ടും അകത്തേക്കു കടന്നുവരാനും ഇടയാക്കുന്നു. ഈ പ്രവര്‍ത്തന ചക്രം ആവര്‍ത്തിക്കപ്പെടുന്നു.

വാല്‍വുകള്‍ ഉപയോഗിക്കാതെയും സ്പന്ദപ്രഭാവം സൃഷ്ടിക്കുന്ന എന്‍ജിനുകളാണ് 'വാല്‍വ്ലെസ് (തരംഗ) എന്‍ജിന്‍'. ഇവയില്‍ ജ്വലനചക്രം സൃഷ്ടിക്കുന്നത് എന്‍ജിന്‍ അറയിലൂടെ സഞ്ചരിക്കുന്ന മര്‍ദതരംഗങ്ങളാണ്. നോ. ജെറ്റ് ഇന്ധനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍