This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറ്റ് ഇന്ധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറ്റ് ഇന്ധനം

ജെറ്റ് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം. സാധാരണ ഹൈഡ്രോ കാര്‍ബണ്‍ ഇന്ധനങ്ങളെക്കാള്‍ ഇതിനു സവിശേഷ ഗുണനിലവാരമുണ്ടായിരിക്കും. ജെറ്റ് ഇന്ധനങ്ങള്‍ എല്ലാ സാഹചര്യങ്ങളിലും വളരെ എളുപ്പത്തില്‍ ജ്വലിക്കുന്നതായിരിക്കണം; കെട്ടുപോകുകയോ, തിരിഞ്ഞു കത്തുകയോ ആളിക്കത്തുകയോ ചെയ്യരുത്. ഏറ്റവും കുറച്ച് പുകയും കരിയും ഉത്പാദിപ്പിക്കുന്നവയും ആയിരിക്കണം. ഭാരക്കുറവും ഉയര്‍ന്ന അന്തര്‍നിഹിത ഊഷ്മാവും ഇന്ധനത്തിന്റെ പ്രധാന സവിശേഷതയായിരിക്കണം. കുറഞ്ഞ ബാഷ്പമര്‍ദവും താഴ്ന്ന ഹിമാങ്കവും ആണ് ജെറ്റ് ഇന്ധനത്തിന് വേണ്ട മറ്റ് വിശേഷ ഗുണങ്ങള്‍.

പലതരം ഇന്ധനങ്ങള്‍ ഉപയോഗിച്ച് ജെറ്റ് എന്‍ജിനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാം. പുകയും കരിയും ഏറ്റവും കുറച്ച് പുറത്തുവിടുന്ന ഇന്ധനങ്ങളാണ് ഏറ്റവും ഉചിതം. കരിയില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ കണികകള്‍ ജ്വലന അറയുടെ ഉള്‍ഭാഗത്തു പറ്റിപ്പിടിച്ചാല്‍ എന്‍ജിന്റെ ആയുസ്സ് കുറയും. പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കും. അരോമാറ്റിക് ഘടകങ്ങളും, ഉയര്‍ന്ന തിളനിലയുള്ള ഘടകങ്ങളും വര്‍ധിക്കുമ്പോള്‍ പുകയും കരിയും കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനത്തില്‍ 25 ശ.മാ.-ല്‍ കുറവും, സാധാരണ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാവുന്ന ജെറ്റ് ഇന്ധനങ്ങളില്‍ 20 ശ.മാ.-ല്‍ കുറവും ആയിരിക്കും അരോമാറ്റിക് ഘടകങ്ങളുടെ അളവ്. ഏകദേശം 260°C ആയിരിക്കണം ഇന്ധനത്തിന്റെ തിളനില. ഉയര്‍ന്ന ഊഷ്മാവിലും സ്ഥിരതയുള്ളവയായിരിക്കണം ജെറ്റ് ഇന്ധനങ്ങള്‍. ജ്വലിക്കുന്നതിനു മുമ്പുതന്നെ ഇന്ധനം ചൂടാകാനിടയുണ്ട്. എന്‍ജിന്‍-ലൂബ്രിക്കന്റ്, ഹൈഡ്രോളിക് ഭാഗങ്ങള്‍ എന്നിവ ചൂടാകുമ്പോള്‍ അവയുടെ താപം ആഗിരണം ചെയ്യുന്ന ഒരു ഹീറ്റ്സിങ്ക് ആയി വര്‍ത്തിക്കുന്നതിനാലും, ടാങ്കിനുള്ളിലെ വായുപ്രവാഹംമൂലവുമാണ് ഇന്ധനം ചൂടാകുന്നത്. ഏകദേശം 150-260°C വരെ ഇപ്രകാരം ചൂടാകാനിടയുണ്ട്. ഇന്ധനത്തില്‍ ഹൈഡ്രോ-കാര്‍ബണേതര മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍, ഇപ്രകാരം ഇന്ധനം ചൂടാകുമ്പോള്‍, ചില ഖരവസ്തുക്കള്‍ ഉണ്ടായേക്കാം. ഇത് പല ആന്തരഘടകങ്ങളുടെയും പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനിടയുണ്ട്. ഇത്തരം ഖരവസ്തുക്കള്‍ ആദ്യമായി ഉണ്ടാകുന്ന ഊഷ്മാവും അവയുടെ അളവും ആണ് ഇന്ധനത്തിന്റെ ഗുണനിലവാരത്തിന് അടിസ്ഥാനം. ഇത് നിര്‍ണയിച്ചുകഴിഞ്ഞു മാത്രമേ ഇന്ധനം ജെറ്റ് എന്‍ജിനുകളില്‍ ഉപയോഗിക്കാറുള്ളു. ജെറ്റ് ഇന്ധനത്തിന്റെ ഹിമാങ്കം (F.pt) വളരെ താഴ്ന്നതായിരിക്കണം. ദഹന ഊഷ്മാവ് (Heat of combustion)18,300 Btu/Ib യില്‍ കൂടുതല്‍ ആയിരിക്കണം (Btu-ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്). ജെറ്റ് ഇന്ധനങ്ങള്‍ തമ്മില്‍ ദഹന ഊഷ്മാവില്‍ വലിയ വ്യത്യാസം കാണാറില്ല. ബാഷ്പശീലതയിലാണ് ജെറ്റ് ഇന്ധനങ്ങള്‍ വ്യത്യാസം കാണിക്കുന്നത്. പലതരം ജെറ്റ് ഇന്ധനങ്ങളുടെ ബാഷ്പശീലത പട്ടികയില്‍ കാണിച്ചിരിക്കുന്നു. ജെ.പി. 1-ഉം ജെ.പി. 3-ഉം ഇപ്പോള്‍ ഉപയോഗത്തിലില്ല. സൈനിക ആവശ്യങ്ങള്‍ക്ക് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന മണ്ണെണ്ണ ഇന്ധനമാണ് ജെ.പി.-1. ഇത് ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുന്ന ജെറ്റ് എ.യുമായി വ്യത്യസ്തമല്ല. ജെ.പി.-3 ആയിരുന്നു ഏറ്റവും സുലഭമായിരുന്നത്.

ചിത്രം:Pg802sre.png

എന്നാല്‍ വിമാനം ഉയര്‍ന്നു പറക്കുമ്പോള്‍ പെട്ടെന്ന് ബാഷ്പീകൃതമാകുന്നതിനാല്‍ ഉപയോഗം കുറഞ്ഞു. സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന ജെ.പി. 4-ഉം വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന ജെറ്റ് ബി.-യും സമാനസ്വഭാവമുള്ളവയാണ്. ജെ.പി. 4-ഉം 6-ഉം വായുസേനയുടെ സൂപ്പര്‍സോണിക് വിമാനങ്ങളിലാണ് ഉപയോഗിച്ചു വരുന്നത്. ജെ.പി. 4, ജെ.പി.7, ജെ.പി.8 എന്നീ ഇന്ധനങ്ങളാണ് യു.എസ്. വ്യോമസേന ഉപയോഗിക്കുന്നത്. ജെറ്റ് ബി.ക്ക് (ജെ.പി.4-ഉം) കത്തിപിടിക്കാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ജെറ്റ് എയെക്കാള്‍ വില കുറവാണെങ്കിലും ഉപഭോഗം കുറവാണ്. ജെറ്റ് എ ഇന്ധനങ്ങളില്‍ ഏറ്റവും ബാഷ്പശീലത കുറഞ്ഞ ജെ.പി. 5 ആണ് നാവികസേനയുടെ സര്‍വീസ് വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. ജെ.പി. 5 ഇന്ധനമാണ് യു.എസ്. നാവികസേന ഉപയോഗിക്കുന്നത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ (തുടര്‍ച്ചയായി കുറച്ചുസമയം മാത്രം പറക്കുന്നവ) ജെറ്റ് എ ഇന്ധനമാണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ (തുടര്‍ച്ചയായി ദീര്‍ഘദൂരം പറക്കുന്നവ) താഴ്ന്ന ഉറയല്‍ നിലയുള്ള ജെറ്റ് എ-1 ഇന്ധനമാണുപയോഗിക്കുന്നത്; അതിശൈത്യമുള്ള ആര്‍ട്ടിക് പ്രദേശങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ ജെറ്റ് ബി-1 ഇന്ധനവും ഉപയോഗിക്കുന്നു.

വിശിഷ്ട ജെറ്റ് ഇന്ധനങ്ങള്‍. വേഗതയും ദൂരവും കൂടുതല്‍ വേണ്ട യാത്രയ്ക്ക് പ്രത്യേകതരം ഇന്ധനം തെരഞ്ഞെടുക്കുന്നു. ജ്വലിക്കുന്നതിനു മുമ്പായി ഇന്ധനത്തിന് എത്ര താപം ആഗിരണം ചെയ്യാന്‍ കഴിയും എന്നത് പരിശോധിക്കുന്നു. ജെ.പി. ഇന്ധനങ്ങള്‍ക്ക് ആഗിരണസ്വഭാവം വേണ്ടത്ര ഇല്ല. റാംജെറ്റ് (Ramjet), സ്ക്രാംജെറ്റ് (Scramjet- സൂപ്പര്‍സോണിക് റാംജെറ്റ്) എന്നീ അത്യാധുനിക സാങ്കേതിക വിമാനങ്ങളില്‍, രണ്ട് നിമ്നതാപിക ഇന്ധനങ്ങള്‍ (Cryogenic fuels)ആണ് ഉപയോഗിച്ചുവരുന്നത്. സ്ക്രാംജെറ്റില്‍ ഉപയോഗിക്കുന്ന ദ്രവ ഹൈഡ്രജന്‍ (liquid hydrogen) ഇന്ധന(തിളനില 218°C)ത്തിന് ജെ.പി. ഇന്ധനങ്ങളെക്കാള്‍ 3.5 ഇരട്ടി താപ-ആഗിരണശേഷിയുണ്ട്. ഇതിന്റെ ദഹന ഊഷ്മാവ് 51,510 Btu/Ib ആണ്. ഇത് ജെ.പി. ഇന്ധനങ്ങളെക്കാള്‍ 2.8 ഇരട്ടിയാണ്. 126°C-ല്‍ തിളയ്ക്കുന്ന ദ്രവമീതൈന്‍ ആണ് മറ്റൊരു ക്രയോജനിക് ഇന്ധനം (ദഹന ഊഷ്മാവ് 21,500 Btu/Ib). താപസിങ്കായി വര്‍ത്തിക്കാനുള്ള ഇതിന്റെ ശേഷി ദ്രവ ഹൈഡ്രജനും ജെ.പി. ഇന്ധനങ്ങള്‍ക്കും മധ്യേയാണ്.

ഹൈഡ്രോകാര്‍ബണേതര ഇന്ധനങ്ങളായ ഹൈഡ്രജനും ബോറോണ്‍ ഹൈഡ്രൈഡും സൈനിക ജെറ്റ് വിമാനങ്ങളില്‍ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നു. ബോറോണ്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചപ്പോള്‍ ബോറിക് ഓക്സൈഡ് നിക്ഷേപിക്കപ്പെട്ടതിനാല്‍ ഉപയോഗം നിര്‍ത്തി വച്ചു. പിന്നീട് ദ്രവ ഹൈഡ്രോകാര്‍ബണില്‍ ബോറോണും മഗ്നീഷ്യവും ചേര്‍ത്ത കുഴമ്പ് (thrust) ഇന്ധനമായി ഉപയോഗിച്ചു തുടങ്ങി. വിമാനത്തെ മുന്നോട്ട് തള്ളുവാനുള്ള ശക്തി (thrust)നല്കാന്‍ മഗ്നീഷ്യത്തിനു കഴിയും. Mg അടങ്ങുന്ന ഇന്ധനങ്ങള്‍ നല്ലവണ്ണം കത്തുകയും ചെയ്യും. ചെറിയ റാംജെറ്റുകളില്‍ ഇത് വിജയകരമായി ഉപയോഗിച്ചുവരുന്നു. ബോറോണ്‍ അടങ്ങുന്ന ഇന്ധനങ്ങള്‍ക്ക് ജ്വലനശേഷി കുറവായിരുന്നതു കൊണ്ടും ജ്വലന അറയ്ക്കുള്ളില്‍ ജ്വലനത്തിന് തടസ്സം സൃഷ്ടിക്കുന്ന നിക്ഷേപങ്ങള്‍ ഉണ്ടാക്കിയിരുന്നതു കൊണ്ടും അവ ഉപേക്ഷിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍