This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെറി ആല്‍ഫ്രഡ് (1873-1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെറി ആല്‍ഫ്രഡ് (1873-1907)

ഫ്രഞ്ച് നാടകകൃത്ത്. 1873 സെപ്. 8-നു ഫ്രാന്‍സിലെ ലവല്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. റെന്നസ് സെക്കന്‍ഡറി സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കി. സര്‍ റിയലിസ്റ്റ്, ദാദാ എന്നീ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ജെറിയുടെ ഏറ്റവും പ്രശസ്തമായ കൃതി ഉബുറോയ് ആണ്. 15-മത്തെ വയസ്സില്‍ സഹപാഠികളുമായി ചേര്‍ന്നെഴുതിയതാണ് ഈ നാടകം. പിന്നീടത് പരിഷ്കരിക്കുകയും വിപുലീകരിക്കുകയുമുണ്ടായി. പാരിസിലെ തിയെറ്ററില്‍ ഉബുറോയിയുടെ കന്നിപ്രദര്‍ശനം കോളിളക്കം സൃഷ്ടിച്ചു. തന്റെ സ്കൂളിലെ ഫിസിക്സ് അധ്യാപകനെ മനസ്സില്‍ കണ്ടുകൊണ്ടാണ് കോമാളിയും പ്രതിനായകനുമായ 'ഉബു' എന്ന കഥാപാത്രത്തെ ജെറി സൃഷ്ടിച്ചത്. ക്രൂരനും ഭീരുവും വിടനുമായ ഉബു അക്കാലത്തെ മധ്യവര്‍ഗത്തിന്റെ പ്രതീകമായിരുന്നു. നിലവിലുണ്ടായിരുന്ന സാമൂഹികവ്യവസ്ഥിയോടുള്ള വെറുപ്പാണ് ഈ കഥാപാത്രത്തിലൂടെ ജെറി തുറന്നു കാട്ടുന്നത്. മനുഷ്യമനസ്സിന്റെ അസാന്മാര്‍ഗികതയിലേക്കും അവിവേകത്തിലേക്കുമുള്ള സ്വാഭാവികമായ അഭിനിവേശമാണ് ഈ കൃതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജെറിയെ അനുകരിച്ച് പല എഴുത്തുകാരും ഇത്തരത്തിലുള്ള കൃതികള്‍ എഴുതി. തെറ്റുകളില്‍ യുക്തി കണ്ടെത്തുന്ന ഒരു പുതിയ തര്‍ക്കശാസ്ത്രം പറ്റാഫിസ്ക്-ഇതിന്റെ ഭാഗമായി രൂപപ്പെടുകയുമുണ്ടായി.

ഉബുറോയിയുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ തുടര്‍ച്ചയായി ഉബു എന്‍ചെയ്ന്‍, ഉബുകൊക്കു എന്നീ രണ്ടു നാടകങ്ങള്‍ ജെറി എഴുതി. ദ സൂപ്പര്‍ മെയ്ല്‍, മോഡേ, ജസ്ചേഴ്സ് ആന്‍ഡ് ഒപിനിയന്‍ ഒഫ് ഡോക്ടര്‍ ഫാസ്ട്രോള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

മദ്യത്തിന് അടിമയായി മാറിയ ജെറിയുടെ അവസാന നാളുകള്‍ പരിതാപകരമായിരുന്നു. 1907-ല്‍ മുപ്പത്തിനാലാമത്തെ വയസ്സില്‍ ഒരു ധര്‍മാശുപത്രിയില്‍ വച്ചാണ് അന്ത്യമുണ്ടായത്.

(വി. ജയതിലകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍