This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിന്‍, എ.പി. (1902 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിന്‍, എ.പി. (1902 - 77)

എ.പി.ജെയിന്‍

മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കേരളാ ഗവര്‍ണറും. ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂര്‍ ജില്ലയില്‍ 1902-ല്‍ ജനിച്ചു. ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1924-ല്‍ എം.എ. ബിരുദവും 1926-ല്‍ എല്‍.എല്‍.ബി. ബിരുദവും കരസ്ഥമാക്കി. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അജിത്പ്രസാദ് ജെയിന്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ രംഗത്തു സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റാഫി അഹമ്മദ് കിദ്വായിയുടെ അനുചരനായിരുന്നു ഇദ്ദേഹം. 1935-ല്‍ ഉത്തര്‍പ്രദേശ് നിയമസഭാംഗവും 1937-ല്‍ ജൂനിയര്‍ മന്ത്രിയുമായി. 1946-ല്‍ ഇദ്ദേഹം ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായി. കേന്ദ്രമന്ത്രിസഭയില്‍ 1950 മുതല്‍ 54 വരെ ദുരിതാശ്വാസം, പുനരധിവാസം എന്നീ വകുപ്പുകളുടെയും 1954 മുതല്‍ 59 വരെ കൃഷി, ഭക്ഷ്യകാര്യം എന്നീ വകുപ്പുകളുടെയും മന്ത്രിയായി ജെയിന്‍ സേവനം അനുഷ്ഠിച്ചു. 1960 മുതല്‍ 64 വരെ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു.

1965 ഏ. 2 മുതല്‍ 66 ജനു. 20 വരെ ഇദ്ദേഹം കേരളാ ഗവര്‍ണറായിരുന്നു. ഗവര്‍ണറായതുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിഞ്ഞുനിന്ന ഇദ്ദേഹം പിന്നീട് രാജ്യസഭാംഗമായി. 1969 മുതല്‍ 72 വരെ അഗ്രിക്കള്‍ച്ചറല്‍ കമ്മിഷന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചു. ഉത്തര്‍പ്രദേശ് സെമിന്ദാരി അബോളിഷന്‍ കമ്മിറ്റി അംഗം, ഐ.എ. എസ്., ഐ.പി. എസ്. റിക്രൂട്ട്മെന്റ് ബോര്‍ഡംഗം, ഉത്തര്‍പ്രദേശ് പൊലീസ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറെക്കാലം എ.ഐ.സി.സി. അംഗവുമായിരുന്നു. റാഫി അഹമ്മദ് കിദ്വായിയുടെ ജീവചരിത്രഗ്രന്ഥവും കാലിക പ്രാധാന്യമുള്ള പ്രശ്നങ്ങളെപ്പറ്റി മറ്റു ചില ഗ്രന്ഥങ്ങളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 1977 ജനു. 2-ന് ഇദ്ദേഹം ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍