This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസ് I (1566 - 1625)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിംസ് I (1566 - 1625)

ഇംഗ്ലണ്ട് ഭരിച്ച സ്റ്റുവര്‍ട്ട് പരമ്പരയില്‍പ്പെട്ട ആദ്യത്തെ രാജാവ്. (ഭ.കാ.1603-25). ഇദ്ദേഹം ജെയിംസ് VI എന്ന പേരില്‍ സ്കോട്ട് ലന്‍ഡും ഭരിച്ചിരുന്നു. സ്കോട്ടിഷ് രാജ്ഞി മേരിയുടെയും ഡാണ്‍ലിപ്രഭുവിന്റെയും പുത്രനായി ജെയിംസ് 1566 ജൂണ്‍ 19-ന് എഡിന്‍ബറോ കൊട്ടാരത്തില്‍ ജനിച്ചു. രാജ്ഞി സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതയായതിനെത്തുടര്‍ന്ന് 1567 ജൂല. 24-ന് ജെയിംസ് സ്കോട്ട്ലന്‍ഡിലെ രാജാവായി. തുടര്‍ന്ന് സ്കോട്ട്ലന്‍ഡില്‍ റീജന്‍സി ഭരണം നടന്നു. 12 വയസ്സോടെ ജെയിംസ് രാജ്യകാര്യങ്ങള്‍ നേരിട്ടുനടത്തിതുടങ്ങി. കത്തോലിക്കനായ ലെനോക്സിപ്രഭുവിനോട് ഇദ്ദേഹത്തിനുള്ള സൗഹൃദത്തില്‍ പ്രകോപിതരായ പ്രൊട്ടസ്റ്റന്റുകാര്‍ 1582-ല്‍ ജെയിംസിനെ തട്ടിക്കൊണ്ടുപോയി. അടുത്തവര്‍ഷം തടവില്‍ നിന്നു രക്ഷപ്പെട്ട് എഡിന്‍ബറോയില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഭരണം ഏറ്റെടുത്തു. സ്കോട്ടിഷ് പ്രഭുക്കന്മാരെ ഇദ്ദേഹം നിയന്ത്രണവിധേയരാക്കി. രാജകീയാധികാരങ്ങള്‍ പരിമിതപ്പെടുത്താനുള്ള പ്രെസ്ബിറ്റീരിയന്‍ സഭയുടെ ശ്രമങ്ങളെ ജെയിംസ് എതിര്‍ത്തു. 1589-ല്‍ ഡെന്മാര്‍ക്ക് രാജാവ് ഫ്രഡറിക് II-ന്റെ പുത്രി ആന്‍ രാജകുമാരിയെ ഇദ്ദേഹം വിവാഹം ചെയ്തു.

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി 1603-ല്‍ മരണമടഞ്ഞതോടെ പിന്‍തുടര്‍ച്ചാവകാശമുണ്ടായിരുന്ന ജെയിംസ് ഇംഗ്ലണ്ടിലെ രാജാവായി. ഇംഗ്ളണ്ടും സ്കോട്ട്ലന്‍ഡുമായി രാഷ്ട്രീയ ഐക്യം നിലനിര്‍ത്തുവാന്‍ ഇദ്ദേഹം ശ്രമിച്ചു. ഇംഗ്ലണ്ടും സ്പെയിനുമായുണ്ടായിരുന്ന യുദ്ധം ഇദ്ദേഹം അവസാനിപ്പിച്ചു (1604). മതപരമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാനും ജെയിംസ് ശ്രമിച്ചിരുന്നു. ഭരിക്കുവാനുള്ള ദൈവദത്തമായ അവകാശമുണ്ടെന്ന നിലപാടു സ്വീകരിച്ചിരുന്ന ജെയിംസ് പ്രജകള്‍ രാജാവിനെ അക്ഷരംപ്രതി അനുസരിക്കേണ്ടതാണെന്ന് അനുശാസിച്ചു. ജെയിംസ് പാര്‍ലമെന്റുമായി ഏറ്റുമുട്ടിയിരുന്നു. 1604 മാര്‍ച്ചില്‍ ഇദ്ദേഹം ആദ്യപാര്‍ലമെന്റ് വിളിച്ചുകൂട്ടി. പാര്‍ലമെന്റിന്റെ അധികാരവും അവകാശവും സംബന്ധിച്ച് ഇദ്ദേഹത്തിന് പാര്‍ലമെന്റുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. നികുതി പിരിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ 1611 ഫെബ്രുവരിയില്‍ ഇദ്ദേഹം പാര്‍ലമെന്റ് പിരിച്ചുവിട്ടു. 1614-ല്‍ കൂടിയ അടുത്ത പാര്‍ലമെന്റ് രണ്ടുമാസത്തോളമേ നീണ്ടുനിന്നുള്ളു. അംഗങ്ങള്‍ പഴയപടി രാജാവിന്റെ നയങ്ങളെയും നടപടികളെയും വിമര്‍ശിച്ചു. നിയമനിര്‍മാണം ഒന്നുംതന്നെ നടന്നില്ല. അടുത്ത ആറുവര്‍ഷത്തേക്കു ജെയിംസ് ഒരു സ്വേച്ഛാധിപതിയെപ്പോലെ ഭരണം നടത്തി. ഇക്കാലത്ത് ജെയിംസിന് നീതിന്യായവകുപ്പിന്റെ എതിര്‍പ്പു നേരിടേണ്ടിവന്നു. ചീഫ് ജസ്റ്റിസായിരുന്ന സര്‍ എഡ്വേഡ് കോക് (1552-1634) പല സുപ്രധാന കേസുകളിലും രാജാവിന്റെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തു. 1621-ല്‍ സമ്മേളിച്ച അടുത്ത പാര്‍ലമെന്റും രാജാവിന്റെ നടപടികളെ എതിര്‍ത്തിരുന്നു. കത്തോലിക്കാരാജ്യമായ സ്പെയിനിനോടുള്ള രാജാവിന്റെ അനുഭാവപൂര്‍ണമായ സമീപനത്തിലും ജെയിംസിന്റെ മകന്‍ ചാള്‍സിന് സ്പാനിഷ് രാജകുമാരിയെ വധുവായി തെരഞ്ഞെടുത്തതിലും പാര്‍ലമെന്റ് പ്രതിഷേധിച്ചു. 1622-ല്‍ ജെയിംസ് ഈ പാര്‍ലമെന്റും പിരിച്ചുവിട്ടു. 1624-ല്‍ വിളിച്ചുകൂട്ടിയ അടുത്ത പാര്‍ലമെന്റിന്റെ തീരുമാനത്തിനനുസരിച്ച് ഇദ്ദേഹത്തിനു പ്രവര്‍ത്തിക്കേണ്ടിവന്നു. സ്പെയിനുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.

ജെയിംസ് രാജ്യഭരണത്തെപ്പറ്റി ഗ്രന്ഥരചന നടത്തിയിട്ടുണ്ട് (1598). 'കിങ് ജെയിംസ് വേര്‍ഷന്‍' എന്നറിയപ്പെടുന്ന ബൈബിളിന്റെ പതിപ്പ് പ്രകാശിപ്പിച്ചു (1611). 1625 മാ. 27-ന് ഇദ്ദേഹം തിയോബോള്‍ഡ്സില്‍ മരണമടഞ്ഞു. നോ. കോക്ക്, സര്‍ എഡ്വേര്‍ഡ്; ഗ്രേറ്റ് ബ്രിട്ടണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍