This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസ് ബോണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിംസ് ബോണ്ട്

James Bond

പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ഇയാന്‍ ഫ്ളെമിങ്ങിന്റെ (1908-64) കഥാപാത്രം. ചാരവൃത്തി ഇതിവൃത്തമായുള്ള ഒരു നോവല്‍ പരമ്പരയിലെ മുഖ്യകഥാപാത്രമായിട്ടാണ് ജെയിംസ് ബോണ്ട് സീക്രട്ട് ഏജന്റ് 007 പ്രത്യക്ഷപ്പെടുന്നത്. 1950 കളിലും 60 കളിലുമായി ഇയാന്‍ ഫ്ളെമിങ് പ്രസിദ്ധീകരിച്ച നോവല്‍പരമ്പരയിലൂടെ ജെയിംസ് ബോണ്ട് അനുവാചകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.

മഹായുദ്ധകാലത്തെ ചാരപ്രവര്‍ത്തനങ്ങള്‍ പലതും മനസ്സിലാക്കുവാന്‍ നേവല്‍ ഇന്റലിജന്‍സിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന ഫ്ളെമിങ്ങിന് അവസരം ലഭിച്ചു. അക്കാലത്തെ ഡബിള്‍ ഏജന്റായിരുന്ന ദസ്കോകൊപ്പോവിനെ മാതൃകയാക്കിയാണ് ജെയിംസ് ബോണ്ട് എന്ന കഥാപത്രത്തിന് രൂപം നല്കിയതെന്ന് അഭിപ്രായമുണ്ട്. സാഹസികത നിറഞ്ഞ, സംഭവബഹുലമായ ജെയിംസ്ബോണ്ട് നോവലുകള്‍ ലോകമാസകലം പ്രചാരം നേടി. കൃത്യനിര്‍വഹണത്തിനുവേണ്ടി മനുഷ്യരെ കൊല്ലാനും ലൈസന്‍സുള്ള ജെയിംസ് ബോണ്ട് സ്വന്തംനാട്ടിലെ ചാരസംഘടനയോട് തികഞ്ഞ കൂറ് പുലര്‍ത്തുന്ന കഥാപാത്രമാണ്. ക്രൂരന്മാരായ വില്ലന്മാരുടെ നശീകരണ പദ്ധതികള്‍ പാടെ തകര്‍ത്ത് തരിപ്പണമാക്കുന്ന ബോണ്ട് വിജയശ്രീലാളിതനായി തിരിച്ചെത്തുന്നതോടെയാണ് ഓരോ നോവലും അവസാനിക്കുന്നത്. സ്ത്രീകളുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങുന്ന സ്വഭാവക്കാരനാണെങ്കിലും ശത്രുവിന്റെ അത്തരം നീക്കങ്ങളെ സമയോചിതമായി നേരിടാനുള്ള മനസ്സാന്നിധ്യം ഈ കഥാപാത്രത്തിനുണ്ട്.

മഹായുദ്ധത്തിനുശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതസമരത്തിന്റെ പശ്ചാത്തലത്തിലാണ് ജെയിംസ് ബോണ്ട് നോവലുകള്‍ രചിക്കപ്പെട്ടത്. കസിനോറോയല്‍, ലിവ് ആന്‍ഡ് ലെറ്റ് ഡൈ, മൂണ്‍റേക്കര്‍, ഡയമണ്ട് ആര്‍ ഫോര്‍ എവര്‍, ഫ്രെം റഷ്യ വിത്ത് ലൗ, ഡോക്ടര്‍ നോ, ഗോള്‍ഡ് ഫിങ്കര്‍, ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി, തണ്ടര്‍ ബോള്‍, ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസ്, ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍, ഒക്ടോപസി, ദ ലിവിങ് ഡേ ലൈറ്റ്സ്, റ്റുമോറോ നെവര്‍ ഡൈസ് മുതലായവയാണ് ജെയിംസ് ബോണ്ടിന് ലേകപ്രശസ്തി നേടികൊടുത്ത് മുഖ്യ നോവലുകള്‍. ഇവയുടെ ചലച്ചിത്രാവിഷ്കാരവും ഏറെ പ്രചാരം നേടിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍