This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസ് അപ്പോസ്തലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിംസ് അപ്പോസ്തലന്‍

യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ രണ്ടു പേര്‍ സെന്റ് ജെയിംസ് എന്ന പേരില്‍ അറിയപ്പെടുന്നു. പഴയ നിയമത്തില്‍ ഇവരെ വിശുദ്ധ യാക്കോബ്, ചെറിയ യാക്കോബ് എന്നീ പേരുകളിലാണ് പരാമര്‍ശിച്ചിട്ടുള്ളത്. വിശുദ്ധ യാക്കോബ് സെബെദി(Zebedee)യുടെ പുത്രനും ചെറിയ യാക്കോബ് അല്പായി(Alphaeus)യുടെ പുത്രനും ആയിരുന്നു.

സെബെദി എന്ന മുക്കുവന്റെ പുത്രന്മാരായിരുന്ന ജെയിംസും (വിശുദ്ധ യാക്കോബ്) ജോണും ക്രിസ്തുവിന്റെ ശിഷ്യരില്‍ പ്രമുഖരായിരുന്നു. ക്ഷിപ്രകോപികളായിരുന്ന ഇവര്‍ 'ബൊവനേര്‍ഗസ്' (Boanerges) അഥവാ 'ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് ആതിഥ്യമരുളുവാന്‍ വിസമ്മതിച്ച ശമര്യന്‍ഗ്രാമത്(Zebedee)തിനു മുകളില്‍ ഇടിത്തീ വീഴ്ത്തണമെന്ന് ആവശ്യപ്പെട്ട ഇവരെ യേശുക്രിസ്തു ഗുണദോഷിച്ചിരുന്നതായി വേദപുസ്തകത്തില്‍ സൂചനയുണ്ട്. സെന്റ് പീറ്റര്‍, സെന്റ് ജോണ്‍, സെന്റ് ജെയിംസ് എന്നിവര്‍ക്ക് മാത്രമാണ് യേശുക്രിസ്തുവിന്റെ രൂപാന്തരീകരണം കാണുവാന്‍ അവസരം സിദ്ധിച്ചിരുന്നത്. ക്രിസ്തു ഒലിവ് ഉദ്യാനത്തില്‍ പ്രാര്‍ഥന നടത്തിയപ്പോഴും യായി റോസിന്റെ പുത്രിയെ പുനരുജ്ജീവിപ്പിച്ചപ്പോഴും ഇവര്‍ മൂവരും കൂടെ ഉണ്ടായിരുന്നതായും വേദപുസ്തകത്തില്‍ പറയുന്നുണ്ട്.

ഒരു അപ്പോസ്തലന്‍ എന്ന നിലയ്ക്കുള്ള ജെയിംസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. യുദായിലെയും ശമരിയയിലെയും രാജാവായിരുന്ന ഹേരോദാവിന്റെ (ഹെറോദേസ്) അപ്രീതിക്കിരയായ സെന്റ് ജെയിംസ് വധിക്കപ്പെടുകയാണുണ്ടായത്. യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാരില്‍ ആദ്യമായി വധിക്കപ്പെട്ടത് ജെയിംസ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടം അടക്കം ചെയ്യപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്ന സാന്തിയാഗോയിലെ (Santiago de compostela) ദേവാലയം ഒരു പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്.

അല്പായിയുടെ പുത്രനായ ജെയിംസും (ചെറിയ യാക്കോബ്) ജറൂസലേമിലെ ജെയിംസും ഒന്നുതന്നെയാണെന്നു പറയപ്പെടുന്നു. സെന്റ് പീറ്ററിനുശേഷം ജറൂസലേമില്‍ ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ചെറിയ ജെയിംസ് ആണെന്നാണ് വിശ്വാസം. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്ന യഹൂദരല്ലാത്തവര്‍ പരിച്ഛേദനവും ജ്ഞാനസ്നാനവും കൈക്കൊള്ളണമോ അതോ ജ്ഞാനസ്നാനം മാത്രം നടത്തിയാല്‍ മതിയോ എന്ന ഒരു തര്‍ക്കം അക്കാലത്തു നിലനിന്നിരുന്നു. ജ്ഞാനസ്നാനം മാത്രം നടത്തിയാല്‍ മതി എന്ന പരിഹാരം നിര്‍ദേശിച്ചത് സെന്റ് ജെയിംസ് ആയിരുന്നു. പരിച്ഛേദനം ഒഴിവാക്കിയതിനാല്‍ യഹൂദ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ബാധ്യത ക്രിസ്ത്യാനികള്‍ക്കും ഇല്ലാതായി. അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കാന്‍ പാടില്ല, വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ അര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ യഹൂദ നിയമങ്ങള്‍ എല്ലാപേരും പാലിക്കേണ്ടതാണെന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഹെരോദാസ് ആദിമ ക്രൈസ്തവ സഭയെ പീഡിപ്പിച്ചപ്പോള്‍ ഇദ്ദേഹത്തെ വാളുകൊണ്ടു കൊന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍