This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസ്, ഹെന്റി (1843 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിംസ്, ഹെന്റി (1843 - 1916)

James, Henry

ഹെന്റി ജെയിംസ്

അമേരിക്കന്‍ നോവലിസ്റ്റും നിരൂപകനും മതപണ്ഡിതനും തത്ത്വചിന്തകനുമായ ഹെന്റി ജെയിംസിന്റെ (1811-1882) പുത്രനായി 1843 ഏ. 15-നു ന്യൂയോര്‍ക്കില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുഖ്യമായും പിതാവിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനാണ് പ്രശസ്ത അമേരിക്കന്‍ തത്ത്വചിന്തകന്‍ വില്യം ജെയിംസ്. കുടുംബാംഗങ്ങളോടൊപ്പം ജനീവ, ലണ്ടന്‍, പാരിസ്, ഹാര്‍വാഡ് എന്നിവിടങ്ങളില്‍ മാറിമാറി പാര്‍ത്തശേഷം ജെയിംസ് അമേരിക്കയില്‍ മടങ്ങിയെത്തി. 1962-ല്‍ ഹാര്‍വാഡ് ലാ സ്കൂളില്‍ പ്രവേശനം ലഭിച്ചു. അത്ലാന്തിക് മന്ത്ലിയുടെ എഡിറ്ററായ വില്യം ഡീന്‍ഹോവെല്‍സ് ആണ് ജെയിംസിന് സാഹിത്യരചനയ്ക്കുവേണ്ട പ്രോത്സാഹനം നല്കിയത്. 1865 മുതല്‍ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. പ്രഥമ നോവലായ വാച്ച് ആന്‍ഡ് വാര്‍ഡ് അത് ലാന്തിക് മന്ത്ലിയിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത്. സ്ഥിരവാസത്തിനു യൂറോപ്പ് തെരഞ്ഞെടുത്ത (1872) ഈ സാഹിത്യകാരന്‍ നാലുവര്‍ഷം കഴിഞ്ഞ് ഇംഗ്ലണ്ടില്‍ പാര്‍പ്പുറപ്പിച്ചു. എന്നാല്‍ മരിക്കുന്നതിന് ഒരു കൊല്ലം മുമ്പു മാത്രമേ ഇദ്ദേഹം ബ്രിട്ടീഷ് പൌരത്വം സ്വീകരിച്ചുള്ളു.

ഇംഗ്ലീഷുകാരും സ്വന്തനാടുപേക്ഷിച്ചു യൂറോപ്പിലും മറ്റും പാര്‍ക്കുന്ന അമേരിക്കക്കാരുമാണ് ഇദ്ദേഹത്തിന്റെ കഥകളിലെയും നോവലുകളിലെയും മുഖ്യകഥാപാത്രങ്ങള്‍. ജെയിംസിന്റെ മുഖ്യനോവലുകള്‍ റോഡെറിക് ഹഡ്സണ്‍ (1876), ദി അമേരിക്കന്‍ (1877), ദ യൂറോപ്യന്‍സ് (1878), ഡെയ്സി മില്ലര്‍ (1879), ദ പോര്‍ട്രിറ്റ് ഒഫ് എ ലേഡി (1881), വാഷിങ്ടണ്‍ സ്ക്വയര്‍ (1881), ദ ബോസ്റ്റോണിയന്‍സ് (1886), ദ വിങ്സ് ഒഫ് ദ് ഡവ് (1902), ദി അംബാസിഡേഴ്സ് (1903), ദ ഗോള്‍ഡന്‍ ബൌള്‍ (1904) എന്നിവയാണ്. ഇദ്ദേഹം രചിച്ച അപൂര്‍ണങ്ങളായ ദി ഐവറി റ്റവര്‍ (1917), ദ സെന്‍സ് ഒഫ് ദ പാസ്റ്റ് (1917) എന്നീ നോവലുകളും ലഭ്യമാണ്. ജെയിംസിന്റെ ചെറുകഥാസമാഹാരങ്ങളാണ് എ പാഷനേറ്റ് പില്‍ഗ്രിം ആന്‍ഡ് അദര്‍ റ്റെയ്ത്സ് (1875), ദ വീല്‍ ഒഫ് റ്റൈം (1893), ദ ഫൈനല്‍ ഗ്രെയ്ന്‍ (1910) എന്നിവ. ദ റ്റു മാജിക്സ് (1898) എന്ന കഥാസമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള ദ റ്റേണ്‍ ഒഫ് ദ സ്ക്രൂ എന്ന പ്രേതകഥ പ്രശസ്തമാണ്. ഈടുറ്റ നിരൂപണഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും ഹെന്റി ജെയിംസ് ഖ്യാതി നേടിയിരുന്നു. ഫ്രഞ്ച് പൊയറ്റ്സ് ആന്‍ഡ് നോവലിസ്റ്റ്സ് (1878), എസ്സേയ്സ് ഇന്‍ ലണ്ടന്‍ ആന്‍ഡ് എല്‍സ്വേര്‍ (1893), ദ ക്വസ്റ്റിന്‍ ഒഫ് അവര്‍ സ്പീച്ച് ആന്‍ഡ് ദ ലെസന്‍ ഒഫ് ബെത്സാക് (1905), നോട്ട്സ് ഓണ്‍ നോവലിസ്റ്റ്സ് (1914), ദി ആര്‍ട്ട് ഒഫ് നോവല്‍ (1934), ക്രിട്ടിക്കല്‍ പ്രിഫെസസ് (1934), ദി ആര്‍ട്ട് ഒഫ് ഫിക്ഷന്‍ (1948) എന്നിവ ശ്രദ്ധേയങ്ങളാണ്. ട്രാന്‍സ് അറ്റ്ലാന്തിക് സ്കെച്ചസ് (1875), ഇംഗ്ലീഷ് അവേഴ്സ് (1905), ദി അമേരിക്കന്‍ സീന്‍ (1907) തുടങ്ങിയവ ജെയിംസ് രചിച്ച സഞ്ചാര സാഹിത്യ കൃതികളാണ്. എ സ്മോള്‍ ബോയ് ആന്‍ഡ് അദേഴ്സ് (1913), നോട്സ് ഒഫ് എ സണ്‍ ആന്‍ഡ് ബ്രദര്‍ (1914) എന്നീ പേരുകളില്‍ രണ്ടു വാല്യങ്ങളിലായി ജെയിംസ് ആത്മകഥയും രചിച്ചു. 1916-ല്‍ ഇദ്ദേഹത്തിന് ഓര്‍ഡര്‍ ഒഫ് മെരിറ്റ് ലഭിക്കുകയുമുണ്ടായി.

ഒന്നാം ലേകയുദ്ധത്തിലെ ബ്രിട്ടന്റെ നിലപാടിനോട് ജെയിംസിന് പൂര്‍ണ യോജിപ്പുണ്ടായിരുന്നു. 1915-ല്‍ ഇദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നതിനു ശക്തമായ പ്രേരണയായത് ഈ മനോഭാവമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍