This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസ്, വില്യം (1842 - 1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിംസ്, വില്യം (1842 - 1910)

James William

വില്യം ജെയിംസ്

അമേരിക്കന്‍ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനും. അസാമാന്യ പ്രതിഭാശാലിയും സഞ്ചാരപ്രിയനുമായ ഹെന്റി ജെയിംസിന്റെ പുത്രനായി 1842 ജനു. 11-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. പിതാവിന്റെ യാത്രകള്‍മൂലം വില്യമിന്റെ സ്കൂള്‍ വിദ്യാഭ്യാസം സുഗമമായിരുന്നില്ല. പതിനെട്ടാമത്തെ വയസ്സില്‍ ശാസ്ത്രീയ ചിത്രരചനാപഠനം ആരംഭിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. 1861-ല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഹാര്‍വാഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. 1865-ല്‍ ലൂയി അഗാസിയോടൊപ്പം ദക്ഷിണ അമേരിക്കയില്‍ പര്യടനം നടത്തി. 1869-ല്‍ ഹാര്‍വാഡില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി. 1869-72 കാലഘട്ടത്തില്‍ രോഗിയായി വീട്ടില്‍ത്തന്നെ കഴിയേണ്ടി വന്നു. ഈ സമയത്ത് തീവ്ര വിഷാദവും ആത്മഹത്യാ ചിന്തയും ഇദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.

1872-ല്‍ ജെയിംസ് ഹാര്‍വാഡ് സര്‍വകലാശാലയില്‍ ശരീരശാസ്ത്ര അധ്യാപകനായി നിയമിതനായി. മനഃശാസ്ത്രം, ശരീരശാസ്ത്രം, തത്ത്വചിന്ത എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു അധ്യാപന രീതിയാണ് ഇദ്ദേഹം സ്വീകരിച്ചത്. 1875-ല്‍ അമേരിക്കയിലെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല ഇദ്ദേഹം സ്ഥാപിച്ചു. 1878-ല്‍ ആലിസ് എച്ച്. ഗിബന്‍സിനെ വിവാഹം ചെയ്തു. വിവാഹവും ഹാര്‍വാഡിലെ ജോലിയും വിഷാദത്തില്‍ നിന്നു മോചനം നേടാന്‍ ജെയിംസിനു സഹായകമായി.

1890-ല്‍ ജെയിംസ് പ്രിന്‍സിപ്പിള്‍സ് ഒഫ് സൈക്കോളജി എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇതിന്റെ പ്രസിദ്ധീകരണത്തോടുകൂടിയാണ് മനഃശാസ്ത്രത്തില്‍ പ്രയാകാര്യവാദം (functionalism) ശക്തി ആര്‍ജിച്ചത്. മാനസിക പ്രവര്‍ത്തനങ്ങളുടെ ഘടനാപരമായ ഏകകങ്ങളാണ് ശീലങ്ങള്‍ എന്ന് ഈ ഗ്രന്ഥത്തില്‍ ജെയിംസ് സ്ഥാപിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായങ്ങളില്‍ വ്യത്യസ്ത ശീലങ്ങള്‍ രൂപം കൊള്ളുന്നു. സംസാരം, അംഗവിക്ഷേപങ്ങള്‍, ചലനം എന്നിങ്ങനെയുള്ള ശീലങ്ങള്‍ ഇരുപത് വയസ്സിനുമുമ്പ് തന്നെ ദൃഢതരമാകും. ഇരുപതു വയസ്സിനും മുപ്പതുവയസ്സിനും മധ്യേയുള്ള പ്രായത്തിലാണ് തൊഴില്‍പരമായ ശീലങ്ങള്‍ രൂപം കൊള്ളുന്നത്. വികാരം ഉടലെടുക്കുന്നതിനെക്കുറിച്ചും ജെയിംസ് പഠനങ്ങള്‍ നടത്തിയിരുന്നു. ഒരു പ്രത്യേക ചോദനം ഒരു വ്യക്തിയില്‍ ഉളവാക്കുന്ന ശാരീരികമായ അവസ്ഥാഭേദങ്ങളാണ് വികാരങ്ങള്‍ ഉളവാക്കുന്നത്.

മനഃശാസ്ത്രത്തിലെന്നപോലെ തത്ത്വചിന്തയിലും അഗാധപാണ്ഡിത്യം നേടിയിരുന്ന ജെയിംസ് പ്രായോഗികതാവാദം (Pragmatism) എന്ന തത്ത്വചിന്തയുടെ പ്രമുഖ വക്താക്കളില്‍ ഒരാളാണ്. വിശ്വാസങ്ങള്‍ പ്രവൃത്തികളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ മാത്രമാണെന്നും, ഒരു പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ ആസ്പദമാക്കി മാത്രമേ വിശ്വാസത്തിന്റ അര്‍ഥം അളക്കാന്‍ കഴിയുകയുള്ളു എന്നുമാണ് പ്രാഗ്മാറ്റിസം കൊണ്ടു വിവക്ഷിക്കപ്പെടുന്നത്. വ്യത്യസ്ത തത്ത്വചിന്താശൈലികളെ സംയോജിപ്പിക്കുവാന്‍ പ്രാഗ്മാറ്റിസം സഹായകമാണെന്ന് ജെയിംസ് അഭിപ്രായപ്പെട്ടിരുന്നു.

ഉല്‍ക്കട-ഇന്ദ്രിയാനുഭവവാദം (radical empiricism) പ്രചരിപ്പിക്കുന്നതിനും ജെയിംസ് മുന്‍കൈയെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ വസ്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വസ്തുക്കളോളം തന്നെ പ്രാധാന്യമുണ്ട്. മതത്തെക്കുറിച്ചും മതസിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള ജെയിംസിന്റെ അഭിപ്രായങ്ങള്‍ ദ വറൈറ്റീസ് ഒഫ് റിലിജിയസ് എക്സ്പീരിയന്‍സസ് എന്ന ഗ്രന്ഥത്തില്‍ അടങ്ങിയിട്ടുണ്ട്. യുദ്ധത്തിന്റെ പൈശാചികതയില്‍ പരിതപിക്കുന്ന ജെയിംസ് യുദ്ധത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ ദ മോറല്‍ ഇക്വിവലന്റ് ഒഫ് വാര്‍ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. മനുഷ്യന്റെ അക്രമാസക്തി ഉദാത്തവത്കരിച്ച് മറ്റു മേഖലകളിലേക്കു തിരിച്ചുവിട്ടു മാനവജീവിതം ഉത്കൃഷ്ടമാക്കണമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു. പാരാസൈക്കോളജിയുമായി ബന്ധപ്പെട്ട ഗവേഷണത്തിലും ജെയിംസ് സംഭാവനകള്‍ നല്കിയിട്ടുണ്ട്. 1910 ആഗ. 26-നു ചോക്കോറുവയില്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ മറ്റു പ്രമുഖ കൃതികളാണ് പ്രാഗ്മാറ്റിസം (1907), എ പ്ളൂറലിസ്റ്റിക് യൂണിവേഴ്സ് (1908), എസ്സേസ് ഇന്‍ റാഡിക്കല്‍ എംപരിസിസം (1912) എന്നിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍