This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെയിംസണ്‍, സര്‍ ലിയന്‍ഡര്‍ സ്റ്റാര്‍ (1853 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെയിംസണ്‍, സര്‍ ലിയന്‍ഡര്‍ സ്റ്റാര്‍ (1853 - 1917)

Jameson, Sir Leander starr

സര്‍ ലിയന്‍ഡര്‍ സ്റ്റാര്‍ ജെയിംസണ്‍

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധിപനും ദക്ഷിണാഫ്രിക്കയിലെ രാജ്യതന്ത്രജ്ഞനും. ആര്‍.ഡബ്ല്യു. ജെയിംസണ്‍-ന്റെ മകനായി 1853-ല്‍ എഡിന്‍ബറോയില്‍ ജനിച്ചു. ലണ്ടനില്‍ നിന്നും വൈദ്യശാസ്ത്രബിരുദം നേടിയ (1877) ജെയിംസണ്‍ 1878-ല്‍ ദക്ഷിണാഫ്രിക്കയിലെ കിംബര്‍ലിയില്‍ എത്തി വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടു. 1890-ല്‍ വൈദ്യസേവനം അവസാനിപ്പിച്ചശേഷം കോളനിസംബന്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന സെസില്‍ റോഡ്സിനോട് (1853-1902) സഹകരിച്ചു പ്രവര്‍ത്തിച്ചു. 1891-ല്‍ ജെയിംസണ്‍ റൊഡേഷ്യയിലെ ഭരണാധികാരിയായി. ട്രാന്‍സ്വാളില്‍ 1895 ഡി.29-ന് നടത്തിയ സായുധ മുന്നേറ്റത്തിന് (ജെയിംസണ്‍ റെയ്ഡ്) ഇദ്ദേഹം നേതൃത്വം നല്കി. തുടര്‍ന്ന് കീഴടങ്ങിയ ഇദ്ദേഹത്തെ ഈ സംഭവത്തിന്റെ പേരില്‍ ശിക്ഷ നല്കാനായി പ്രസിഡന്റ് പോള്‍ ക്രൂഗര്‍ (1825-1904) ബ്രിട്ടീഷുകാര്‍ക്കു കൈമാറി. ലണ്ടനില്‍ വിചാരണയ്ക്കുശേഷം 1896 മേയില്‍ ഇദ്ദേഹത്തെ 15 മാസത്തെ തടവിനു ശിക്ഷിച്ചു. ഒരുവര്‍ഷത്തെ തടവിനുശേഷം മോചിതനായ ജെയിംസണ്‍ ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി. തുടര്‍ന്ന് ഇദ്ദേഹം കേപ്പ് കോളനിയിലെ പ്രോഗ്രസ്സീവ് പാര്‍ട്ടിയുടെ നേതാവായി. 1904 ജനുവരി ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെ ഇദ്ദേഹം കേപ്പ് കോളനിയിലെ പ്രധാനമന്ത്രിയായി. 1908 ജനു. 31-ന് ഇദ്ദേഹം പ്രധാനമന്ത്രിപദം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ കോളനികളുടെ യൂണിയനുവേണ്ടി പ്രവര്‍ത്തിച്ചു. ഇദ്ദേഹം യൂണിയന്‍ ഒഫ് സൗത്ത് ആഫ്രിക്കയിലെ ആദ്യത്തെ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവായിരുന്നു. 1911-ല്‍ ഇദ്ദേഹത്തിനു പ്രഭുപദവി ലഭിച്ചു. അനാരോഗ്യത്തെത്തുടര്‍ന്ന് 1912-ഓടെ ലണ്ടനിലേക്കു മടങ്ങിയ ജെയിംസണ്‍ അവിടെ 1917 ന. 26-ന് മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍