This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെഫ്രി, റോബിന്‍ (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെഫ്രി, റോബിന്‍ (1947 - )

Jeffrey, Robin

ചരിത്രകാരനും ഗവേഷകനും. കാനഡ സ്വദേശിയായ ജെഫ്രി ദ ഡിക്ളൈന്‍ ഒഫ് നായര്‍ ഡോമിനന്‍സ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്.

ബ്രിട്ടീഷ് കൊളംബിയയിലെ വിക്റ്റോറിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടയ ജെഫ്രി 1973-ല്‍ സസക്സ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. ദക്ഷിണേന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ടായിരുന്നു ഗവേഷണം. കനേഡിയന്‍ യൂണിവേഴ്സിറ്റിയുടെ ഓവര്‍സീസ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ 1967 മുതല്‍ 69 വരെ ഇദ്ദേഹം ഇന്ത്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിക്കുകയുണ്ടായി. കുറേക്കാലം ചണ്ഡീഗഢിലെ റീജിയണല്‍ ഇംഗ്ളീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനം അനുഷ്ഠിച്ചു.

1847 മുതല്‍ 1908 വരെയുള്ള കാലത്തെ കേരളത്തിലെ, പ്രത്യേകിച്ചും തിരുവിതാംകൂറിലെ രാഷ്ട്രീയ-സാമൂഹിക പരിതോവസ്ഥകളെപ്പറ്റിയുള്ള പഠനമാണ് ദ ഡിക്ളൈന്‍ ഓഫ് നായര്‍ ഡോമിനന്‍സ്. നായര്‍മേധാവിത്വത്തിന്റെ പതനം എന്ന പേരില്‍ ഇതിന്റെ പരിഭാഷ ഡി.സി.ബുക്സ് (കോട്ടയം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളമറിയാത്ത ഒരു വിദേശി കേരളത്തില്‍ വന്ന് മലയാളം പഠിച്ച് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തി തയ്യാറാക്കിയ പുസ്തകം എന്ന നിലയില്‍ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി ഏറെയാണ്. 'ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗമനം, മതപ്രചാരണം, പാശ്ചാത്യവിദ്യാഭ്യാസം, ബ്രിട്ടീഷ് ആധിപത്യം, നാണയസമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം എന്നിവ സമൂഹികതലത്തിലും ഭരണതലത്തിലും വരുത്തിയ മാറ്റങ്ങള്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട്. പ്രസ്തുത കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ നടന്ന ചെറുതും വലുതുമായ മിക്കവാറും എല്ലാ സംഭവങ്ങളും വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ജെഫ്രി പരിശോധിച്ചിട്ടുണ്ട്. ഇതിനായി ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയിലെ റിക്കാര്‍ഡുകള്‍ മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന സൂചികകള്‍ പോലുമില്ലാത്ത രണ്ടായിരത്തില്‍പ്പരം പഴയ ഫയലുകള്‍ വരെ ഇദ്ദേഹം പഠനവിഷയമാക്കി'.

ബ്രിട്ടനിലെ സസക്സ് യൂണിവേഴ്സിറ്റി പ്രസ്സാണ് ജെഫ്രിയുടെ പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് (1976). ഇതു നായന്മാരുടെ മാത്രം ചരിത്രമല്ല. അതിവേഗം പരിവര്‍ത്തന വിധേയമായ ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രമാണ്. നൂറ്റാണ്ടുകളായി നായന്മാര്‍ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭരണ മണ്ഡലങ്ങളില്‍ പുലര്‍ത്തിയിരുന്ന പ്രാബല്യത്തിനും മരുമക്കത്തായ സമ്പ്രദായത്തിനും എങ്ങനെ ശൈഥില്യം സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യസന്ധമായ അന്വേഷണമാണ് ജെഫ്രിയുടെ പുസ്തകം. വസ്തുനിഷ്ഠമായ ചരിത്രരചന എങ്ങനെ നിര്‍വഹിക്കാം എന്നതിന്റെ ഒരു മാതൃക കൂടിയാണ് ഈ ഗ്രന്ഥമെന്ന് ഇതില്‍ ചേര്‍ത്തിരിക്കുന്ന കുറിപ്പുകളും അനുബന്ധങ്ങളും വ്യക്തമാക്കുന്നു. ആസ്റ്റ്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ കൂടിയായ ഇദ്ദേഹം ആധുനിക കേരള സൃഷ്ടി 1930-60 എന്ന പേരില്‍ മറ്റൊരു ഗവേഷണ പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍