This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെഫേഴ്സണ്‍, ജോസഫ് (1829 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെഫേഴ്സണ്‍, ജോസഫ് (1829 - 1905)

Jefferson, Joseph

ജോസഫ് ജെഫേഴ്സണ്‍

അമേരിക്കന്‍ ഹാസ്യനടന്‍. 1829 ഫെ. 20-ന് ഫിലാഡെല്‍ഫിയയില്‍ ജനിച്ചു. മുതുമുത്തച്ഛന്‍ ഇംഗ്ലണ്ടില്‍ ഡ്രൂറി ലെയിനിലെ ഗാരിക് നാടകക്കമ്പനിയില്‍ അംഗമായിരുന്നു. 1795-ല്‍ അമേരിക്കയിലെത്തിയ പിതാമഹനും പിതാവും അറിയപ്പെടുന്ന നടന്മാരായിരുന്നു. തോമസ് റൈസിന്റെ കൈയിലെ വലിയ ബാഗില്‍ ഇരുന്ന് 'ജിം ക്രോ' എന്ന പാട്ടിനൊത്തു നൃത്തം ചെയ്തുകൊണ്ടാണ് നാലാം വയസ്സില്‍ ജെഫേഴ്സണ്‍ നടനായത്. സഹോദരനായ ചാള്‍സ്പര്‍ക്ക്, ഫിലാഡെല്‍ഫിയയിലെ ആര്‍ച് സ്ട്രീറ്റ് തിയെറ്ററില്‍ വച്ച് ജഫേഴ്സനെ ഹാസ്യാഭിനയം പഠിപ്പിച്ചു. 1849-ല്‍ ഇദ്ദേഹം ന്യൂയോര്‍ക്ക് സ്ട്രീറ്റിലെത്തി. 1857-ല്‍ ദി ഏയ അറ്റ്ലോ എന്ന നാടകത്തില്‍ ഡോക്ടര്‍ പാന്‍ഗ്ലോസ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഖ്യാതി നേടുന്നതുവരെ ഒരു ടൂറിങ് ആക്ടര്‍ ആയിരുന്നു.

ലോറാ കീനിന്റെ നാടകക്കമ്പനിയില്‍ അംഗമായി 1857-ല്‍ ഔവര്‍ അമേരിക്കന്‍ കസിന്‍ എന്ന നാടകത്തില്‍ അസാ ട്രെഞ്ചാര്‍ഡിന്റെ ഭാഗം അഭിനയിച്ച് ദേശീയ ഖ്യാതിനേടി. ദ് ക്രിക്കറ്റ് ഓണ്‍ ദ് ഹാര്‍ത്തിലെ കാലെബ് പ്ളൂമര്‍ എന്ന കഥാപാത്രവും ജെഫേഴ്സണ്‍ അഭിനയിച്ചു ഫലിപ്പിച്ചവയില്‍ ഒന്നാണ്. എന്നാല്‍ ഇദ്ദേഹമവതരിപ്പിച്ച ഏറ്റവും നല്ല കഥാപാത്രം റിപ്വാന്‍ വിങ്കിളാണ്. 1865-ല്‍ ലണ്ടനില്‍ വച്ച് അഡെല്‍ഫിയിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയത്. ഭാര്യയായിരുന്ന നടി മാര്‍ഗരറ്റ് ലൊക്കിയര്‍ 1861-ല്‍ അന്തരിച്ചു. 1867-ല്‍ അകന്ന ബന്ധുവായ സാറാ വാറനെ വിവാഹം കഴിച്ചു. ഒരു നല്ല ഭൂദൃശ്യചിത്രകാരന്‍ കൂടിയായിരുന്ന ജെഫേഴ്സണ്‍ ആത്മകഥയും (1890) എഴുതിയിട്ടുണ്ട്. ഷെറിഡന്റെ ദ റൈവല്‍സ് എന്ന നാടകത്തില്‍ ബോബ് ആയി വേഷമിട്ടിട്ടുണ്ട്. കണ്ണീരും പുഞ്ചിരിയും ഇടകലര്‍ന്ന റിപ്വാന്‍ വിങ്കിളിന്റെ ഭാഗം തന്മയത്വത്തോടെയഭിനയിക്കുകവഴി ആസ്വാദക മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ചതാണ് ജെഫേഴ്സന്റെ ഏറ്റവും വലിയ നേട്ടം. ഓരോ പ്രാവശ്യമഭിനയിക്കുമ്പോഴും ഈ കഥാപാത്രത്തിന് പുതിയൊരു മാനമേകാന്‍ പ്രതിഭാധനനായ ഈ നടന്‍ ശ്രമിച്ചിട്ടുണ്ട്. 1905 ജനു. 23-ന് ജെഫേഴ്സണ്‍ അന്തരിച്ചു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍