This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെന്‍-യെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെന്‍-യെന്‍

വജ്രയാന ബുദ്ധമതത്തിന്റെ മറ്റൊരു രൂപം. ഏഴു മുതല്‍ പന്ത്രണ്ട് വരെയുള്ള ശ.-ങ്ങളില്‍ വജ്രയാന ബുദ്ധമതം ജെന്‍-യെന്‍ എന്ന പേരില്‍ ചൈനയില്‍ പ്രചാരം നേടി. 'മന്ത്രം' എന്ന സംസ്കൃത പദത്തിന്റെ ചൈനീസ് തര്‍ജുമയാണ് 'ജെന്‍-യെന്‍'. ഈ മതത്തിന് 'മി-ചിയാവോ' (mi-chiao) എന്നും പേരുണ്ട്. 'നിഗൂഢ ശാസനങ്ങള്‍' എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ജെന്‍-യെന്‍ സിദ്ധാന്തത്തിന്റെ അന്തഃസത്ത സത്യത്തിന്റെ സാക്ഷാത്കാരമാണ്.

രണ്ടു രീതിയിലാണ് ബുദ്ധമതത്തിന് ഏഷ്യയില്‍ പ്രചാരം സിദ്ധിച്ചത്. പണ്ഡിതന്മാരായ പുരോഹിതര്‍ വിദ്യാസമ്പന്നരായ വ്യക്തികളെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിച്ചു. അദ്ഭുത സിദ്ധികള്‍ പ്രയോഗിച്ച് ഒരുകൂട്ടം പ്രചാരകര്‍ സാധാരണക്കാരെയും ആകര്‍ഷിച്ചു. താന്ത്രിക ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കല്പിച്ചുകൊണ്ടാണ് ജെന്‍-യെന്‍ ബുദ്ധമതം പ്രചാരം നേടിയത്. ജെന്‍-യെന്‍ മതാചാര്യന്മാര്‍ സൈനിക വിജയത്തിനും രോഗശാന്തിക്കും രാഷ്ട്രീയ സ്വാധീനത്തിനും മഴപെയ്യിക്കുന്നതിനും മറ്റുമായി യജ്ഞങ്ങള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു.

716-ല്‍ ശുഭകരസിംഹന്‍ ചൈനയില്‍ വരികയും മഹാവൈരോചനസൂത്രം എന്ന ഗ്രന്ഥം പരിഭാഷപ്പെടുത്തുകയും ചെയ്തതോടുകൂടിയാണ് ജെന്‍-യെനിനു പ്രചാരം വര്‍ധിച്ചത്. 720-ല്‍ വജ്രബോധിയും അദ്ദേഹത്തിന്റെ ശിഷ്യനായ അമോഘവജ്രനും ചൈനയില്‍ വരികയും സര്‍വതഥാഗതതത്ത്വസംഗ്രഹം എന്ന ഗ്രന്ഥത്തിന്റെ ഏതാനും ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ഈ ആചാര്യന്മാരുടെ ശാസനങ്ങളും അദ്ഭുതസിദ്ധികളും ഈ മതവിഭാഗത്തെ പുഷ്ടിപ്പെടുത്തി. ക്രമേണ സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ ദൌമതത്തിന് ഉണ്ടായിരുന്ന സ്ഥാനം ജെന്‍-യെന്‍ കൈയടക്കി.

മഹാവൈരോചന സൂത്രം, സര്‍വതഥാഗതതത്ത്വ സംഗ്രഹം, സുസിദ്ധികാരസൂത്രം എന്നീ ഗ്രന്ഥങ്ങളില്‍ നിന്നുമാണ് ജെന്‍-യെന്‍ മതാനുശാസനങ്ങള്‍ രൂപംകൊണ്ടത്. ശുഭകരസിംഹനും അനുയായികളും മഹാവൈരോചനസൂത്രത്തിലെയും സുസിദ്ധികാരസൂത്രത്തിലെയും സൂക്തങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. വജ്രബോധിയും അമോഘവജ്രവും സര്‍വതഥാഗതതത്ത്വസംഗ്രഹത്തിനു പ്രാധാന്യം നല്കി.

ഇതേ ലോകത്തില്‍ ഇതേ ശരീരത്തില്‍ത്തന്നെയുള്ള അന്തര്‍ജ്ഞാനോദയം ജെന്‍-യെന്‍ ഉദ്ഘോഷിക്കുന്നു. നിര്‍വാണത്തിന്റെയും സംസാരത്തിന്റെയും വൈരുധ്യാത്മകമായ സാമ്യത്തിന്റെ താന്ത്രിക സാക്ഷാത്കാരമാണ് ജെന്‍-യെന്‍ നിര്‍ദേശിക്കുന്നത്. ശരീരം, മനസ്സ്, സംഭാഷണം എന്നിവയുടെ മൂന്ന് അനുഷ്ഠാന രഹസ്യങ്ങളിലൂടെയാണ് അന്തര്‍ജ്ഞാനോദയം സാക്ഷാത്കരിക്കപ്പെടുന്നത്. ജെന്‍-യെന്‍ മതാനുയായികളുടെ മനസ്സും ശരീരവും സംഭാഷണവും ധ്യാനത്തിലൂടെ മഹാവൈരോചനുമായി താദാത്മ്യം പ്രാപിക്കുന്നു. ഈ മൂന്നു രഹസ്യങ്ങളും മനസ്സിലാക്കുന്നതിന് സംസ്കൃത ബീജാക്ഷരമായ 'അ' ഉപയോഗിച്ചുള്ള ധ്യാനം അത്യന്താപേക്ഷിതമാണ്. അതിനാല്‍ 'അ' എന്ന അക്ഷരം ജെന്‍-യെന്‍ ധര്‍മത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

മഹായാന ബുദ്ധമതത്തില്‍ ബോധിചിത്തം അഥവാ പരിപൂര്‍ണജ്ഞാനം നേടിയ മനസ്സ് മൂന്നു കല്പങ്ങളിലായി പത്തുഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. എന്നാല്‍ ജെന്‍-യെന്‍ ബുദ്ധമതത്തില്‍ ബോധിചിത്തം ഒരു അനുഷ്ഠാനമായി മാറുന്നു. അനുഷ്ഠാനത്തിന്റെ അന്ത്യത്തില്‍ അനുയായികള്‍ ബുദ്ധനുമായി താദാത്മ്യം പ്രാപിക്കുന്നു.

ജെന്‍-യെന്‍ അനുഷ്ഠാനങ്ങളില്‍ വിജയം നേടുന്നതിനു സിദ്ധി എന്നു പറയുന്നു. സിദ്ധികളെ ലൌകികം, ലോകോത്തരം എന്നു രണ്ടായോ; ഉത്തമം, മധ്യമം, അധമം എന്നു മൂന്നായോ വിഭജിക്കാവുന്നതാണ്. ജീവജാലങ്ങളുടെ മുക്തിക്കായി കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ലൗകിക സിദ്ധി എന്നു പറയുന്നത്. ലോകോത്തര സിദ്ധി അന്തര്‍ജ്ഞാനോദയമാണ് ലക്ഷ്യമാക്കുന്നത്. എല്ലാ ജെന്‍-യെന്‍ അനുഷ്ഠാനങ്ങളിലും ഈ രണ്ടു സിദ്ധികളുടെയും അംശങ്ങള്‍ കാണപ്പെടുന്നു. ഉത്തമസിദ്ധി വിശിഷ്ടതയിലേക്കും ശൂന്യതയിലേക്കും നയിക്കുന്നു. മധ്യമസിദ്ധി സ്വര്‍ഗീയവേദികളിലേക്കാണ് നയിക്കുന്നത്. അധമസിദ്ധി മിഥ്യാബോധത്തെ നിയന്ത്രിക്കുവാന്‍ സഹായകമാകുന്നു.

ബുദ്ധന്റെ ശരീരത്തെക്കുറിച്ച് ജെന്‍-യെന്‍ ത്രികായസിദ്ധാന്തം അവതരിപ്പിക്കുന്നു. ത്രികായ സിദ്ധാന്തത്തില്‍ ബുദ്ധന് ധര്‍മകായം, സംഭോഗകായം, നിര്‍വാണകായം എന്ന് മൂന്നു രൂപങ്ങളുള്ളതായി പറയുന്നു. ജ്ഞാനോദയത്തെക്കുറിച്ചുള്ള ചിന്തയാണ് ധര്‍മകായം പ്രതിനിധീകരിക്കുന്നത്. ജീവകാരുണ്യ പ്രവൃത്തികളിലൂടെ നേടുന്ന അദ്ഭുതകരമായ കഴിവുകളെയാണ് സംഭോഗകായം പ്രതിനിധീകരിക്കുന്നത്. യാതന അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ബുദ്ധന്‍ കൈക്കൊള്ളുന്ന രൂപമാണ് നിര്‍വാണകായം. ഈ മൂന്നു ശരീരങ്ങളും ജെന്‍-യെന്‍ അനുഷ്ഠാനങ്ങളിലൂടെ ഒരേ സമയത്ത് ആവിഷ്കരിക്കപ്പെടുന്നു.

മറ്റു വജ്രയാന വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ജെന്‍-യെന്‍ രണ്ടു മണ്ഡലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. മഹാകരുണ ഗര്‍ഭോദ്ഭവ മണ്ഡലവും വജ്രമണ്ഡലവും ആണ് ഇവ. മഹത്തായ ജീവകാരുണ്യത്തിന്റെ പ്രതീകമാണ് മഹാകരുണ ഗര്‍ഭോദ്ഭവ മണ്ഡലം. ഈ മണ്ഡലത്തിന് മൂന്നു ഭാഗങ്ങളുണ്ട്. അന്തര്‍ഭാഗത്ത് അഷ്ടദല പദ്മത്തില്‍ നാലു ബുദ്ധന്മാരുടെയും നാലു ബോധിസത്വന്മാരുടെയും ഇടയില്‍ മഹാവൈരോചനന്‍ ഉപവിഷ്ടനായിരിക്കുന്നു. വിശ്വജ്ഞാനോദയത്തിന്റെ ബീജത്തെയാണ് ഈ ഭാഗം സൂചിപ്പിക്കുന്നത്. മധ്യഭാഗത്ത് ഗുണാത്മകതയുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകങ്ങളായ മഞ്ജുശ്രീ, അവലോകിതേശ്വരന്‍, ക്ഷിതിഗര്‍ഭ എന്നിവര്‍ സ്ഥിതി ചെയ്യുന്നു. ബഹിര്‍ഭാഗത്ത് മഹാവൈരോചനന്റെ വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളായി വിദ്യാരാജാക്കളും ഹിന്ദുദൈവങ്ങളും നിലകൊള്ളുന്നു.

സര്‍വതഥാഗതതത്ത്വസംഗ്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള നിരവധി മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഒന്‍പത് മണ്ഡലങ്ങളടങ്ങുന്നതാണ് വജ്രമണ്ഡലം. ഇതില്‍ കേന്ദ്രമണ്ഡലമായ വജ്രധാതു മഹാമണ്ഡലമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. പ്രബോധോദയത്തിന്റെ അടിസ്ഥാനമായ ജ്ഞാനത്തെയാണ് വജ്രധാതു മഹാമണ്ഡലം പ്രതിനിധീകരിക്കുന്നത്. ഈ മണ്ഡലത്തിന് മൂന്നു ഭാഗങ്ങളുണ്ട്. അന്തര്‍ഭാഗത്ത് മഹാവൈരോചനന്റെ അകനിഷ്ഠരാജധാനിയാണ്. അവിടെ ഒരു ചാന്ദ്രതളിക(lunar disk)യില്‍ നാലു ബുദ്ധന്മാരുടെ ഇടയില്‍ മഹാവൈരോചനന്‍ ഉപവിഷ്ടനായിരിക്കുന്നു. രാജധാനിക്കു ചുറ്റും ഭൂതത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും പ്രതിനിധികളായ ബുദ്ധന്മാര്‍ നിലകൊള്ളുന്നു. മണ്ഡലത്തിന്റെ ബഹിര്‍ഭാഗത്ത് ധര്‍മസംരക്ഷകരായ 20 ഹിന്ദുദൈവങ്ങള്‍ നിലകൊള്ളുന്നു.

മൂന്ന് രഹസ്യങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ട യാഥാര്‍ഥ്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ രണ്ടു മണ്ഡലങ്ങള്‍.

വിവിധ മതക്കാര്‍ നിവസിക്കുന്ന ചിയാങ്ങാന്‍ (Cha'ng-an) എന്ന നഗരത്തിലാണ് ജെന്‍-യെന്‍ ആചാര്യന്മാര്‍ താമസിച്ചിരുന്നത്. അതിനാല്‍ ദൗമതം, ഇസ്ലാം മതം, നെസ്റ്റോറിയന്‍ വിശ്വാസങ്ങള്‍ എന്നിവയുടെ പ്രഭാവം ജെന്‍-യെന്‍ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ദൃശ്യമാണ്. അന്തര്‍ജ്ഞാനോദയം നേടുന്നതില്‍ മാത്രമല്ല; ദേശരക്ഷയ്ക്കും ജെന്‍-യെന്‍ അനുഷ്ഠാനങ്ങള്‍ സഹായകമാകും എന്ന് അമോഘവജ്രന്‍ പ്രചരിപ്പിച്ചു. തങ് രാജവംശത്തിന്റെ ഭരണകാലത്ത് ഈ ആശയത്തിന് വളരെയധികം പ്രചാരം സിദ്ധിച്ചു. ചക്രവര്‍ത്തിയുടെ ആയുര്‍ദൈര്‍ഘ്യത്തിനും ദേശരക്ഷയ്ക്കും മറ്റുമായി നിരവധി അനുഷ്ഠാനങ്ങള്‍ നിലവില്‍ വന്നു. രാഷ്ട്രം ഒരു ബൗദ്ധരാഷ്ട്രമായും ചക്രവര്‍ത്തി ബുദ്ധന്റെ പ്രതീകമായും ചിത്രീകരിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ ദേശസംരക്ഷകരായ വിദ്യാരാജാക്കള്‍ക്കും ജീവകാരുണ്യത്തിന്റെ പ്രതീകങ്ങളായ അവലോകിതേശ്വരനും ക്ഷിതിഗര്‍ഭയ്ക്കും വളരെയധികം പ്രാധാന്യം കല്പിച്ചിരുന്നു. ജ്ഞാനത്തെയും പ്രതിജ്ഞാനിര്‍വഹണത്തെയും പ്രതിനിധീകരിക്കുന്ന മഞ്ജുശ്രീയെയും സാമന്തഭദ്രനെയും ഒരുമിച്ചാണ് ആരാധിച്ചിരുന്നത്.

സുങ് രാജവംശത്തിന്റെ ഭരണകാലത്ത് ജെന്‍-യെന്‍ ബുദ്ധമതത്തിന് പ്രചാരം വര്‍ധിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ സന്ന്യാസിമാരുടെ പ്രവര്‍ത്തനങ്ങളായിരുന്നു ഇതിനു നിദാനം. സുങ് രാജവംശത്തിന്റെ ഭരണം അവസാനിച്ചതിനുശേഷം ജെന്‍-യെന്‍ മതാനുയായികളുടെ സംഖ്യ ക്രമേണ കുറഞ്ഞുവെങ്കിലും, ജെന്‍-യെന്‍ വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രഭാവം ചൈനയിലെയും ജപ്പാനിലെയും ബുദ്ധമതത്തില്‍ ഇന്നും ദൃശ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍