This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെന്‍സെന്‍, യൊഹാന്നെസ് ഹാന്‍സ് ഡാനിയേല്‍ (1907 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെന്‍സെന്‍, യൊഹാന്നെസ് ഹാന്‍സ് ഡാനിയേല്‍ (1907 - 73)

Jensen, Johannes Hans Daniel

ഡാനിയേല്‍ ജെന്‍സെന്‍

ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. അറ്റോമിക നൂക്ലിയസ്സിന്റെ ഷെല്‍ തിയറിയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് 1963-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

ജെന്‍സെന്‍ 1907 ജൂണ്‍ 25-ന് ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനിച്ചു. ഹാംബര്‍ഗ് സര്‍വകലാശാലയില്‍ ഊര്‍ജതന്ത്രം, ഗണിതം, വേദാന്തം എന്നീ വിഷയങ്ങള്‍ പഠിച്ച് 1933-ല്‍ ഡോക്ടറേറ്റ് ബിരുദം നേടി, 1941 വരെ അവിടെത്തന്നെ അധ്യാപകനായി തുടര്‍ന്നു. 1941-ല്‍ ഹാനോവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിതനായി. 1949-ല്‍ ഹെയ്ഡെല്‍ബെര്‍ഗ് സര്‍വകലാശാലയില്‍ പ്രൊഫസറായും 54-55-ല്‍ സയന്‍സ് ഫാക്കല്‍റ്റിയുടെ ഡീന്‍ ആയും സേവനമനുഷ്ഠിച്ചു.

ഉന്നത മര്‍ദാവസ്ഥകളില്‍ ദ്രവ്യങ്ങളുടെ സ്വഭാവഗുണങ്ങളും പ്രവര്‍ത്തനരീതിയും, അയോണിക ലാറ്റിസുകളിലെ ക്വാണ്ടം മെക്കാനിക്സ് എന്നീ ശാഖകളിലായിരുന്നു ജെന്‍സെന്റെ ആദ്യകാല പഠനങ്ങള്‍. പിന്നീട് നൂക്ലിയസ്സിന്റെ ഷെല്‍ മാതൃകയിലുള്ള ഘടനാരീതി അവതരിപ്പിച്ചു. ഈ ഷെല്‍ തിയറി അനുസരിച്ച് അറ്റോമിക നൂക്ലിയസ് എന്നത് ന്യൂട്രോണുകളുടെയും പ്രോട്ടോണുകളുടെയും ക്രമരഹിതമായ സഞ്ചയമല്ല, മറിച്ച് അവയില്‍ നൂക്ലിയോണുകള്‍ വ്യത്യസ്ത ആരങ്ങളുള്ള വൃത്താകാരപഥങ്ങളില്‍ നിര്‍ദിഷ്ട ക്രമത്തില്‍ അടുക്കപ്പെട്ടിരിക്കുകയാണ്. ഈ വൃത്താകാര ഓര്‍ബിറ്റുകളാണ് ഷെല്ലുകള്‍. നൂക്ലിയോണുകള്‍ അണുകേന്ദ്രത്തിനു ചുറ്റും കറങ്ങുന്നതിനോടൊപ്പം ഒരേ ദിശയിലോ വിപരീത ദിശകളിലോ ചക്രണം (spin) ചെയ്യുന്നു എന്നും അവ വ്യത്യസ്ത ഊര്‍ജം വഹിക്കുന്നു എന്നും ജെന്‍സെന്‍ മനസ്സിലാക്കി. ഓരോ നൂക്ലിയോണിന്റെയും ചക്രണവും കക്ഷീയാഘൂര്‍ണവും തമ്മില്‍ പ്രബലമായൊരു യുഗ്മനം (coupling) നിലനില്ക്കുന്നു എന്നിദ്ദേഹം തെളിയിച്ചു. നൂക്ലിയോണ്‍ പ്രകീര്‍ണനത്തിലെ ധ്രുവണ (polarization) പഠനങ്ങളിലൂടെ ഈ യുഗ്മന പരികല്പന പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. മൂലകങ്ങളില്‍ നൂക്ലിയോണുകള്‍ മാജിക് സംഖ്യകളില്‍ (2, 8, 20, 50, 82, 126,...) അടങ്ങിയിരുന്നാല്‍ അവ ഏറ്റവുമധികം സ്ഥിരത പ്രദര്‍ശിപ്പിക്കുന്നു എന്ന് നൂക്ലിയര്‍ ഷെല്‍ മാതൃക അനുശാസിക്കുന്നു.

ഉദാ. ഹീലിയം (2), ഓക്സിജന്‍ (8), കാത്സ്യം (20). ‌ ഇതേ കാലഘട്ടത്തുതന്നെ അമേരിക്കക്കാരിയായ മരിയ ഗെപ്പെര്‍ട്ട് മായറും ഇതേ കണ്ടുപിടിത്തങ്ങള്‍ സ്വതന്ത്രമായി നടത്തിയിരുന്നു. ഷെല്‍ മാതൃകയുടെ പഠനങ്ങളുടെ പേരില്‍ 1963-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മരിയയും ജെന്‍സെനും പങ്കിട്ടു.

തന്മാത്രകളിലും ക്രിസ്റ്റലുകളിലും നൂക്ലി ര്‍ വികിരണങ്ങളുടെ പ്രതിക്ഷേപ (recoil)വിതരണം, മന്ദ അന്യോന്യക്രിയകളിലെ γ5 ഇന്‍വേരിയന്‍സ്, നൂക്ളിയസ്സിലെ അനുനാദ(resonance) പഠനങ്ങള്‍ എന്നീ ശാസ്ത്രശാഖകളിലും ജെന്‍സെന്‍ ഗവേഷണം നടത്തിയിട്ടുണ്ട്. 1973 ഫെ. 11-ന് ഹെയ്ഡെല്‍ബെര്‍ഗില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍