This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെന്റാമൈസിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെന്റാമൈസിന്‍

Gentamicin

ഒരു ആന്റിബയോട്ടിക്. ഗ്രാം നെഗറ്റീവ് ബാക്റ്റീരിയങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ആക്ടിനോ മൈസറ്റേല്‍ ഗണത്തില്‍പ്പെടുന്ന മൈക്രോമോണോസ്പോറ പര്‍പ്യൂറേ (micromonospora purpurae) എന്ന സൂക്ഷ്മാണുക്കളാണിത് ഉത്പാദിപ്പിക്കുന്നത്. വെയിന്‍സ്റ്റിനും സഹപ്രവര്‍ത്തകരുമാണ് ഈ ആന്റിബയോട്ടിക്കിനെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് (1963). 1964-ല്‍ റോസ്ലോട്ട് ജെന്റാമൈസിന്‍ വേര്‍തിരിക്കുകയും ഗുണധര്‍മങ്ങളും ഘടനയും വിശദീകരിക്കുകയും ചെയ്തു.

അമിനോ ഗ്ലൈക്കോസൈഡ് വിഭാഗത്തില്‍പ്പെടുന്ന ഒരു ആന്റിബയോട്ടിക്കാണ് ജെന്റാമൈസിന്‍. കാനാമൈസിന്‍, നിയോമൈസിന്‍, പരോമോമൈസിന്‍ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ആന്റിബയോട്ടിക്കുകള്‍.

ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് ബാക്റ്റീരിയങ്ങള്‍, മൈകോ ബാക്റ്റീരിയങ്ങള്‍, മൈകോപ്ലാസ്മ, റിക്കറ്റ്ഷിയല്‍ അണുക്കള്‍ എന്നിവയ്ക്ക് എതിരെ ഇത് പ്രവര്‍ത്തനക്ഷമമാണ്. സ്ട്രെപ്റ്റോമൈസിന്‍, കാനാമൈസിന്‍, നിയോമൈസിന്‍ എന്നിവയ്ക്കെതിരെ പ്രതിരോധശേഷി പുലര്‍ത്തുന്ന സൂക്ഷ്മാണുക്കളെയും ജെന്റാമൈസിന്‍ നശിപ്പിക്കും. സ്യൂഡോമോണാസ്, പ്രോട്ടിയസ് എന്നീ ഗ്രാം നെഗറ്റീവ് ബാക്റ്റീരിയങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനക്ഷമതയാണ് ജെന്റാമൈസിന്റെ വിശിഷ്ടത. എന്നാല്‍ യീസ്റ്റുകള്‍, പൂപ്പലുകള്‍ എന്നിവയ്ക്കെതിരെ ഈ ഔഷധം ഫലപ്രദമല്ല.

ദഹനപ്രക്രിയയില്‍ നിഷ്ക്രിയമാകുന്നതുകൊണ്ട് ജെന്റാമൈസിന്‍ വായിലൂടെ നല്കാറില്ല. കുത്തിവയ്ക്കുകയോ ലേപനം ചെയ്യുകയോ ആണ് രീതി.

ജെന്റാമൈസിന്‍ പ്രതികൂലമായി ബാധിച്ചാല്‍ മനംപിരട്ടല്‍, ഛര്‍ദി, തലവേദന, പ്രോട്ടിന്യൂറിയ (മൂത്രത്തില്‍ പ്രോട്ടീനിന്റെ സാന്നിധ്യം) രക്തത്തില്‍ യൂറിയ, ട്രാന്‍സമിനേസസ്, ആല്‍ക്കലൈന്‍ ഫോസ്ഫറ്റെസ് എന്നിവ വര്‍ധിക്കുക, തൊലിയില്‍ ചുവന്ന കുരുക്കള്‍ താത്കാലികമായി കാണുക തുടങ്ങിയ പല ലക്ഷണങ്ങളും കാണിക്കും. ചില രോഗികളില്‍ ഈ ആന്റിബയോട്ടിക് ആന്തരകര്‍ണത്തിന് ക്ഷതമുണ്ടാക്കുന്നു. ഗര്‍ഭിണികള്‍ക്ക് ജെന്റാമൈസിന്‍ ചികിത്സ അനുവദനീയമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍