This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെങ്കിസ്ഖാന്‍ (സു. 1167 - 1227)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെങ്കിസ്ഖാന്‍ (സു. 1167 - 1227)

Jenghiskhan

മംഗോളിയന്‍ സാമ്രാജ്യസ്ഥാപകന്‍. ബോറിജിന്‍ ഗോത്രനേതാവായ യെസുജൈയുടെ പുത്രനായി മംഗോളിയയില്‍ ഒണോണ്‍ നദിക്കു സമീപമുള്ള പ്രദേശത്ത് സു. 1167-ല്‍ ജനിച്ചു. താമുജിന്‍ എന്നായിരുന്നു പേര്. പിതാവിന്റെ മരണശേഷം പല ബുദ്ധിമുട്ടുകളും തരണം ചെയ്ത് വിഭജിച്ചുകിടന്ന മംഗോള്‍ ഗോത്രങ്ങളെ ഇദ്ദേഹം സംഘടിപ്പിക്കുകയും പുതിയ ഒരു സാമ്രാജ്യത്തിനു രൂപം കൊടുക്കുകയും ചെയ്തു. അച്ചടക്കം, കൌശലം, കാരുണ്യമില്ലായ്മ, സംഘടനാശേഷി, യജമാനഭക്തി ആര്‍ജിക്കാനും അതു നിലനിര്‍ത്താനുമുള്ള കഴിവ് എന്നിവയുടെ സംയോജനത്തിലൂടെ ഇദ്ദേഹം തന്റെ ശത്രുക്കളെ മുഴുവന്‍ തകര്‍ക്കുകയും ടാറ്റര്‍, കെറൈറ്റ്, നൈമാന്‍, മെര്‍ക്കിറ്റ് എന്നീ ഗോത്രങ്ങളെ തന്റെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവരികയും ചെയ്തു. 1206-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വം മംഗോളുകളുടെ മഹാസഭയായ ഗുറല്‍തയ് (കുറിത്തയ്) അംഗീകരിക്കുകയും ആ സഭ ഇദ്ദേഹത്തിന് 'ഏവരുടെയും ഭരണാധികാരി' എന്നര്‍ഥമുള്ള ജെങ്കിസ്ഖാന്‍ ചിങ്കിസ്ഖാന്‍ എന്ന പദവി നല്കുകയും ചെയ്തു. മംഗോളുകളെ യോജിപ്പിച്ചശേഷം 1207 മുതല്‍ സാമ്രാജ്യവികസനശ്രമം ആരംഭിച്ചു. 1207-ല്‍ ഉത്തര ചൈനയും 1215-ല്‍ പെക്കിങ്ങും അടുത്ത ഒരു ദശകത്തിനകം ടര്‍ക്കിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്താന്‍, ദക്ഷിണറഷ്യ എന്നിവിടങ്ങളും കൈവശപ്പെടുത്തി. മംഗോള്‍ വംശത്തിന്റെ അതിര്‍ത്തി കോക്കസ് പര്‍വതം മുതല്‍ സിന്ധുനദിവരെയും കാസ്പിയന്‍ കടല്‍ മുതല്‍ പെക്കിങ് വരെയും വ്യാപിച്ചു. ചൈനയുടെയും റഷ്യയുടെയും ആധിപത്യം പൂര്‍ത്തിയാകുന്നതുവരെ ജെങ്കിസ്ഖാന്‍ ജീവിച്ചിരുന്നില്ല. ഓര്‍ഡോസ് മരുഭൂമിയില്‍ 1227-ല്‍ ഇദ്ദേഹം അന്തരിച്ചു. ജെങ്കിസ്ഖാന്റെ മരണശേഷം മംഗോള്‍ സാമ്രാജ്യം വിസ്തൃതമാക്കിയത് ഇദ്ദേഹത്തിന്റെ പുത്രന്മാരും പൌത്രന്മാരുമാണ്. ജെങ്കിസ്ഖാനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രന്‍ ഒഗാദായ് രാജാവായി.

ജെങ്കിസ്ഖാന്‍ ക്രാന്തബുദ്ധിയായിരുന്നു. മികച്ച ചലനശേഷിയും പ്രഹരശേഷിയുമുള്ള അതിശക്തമായ ഒരു കാലാള്‍പ്പട ഇദ്ദേഹത്തിനുണ്ടായിരുന്നു. പറക്കും കുതിരകളുടെ നിരകളെ സമര്‍ഥമായി ഉപയോഗിച്ച് ശത്രുനിരകളെ വലയത്തിലാക്കി ഞെരുക്കിയശേഷം 183 മീ. ദൂരത്തുനിന്ന് അമ്പെയ്തു സൈന്യങ്ങളെ ഉന്മൂലനാശം ചെയ്യുക എന്ന തന്ത്രം ജെങ്കിസ്ഖാന്‍ ആവിഷ്കരിച്ചിരുന്നു. പിന്‍വാങ്ങല്‍ അഭിനയിക്കുന്നതിലും പ്രഗല്ഭരായിരുന്നു മംഗോള്‍ സേന. ചാരവൃത്തിയില്‍ നൈപുണ്യവും മനഃശാസ്ത്രപരമായ യുദ്ധമുറകളും പുതിയ തരം ആയുധങ്ങളും യുദ്ധമുറകളും സ്വായത്തമാക്കാനുള്ള ശേഷിയുമാണ് ജെങ്കിസ്ഖാനെ വിജയത്തിലെത്തിച്ചത്. പരസ്പരം കലഹിച്ചിരുന്ന മംഗോള്‍ ഗോത്രങ്ങളെ ഒരുമിപ്പിച്ച് അവര്‍ക്കു സുരക്ഷിതത്വവും സമാധാനവും ഇദ്ദേഹം നല്കി. മാര്‍ക്കോപോളോയ്ക്കും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ഏഷ്യയിലുടനീളം സഞ്ചരിക്കുന്നതിന് ഇദ്ദേഹം കളമൊരുക്കി. ജെങ്കിസ്ഖാന്‍ സാധ്യമാക്കിയ പശ്ചിമ-പൂര്‍വ സാംസ്കാരിക വിനിമയം ഇദ്ദേഹത്തിന്റെ മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നു.

1206-ല്‍ ഇദ്ദേഹം ഇയാസാഘ് എന്ന പേരില്‍ ഒരു നിയമസംഹിതയ്ക്കു രൂപം നല്കി. കോടതി, സൈന്യം എന്നിവയ്ക്കു വേണ്ട നിയമങ്ങളും സിവില്‍, ക്രിമിനല്‍, വാണിജ്യനിയമങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മംഗോള്‍ നിയമം ആദ്യകാല റഷ്യന്‍ സ്ഥാപനങ്ങളെ സ്വാധീനിച്ചിരുന്നു. ഉള്‍ക്കാഴ്ചയും വിട്ടുവീഴ്ചാ മനോഭാവവുമുണ്ടായിരുന്ന ജെങ്കിസ്ഖാന്‍ മറ്റുള്ളവരില്‍ നിന്ന് നല്ലകാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടിച്ചിരുന്നില്ല. ഉയ്ഘുര്‍ ടര്‍ക്കുകളില്‍ നിന്ന് അക്ഷരമാലാ ലിപി സമ്പ്രദായം സ്വീകരിച്ചതും ചൈനയിലെ ഹൈഡ്രോളിക് എന്‍ജിനീയര്‍മാരെ ജോലിക്കു നിയോഗിച്ചതും മംഗോളിയയിലെ പൗരഭരണത്തിന് വിദേശികളെ നിയോഗിച്ചതും മറ്റും ഇതിനു തെളിവാണ്. പേര്‍ഷ്യന്‍, ചൈനീസ്, അറബി ചരിത്രകാരന്മാര്‍ ജെങ്കിസ്ഖാനെ കാരുണ്യമില്ലാത്ത, വിനാശകാരിയായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ധീഷണത യഥാര്‍ഥത്തില്‍ കണക്കുകൂട്ടിയുള്ള മനഃശാസ്ത്ര തന്ത്രമായിരുന്നു. ഹിറ്റ്ലറെപ്പോലെ ഒരു ജനവര്‍ഗത്തെ ഉന്മൂലനം ചെയ്യാന്‍ ജെങ്കിസ്ഖാന്‍ തുനിഞ്ഞിട്ടില്ല. ജെങ്കിസ്ഖാന്‍ ചില സാംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും അന്യമതകാര്യങ്ങളിലും ന്യൂനപക്ഷ സമുദായങ്ങളുടെ കാര്യങ്ങളിലും സഹിഷ്ണുത പുലര്‍ത്താന്‍ ഇദ്ദേഹത്തിന്റെ ഭരണം ശ്രദ്ധിച്ചിരുന്നു. മംഗോളിയന്‍ ദേശീയതയുടെ പ്രതീകമായാണ് മംഗോളിയര്‍ ജെങ്കിസ്ഖാനെ ആരാധിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍