This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂവനല്‍, ഡെസിമസ് (55 - 140)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂവനല്‍, ഡെസിമസ് (55 - 140)

Juvenal, Desimus

റോമന്‍ സാഹിത്യകാരനും നിയമജ്ഞനും. വോള്‍ഷ്യന്‍ ദേശത്തെ അക്വിനം എന്ന സ്ഥലത്തു ജനിച്ചു. ഡെസിമസ് ജൂനിയസ് ജൂവെനാലിസ് എന്ന് പൂര്‍ണ നാമധേയം. 55-നും 140-നും ഇടയ്ക്കാണു ജീവിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തില്‍ മജിസ്ട്രേറ്റ് ആയി ജോലി നോക്കി. ബ്രിട്ടന്‍, ഈജിപ്ത് മുതലായ നാടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഹാസ്യകവിയായാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്.

ഒരു കടുത്ത ധര്‍മപ്രബോധകന്റെ വീറോടെ എ.ഡി. 100-128-ലെ റോമന്‍ കാലഘട്ടത്തെയും സമൂഹത്തില്‍ നടമാടിയിരുന്ന അധര്‍മത്തെയും കുറിച്ച് അഞ്ചു വാല്യങ്ങളിലായി പതിനാറു ഹാസ്യകവിതകള്‍ എഴുതി. ദാരിദ്ര്യദുഃഖം, ഭരണവര്‍ഗത്തിന്റെ ധൂര്‍ത്ത്, അവരെ ചുറ്റിപ്പറ്റിക്കഴിയുന്ന അവസരവാദികളുടെ ജീവിതം, അന്യായപ്പലിശക്കാരായ ജൂതന്മാര്‍ മുതലായ കാര്യങ്ങളാണ് കവിതാരചനയ്ക്കു വിഷയങ്ങളായി തെരഞ്ഞെടുത്തത്. പല ദുരാചാരങ്ങളെക്കുറിച്ചും ജൂവനല്‍ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആറാമത്തെ ഹാസ്യകവിത സ്ത്രീവര്‍ഗത്തെക്കുറിച്ചാണ്. അവരുടെ ശക്തിയും ദൗര്‍ബല്യവും എടുത്തുകാട്ടുന്ന കവിതകള്‍ പ്രത്യേകം ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിയാണ് ജൂവനലിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്നത്. എഴുത്തുകാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ചാണ് ഏഴാമത്തെ ഹാസ്യകവിത.

സെര്‍വിയസ്, ക്ലോഡിയന്‍ തുടങ്ങിയ പ്രാചീന എഴുത്തുകാര്‍, ചോസര്‍, ഷെയ്ക്സ്പിയര്‍, ഡ്രൈഡന്‍, ജോണ്‍സണ്‍ മുതലായ ഇംഗ്ലീഷു കവികള്‍ എന്നിങ്ങനെ ജൂവനലിന്റെ ഹാസ്യസാഹിത്യം സ്വാധീനിച്ചിട്ടുള്ള എഴുത്തുകാര്‍ നിരവധിയാണ്. ഹാംലറ്റില്‍ ജൂവനലിന്റെ ഒരു ഖണ്ഡികയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഡ്രൈഡന്റെ ഏറ്റവും മികച്ച സാഹിത്യസംഭാവനകളില്‍ അഞ്ചു ജൂവനല്‍ കവിതകളുടെ സ്വതന്ത്രാവിഷ്കാരങ്ങളും പെടുന്നു. 'ലണ്ടന്‍', 'വാനിറ്റി ഒഫ് ഹ്യൂമന്‍ വിഷസ്' എന്നീ കവിതകളില്‍ സാമുവല്‍ ജോണ്‍സണ്‍ ഇദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍