This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂലി ആന്‍ഡ്രൂസ് (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂലി ആന്‍ഡ്രൂസ് (1935 - )

Julie Andrews

ഇംഗ്ലീഷ് നടിയും ഗായികയും. 1935 ഒ. 1-ന് സറേയിലെ വാള്‍ട്ടര്‍-ഓണ്‍-തെംസില്‍ ജനിച്ചു. ജൂലിയ എലിസബത്ത് വെല്‍സ് എന്നാണ് യഥാര്‍ഥ നാമധേയം. 12-ാം വയസ്സില്‍ അഭിനയം ആരംഭിച്ചു. മൂന്നു തവണ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുകയുണ്ടായി.

നാടകങ്ങളിലൂടെയാണ് ജൂലി ആന്‍ഡ്രൂസിന്റെ കലാജീവിതം ആരംഭിച്ചത്. ആദ്യകാല വേഷങ്ങളില്‍ 'സിന്‍ഡ്രല' ശ്രദ്ധേയമാണ്. ബര്‍ണാഡ് ഷായുടെ നാടകമായ പിഗ്മാലിയനില്‍ അഭിനയിച്ചതോടെ (1956) ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിഗ്മാലിയന്റെ ബ്രോഡ്വേ ആവിഷ്കരണമായ മൈ ഫെയര്‍ ലേഡിയില്‍ എലിസഡൂലിറ്റില്‍ എന്ന കഥാപാത്രത്തെയാണ് ഇവര്‍ അവതരിപ്പിച്ചത്. മികവുറ്റ അഭിനയത്തിന്റെ മാറ്റു തെളിഞ്ഞ ഈ അവതരണത്തോടെ ജൂലി ആന്‍ഡ്രൂസ് ചലച്ചിത്രരംഗത്തും ശ്രദ്ധേയയായി. അത് 1964-ല്‍ മേരി പോപ്പിന്‍സ് എന്ന ചലച്ചിത്രത്തിലൂടെ ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാര്‍ഡ് കരസ്ഥമാക്കുന്നിടം വരെ ഇവരെ എത്തിച്ചു. സൌണ്ട് ഒഫ് മ്യൂസിക് (1964) എന്ന ചിത്രത്തിലൂടെ ഇവര്‍ വിശ്വപ്രസിദ്ധയായ ചലച്ചിത്രതാരം എന്ന പദവിയിലേക്കുയര്‍ന്നു. തുടര്‍ന്നും ഇവര്‍ നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി. ഹാവായ് (1965), റ്റോണ്‍ കേര്‍ട്ടന്‍ (1966), തറലി മോഡേണ്‍ മില്ലീ (1966), സ്റ്റാര്‍! (1967), ഡാര്‍ലിങ് ലിലി (1970) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു. ധാരാളം ടെലിവിഷന്‍ ചിത്രങ്ങളിലും ജൂലി മികവ് തെളിയിച്ചിട്ടുണ്ട്.

1967-ല്‍ പ്രസിദ്ധീകരിച്ച മാന്‍ഡി, ദ് ലാസ്റ്റ് ഒഫ് ദ് റിയലി ഗ്രെയ്റ്റ് വാങ്ഡൂഗിള്‍സ് എന്ന കൃതി ഗ്രന്ഥകാരിയെന്ന നിലയിലും ജൂലി ആന്‍ഡ്രൂസിന് സ്ഥാനം നേടിക്കൊടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍