This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂബാ രാമകൃഷ്ണപിള്ള (1910 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂബാ രാമകൃഷ്ണപിള്ള (1910 - )

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവര്‍ത്തകനും. ഗോവിന്ദനാശാന്റെയും ലക്ഷ്മിപ്പിള്ളയുടെയും പുത്രനായി 1910 ആഗ. 29-നു ചവറയില്‍ ജനിച്ചു.

ജൂബാ രാമകൃഷ്ണപിള്ള

സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നു. കോഴിക്കോട്ടു നടന്ന ഉപ്പു സത്യഗ്രഹത്തില്‍ പങ്കുചേരാനായി തിരുവനന്തപുരത്തുനിന്നു തിരിച്ച കാല്‍നട ജാഥയില്‍ രാമകൃഷ്ണപിള്ളയും അംഗമായിരുന്നു. വിദേശവസ്ത്ര ബഹിഷ്കരണസമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും ജയില്‍ വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഏറെക്കാലം ഇദ്ദേഹം യൂത്ത് ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും 'ഫ്രീ ഹരിജന്‍ ടെയ്ലറിങ് സ്കൂള്‍' സ്ഥാപിക്കുകയും ചെയ്തു. അരനൂറ്റാണ്ടുകാലം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ജൂബാ ധരിച്ചു നടക്കുകയും അതിനുപ്രചാരം നല്കുകയും ചെയ്തതോടെയാണ് കെ. രാമകൃഷ്ണപിള്ള ജൂബാരാമകൃഷ്ണപിള്ള എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഖദര്‍ തുണികൊണ്ടുമാത്രമേ രാമകൃഷ്ണപിള്ള ജൂബാ നിര്‍മിച്ചുകൊടുത്തിരുന്നുള്ളൂ. ജൂബാ ധരിച്ചു നടന്ന കോണ്‍ഗ്രസ്സുകാരെ പൊലീസ് തെരഞ്ഞെപിടിച്ചു തല്ലുന്നത് ക്രമസമാധാനപ്രശ്നമായതിനെത്തുടര്‍ന്ന് ഹജൂര്‍കച്ചേരിക്കുള്ളില്‍ ജൂബാ നിരോധിക്കപ്പെട്ടു. എന്നാല്‍ പിന്നീട് മഹാരാജാവും തുടര്‍ന്ന് സി.പി. രാമസ്വാമി അയ്യരും ഈ വേഷത്തില്‍ ആകൃഷ്ടരായതോടെ രാമകൃഷ്ണപിള്ള ശ്രദ്ധേയനായി. സി.പി.യാണ് പിള്ളയെ ജൂബാ രാമകൃഷ്ണപിള്ള എന്ന് ആദ്യം സംബോധന ചെയ്തത്.

തോട്ടിത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഇദ്ദേഹം 1946-ല്‍ സ്കാവഞ്ചേഴ്സ് യൂണിയന്‍ സ്ഥാപിച്ചു. പുന്നപ്രവയലാര്‍ സമരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ സംഘടന റദ്ദാക്കപ്പെട്ടുവെങ്കിലും പില്ക്കാലത്ത് പുനഃസ്ഥാപിക്കപ്പെട്ടു. കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം നിരവധി സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടണം എന്ന മഹാത്മാഗാന്ധിയുടെ നിര്‍ദേശം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പിള്ള പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തുടര്‍ന്ന് സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും അധികകാലം തുടര്‍ന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍