This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂഡോ(Judo)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൂഡോ

Judo

ഒരു ജാപ്പനീസ് അഭ്യാസമുറ. ഏഷ്യയിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ ചില മല്‍പ്പിടിത്ത വിനോദങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ജൂഡോ. സൗമ്യമായ, മൃദുവായ, അനായാസമായ എന്നിങ്ങനെ അര്‍ഥമുള്ള 'ജു' (Ju), വഴി എന്നര്‍ഥമുള്ള 'ഡോ' (do) എന്നീ ജാപ്പനീസ് പദങ്ങളില്‍ നിന്നാണ് ജൂഡോ എന്ന സംജ്ഞ രൂപംകൊണ്ടത്.

ജൂഡോ വിവധ മുറകള്‍

1880-കളിലാണ് ജപ്പാനിലെ കായികാധ്യാപകനായ ജിഗാരോ കാനോ ജൂഡോയ്ക്ക് രൂപം നല്കിയത്. പല പ്രാചീന യുദ്ധമുറകളും സമന്വയിപ്പിച്ചുകൊണ്ട് ഇദ്ദേഹം രണ്ടു പുതിയ രീതികള്‍ ആവിഷ്കരിച്ചു. കായികവിനോദത്തിനും ശരീരസംരക്ഷണത്തിനും വേണ്ടി എറിയലും അള്ളിപ്പിടിക്കലും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു രീതിയും; കൈ കൊണ്ടും കാലുകൊണ്ടുമുള്ള അടി, എറിയല്‍, ബന്ധനം, രക്ഷപ്പെടല്‍, കാല്‍പിടിത്തം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു രീതിയും. ഈ രണ്ടു രീതികള്‍ക്കും ജൂഡോ എന്നു തന്നെ പറഞ്ഞിരുന്നു. ആത്മരക്ഷാര്‍ഥമുള്ള മല്‍പ്പിടിത്തത്തിന് ജുജിത്സു എന്നും കായികവിനോദാര്‍ഥമുള്ള മല്‍പിടിത്തത്തിന് ജൂഡോ എന്നും പറയാറുണ്ട്. ജൂഡോ, ജുജിത്സു എന്നീ സംജ്ഞകള്‍ പരസ്പരം മാറി ഉപയോഗിക്കാറുമുണ്ട്.

ജൂഡോ വിദ്യാര്‍ഥി തന്റെ അധ്യാപകനെ (സെന്‍സൈ) അനുസരിക്കണമെന്നും പെരുമാറ്റനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അയാള്‍ ആത്മരക്ഷയ്ക്കുള്ള മുറകള്‍ അറിഞ്ഞിരിക്കണമെന്നും വിനയാന്വിതനും നിശ്ചയദാര്‍ഢ്യമുള്ളവനും ആയിരിക്കണമെന്നും കാനോ നിഷ്കര്‍ഷിച്ചിരുന്നു. മേല്പറഞ്ഞ ഗുണങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു ജൂഡോ അഭ്യാസിക്ക് വിജയിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

ഇന്ന് ആധുനിക കായികവിനോദങ്ങളില്‍ ഒന്നായി ജൂഡോ വികസിച്ചിരിക്കുന്നു. എറിയല്‍, അള്ളിപ്പിടിക്കല്‍ എന്നിവയാണ് ആധുനിക ജൂഡോയിലെ സമ്പ്രദായങ്ങള്‍. വിനോദം, മത്സരം, ശരീരസൗഷ്ഠവം എന്നിവ ലക്ഷ്യമാക്കി പുരുഷന്മാരും സ്ത്രീകളും കുട്ടികളും ജൂഡോ അഭ്യസിച്ചുവരുന്നു. സ്വരക്ഷയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രാചീനശൈലി പിന്തുടരുന്ന ചില ജൂഡോ പരിശീലന കേന്ദ്രങ്ങളുമുണ്ട്. എതിരാളിയെ വ്രണപ്പെടുത്തുന്നതിനോ ചലനരഹിതമാക്കുന്നതിനോ ഉദ്ദേശിച്ചുകൊണ്ട് എറിയുകയോ അള്ളിപ്പിടിക്കുകയോ ആയിരുന്നു ആദ്യത്തെ രീതി. ക്ഷതങ്ങള്‍ ഉണ്ടാകാതെയിരിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ജൂഡോയുടെ ആധുനിക നിയമങ്ങളും പരിശീലന രീതികളും ആവിഷ്കരിച്ചിരിക്കുന്നത്.

19-ാം ശ.-ത്തില്‍ ജപ്പാനില്‍ നിലനിന്നിരുന്ന പെരുമാറ്റ മര്യാദകള്‍ ജൂഡോ പരിശീലനത്തില്‍ അനുവര്‍ത്തിക്കുന്നുണ്ട്. കളരി (ഡോജോ)യിലെത്തുന്ന വിദ്യാര്‍ഥി പരിശീലനത്തിനു മുമ്പും പരിശീലനം കഴിഞ്ഞും വേദിയെയും പരിശീലകനെയും പതാകയെയും ബുദ്ധമണ്ഡപത്തെയും സഹപാഠികളെയും വണങ്ങണമെന്നുണ്ട്. ആധുനിക കാലത്ത് വന്ദനക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. അഭ്യാസികള്‍ വേദിയിലെത്തി സു. 4 മീ. അകലെ നിന്ന് പരസ്പരം വന്ദിച്ചശേഷം മത്സരത്തിലേര്‍പ്പെടുന്നു. മത്സരം കഴിഞ്ഞ് വീണ്ടും പഴയ സ്ഥാനത്തെത്തി പരസ്പരം വന്ദിച്ചു പിരിയുന്നു. മത്സരക്കാര്‍ അനുഷ്ഠിക്കേണ്ട മര്യാദകള്‍ നിര്‍ണയിച്ചിട്ടുണ്ട്. നിയമങ്ങള്‍ അനുസരിച്ചു മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. വീഴുമ്പോള്‍ ശരീരത്തില്‍ കേടുപാടുകള്‍ പറ്റാതിരിക്കാനുള്ള പരിശീലനവും നല്കാറുണ്ട്.

9 മീ. വീതിയും 9 മീ. നീളവുമുള്ള വേദിയിലാണ് മത്സരം നടക്കുക. മത്സരത്തില്‍ ഏര്‍പ്പെടുന്നവരെ 'ജൂഡോ കോ' എന്നും അവര്‍ ധരിക്കുന്ന കുപ്പായത്തിന് 'ഗി' എന്നും പറയുന്നു. കിമോണോ ശൈലിയില്‍ തുണികൊണ്ടു നിര്‍മിച്ച ജാക്കറ്റും ട്രൌസറും തുണികൊണ്ടുള്ള ബല്‍റ്റുമാണ് വേഷം. മൂന്നു മുതല്‍ 20 മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഏറ്റുമുട്ടലുകളാണ് നടത്തുന്നത്. ഓരോ മാച്ചിനും 'ഷിയായ്' എന്നും പറയുന്നു. എതിരാളിയെ മലര്‍ത്തിയടിക്കുമ്പോള്‍ ഒരു പോയിന്റ് (ഇപ്പോണ്‍) ലഭിക്കും. കൈകൊണ്ട് പൂട്ടിയോ കഴുത്തിനു കുത്തിപ്പിടിച്ചോ എതിരാളിയെ കീഴടക്കാന്‍ നിര്‍ബന്ധിതനാക്കുകയോ മുപ്പതു സെക്കന്‍ഡെങ്കിലും എതിരാളിയുടെ പുറം തറയില്‍ ചേര്‍ത്തു തടഞ്ഞുവയ്ക്കുകയോ ചെയ്താലും മതി. കൈകൊണ്ട് അടിക്കുകയോ കാല്‍കൊണ്ടു ചവിട്ടുകയോ ചെയ്യരുതെന്നുണ്ട്. എതിരാളിയെ അള്ളിപ്പിടിക്കുന്നതിനുവേണ്ടി വലിച്ചിഴയ്ക്കുകയോ വേദിയില്‍ മറിച്ചിടുകയോ ചെയ്യാന്‍ പാടില്ല.

ജൂഡോ മത്സരങ്ങളിലെ കഴിവുകള്‍ അടിസ്ഥാനമാക്കി വിവിധ ഡിഗ്രിയിലുള്ള ബല്‍റ്റുകള്‍ നല്കുന്നു. ഏറ്റവും താഴത്തെ റാങ്കിന് റോക്യൂ (rokkyu) എന്നു പറയുന്നു. തുടക്കക്കാര്‍ക്കുള്ളതാണിത്. റോക്യു മുതല്‍ ഇക്യു (Ikkyu) വരെ ആറു ഡിഗ്രികളുണ്ട്. ഇക്യു നേടുന്നയാളിന് ബ്രൌണ്‍ബെല്‍റ്റ് നല്കും. ഇതിനുമുകളിലാണ് ദാന്‍ (റമി). ദാനിലെ ഏറ്റവും താഴത്തെ ഡിഗ്രിയാണ് ഒന്നാം ഡിഗ്രി ബ്ളാക്ക് ബല്‍റ്റ് (ഷോദാന്‍). അഞ്ചാം ഡിഗ്രി ബ്രൌണ്‍ ബല്‍റ്റ് (ഗോദാന്‍) വരെ നല്കാറുണ്ട്. ഇതിനു മുകളിലുള്ള ഡിഗ്രികള്‍ ബഹുമതി ഡിഗ്രികളായാണ് നല്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള ജൂഡോ മത്സരങ്ങള്‍ തുല്യഡിഗ്രിയിലുള്ളവര്‍ തമ്മിലാണ് നടത്തുന്നത്. അന്താരാഷ്ട്രമത്സരങ്ങളിലും മറ്റും ശരീരഭാരമനുസരിച്ചുള്ള മത്സരങ്ങളാണ് നടത്തുന്നത്. പുരുഷന്മാര്‍ക്ക് എക്സ്ട്രാലൈറ്റ് വെയ്റ്റ്, ഹാഫ് ലൈറ്റ് വെയ്റ്റ്-52 കി.ഗ്രാം; മിഡില്‍ വെയ്റ്റ്, ലൈറ്റ് വെയ്റ്റ് 71 കി.ഗ്രാം., 78 കി.ഗ്രാം. 95 കി. ഗ്രാം. 95 കി. ഗ്രാമിനു മുകളില്‍ എന്നീ വിഭാഗങ്ങളിലും; വനിതകള്‍ക്ക് എക്ട്രാ ലൈററ് വെയ്റ്റ്, ഫെതര്‍വെയ്റ്റ്, ലൈറ്റ് വെയ്റ്റ്, ഹാഫ് മിഡില്‍ വെയ്റ്റ്, മിഡില്‍ വെയ്റ്റ്, ഹാഫ് ഹെവിവെയ്റ്റ്, ഹെവിവെയ്റ്റ് എന്നീ വിഭാഗങ്ങളിലുമാണ് മത്സരങ്ങള്‍.

1966-ല്‍ ഒളിമ്പിക്സില്‍ ജൂഡോ മത്സരം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 1968-ല്‍ വേണ്ടെന്നു വച്ചിരുന്നു. 1972-ല്‍ വീണ്ടും ജൂഡോ ഉള്‍പ്പെടുത്തി. ജൂഡോയുടെ അന്താരാഷ്ട്ര സമിതി സ്വിറ്റ്സര്‍ലന്‍ഡിലെ ലാസേന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ ആണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%82%E0%B4%A1%E0%B5%8B(Judo)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍