This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജു(ഹു)വാനാ ഈനാസ് ദാ ലക്രൂസ് (1651 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജു(ഹു)വാനാ ഈനാസ് ദാ ലക്രൂസ് (1651 - 95)

ലാറ്റിനമേരിക്കന്‍ പണ്ഡിതയും കവയിത്രിയും. 1651-ല്‍ നെപാന്ത് ലായിലെ ഹാസിയെന്തയില്‍ ജനിച്ചു. ജുവാ ഈനാസ് ദെ അബാരസ്യേയ് റാമിറെസ് ദെ സാന്തില്ലാനാ എന്നായിരുന്നു യഥാര്‍ഥ നാമധേയം. മാതാമഹനാണ് വളര്‍ത്തിയത്. മൂന്നു വയസ്സായപ്പോഴേ വായിക്കാന്‍ പഠിച്ചു. എട്ടാമത്തെ വയസ്സില്‍ തിരുവത്താഴത്തെ ആസ്പദമാക്കി ഒരു ഹ്രസ്വനാടകം രചിച്ചു. അധികം താമസിയാതെ ഹ്വന മെക്സിക്കോയില്‍ ബന്ധുക്കളോടൊപ്പം താമസമാക്കി. അവിടെവച്ച് ലത്തീന്‍ഭാഷയില്‍ പ്രാവീണ്യം നേടി. ലത്തീനില്‍ത്തന്നെ കവിതാരചനയും തുടങ്ങി.

മെക്സിക്കന്‍ സ്ഥാനപതിയുടെ പത്നി ജുവാനായുടെ കഴിവുകള്‍ മനസ്സിലാക്കുകയും അവരെ തന്റെ കൊട്ടാരത്തിലേക്കു വരുത്തുകയും ചെയ്തു. ഇവിടെവച്ചാണ് ജുവാനായുടെ സാഹിത്യവാസനയും ധിഷണാശക്തിയും പൂര്‍ണത പ്രാപിച്ചത്. ലൌകിക ജീവിതത്തോട് വിരക്തി തോന്നിയ ജുവാനാ 1667 ആയപ്പോഴേക്കും സന്ന്യാസം സ്വീകരിച്ചു. വലിയൊരു പുസ്തകശേഖരത്തിനുടമയായിരുന്ന സിസ്റ്റര്‍ ഹ്വന സംഗീതം, ശാസ്ത്രം, കലകള്‍ എന്നിവയില്‍ തത്പരയും അന്വേഷണപടുവുമായിരുന്നു. യൂറോപ്പിലാകമാനമുള്ള പണ്ഡിതന്മാരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിരുന്ന സിസ്റ്റര്‍ അധ്യാത്മപഠനം, തത്ത്വചിന്ത, ജ്യോതിശ്ശാസ്ത്രം, ഗണിതം, ചിത്രകല എന്നിവയില്‍ പ്രാവീണ്യം നേടിയിരുന്നു.

സദാചാര പ്രബോധക നാടകങ്ങള്‍ (morality plays), ക്രിസ്തുമസ് കരോളുകള്‍ എന്നിവയ്ക്കു പുറമേ കോമഡികള്‍, അന്യാപദേശ ഉപന്യാസങ്ങള്‍ (allegorical essays),പ്രേമഗീതികള്‍ എന്നിവയും ഇവര്‍ രചിച്ചിട്ടുണ്ട്. കവിതകളിലധികവും അന്നു പ്രചാരത്തിലിരുന്ന ബാരോക്ക് ആലങ്കാരിക ശൈലിയിലായിരുന്നു രചിച്ചത്. കവിതയുടെ ഇത്തരം ബാഹ്യമായ ധാടിമോടികള്‍ക്കൊപ്പം വൈകാരികവും ധൈഷണികവുമായ അടിയൊഴുക്കുകളും പ്രകടമായിരുന്നു. സ്ത്രീകള്‍ക്കു സമൂഹത്തില്‍ പൊതുവേയുള്ള വിലയിടിവ്, സന്ന്യാസിനി എന്ന നിലയില്‍ അനുഭവിക്കേണ്ടിവരുന്ന നിയന്ത്രണങ്ങള്‍, സന്ന്യാസജീവിതവും യുക്തിസഹമായ ലൗകിക ജീവിതവും തമ്മിലുള്ള വൈരുധ്യം, ഒരു യഥാര്‍ഥ ഭൗതികവാദിയായ സത്യാന്വേഷി എന്ന നിലയിലുള്ള സ്വന്തം ചിന്തകള്‍ ഇവയൊക്കെ ഈ കവയിത്രിയെ വല്ലാതെ മഥിച്ചിരുന്നു. റിപ്ളെ റ്റു സിസ്റ്റര്‍ ഫിലോത്തിയ എന്ന കൃതി വൈദിക മേധാവികളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ക്കു മറുപടിയെന്നോണം എഴുതിയതാണ്. 1694 ആയപ്പോഴേക്കും വിമര്‍ശന ശരങ്ങളേറ്റു തളര്‍ന്ന സിസ്റ്റര്‍ ജുവാനാ പശ്ചാത്തപിക്കുകയും സംഗീത സാഹിത്യാദികലകള്‍ വെടിഞ്ഞ് കര്‍ക്കശമായ സന്ന്യാസജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്തു. പകര്‍ച്ചവ്യാധി പിടിപെട്ട സന്ന്യാസിനികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ 1695-ല്‍ അവര്‍ മരണമടഞ്ഞു. യുക്തിചിന്തയ്ക്കും ശാസ്ത്രീയ സമീപനത്തിനും ഏറെ പ്രാധാന്യം കൊടുത്തിരുന്ന ഇവര്‍ 18-ാം ശ.-ത്തിലെ പ്രബുദ്ധരുടെ മുന്‍ഗാമിയായി ഗണിക്കപ്പെടുന്നു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍