This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജുങ്ഗിങ്(Chungking)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജുങ്ഗിങ്

Chungking

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഏറ്റവും വലുപ്പമേറിയ വ്യാവസായിക നഗരം. കിഴക്കന്‍ സെച്വാന്‍ പ്രവിശ്യയിലെ യാങ്സീ,-ജിയാലിങ് നദികളുടെ സംഗമസ്ഥാനത്തുള്ള മുനമ്പില്‍ സ്ഥിതിചെയ്യുന്നു. ഔദ്യോഗികമായി ചൈനീസ് ഭാഷയില്‍ 'പാസീന്‍' എന്നാണ് ഇതറിയപ്പെടുന്നത്. സെച്വാന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ജുങ്ഗിങ്ങിന് വ്യാവസായിക പ്രാധാന്യവുമുണ്ട്. ജനസംഖ്യ: 32.8 ദശലക്ഷം (2010).

സെച് വാന്‍ തടത്തിലെ ജലഗതാഗതത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ജുങ്ഗിങ്ങിനുള്ളത്. മധ്യചൈനയിലെ താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള പ്രധാന കവാടമായി ഇത് വര്‍ത്തിക്കുന്നു. ജിയാലിങ് നദിക്കരയിലുള്ള സുഷീകൂവിലെ ഇരുമ്പുരുക്കു വ്യവസായം, പൈ മിയോത്സുവിലെ കല്‍ക്കരിവ്യവസായം എന്നിവ ജുങ്ഗിങ്ങിന് സെച് വാന്‍ പ്രവിശ്യയിലെതന്നെ ഘനവ്യവസായങ്ങളില്‍ ഉയര്‍ന്ന സ്ഥാനം നേടിക്കൊടുത്തു. സെച്വാനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങള്‍ക്ക് പുറത്തേക്കുള്ള ഒരു മാര്‍ഗമാണ് ജുങ്ഗിങ്. ജപ്പാനെതിരായ യുദ്ധത്തിലാണ് ഇത് ഒരു പ്രധാന ഘനവ്യവസായ കേന്ദ്രമായി വികസിച്ചത്. പ്രകൃതിദത്തമായ സൗകര്യങ്ങളാണ് ഈ നദീതുറമുഖത്തിന്റെ വികസനത്തിനാസ്പദമായ പ്രധാന ഘടകം. ചൈനാ തീരത്തുനിന്ന് മാറ്റി സ്ഥാപിക്കപ്പെട്ട വ്യവസായങ്ങളായിരുന്നു ഇവിടെ പ്രധാനമായുണ്ടായിരുന്നത്. 1940-ല്‍ ഇവിടെ ഇരുമ്പുരുക്കു വ്യവസായമാരംഭിച്ചു. ഹാന്‍-യാങ്ങില്‍നിന്ന് മാറ്റി സ്ഥാപിച്ച ഒരി പ്ലാന്റില്‍നിന്നായിരുന്നു ഇതിന്റെ തുടക്കം. ഇന്ന് ഈ വ്യവസായം ഇവിടെ വളരെയേറെ വികസിതമാണ്. ജുങ്ഗിങ്ങിനെ വടക്കുപടിഞ്ഞാറന്‍ ചൈനയുമായും, തുര്‍ക്കിസ്താനുമായും മ്യാന്മറിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ഹൈവേകളുണ്ട്. ജുങ്ഗിങ്ങിനെയും ചോങ്-ദോയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ റെയില്‍പ്പാതയുടെ പണി 1952-ല്‍ പൂര്‍ത്തിയായി. 1956-ല്‍ ബൌജി-ചോങ്-ദോ- റെയില്‍പ്പാതയുടെ പണി പൂര്‍ത്തിയായതോടെ മേല്പറഞ്ഞ പ്രഥമ റെയില്‍പ്പാത ഷെന്‍സീ പ്രവിശ്യയിലെ ലുങ്ഹായ് റെയില്‍പ്പാതയുമായി ബന്ധിപ്പിക്കപ്പെട്ടു.

ബി.സി. മൂന്നാം ശതകം മുതല്ക്കുതന്നെ പ്രസിദ്ധമായിരുന്ന ഈ നഗരം 'പാ' എന്ന് പേരുള്ള ആദിമ രാജവംശത്തിന്റെ ഭരണകേന്ദ്രമായിരുന്നു. ബി.സി. നാലാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ ഇത് ചൈനയില്‍ ലയിച്ചു. ചോങ്-ദോ നഗരത്തിന്റെ നിഴലായി പിന്നീട് ഇത് അറിയപ്പെട്ടു. മംഗോള്‍ യുവാന്‍ ജനവിഭാഗത്തിലെയും മിങ് രാജവംശത്തിലെയും വിപ്ലവകാരികള്‍ ഈ പ്രദേശം അവരുടെ പ്രവര്‍ത്തന മേഖലയാക്കിയതോടെ ഇതിന്റെ നില മെച്ചപ്പെട്ടു. 1890-ല്‍ 'പീക്കിങ് ഉടമ്പടി' പ്രകാരം ജുങ്ഗിങ് ഒരു സ്വതന്ത്ര തുറമുഖം ആയി. 1923-ലാണ് ഈ പ്രദേശത്തിന് മുനിസിപ്പല്‍ നഗരം എന്ന സ്ഥാനം ലഭിച്ചത്.

1937 നവംബറില്‍ നാന്‍കിങ് ജപ്പാനധീനമായപ്പോള്‍ ജുങ്ഗിങ് യുദ്ധകാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1939-41-ലെ കനത്ത ആക്രമണങ്ങള്‍ക്ക് ജീവനും സ്വത്തിനും കടുത്ത നാശനഷ്ടമുണ്ടാക്കി. 1946-ല്‍ ജപ്പാന്‍കാര്‍ നാന്‍കിങ് കീഴടക്കിയതുവരെ ജുങ്ഗിങ് ചൈനയുടെ തലസ്ഥാനമായിരുന്നു (1937-46). രണ്ടാം ലോകയുദ്ധത്തില്‍ ഇവിടെയുണ്ടായ ബോംബാക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ട വാര്‍ത്താവിനിമയ-ഗതാഗതമാര്‍ഗങ്ങള്‍ ആധുനികവത്കരിച്ചത് ഈ നഗരത്തിന് വ്യാപാര-വ്യവസായ രംഗത്ത് ഉന്നതസ്ഥാനം കൈവരിക്കുവാന്‍ സഹായകമായി. 1891-ല്‍ തന്നെ വിദേശ വ്യാപാരത്തിനായി തുറന്നുകൊടുത്തിരുന്നുവെങ്കിലും 1920-കളിലാണ് വ്യാവസായികനഗരമായി ഇത് വികസിച്ചത്.

ബി.സി. നാലാം ശതകത്തിന്റെ അവസാനത്തോടെ ചൈനയില്‍ ലയിച്ച ഈ നഗരത്തിന് ചുറ്റും മുമ്പ് ഉയര്‍ന്ന മതിലുണ്ടായിരുന്നത് ഇന്ന് നാമാവശേഷമായിരിക്കുന്നു. 'സിനോ-ജാപ്പനീസ്' യുദ്ധങ്ങളും അതിനെത്തുടര്‍ന്ന് ജപ്പാന്റെ ചൈനയിലേക്കുള്ള കടന്നുകയറ്റവും ഈ നഗരത്തിന്റെ നാഷണലിസ്റ്റ് ഗവണ്‍മെന്റിന്റെ തലസ്ഥാനമാക്കി മാറ്റി. 1939-41 കാലയളവിലെ യുദ്ധകാലത്ത് മധ്യ-കിഴക്കന്‍ ചൈനകളില്‍ ആക്രമണം മുറുകിയതോടെ പടിഞ്ഞാറേക്കു മാറ്റപ്പെട്ട പല വ്യവസായങ്ങളും ജുങ്ഗിങ്ങില്‍ കേന്ദ്രീകൃതമായി. പിന്നീട് ഇവിടെ പൂര്‍ണവികാസം പ്രാപിച്ച ഈ വ്യവസായങ്ങള്‍ യുദ്ധാവശ്യങ്ങള്‍ക്ക് സഹായകമായി ഭവിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ കാര്യമായി വികസിച്ച ഇവിടത്തെ ഇരുമ്പുരുക്കു വ്യവസായങ്ങള്‍ ജുങ്ഗിങ്ങിനെ തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ തന്നെ പ്രധാന ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രമായി ഉയര്‍ത്തി. യന്ത്രസാമഗ്രികളുടെ നിര്‍മാണം, രാസവസ്തുക്കള്‍, കൃത്രിമ റബ്ബര്‍ എന്നിവയുടെ വന്‍തോതിലുള്ള ഉത്പാദനം തുടങ്ങിയവയാണ് ഇവിടെയുള്ള മറ്റു പ്രധാന വ്യവസായങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍