This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീ അങ് ജിങ് (1914 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:16, 9 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീ അങ് ജിങ് (1914 - 91)

ചൈനയിലെ മുന്‍കാല സിനിമാനടിയും രാഷ്ട്രീയ നേതാവും. മാവോദ് സെ ദുങ്ങിന്റെ മൂന്നാമത്തെ ഭാര്യയാണിവര്‍. ചൈനീസ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിറഞ്ഞു നിന്ന ഈ പോളിറ്റ് ബ്യൂറോ അംഗത്തിന് ഭര്‍ത്താവിന്റെ മരണത്തോടെ രാഷ്ട്രീയ വനവാസം അനുഭവിക്കേണ്ടിവന്നു.

1914-ല്‍ ഷാങ് ദോങ് പ്രവിശ്യയില്‍ ജനിച്ച ജീ അങ് ജിങ് മുപ്പതുകളില്‍ സിനിമാനടിയായിത്തീര്‍ന്നു. ലൂ സുങ് ആര്‍ട്ട് അക്കാദമിയില്‍ പരിശീലകയായി ജോലി നോക്കവേ മാവോയെ കണ്ടുമുട്ടുകയും ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു (1940).

ജീ അങ് ജിങ്

റിപ്പബ്ലിക് ഒഫ് ചൈന സ്ഥാപിതമായതോടെ രാഷ്ട്രത്തിന്റെ പ്രഥമ വനിതയായിത്തീര്‍ന്ന ജീ അങ് ജിങ് മാവോദ് സെ ദുങ്ങിനെ വിദേശപര്യടനങ്ങളില്‍ അനുഗമിച്ചിരുന്നു. കഴിവുറ്റ ഔദ്യോഗിക ആതിഥേയ ആയിരുന്നു ഇവര്‍. രാഷ്ട്രീയകാര്യങ്ങളില്‍ സജീവമായി പങ്കെടുത്തുതുടങ്ങി. ചൈനീസ് പ്രാചീന കലകളിലും നൃത്തരൂപങ്ങളിലും പ്രോലിറ്റേറിയന്‍ ചിന്താഗതി സമന്വയിപ്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചു. മാവോ സിദ്ധാന്ത ത്തിന്റെ പഠനം പ്രചരിപ്പിക്കാനും ചൈനയെ കമ്യൂണിസ്റ്റു വ്യവസ്ഥിതിയില്‍ ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള മാവോയുടെ സാംസ്കാരിക വിപ്ലവത്തിനു പിന്തുണ നല്കിയത് ഈ വനിതയായിരുന്നു. ഇവരുടെ തീപ്പൊരി പ്രസംഗങ്ങളും റെഡ് ഗാര്‍ഡുകളുമായുള്ള സഹവര്‍ത്തിത്വവും ഇവരെ ശ്രദ്ധാകേന്ദ്രമാക്കി. എന്നാല്‍ മാവോയുടെ മരണത്തോടെ (1976 സെപ്. 9) പാര്‍ട്ടിയില്‍ റാഡിക്കല്‍ വിഭാഗം (സമൂല പരിഷ്കരണവാദികള്‍) ഒറ്റപ്പെട്ടു. ഇതോടെ ജീ അങ്ങിനോടുള്ള എതിര്‍പ്പിന് ആക്കം കൂടി. വാങ് ഹുങ് വെങ്, ചാങ് ചുങ് ചിയോ, യാവോ വാങ് യെങ് എന്നിവരുമായി ചേര്‍ന്ന് ഇവര്‍ അധികാരം കൈയടക്കാന്‍ ഗൂഢശ്രമം നടത്തിയെന്ന കുറ്റം ആരോപിച്ച് ഇവരെ അറസ്റ്റു ചെയ്തു. 1980-81-ലെ പരസ്യവിചാരണയില്‍ സാംസ്കാരിക വിപ്ലവകാലത്ത് ജീ അങ് ചൈനയില്‍ ആഭ്യന്തര അശാന്തിയും അസഹിഷ്ണുതയും വളര്‍ത്തിയതായി കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും അതു ജീവപര്യന്തമായി കുറവു ചെയ്തു. ജയിലില്‍ വച്ചുതന്നെയായിരുന്നു ജീ അങ്ങിന്റെ അന്ത്യവും (1991). ആത്മഹത്യയായിരുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍