This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവാത്മാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീവാത്മാവ്

ശരീരത്തിന് ചൈതന്യം പ്രദാനംചെയ്യുന്ന ശക്തിവിശേഷം. ചതുര്‍വിധഭൂതമയവും ചൈതന്യ വിശിഷ്ടവുമായ ശരീരം തന്നെയാണ് ജീവാത്മാവെന്നും ശരീരനാശത്തോടെ ആത്മാവ് നശിക്കുന്നുവെന്നും ഭൗതികവാദികളായ ചാര്‍വാകന്മാര്‍ ഉദ്ഘോഷിക്കുന്നു. ജീവന്‍ ശരീരപരിമാണനാണെന്നും അതുകൊണ്ടുതന്നെ സങ്കോച വികാസശീലനാണെന്നും ജൈനന്മാര്‍ സിദ്ധാന്തിക്കുന്നു. ജീവാത്മാവ് അണുപരിമാണനാണെന്നും ധര്‍മഭൂതജ്ഞാനം നിമിത്തമാണ് സര്‍വശരീരവ്യാപിയായ സുഖദുഃഖാദ്യനുഭവമെന്നും വിശിഷ്ടാദ്വൈതികള്‍ അഭിപ്രായപ്പെടുന്നു. അനേകവും ശരീരേന്ദ്രിയാദിഭിന്നനും നിത്യനും വിഭുവും പരലോകഗാമിയും കര്‍ത്താവും ഭോക്താവും മനുഷ്യബ്രാഹ്മണ ക്ഷത്രിയാദ്യഭിമാനിയുമാണ് ജീവാത്മാവെന്ന് മീമാംസകന്മാര്‍ അഭിപ്രായപ്പെടുന്നു.


ജീവാത്മപരമാത്മഭേദേന ഭിന്നമായ ആത്മാവ് ജ്ഞാനാശ്രയമാണെന്നും ഈശ്വരനായ പരമാത്മാവ് നിത്യജ്ഞാനാശ്രയനും സര്‍വജ്ഞനും ഏകനും ആണെന്നും ശരീരേന്ദ്രിയാദികളില്‍നിന്നും ഭിന്നനായ ജീവാത്മാവ് പ്രതിശരീരം ഭിന്നനും വിഭുവും (എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനും) നിത്യനും ആണെന്നും നൈയായികന്മാര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തോട് ചേര്‍ന്നിരിക്കുന്നിടത്ത് മാത്രമാണ് ജീവാത്മാവിന് സുഖദുഃഖാനുഭവം എന്നതുകൊണ്ട് ശരീരത്തിന് വെളിയിലും വിഭുവായ ജീവാത്മാവ് ഉണ്ടെങ്കിലും അവിടെ സുഖദുഃഖാനുഭൂതി ഇല്ല. സാംഖ്യന്മാരുടെ മതമിതാണ്-പുരുഷന്‍ എന്ന് വ്യവഹരിക്കപ്പെടുന്ന ജീവാത്മാവ് ചേതനനാണ്, അനേകനാണ്, കര്‍ത്താവല്ല; പ്രകൃതിയാണ് സൃഷ്ടി മുതലായ കര്‍മമെല്ലാം ചെയ്യുന്നത്. പ്രകൃതിയുമായി ചേരുമ്പോള്‍ പുരുഷന്‍ പ്രകൃതിയിലുള്ളതെല്ലാം തന്നിലുള്ളതെന്ന് ഭ്രമിച്ച് കര്‍ത്താവായും ഭോക്താവായും വ്യവഹരിക്കപ്പെടുന്നു. പ്രകൃതി വേറെ പുരുഷന്‍ വേറെ എന്ന ജ്ഞാനം (പ്രകൃതി പുരുഷാന്യതാഖ്യാതി) ഉണ്ടാകുന്നതോടെ പുരുഷന്‍ പ്രകൃതിയില്‍നിന്ന് വേറിട്ട് കേവലനാകുന്നു. ആ അവസ്ഥയാണ് കൈവല്യം. പുരുഷന്‍ ഭോഗാപവര്‍ഗങ്ങള്‍ക്ക് പ്രകൃതിയെയും ജഡമായ പ്രകൃതി, സൃഷ്ടി മുതലായ പ്രവൃത്തികള്‍ക്ക് ചേതനനായ പുരുഷന്റെ സാന്നിധ്യത്തെയും അപേക്ഷിക്കുന്നു. ഈ ബന്ധം പങ്ഗ്വന്ധന്യായംകൊണ്ട് സൂചിതമാകുന്നു.


അദ്വൈതികളുടെ മതത്തില്‍ ആത്മാവ് ഏകനും അദ്വിതീയനുമാണ്; സത്യജ്ഞാനാനന്ദനാണ്. അവിദ്യാകല്പിതമാണ് ജീവപരഭേദം. ചൈതന്യാഭാസനാണ് ജീവാത്മാവ് എന്ന് ശങ്കരാചാര്യര്‍ അഭിപ്രായപ്പെടുന്നു. ആഭാസമെന്നതിന് പ്രതിബിംബമെന്നര്‍ഥം. ബ്രഹ്മരൂപമായ ചൈതന്യത്തിന്റെ അവിദ്യയിലുണ്ടാകുന്ന പ്രതിബിംബം ഈശ്വരനും, അവിദ്യാകാര്യമായ അന്തഃകരണത്തിലെ പ്രതിബിംബം ജീവാത്മാവുമാണ്. ഈ മതത്തില്‍ ഈശ്വരനും ജീവാത്മാവും പ്രതിബിംബം തന്നെ. ഈശ്വരനും ജീവാത്മാവിനും അവിദ്യ ഏകമാകയാല്‍ അവിദ്യാ പ്രതിബിംബമായ ഈശ്വരനും ഏകനാണ്. അന്തഃകരണം പ്രതിശരീരം ഭിന്നമാകയാല്‍ അന്തഃകരണപ്രതിബിംബമായ ജീവന്‍ പ്രതിശരീരം ഭിന്നനും അനേകനുമാണ്. അവിദ്യയും തത്കാര്യമായ അന്തഃകരണവും ബ്രഹ്മസാക്ഷാത്കാര രൂപമായ വിദ്വയാല്‍ നിര്‍വൃതമാകുമ്പോള്‍ പ്രതിബിംബങ്ങളായ ജീവേശ്വരന്മാരുടെ ഭേദവും നിവൃതമാകുന്നു. ബ്രഹ്മം (പരമാത്മാവ്) ധര്‍മരഹിതമാണ്. അത് വിദ്യയില്‍ പ്രതിബിംബിക്കുമ്പോള്‍ ബിംബമെന്നത് ബിംബത്വധര്‍മത്തോടുകൂടിയതായി വ്യവഹരിക്കപ്പെടുന്നു. ആ ബിംബമെന്നറിയപ്പെടുന്ന ബ്രഹ്മം ഈശ്വരനാണ്. ബ്രഹ്മപ്രതിബിംബം ജീവനുമാണ്. പ്രതിബിംബത്തിന് ഉപാധി അവിദ്യയെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. അവരുടെ അഭിപ്രായത്തില്‍ അവിദ്യാ പ്രതിബിംബമായ ജീവാത്മാവ് ഏകനാണ്. മറ്റൊരു കൂട്ടര്‍ അന്തഃകരണ പ്രതിബിംബം ജീവാത്മാവെന്നും ജീവാത്മാവ് പരിഛിന്നനും അനേകനുമെന്നും വാദിക്കുന്നു. അങ്ങനെ ഏക ജീവവാദവും അനേക ജീവവാദവും അദ്വൈതികളുടെ ഇടയില്‍നില്ക്കുന്നു. ഉപാധിഗതമായ ഗുണവും ദോഷവും പ്രതിബിംബത്തെയാണ് ബാധിക്കുന്നത്. ബിംബത്തെ അത് ബാധിക്കുന്നില്ല. അങ്ങനെ അവിദ്യയിലും അന്തഃകരണത്തിലുമുള്ള കര്‍ത്തൃത്വഭോക്തൃത്വാദികള്‍ ജീവാത്മാവിലാണ് ആരോപിതമാകുന്നത്. ഇത്തരം ഗുണദോഷങ്ങള്‍ ബിംബമായ ശുദ്ധചൈതന്യത്തെ-ബ്രഹ്മത്തെ-ബാധിക്കുന്നില്ല. ആത്മസാക്ഷാത്കാരത്തോടെ അവിദ്യയും അന്തഃകരണവും നശിക്കുമ്പോള്‍ പ്രതിബിംബമായ ജീവഭാവവും നിവൃത്തമാകുന്നു. ജീവഭാവം അനാദിയാണ്, എന്നാല്‍ അതിന് അന്തമുണ്ട്. അദ്വൈതികളുടെ മതത്തില്‍ ജീവന്‍, ഈശ്വരന്‍, വിശുദ്ധ ചൈതന്യം, ജീവേശ്വരഭേദം, അവിദ്യ, അവിദ്യയ്ക്കും ചൈതന്യത്തിനുള്ള ബന്ധം എന്നീ ആറെണ്ണം അനാദികളാണ്. ഇവയില്‍ വിശുദ്ധചൈതന്യം (ബ്രഹ്മം) ഒഴിച്ചുള്ളതെല്ലാം ബ്രഹ്മസാക്ഷാത്കാരത്തോടെ നിവൃത്തമാകുന്നു നോ. ആത്മാവ്.


(പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍