This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവനാംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

19:20, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവനാംശം

Alimony

ഉപജീവനത്തിനായി നല്കുന്ന ധനം. ജീവിക്കാന്‍ മതിയായ മാര്‍ഗമില്ലാത്ത ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ഒരാള്‍ അയാളുടെ ശേഷിയനുസരിച്ച് ജീവനാംശം നല്കാന്‍ ബാധ്യസ്ഥനാണ്.

വ്യക്തിനിയമത്തിലും ക്രിമിനല്‍ നടപടി നിയമത്തിലും ഇതിനുവേണ്ടി പ്രത്യേകം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ആര്‍ക്കെല്ലാം ഒരാള്‍ ജീവനാംശം നല്കാന്‍ ബാധ്യസ്ഥനാണെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ആവശ്യാനുസരണം സാമ്പത്തികശേഷിയുള്ള ഒരാള്‍ സ്വന്തമായി ജീവിക്കാന്‍ ശേഷിയില്ലാത്ത അയാളുടെ ഭാര്യയെയോ അയാള്‍ക്ക് നിയമാനുസൃതമായ വിവാഹബന്ധത്തില്‍ ജാതയായിട്ടുള്ളതോ, നിയമാനുസൃതമായ വിവാഹ ബന്ധത്തിലല്ലാതെ ജാതയായിട്ടുതോ ആയ കുട്ടിയേയോ, മാനസികമായോ ശാരീരികമായോ വൈകല്യങ്ങളുള്ള വിവാഹിതയാകാത്ത പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയേയോ, സ്വന്തമായി ജീവിക്കാന്‍ മതിയായ സാമ്പത്തികശേഷിയില്ലാത്ത പിതാവിനേയോ മാതാവിനേയോ ഉപേക്ഷിക്കുകയോ ചെലവിന് കൊടുത്ത് സംരക്ഷിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം അയാളോട് മേല്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ജീവനാംശം നല്കുവാന്‍ വേണ്ട ഉത്തരവിടുന്നതിന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികള്‍ക്ക് അധികാരമുണ്ട്. 500 രൂപാവരെയാണ് ഒരാള്‍ക്ക് ജീവനാംശം ആയി നല്കാന്‍ വിധിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് വിവാഹിതയായ പെണ്‍കുട്ടിക്ക് ജീവിതച്ചെലവിന് മതിയായ പണം അവളുടെ ഭര്‍ത്താവിന്റെ കൈവശമില്ലെങ്കില്‍ പിതാവ് പ്രസ്തുത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവനാംശം കൊടുക്കാന്‍ ബാധ്യസ്ഥനാണ്. തന്നോടൊപ്പം വന്നു താമസിക്കുകയാണെങ്കില്‍ തന്റെ ഭാര്യയുടെ കാര്യാദികള്‍ അന്വേഷിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഒരാള്‍ തയ്യാറാവുകയും ഭാര്യ പ്രത്യേകമായി വ്യവസ്ഥചെയ്തിട്ടുള്ള കാരണങ്ങളാലല്ലാതെ അയാളോടൊപ്പം താമസിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ അവര്‍ക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയില്ല. ഭര്‍ത്താവ് ഒരു വെപ്പാട്ടിയെ വച്ചിരിക്കുന്നതോ, മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതോ, ഭര്‍ത്താവിനോടൊപ്പം താമസിക്കാതിരിക്കാന്‍ ഭാര്യക്കുള്ള മതിയായ കാരണങ്ങളാണ്.

ഭാര്യ പരപുരുഷബന്ധത്തില്‍ കഴിയുകയോ മുന്‍പറഞ്ഞപോലെ മതിയായ കാരണമില്ലാതെ ഭര്‍ത്താവിന്റെ കൂടെ താമസിക്കുവാന്‍ വിസമ്മതിക്കുകയോ ഉഭയ സമ്മതപ്രകാരം വെവ്വേറെ താമസിക്കുകയോ ചെയ്താല്‍ ഭാര്യ ഭര്‍ത്താവില്‍നിന്നും ജീവനാംശം വാങ്ങാന്‍ അര്‍ഹയല്ല. ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പുപ്രകാരം ജീവനാംശത്തിന് അപേക്ഷിക്കാവുന്ന 'ഭാര്യ'യുടെ നിര്‍വചനത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുകയും എന്നാല്‍ വീണ്ടും വിവാഹം ചെയ്തിട്ടില്ലാത്തതുമായ സ്ത്രീയും ഉള്‍പ്പെടുന്നു. ഈ വകുപ്പുപ്രകാരം ഉള്ള ഉത്തരവ് സാധാരണ നിലയില്‍ ഉത്തരവു പാസ്സാക്കുന്ന തീയതി മുതല്ക്കും കോടതിയുടെ പ്രത്യേക ഉത്തരവുമൂലം ജീവനാംശം കിട്ടുന്നതിതിലേക്കുവേണ്ടി അപേക്ഷിച്ച തീയതി മുതല്ക്കും നല്കാവുന്നതാണ്.

ജീവനാംശം കൊടുക്കാന്‍ കോടതി ഉത്തരവുകൊടുത്തിട്ടും ആയതുപ്രകാരം ജീവനാംശം കൊടുക്കാത്ത വ്യക്തിയുടെ പേരില്‍ വാറണ്ടയയ്ക്കുകയും വാറണ്ടില്‍ പിടിക്കപ്പെട്ട വ്യക്തിയെ ജീവനാംശം കൊടുക്കാതിരുന്നാല്‍ ശിക്ഷിച്ച് ജയിലിലയയ്ക്കുകയും ചെയ്യാന്‍ കോടതിക്ക് അധികാരമുണ്ട്. 12 മാസത്തേക്കുള്ള ജീവനാംശം തുകയ്ക്ക് മാത്രമേ വാറണ്ടയയ്ക്കാന്‍ പാടുള്ളു. ജീവനാംശത്തിനുവേണ്ടി കോടതിയില്‍ ഒരാള്‍ക്കെതിരെ അപേക്ഷ നല്കിയശേഷം കോടതിയില്‍നിന്നുള്ള നോട്ടീസ് എതിര്‍കക്ഷി ബോധപൂര്‍വം കൈപ്പറ്റാതെ ഒഴിഞ്ഞുമാറുന്നതായി കോടതിക്ക് ബോധ്യംവന്നാല്‍ ഏകപക്ഷീയമായി ടി അപേക്ഷ തീരുമാനിക്കാവുന്നതാകുന്നു. എന്നാല്‍ വ്യക്തവും ന്യായവുമായ കാരണം കാണിച്ച് മൂന്ന് മാസത്തിനകം ടി ഉത്തരവ് റദ്ദുചെയ്ത് കിട്ടുന്നതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആയത് കോടതിക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാവുന്നതുമാണ്. ക്രിമിനല്‍ നടപടി നിയമം 126-ാം വകുപ്പുപ്രകാരം ജീവനാംശം സംബന്ധിച്ച് പാസ്സാക്കിയ ഉത്തരവ് റദ്ദുചെയ്യുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതാണ്.

വിവാഹബന്ധം വേര്‍പെടുത്തിയശേഷം ജീവനാംശത്തിനപേക്ഷിക്കുകയും ആയത് അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ടി സ്ത്രീ വീണ്ടും വിവാഹം ചെയ്യുമ്പോള്‍ റദ്ദു ചെയ്യുന്നതാണ്. വിവാഹബന്ധം വേര്‍പെടുത്തുന്ന സമയത്ത് ആചാരപ്രകാരമോ ബന്ധപ്പെട്ട വ്യക്തി നിയമത്തിലെ വ്യവസ്ഥപ്രകാരമോ ഉള്ള തുക മുഴുവനും ടി ഉത്തരവിന് മുമ്പോ പിമ്പോ കൊടുത്തിട്ടുണ്ടെങ്കില്‍ ജീവനാംശത്തിനായി ഉണ്ടായ ഉത്തരവ് റദ്ദുചെയ്യാവുന്നതാണ്. ടി ഉത്തരവിനുമുമ്പാണ് പ്രസ്തുത തുക കൊടുത്തതെങ്കില്‍ റദ്ദുചെയ്യുന്നത് ടി ഉത്തരവിന്റെ തീയതി മുതല്‍ക്കാണ്. മറ്റുള്ള കേസുകളില്‍ ജീവനാംശം കൊടുത്തകാലം തീരുന്ന മുറയ്ക്കുള്ള തീയതി മുതലാണ് റദ്ദുചെയ്യുന്നത്. വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ ജീവനാംശം സ്വമേധയാ വേണ്ടെന്നു സമ്മതിച്ചിട്ടുണ്ടെങ്കില്‍ ആ തീയതിക്ക് ജീവനാംശം നല്കിയ ഉത്തരവ് റദ്ദുചെയ്യുന്നതാണ്. സിവില്‍ കോടതിയില്‍ ജീവനാംശം സംബന്ധിച്ച ഉത്തരവു പാസ്സാക്കുമ്പോള്‍ ക്രമിനല്‍ നിയമത്തിലെ 125-ാം വകുപ്പുപ്രകാരം ജീവനാംശമായി കൊടുത്തിട്ടുള്ള തുകയും കണക്കിലെടുക്കേണ്ടതുണ്ട്. ജീവനാംശം ലഭിക്കാന്‍ ഉത്തരവ് ലഭിച്ച ഭാര്യ പരപുരുഷബന്ധത്തില്‍ കഴിയുകയാണെന്നോ തക്കതായ കാരണമില്ലാതെ ഭര്‍ത്താവിനോടൊപ്പം കഴിയാന്‍ വിസമ്മതിക്കുകയാണെന്നോ പരസ്പര സമ്മതപ്രകാരം ഭാര്യഭര്‍ത്താക്കന്മാര്‍ വെവ്വേറെ കഴിയുകയാണെന്നോ പിന്നീട് കോടതിയില്‍ തെളിഞ്ഞാല്‍ ജീവനാംശം നല്കാന്‍ ഉണ്ടായ ഉത്തരവ് കോടതിക്ക് റദ്ദുചെയ്യാവുന്നതാണ്.

ഭര്‍ത്താവോ ഭാര്യയോ താമസിക്കുന്നിടത്തോ ഭര്‍ത്താവും ഭാര്യയുംകൂടി അവസാനമായി ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലത്തോ ഉള്ള കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ ബോധിപ്പിക്കാവുന്നതാണ്. ക്രിമിനല്‍ നടപടി നിയമത്തിലെ 125, 126, 127, 128 എന്നീ വകുപ്പുകള്‍ ജീവനാംശം സംബന്ധിച്ച നടപടി ക്രമങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗം ആളുകള്‍ക്കും മേല്‍ വിവരിച്ചതനുസരിച്ച് ജീവനാംശത്തിന് അപേക്ഷിക്കാവുന്നതാണ്.

മുസ്ലിം സ്ത്രീകളുടെ വിവാഹബന്ധം വേര്‍പെടുത്തലിനോടനുബന്ധിച്ച് സംരക്ഷണത്തിനുവേണ്ടിയുള്ള 1986-ലെ നിയമപ്രകാരം ജീവനാംശം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ട്. ഇതുപ്രകാരം വിവാഹമോചിതയാകുന്ന ഒരു മുസ്ലിം സ്ത്രീക്ക് അവരുടെ മുന്‍ ഭര്‍ത്താവില്‍നിന്നും ഇദ്ദത്ത് കാലത്തിനുമുമ്പുതന്നെ ന്യായവും അനുയോജ്യവുമായ വ്യവസ്ഥ ജീവനാംശം സംബന്ധിച്ച് ഉണ്ടാക്കേണ്ടതും, ജീവനാംശം കൊടുക്കേണ്ടതുമാണ്. വിവാഹമോചനത്തിന് മുമ്പോ ആയതിനുശേഷമോ ജനിക്കുന്ന കുട്ടികളെ രക്ഷിച്ചുപോരുന്നത് ടി സ്ത്രീയാണെങ്കില്‍ ടി കുട്ടികളുടെ ജനനത്തിനുശേഷം രണ്ടുകൊല്ലംവരെ അവരുടെ ചെലവിലേക്ക് ന്യായവും അനുയോജ്യവുമായ ജീവനാംശം നല്കേണ്ടതാണ്. വിവാഹമോചന സമയത്ത് മഹറിനോടൊപ്പം വരുന്ന തുക നല്കേണ്ടതാണ്. വിവാഹ സമയത്തോ അതിനുമുമ്പോ വിവാഹത്തിനുശേഷമോ സ്ത്രീയുടെ ബന്ധുക്കളോ സ്നേഹിതരോ, ഭര്‍ത്താവോ, ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്നേഹിതരോ നല്കിയ എല്ലാ വകകളും സ്ത്രീക്ക് മടക്കിക്കൊടുക്കേണ്ടതാണ്. ഇപ്രകാരം പ്രവര്‍ത്തിക്കാതിരുന്നാല്‍ ഇത് സംബന്ധിച്ച് മജിസ്റ്റ്രേറ്റു കോടതിയില്‍ ടി ജീവനാംശം ലഭിക്കുന്നതിലേക്കും മറ്റും ഹര്‍ജി ബോധിപ്പിക്കാവുന്നതാണ്. ഇപ്രകാരം ലഭിക്കുന്ന ഹര്‍ജി ലഭിക്കുന്ന തീയതി മുതല്‍ ഒരു മാസത്തിനകം തീരുമാനിക്കേണ്ടതാണ്. ടി ഹര്‍ജി തീരുമാനിക്കുമ്പോള്‍ വിവാഹജീവിതത്തില്‍ കഴിഞ്ഞ സമയത്തുള്ള ജീവിതനിലവാരവും മുന്‍ഭര്‍ത്താവിന്റെ സാമ്പത്തികശേഷിയും മറ്റും പരിഗണിക്കേണ്ടതാണ്.

ഹിന്ദു ദത്തെടുക്കലും സംരക്ഷിക്കലും നിയമത്തിലെ 18 മുതല്‍ 28 വരെയുള്ള വകുപ്പുകള്‍ ജീവനാംശം സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നു. ഒരു ഹിന്ദു ഭാര്യക്ക് അവരുടെ ഭര്‍ത്താവില്‍നിന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ മാറിത്താമസിക്കാനും ഭര്‍ത്താവില്‍നിന്നും ചെലവിനുവാങ്ങാനും അവകാശമുണ്ട്. ഭാര്യയെ ബോധപൂര്‍വം, അവരുടെ സമ്മതപ്രകാരമോ ആഗ്രഹപ്രകാരമോ അല്ലാതെ ഉപേക്ഷിക്കുകയോ ഭര്‍ത്താവിനോടൊപ്പം അവര്‍ താമസിക്കുന്നത് അവരുടെ ജീവന് അപകടകരമാണെന്ന് തോന്നത്തക്കവണ്ണം ഭര്‍ത്താവ് ക്രൂരമായി പെരുമാറുകയോ ഭര്‍ത്താവിന് പകരുന്നതരത്തിലുള്ള ചില രോഗങ്ങള്‍ ബാധിക്കുകയോ ഭര്‍ത്താവിന് മറ്റൊരു ഭാര്യ ജീവിച്ചിരിക്കുകയോ, താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് ഒരു വെപ്പാട്ടിയെക്കൂടി താമസിപ്പിച്ചിരിക്കുകയോ, മറ്റൊരു സ്ഥലത്ത് വെപ്പാട്ടിയോടൊപ്പം താമസിക്കുകയോ അയാള്‍ മറ്റൊരു മതത്തിലേക്കുമാറി ഹിന്ദുവല്ലാതായിത്തീരുകയോ ചെയ്താല്‍ ഭാര്യക്ക് പ്രത്യേകം ചെലവിന് വാങ്ങാവുന്നതാണ്. എന്നാല്‍ ഭാര്യ മതംമാറി ഹിന്ദുവല്ലാതായിത്തീര്‍ന്നാലും സ്വഭാവദൂഷ്യം ഉണ്ടായാലും ഭാര്യക്ക് പ്രത്യേകം താമസിക്കുന്നതിനോ ചെലവിനാവശ്യപ്പെടാനോ കഴിയുന്നതല്ല. ഒരു ഹിന്ദുഭാര്യക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍നിന്നും ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ചെലവിന് വാങ്ങാനവകാശമുണ്ട്. ഒരു ഹിന്ദു ഭര്‍ത്താവിനോ ഭാര്യക്കോ തങ്ങളുടെ നിയമാനുസൃതമോ അല്ലാതെയോ ഉള്ള സന്താനങ്ങളെയും തങ്ങളുടെ പ്രായമായതും അവശരുമായ മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പ്രത്യേകമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും വച്ചിട്ടുണ്ട്. മേല്‍ പ്രസ്താവിച്ച ആനുകൂല്യങ്ങള്‍ അത് ലഭിക്കേണ്ട ആള്‍ ഹിന്ദുവല്ലാതായിത്തീരുമ്പോള്‍ ഇല്ലാതാകുന്നു.

(അഡ്വ. മഞ്ഞിപ്പുഴ നടരാജന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍