This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവചരിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:34, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവചരിത്രം

ഒരു വ്യക്തിയുടെ ജീവിതകഥ വിവരിക്കുന്ന സാഹിത്യരൂപം. ആത്മകഥയും വ്യക്തിജീവിതകഥയാണ് ആവിഷ്കരിക്കുന്നത്. ആത്മകഥ സ്വജീവിതത്തെക്കുറിച്ചുള്ള സ്വന്തം ആവിഷ്കാരമായിരിക്കേ, ജീവചരിത്രം ഒരു വ്യക്തിയെക്കുറിച്ച് മറ്റൊരാള്‍ നടത്തുന്ന ജീവിതകഥാഖ്യാനമാണ്. 17-ാം ശതകംമുതലാണ് ഇത് ഒരു പ്രത്യേക സാഹിത്യശാഖയായിത്തീര്‍ന്നത്. ഇന്ന് പൂര്‍ണ ജീവചരിത്രങ്ങള്‍ക്ക് പുറമേ, സ്മരണകള്‍, തൂലികാചിത്രങ്ങള്‍, കാലവും ജീവിതവും, കുട്ടികള്‍ക്കായുള്ള ലഘുജീവചരിത്രങ്ങള്‍, വിവര്‍ത്തനങ്ങള്‍, സ്മാരകഗ്രന്ഥങ്ങള്‍, വിജ്ഞാനകോശങ്ങള്‍ തുടങ്ങിയ രൂപങ്ങളിലുള്ള ആവിഷ്കാരങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന സമ്പന്നമായൊരു സാഹിത്യധാരയായി ഇത് മാറിയിട്ടുണ്ട്.

ഒരു ജീവചരിത്രകൃതി കാലാതിവര്‍ത്തിയാകണമെങ്കില്‍ അതിലെ കഥാപുരുഷന്‍ ഏതെങ്കിലും തരത്തില്‍ അസാധാരണനായിരിക്കണം. അത്തരമൊരു വ്യക്തിയുടെ ജീവിതമാകുന്ന അസംസ്കൃതവസ്തുവിനെ സമകാലികസമൂഹവുമായി ബന്ധപ്പെടുത്തി സംസ്കരിച്ചെടുത്ത് കലാപരമായി രേഖപ്പെടുത്തിയിട്ടുള്ളവയാണ് ഉത്തമജീവചരിത്രങ്ങള്‍. പരാമൃഷ്ടവ്യക്തിയുടെ ഡയറികള്‍, കൃതികള്‍, മറ്റു രചനകള്‍, അദ്ദേഹത്തെക്കുറിച്ചുണ്ടായിട്ടുള്ള പഠനങ്ങള്‍, കത്തുകള്‍, സ്മരണകള്‍, ഔദ്യോഗിക ജീവിതരീതികള്‍, ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം അവലംബിച്ചായിരിക്കും അതിന്റെ രചന. അതിന് ചരിത്രത്തോടും നോവലിനോടും ബന്ധം തോന്നാമെങ്കിലും അത് അവയില്‍ നിന്നെല്ലാം വ്യത്യസ്മാണ്. ചരിത്രവുമായുള്ള വ്യത്യാസത്തെക്കുറിച്ച് പ്രിന്‍സിപ്പിള്‍സ് ഒഫ് ബയോഗ്രഫി എന്ന ഗ്രന്ഥത്തിലുള്ള പരാമര്‍ശം ഇങ്ങനെയാണ്, 'വിശാലമായ കണ്ണാടിയിലൂടെ ചരിത്രകാരന്‍ ജനങ്ങളെയാകെ വീക്ഷിക്കുമ്പോള്‍ ജീവചരിത്രകാരന്‍ ഭൂതക്കണ്ണാടിയിലൂടെ ഓരോ മനുഷ്യനെയും നിരീക്ഷിക്കുന്നു'. ലക്ഷണമൊത്ത ജീവചരിത്രം നിഷ്പക്ഷവും സത്യസന്ധവുമായ ആവിഷ്കാരത്തിലൂടെ മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ.

രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ചൈനയിലാണ് ജീവചരിത്രസാഹിത്യം ആവിര്‍ഭവിച്ചത്. ശിലാഫലകങ്ങളിലോ ചെമ്പോലകളിലോ രേഖപ്പെടുത്തിയ അഭിജാതവംശരുടെ വീരാപദാനങ്ങളാണ് ഏറ്റവും പ്രാചീന മാതൃകകള്‍. യവനഭാഷയില്‍ പ്ളൂട്ടാര്‍ക്കാണ് (46-120) ജീവചരിത്രരചനയ്ക്ക് തുടക്കംകുറിച്ചത്. ചരിത്രത്തില്‍നിന്നും ജീവചരിത്രത്തിനുള്ള വ്യത്യാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, 23 ഗ്രീക്കുകാരുടെയും 23 റോമാക്കാരുടെയും ജീവിതകഥകള്‍ സമാന്തരമായി ചേര്‍ത്ത്, ഇദ്ദേഹം തയ്യാറാക്കിയ ഗ്രന്ഥം ജീവചരിത്രസാഹിത്യത്തിലെ നാഴികക്കല്ലാണ്. ലോകഭാഷയിലാദ്യമായി ഒരു ജീവചരിത്രവിജ്ഞാനകോശം ഉണ്ടായത് സ്വിസ്ഭാഷയിലാണ്. കൊണ്‍റാഡ് ഗെസ്നര്‍ പ്രസിദ്ധപ്പെടുത്തിയ ബിബ്ളിയോത്തിക്ക യൂണിവേഴ്സാലിസ് ആണ് ആ കൃതി. ഈ സാഹിത്യശാഖയെ 'ബയോഗ്രഫി' എന്ന് വിശേഷിപ്പിച്ചത് ഡ്രൈസണ്‍ ആണ്. പ്ളൂട്ടാര്‍ക്ക് എന്ന കൃതിക്കെഴുതിയ അവതാരികയിലാണ് ഇദ്ദേഹം ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്.

ജീവചരിത്രസാഹിത്യത്തിന് അനുക്രമമായൊരു വികാസചരിത്രം ഉണ്ടായിട്ടുള്ളത് ഇംഗ്ളീഷ് ഭാഷയിലാണ്. എ.ഡി. 690 മുതല്ക്കേ ഇതാരംഭിച്ചുവെങ്കിലും ഇംഗ്ളണ്ടിലെ ചരിത്രം (1580) എന്ന ഗ്രന്ഥത്തോടെയാണ് വികാസം പ്രാപിച്ചുതുടങ്ങിയത്. 16-ാം ശതകത്തില്‍ റിച്ചാര്‍ഡ് മൂന്നാമന്റെ ചരിത്രം (സര്‍ തോമസ് മൂര്‍), 17-ാം ശതകത്തില്‍ ലഘുജീവിതങ്ങള്‍ (ഇസാക്വാള്‍) എന്നിവ ഈ ശാഖയെ സമ്പന്നമാക്കുകയുണ്ടായി. തോമസ് സ്പാര്‍ട്ടിന്റെ എബ്രഹാം കൌളിയുടെ ജീവിതവും സാഹിത്യവും (17-ാം ശതകം) എന്ന രചനയോടെ സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങള്‍ തയ്യാറാക്കുന്ന പ്രവണതയ്ക്കും നാന്ദികുറിക്കപ്പെട്ടു. 18-ാം ശതകത്തില്‍ ബയോഗ്രഫിക്കാ ബ്രിട്ടാനിക്ക പ്രസിദ്ധീകരിച്ചു. സാമുവല്‍ ജോണ്‍സന്റെ ഇംഗ്ളീഷ് കവികളുടെ ജീവിതം, ജെയിംസ് ബോസ്വെല്ലിന്റെ സാമുവല്‍ ജോണ്‍സന്റെ ജീവിതം എന്നിവ ഈ ശതകത്തിലെ മറ്റു മികച്ച രചനകളാണ്. ചാള്‍സ് ഡിക്കന്‍സിന്റെ ജീവിതം, സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്റെ ജീവിതവും സ്മരണകളും എന്നിവ 19-ാം ശതകത്തില്‍ ജീവചരിത്രശാഖയെ മുന്നോട്ടുനയിച്ച കൃതികളാണ്. 1885-90 കാലത്ത് ഇംഗ്ളണ്ടില്‍നിന്നും ഡിക്ഷണറി ഒഫ് നാഷണല്‍ ബയോഗ്രഫിയും 1928-36 കാലത്ത് അമേരിക്കയില്‍നിന്നും ഡിക്ഷണറി ഒഫ് അമേരിക്കന്‍ ബയോഗ്രഫിയും പുറത്തിറങ്ങി. ഈ മാതൃകയില്‍ ഇന്ത്യയില്‍നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥപരമ്പരയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, കല്‍ക്കത്തയുടെ ഡിക്ഷണറി ഒഫ് നാഷണല്‍ ബയോഗ്രഫി (1972). മനശ്ശാസ്ത്ര സമീപനത്തിലൂടെ നായകവ്യക്തിത്വത്തെ വിശകലനം ചെയ്യുവാനുള്ള ശ്രമം കൂടി ഉള്‍പ്പെട്ട ജീവചരിത്രരചനകളാണ് 20-ാം ശതകത്തില്‍ ഉണ്ടായത്. ലീ ദി അമേരിക്കന്‍ (1912) ഇതിന് ഉത്തമോദാഹരണമാണ്.

ഇംഗ്ലീഷ് സാഹിത്യത്തിലെ ജീവചരിത്രകാരന്മാരുടെ മുന്‍നിരയില്‍ നിന്നിരുന്നവരാണ് ഡോക്ടര്‍ സാമുവല്‍ ജോണ്‍സനും ജെയിംസ് ബോസ്വെല്ലും. ആംഗലേയ കവികളെക്കുറിച്ചുള്ള സമഗ്രമായ ജീവചരിത്രരചനയാണ് ജോണ്‍സന്റെ മുഖ്യസംഭാവന. ബോസ്വെല്‍ രചിച്ച ജോണ്‍സന്റെ ജീവചരിത്രം ഉത്തമമായ ജീവചരിത്രത്തിന്റെ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒന്നാണ്. ആംഗലേയ സാഹിത്യത്തിലെ ജീവചരിത്രശാഖയെ പുതിയൊരു പാതയിലേക്കെത്തിച്ച മറ്റൊരു ഗ്രന്ഥകാരനാണ് ലിറ്റന്‍ സ്ട്രാച്ചി. ഇദ്ദേഹത്തിന്റെ എമിനന്റ് വിക്ടോറിയന്‍സ് (1918) 20-ാം ശതകത്തിലെ സമുന്നതമായ ജീവചരിത്രഗ്രന്ഥം എന്ന നിലയില്‍ ആദരിക്കപ്പെടുന്നു.

ഇന്ത്യയില്‍, ഹര്‍ഷചരിതം (ബാണഭട്ടന്‍ ഏഴാം ശതകം) മുതലായ സംസ്കൃത കൃതികളില്‍ ജീവചരിത്രസാഹിത്യത്തിന്റെ ആദ്യകിരണങ്ങള്‍ കാണാം. എങ്കിലും ആംഗലേയ സാഹിത്യവുമായുണ്ടായ ബന്ധത്തിലൂടെയാണ് ഈ ശാഖ ഇന്ത്യന്‍ ഭാഷകളില്‍ വേരുപിടിച്ചത്. അതിനുമുമ്പുള്ള രചനകളില്‍ പദ്യത്തിലെഴുതിയവ ധാരാളമുണ്ടായിരുന്നു. ജനസാഖി കബീര്‍ ഭഗത്ജീ കീ (ഹിന്ദി), ശങ്കര ദേവ-മാധവദേവ ജീവന്‍ ചരിത്ര (അസമിയ), തിരുവാണ്ടവൂരാര്‍ പുരാണം (തമിഴ്), വിവേകാനന്ദം (തെലുഗു), ഗുരുകീര്‍ത്തപ്രകാശ് (പഞ്ചാബി) തുടങ്ങിയവ ഇതിനുദാഹരണമാണ്. ഗദ്യത്തിലുണ്ടായ ജീവചരിത്രങ്ങളില്‍ അതത് ഭാഷയിലെ സാഹിത്യസാംസ്കാരിക നായകന്മാരെക്കുറിച്ചുള്ളവയ്ക്ക് പുറമേ ദേശീയ നേതാക്കളെക്കുറിച്ചുള്ളവയും ഉള്‍പ്പെടുന്നു. 19-20 ശതകങ്ങളില്‍ ഭാരതീയ ഭാഷകളിലുണ്ടായ ശ്രദ്ധേയമായ ചില ജീവചരിത്രങ്ങള്‍ ഇവയാണ്: വിദ്യാസാഗര്‍ (ബംഗാളി-ടാഗൂര്‍), മഹാത്മാഗാന്ധി (ബംഗാളി-ടാഗൂര്‍), ഉദ്യതഖഡ്ഗ (ബംഗാളി-അചിന്ത്യകുമാര്‍ സെന്‍ഗുപ്ത), രബീന്ദ്ര ജീവനി (ബംഗാളി-നാല് വാല്യം, പ്രഭാത്കുമാര്‍ മുഖര്‍ജി), കലം കാ മസ്ദൂര്‍ (ഹിന്ദി-മദന്‍ ഗോപന്‍), കലം കാ സിപാഹി (ഹിന്ദി-അമൃത്റായി), വിവേകാനന്ദ (തെലുഗു), നെഹ്റു (തെലുഗു), ശരത്ദര്‍ശനം (തെലുഗു-ശ്രീഗോറപ്പെടി വെങ്കിടസുബ്ബയ്യ), പൊന്നിയിന്‍ പുതെല്‍വന്‍ (തമിഴ്-സുന്ദരം), സോമലെ (തമിഴ്-എം. ലക്ഷ്മണ്‍ ചെട്ട്യാര്‍).

വിശാഖം തിരുനാള്‍

വിശാഖം തിരുനാളിന്റെ കാലത്താണ് മലയാളത്തിലെ ആദ്യത്തെ ജീവചരിത്രഗ്രന്ഥത്തിന്റെ പിറവി. അദ്ദേഹം മാണ്ഡരുടെ മഹച്ചരിതഭണ്ഡാഗാരത്തിലെ അഞ്ച് ജീവചരിത്രങ്ങള്‍ സംക്ഷേപിച്ച് വിവര്‍ത്തനം ചെയ്യുകയുണ്ടായി. മറ്റ് ഒമ്പത് എണ്ണം കേരളവര്‍മദേവനെക്കൊണ്ടും വിവര്‍ത്തനം ചെയ്യിപ്പിച്ചു. ഈ 14 ജീവചരിത്രക്കുറിപ്പുകളും ചേര്‍ത്ത് 1881-ല്‍ പ്രസിദ്ധീകരിച്ചതോടെ ജീവചരിത്രസാഹിത്യത്തിന് മലയാള സാഹിത്യത്തിലും ഇടമുണ്ടായി. ആദ്യകാല ജീവചരിത്രങ്ങള്‍ പദ്യരൂപത്തിലുള്ളവയായിരുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ശ്രീ. വിക്ടോറിയാ ചരിത്രസംഗ്രഹം (1889), വിശാഖവിജയം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ രാജാകേശവദാസന്‍, കേരളവര്‍മ എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായവയാണ്. ആര്‍ച്ചുഡീക്കന്‍ കോശി രചിച്ച ഇന്ത്യാചക്രവര്‍ത്തിനി വിക്ടോറിയ അമ്മമഹാറാണി അവര്‍കളുടെ ചരിത്രസംക്ഷേപം (1887) ഗദ്യരൂപത്തിലെഴുതിയ ആദ്യകാലകൃതിയാണ്.

20-ാം ശതകത്തോടെ മലയാളത്തിലെ ജീവചരിത്രശാഖ വിപുലമായി. സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങള്‍ രചിക്കുന്നതിലായിരുന്നു ആദ്യകാലത്ത് താത്പര്യം. എന്നാല്‍ 1950-നുശേഷം ഇതില്‍ ഗണ്യമായ മാറ്റം ഉണ്ടായി. മലയാളി മെമ്മോറിയല്‍, ദിവാന്‍ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭണം, അയിത്തോച്ചാടനം, കര്‍ഷകപ്രസ്ഥാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാംസ്കാരികനായകന്മാരുടെ ജീവചരിത്രങ്ങള്‍ ഇക്കാലത്ത് ധാരാളമുണ്ടായി.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആവേശഭരിതമായ ജീവിതകഥ ഭാര്യയായ ബി. കല്യാണി അമ്മ ഗ്രന്ഥരൂപത്തിലാക്കിയതാണ് വ്യാഴവട്ടസ്മരണകള്‍ (1916). 'ആത്മരക്തത്തില്‍ തൂലിക മുക്കിവിരചിച്ചതെ'ന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇത് മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകളില്‍ ഒന്നാണ്. സ്വദേശാഭിമാനി (1956) എന്ന പേരില്‍ കെ. ഭാസ്കരപിള്ള എഴുതിയ ഗ്രന്ഥവും ഈ മഹാന്റെ അസാധാരണ വ്യക്തിത്വത്തെ കലാപരമായി ആവിഷ്കരിക്കുന്നതാണ്. വൈക്കം സത്യഗ്രഹത്തിലെ മുഖ്യപോരാളിയായിരുന്ന ടി.കെ. മാധവനെക്കുറിച്ചുള്ള രചനയാണ് പി.കെ. മാധവന്‍ എഴുതിയ ടി.കെ. മാധവന്റെ ജീവചരിത്രം (1937). 'ജീവിച്ചിരിക്കുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് സമര്‍പ്പിക്കുന്ന പ്രേമോപഹാരം' എന്ന പ്രസ്താവനയോടെ റോസി തോമസ് പ്രസിദ്ധീകരിച്ച ഇവന്‍ എന്റെ പ്രിയ സി.ജെ. (1970) മലയാളത്തിലെ അനശ്വരപ്രതിഭയായ സി.ജെ.യ്ക്ക് ലഭിച്ച ഏറ്റവും വലിയ ആദരവു കൂടിയാണ്. എം.കെ. സാനു എഴുതിയ സഹോദരന്‍ കെ. അയ്യപ്പന്‍ (1980) ഒരു ചരിത്ര പുരുഷന്റെയും കേരളചരിത്രത്തിലെ ദീപ്തമായ ഒരു കാലഘട്ടത്തിന്റെയും ആധികാരിക രേഖയാണ്. സാനുവിന്റെ തന്നെ ശ്രീനാരായണ ഗുരു, കേരളീയ നവോത്ഥാനത്തിന്റെ മുഖ്യകാര്‍മികനായിരുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതത്തെപ്പറ്റിയുള്ള കാവ്യാത്മകമായ രചനയാണ്. കേരളത്തിലെ ധീരരായ പത്രാധിപന്മാരില്‍ ഒന്നാംനിരയിലുള്ള വക്കം മൌലവിയെക്കുറിച്ച് അതേ പേരില്‍ത്തന്നെ ഹാജി എം. മുഹമ്മദ്കണ്ണ് രചിച്ചിട്ടുള്ള ജീവചരിത്രവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. മുന്‍ കേരള മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ ജീവിതകഥ വിവരിക്കുന്ന എം.കെ. കുമാരന്റെ ആര്‍. ശങ്കര്‍ ആ കാലഘട്ടത്തിന്റെ സാമൂഹ്യചരിത്രംകൂടി വെളിവാക്കുന്ന ശ്രദ്ധേയമായ രചനയാണ്. മലയാളത്തിലെ മറ്റു ജീവചരിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. ശ്രീനാരായണ ഗുരുസ്വാമി (മയ്യനാട് കെ. ദാമോദരന്‍-1929), ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം (മൂര്‍ക്കോത്ത് കുമാരന്‍), ശ്രീനാരായണ ഗുരു-ജീവിതചരിത്രം (കോട്ടുക്കോയിക്കല്‍ വേലായുധന്‍-1975), കേരള പാണിനി (പി. അനന്തന്‍പിള്ള-1934), ചട്ടമ്പിസ്വാമി തിരുവടികള്‍ (പറവൂര്‍ കെ. ഗോപാലപിള്ള-1935), കേരളവര്‍മ ദേവന്‍ (എം.ആര്‍. ബാലകൃഷ്ണ വാര്യര്‍-1939), ചങ്ങനാശ്ശേരി (സി. നാരായണപിള്ള-1942), എ. ബാലകൃഷ്ണപിള്ള (പി. ശ്രീധരന്‍പിള്ള-1950), ഒ. ചന്തുമേനോന്‍ (ടി.എസ്. സുബ്രഹ്മണ്യം-1951), സ്മരണാഞ്ജലി (അച്യുതമേനോന്‍ ചേലനാട്-1952), മഹാകവി വള്ളത്തോള്‍ (കുറ്റിപ്പുറത്ത് കിട്ടുണ്ണി-1953), ഉള്ളൂര്‍ മഹാകവി (വടക്കുംകൂര്‍-1955), മഹാകവി കുമാരനാശാന്‍ (സി.ഒ. കേശവന്‍-1958), കുമാരന്‍ ആശാന്‍ (കെ. സുരേന്ദ്രന്‍), ടി.എം. വര്‍ഗീസ് (ഇ.എം. കോവൂര്‍-1965), സഖാവ് സുഗതന്റെ ജീവചരിത്രം (പുതുപ്പള്ളി രാഘവന്‍-1939), കേളപ്പന്‍ എന്ന മഹാമനുഷ്യന്‍ (സി.കെ. മുസ്സത്-1982), അറിയപ്പെടാത്ത ഇ.എം.എസ്. (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്-1987).

മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ഗ്രന്ഥകാരനാണ് പി.കെ. പരമേശ്വരന്‍ നായര്‍, നെപ്പോളിയനും ജോസഫയിനും, വോള്‍ട്ടയര്‍, സാഹിത്യപഞ്ചാനനന്‍, സി.വി. രാമന്‍പിള്ള, മഹാത്മാഗാന്ധി എന്നീ കൃതികളാണ് അദ്ദേഹം ജീവചരിത്രസാഹിത്യത്തിന് സംഭാവന ചെയ്തത്.

കേരളീയേതര മഹാന്മാരെക്കുറിച്ചുള്ള നിരവധി രചനകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ, സ്വാമി വിവേകാനന്ദന്‍ (എ.ജി. കൃഷ്ണവാര്യര്‍-1955), ലിങ്കണ്‍ (കെ.എ. പോള്‍-1953); ഡോ. രാധാകൃഷ്ണന്‍ (സി.പി. ശ്രീധരന്‍-1963); ലോകമാന്യ ബാലഗംഗാധര തിലകന്‍ (കമ്മാരന്‍ നായര്‍-1756); അലക്സാണ്ടര്‍ (പി. ദാമോദരന്‍പിള്ള-1964); രാഷ്ട്രപിതാവ് (കെ.പി. കേശവമേനോന്‍-2 ഭാഗങ്ങള്‍-1968-69); മോത്തിലാല്‍ നെഹ്റു (സി. നാരായണപിള്ള-1968); വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ (കെ.പി. ഉറുമീസ്-1969); ശ്രീനിവാസ രാമാനുജന്‍ (എ.സി. വാസു-1972); അഡോള്‍ഫ് ഹിറ്റ്ലര്‍ (എന്‍. വാസുദേവപിള്ള-1980); ഡോസ്റ്റോവ്സ്കി (ജി.എന്‍. പണിക്കര്‍-1980) എന്നിവയാണ്.

സമകാലീനരായ ചില കേരളീയര്‍ (കെ.പി. കേശവമേനോന്‍-1974-76) തൂലികാചിത്രരൂപത്തിലുള്ള മികച്ച രചനകളിലൊന്നാണ്. പള്ളിപ്പാട്ട് കുഞ്ഞികൃഷ്ണന്റെ നമ്മുടെ സാഹിത്യകാരന്മാര്‍, മഹച്ചരിത്ര സംഗ്രഹസാരം എന്നീ കൃതികള്‍ നിരവധി മഹാരഥന്മാരുടെ ജീവിതവും സംഭാവനകളും സുതരാം വ്യക്തമാക്കുന്നതാണ്. സ്മരണ രൂപത്തിലുള്ള രചനകളില്‍ ഉള്‍പ്പെടുന്നവയാണ് മിസ്സിസ് എം.പി. പോളിന്റെ എം.പി. പോള്‍ (1957); സി. അച്യുതമേനോന്റെ സ്മരണയുടെ ഏടുകള്‍ (1966) എന്നിവ. കാലവും ജീവിതവും എന്ന രീതിയിലുള്ള ജീവചരിത്രരചനയാണ് കുഞ്ചന്‍ നമ്പ്യാര്‍, എഴുത്തച്ഛന്‍, ചെറുശ്ശേരി എന്നിവരെക്കുറിച്ചുള്ള സാഹിത്യപഞ്ചാനനന്റെ ഗ്രന്ഥത്രയം. കുട്ടികള്‍ക്കായുള്ള ജീവചരിത്രരചനകള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. സ്റ്റെപ്സ് ഈ ഉദ്ദേശം മുന്‍നിര്‍ത്തി തയ്യാറാക്കിയതാണ് കുട്ടികള്‍ക്കുള്ള ജീവചരിത്രകോശം (1981). വിവര്‍ത്തനങ്ങളായും നിരവധി ജീവചരിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യത്തെത് ടി.സി. കല്യാണിയമ്മ, ടി.സി. ജാനകിയമ്മ, ടി. രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ദിവാന്‍ ശങ്കുണ്ണിമേനോന്‍ എന്ന കൃതിയുടെ വിവര്‍ത്തനമാണ് (1923). കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുള്ള ജീവചരിത്രപരമ്പരകള്‍ എല്ലാ അംഗീകൃത ഭാരതീയ ഭാഷകളിലുമെന്നപോലെ മലയാളത്തിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. (ഭാരതീയ സാഹിത്യശില്പികള്‍, നവഭാരത ശില്പികള്‍).

മലയാളത്തിലെ ജീവചരിത്ര സാഹിത്യരംഗത്തുണ്ടായ രണ്ട് ബൃഹദ്പദ്ധതികളാണ് നവസാഹിതിയുടെ ജീവചരിത്രവിജ്ഞാനകോശവും കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ക്ളബ്ബിന്റെ മഹച്ചരിതമാലയും. മലയാളത്തെ മുന്‍നിര്‍ത്തി ജീവചരിത്രസാഹിത്യത്തെ വിശകലനം ചെയ്യുന്ന രണ്ട് കൃതികളാണ് ജീവചരിത്രസാഹിത്യം (ഡോ. കെ.എം. ജോര്‍ജ്), ജീവചരിത്രസാഹിത്യം മലയാളത്തില്‍ (ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍) എന്നിവ. നോ. ആത്മകഥ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍