This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീമൂതവാഹനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീമൂതവാഹനന്‍

ഒരു വിദ്യാധര ചക്രവര്‍ത്തി. ജീമൂതകേതുവിന്റെ മകന്‍. ഔദാര്യത്തിനും സൗശീല്യത്തിനും പേരുകേട്ട ഇദ്ദേഹത്തെ നായകനാക്കി ശ്രീഹര്‍ഷന്‍ രചിച്ചതാണ് നാഗാനന്ദം നാടകം. ഹിമാലയത്തിന്റെ താഴ്വരയിലെ കാഞ്ചനപുരമായിരുന്നു രാജധാനി.

ലോകര്‍ക്ക് മുഴുവന്‍ ദുഃഖനിവാരണത്തിനും അഭീഷ്ടസിദ്ധിക്കും പ്രയോജനപ്പെടട്ടെ എന്ന് പറഞ്ഞ്, തന്റെ ഉദ്യാനത്തിലുള്ള കല്പവൃക്ഷത്തെ ദാനം ചെയ്യുന്നതിനുള്ള മഹാമനസ്കത ജീമൂതവാഹനന്‍ കാട്ടുകയുണ്ടായി. ജീമൂതവാഹനന്റെ പ്രശസ്തിയില്‍ അസൂയപൂണ്ട വിദ്യാധരന്മാര്‍, സര്‍വാഭീഷ്ടപ്രദായകമായ കല്പകവൃക്ഷത്തിന്റെ അഭാവത്തില്‍, ജീമൂതവാഹനനെ ആക്രമിച്ച് കീഴ്പ്പെടുത്താമെന്ന് നിനച്ച് യുദ്ധത്തിന് പുറപ്പെട്ടു. യുദ്ധത്തില്‍ ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്താമായിരുന്നെങ്കിലും യുദ്ധസന്നദ്ധനായ പിതാവിനെ അതിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്തുകയും യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. പുത്രന്റെ ഭൂതദയയില്‍ സന്തുഷ്ടനായ പിതാവ് രാജ്യം ഉപേക്ഷിച്ച് മലയപര്‍വതത്തിലേക്ക് താമസംമാറ്റി.

ദിവസവും ഭക്ഷണത്തിനായി ഓരോ നാഗത്തെ അയച്ചുകൊള്ളാമെന്ന് ഗരുഡന് നാഗരാജാവായ വാസുകി നല്കിയ വാക്കുപാലിക്കുന്നതിനായി ഊഴം കാത്തുകിടന്ന ശംഖചൂഡനെ രക്ഷിച്ച സംഭവമാണ് ജീമൂതവാഹനന്റെ യശസ് ഏറെ വര്‍ധിപ്പിച്ചത്. ഗരുഡനെ കാത്ത് ശംഖചൂഡന്‍ കിടക്കേണ്ട വധ്യശിലയില്‍ ജീമൂതവാഹനന്‍ കയറി കിടപ്പായി. ജീമൂതവാഹനനെ കൊത്തി എടുത്തുകൊണ്ട് മലയപര്‍വതത്തിന്റെ മുകളിലേക്ക് ഗരുഡന്‍ പറന്നു. ഇതിനിടയില്‍ താഴെ വീണ ചൂഡാരത്നം തിരിച്ചറിഞ്ഞ മലയവതി(ജീമൂതവാഹനന്റെ ഭാര്യ)യും ജീമൂതകേതുവും മറ്റും മലമുകളിലെത്തി.

ഗരുഡന്റെ കൊത്തുകളേറ്റ് കൂടുതല്‍ കൂടുതല്‍ സന്തോഷവാനാകുന്ന യുവാവ് നാഗമല്ല ഏതോ ഗന്ധര്‍വനാണ് എന്ന് ഗരുഡന്‍ ധരിച്ചു. ബന്ധുക്കളും ഉറ്റവരും മറ്റും മലമുകളിലെത്തിയപ്പോഴേക്കും ജീമൂതവാഹനന്‍ മരിച്ചുകഴിഞ്ഞിരുന്നു. മലയവതി ഭര്‍ത്താവിനെ പുനരുജ്ജീവിപ്പിക്കണേ എന്ന് ദേവിയോട് അലമുറയിട്ട് കേണപേക്ഷിച്ചു. ദേവി പ്രത്യക്ഷപ്പെട്ട് ജീമൂതവാഹനനെ ജീവിപ്പിക്കുകയും വിദ്യാധര ചക്രവര്‍ത്തിയായി അഭിഷേചിക്കുകയും ചെയ്തു.

സന്തുഷ്ടനായ ഗരുഡന്‍ ജീമൂതവാഹനനോട് വേണ്ട വരംചോദിച്ചു കൊള്ളാന്‍ പറഞ്ഞു. 'ഇനിയും അങ്ങ് നാഗങ്ങളെ ഭക്ഷിക്കരുത്. ഇതുവരെ ഭക്ഷിച്ച് അസ്ഥിമാത്രശേഷമായ നാഗങ്ങളെയെല്ലാം ജീവിപ്പിക്കണം' എന്നാണ് കഥാനായകന്‍ അര്‍ഥിച്ചത്. അതനുസരിച്ച് മരിച്ച നാഗങ്ങളെയെല്ലാം ഗരുഡന്‍ ജീവിപ്പിച്ചു.

(കഥാസരിത്സാഗരം ശശാങ്കവതീലംബകത്തില്‍ വിസ്തരിച്ചിട്ടുള്ള കഥയാണിത്).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍