This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജീപ്പ്

ഒരു നാലുചക്രവാഹനം. രണ്ടാംലോകയുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായി യു.എസ്. സേനയിലെ ക്വാര്‍ട്ടര്‍മാസ്റ്റര്‍ കോറിലെ സാങ്കേതിക വിദഗ്ധരാണിത് വികസിപ്പിച്ചെടുത്തത്. ഫോര്‍-വീല്‍-ഡ്രൈവ് ആയതിനാല്‍ വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള ചക്രങ്ങളെ കൂടാതെ മുന്‍വശത്തുള്ളവയെക്കൂടി ചലിപ്പിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ജീപ്പിന്റെ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്രത്യേകത തന്നെയാണ് കുത്തനെയുള്ള കയറ്റം കയറുവാനുള്ള ജീപ്പിന്റെ ശക്തിയുടെ പ്രധാന കാരണവും. സാധാരണ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റു വാഹനങ്ങളെപ്പോലെ ജീപ്പിനും ഒരു ടൂ-വീല്‍-ഡ്രൈവ് വാഹനമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. യാത്രാമധ്യേ കൂടുതല്‍ വലിക്കല്‍ ശക്തി ആവശ്യമെങ്കില്‍ ഡ്രൈവര്‍ക്ക് ഒരു ചെറിയ ലിവര്‍ പ്രവര്‍ത്തിപ്പിച്ച് ജീപ്പിനെ ഒരു ഫോര്‍-വീല്‍-ഡ്രൈവ് വാഹനമാക്കി ഉയര്‍ത്താനും സാധിക്കുന്നു.

കോമിക് കാര്‍ട്ടൂണുകളില്‍ 'പൊപേയ്' എന്ന നാവികന്റെ കൂടെ പ്രത്യക്ഷപ്പെടാറുള്ള കാര്‍ട്ടൂണ്‍ മൃഗമായ 'ജീപ്പി'ന്റെ പേര് തന്നെ തങ്ങള്‍ രൂപകല്പന ചെയ്യുന്ന വാഹനത്തിന് നല്കുവാന്‍ യു.എസ്. സേനയിലെ സാങ്കേതിക വിദഗ്ധര്‍ തീരുമാനിച്ചു. കാര്‍ട്ടൂണിലെ 'ജീപ്പി'ന് അസാധ്യമായതൊന്നുമില്ലായിരുന്നതിനാല്‍ തങ്ങളുടെ വാഹനത്തിന് ഈ പേര് അനുയോജ്യമാണെന്ന് അവര്‍ കരുതി. യുദ്ധകാലത്ത് ജീപ്പിനെ 'മിലിറ്ററി, വര്‍ക്ക്ഹോഴ്സ്' എന്നാണ് പറഞ്ഞിരുന്നത്. ജനറല്‍ പര്‍പ്പസ് വര്‍ക്ക്ഹോര്‍സ് ('General Purpose Workhorse') എന്നതിന്റെ ഹ്രസ്വരൂപമാണ് GPW.

സൈനിക ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെക്കാള്‍ സൗകര്യപ്രദം ആന്തരദഹനയന്ത്രംമൂലം പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് എന്ന് മനസ്സിലായത് ഒന്നാം ലോകയുദ്ധകാലത്താണ്. യുദ്ധശേഷം ഇങ്ങനെയുള്ള വാഹനം നിര്‍മിക്കുന്നതിലായി യു.എസ്. സൈനികരുടെ ശ്രമം. അവരുടെ ലക്ഷ്യം താഴെപ്പറയുന്ന സ്വഭാവവിശേഷങ്ങളുള്ള ഒരു വാഹനം രൂപകല്പന ചെയ്യുക എന്നതായിരുന്നു.

1. വാഹനത്തിന് ഭാരം കുറവായിരിക്കണം.

2. ശത്രുക്കളുടെ കണ്ണില്‍പെടാതിരിക്കാന്‍ വാഹനത്തിന്റെ നിഴല്‍ചിത്രം ചെറുതായിരിക്കണം.

3. വാഹനം നിയന്ത്രിക്കാന്‍ വളരെ കുറച്ച് സൈനികരേ ആകാവൂ.

4. കാലാള്‍പ്പട ഉപയോഗിക്കുന്ന ഭാരമുള്ള വാഹനങ്ങളെ യുദ്ധരംഗത്തേക്ക് എളുപ്പത്തില്‍ വലിച്ചുകൊണ്ടുപോകാനുള്ള ബലം വാഹനത്തിനുണ്ടായിരിക്കണം.

5. അത്യാവശ്യംവേണ്ട അവസരങ്ങളില്‍ ഒരു യുദ്ധവാഹനമായി ഉപയോഗിക്കുവാന്‍ കഴിയണം.

യു.എസ്. സൈന്യത്തില്‍ ഗതാഗതകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ക്വാര്‍ട്ടര്‍മാസ്റ്റര്‍ കോറിനാണ് ജീപ്പ് നിര്‍മാണച്ചുമതല നല്കപ്പെട്ടത്.

ആദ്യപരീക്ഷണങ്ങള്‍ക്കായി ട്രക്കുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. തങ്ങളുടെ ലക്ഷ്യത്തിന് ട്രക്കുകള്‍ അനുയോജ്യമല്ല എന്ന് കണ്ടതോടെ ഭാരം കുറഞ്ഞ കാറുകള്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശം ഉയര്‍ന്നുവന്നാ. ഫോര്‍ഡ് മോഡല്‍ T കാറുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. കാറിന്റെ സാധാരണ ടയറുകള്‍ മാറ്റി മണലിലും ചെളിയിലും പുതഞ്ഞുപോകാത്ത 'ഹൈഫ്ളൊട്ടേഷന്‍' ടയറുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. പ്രത്യേകതരം ആയുധങ്ങള്‍കൂടി ഈ കാറില്‍ വച്ചുപിടിപ്പിച്ചപ്പോള്‍ മോഡല്‍ T-യുടെ ഭാരക്കുറവമൂലം ലഭിച്ചിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടു. ആസൂത്രിതമായ പടനീക്കങ്ങളില്‍ കാറുകള്‍ ഉപയോഗിക്കുവാനും നിര്‍വാഹമില്ലാതായി.

ജീപ്പ് നിര്‍മാണത്തില്‍ ബ്രിട്ടീഷുകാര്‍ പരീക്ഷണങ്ങള്‍ നടത്തിയത് (1932) ഭാരക്കുറവുള്ള ആസ്റ്റിന്‍ കാര്‍ ഉപയോഗിച്ചായിരുന്നു. അമേരിക്കയിലെ ആസ്റ്റിന്‍ കമ്പനിയില്‍നിന്നും (ഇതിന് പേരില്‍ മാത്രമേ ബ്രിട്ടനിലെ കമ്പനിയുമായി സാദൃശ്യമുള്ളു) ഒരു കാര്‍ വാങ്ങി യു.എസ്. സൈനികോദ്യോഗസ്ഥര്‍ പരീക്ഷങ്ങള്‍ പുനരാരംഭിച്ചു. 1936-ല്‍ അമേരിക്കയിലെ ആസ്റ്റിന്‍ കമ്പനി അമേരിക്കന്‍ ബാന്റം എന്ന പുതിയ പേര് സ്വീകരിച്ചു. ഇവരാണ് ഫോര്‍-വീല്‍-ഡ്രൈവ് ജീപ്പ് രൂപകല്പന ചെയ്യുന്നതിന് മുന്‍കൈയെടുത്തത്.

ഇതിനിടയില്‍ ഇന്‍ഡിയാന പൊലീസിലെ മര്‍മണ്‍-ഹെറിങ് ടണ്‍ കമ്പനി ആള്‍-വീല്‍-ഡ്രൈവ് ട്രക്കുകള്‍ നിര്‍മിച്ചുതുടങ്ങി. ട്രക്കിന്റെ ഫ്രണ്ട് ആക്സില്‍, ഡ്രൈവിങ് ആക്സിലായി രൂപപ്പെടുത്തിയുള്ള രൂപകല്പന ഒരു പുതിയ അനുഭവമായിരുന്നു. ഈ MH ട്രക്കുകളില്‍ യു.എസ്., ബെല്‍ജിയം ഗവണ്‍മെന്റുകള്‍ക്ക് താത്പര്യം ജനിച്ചു. ഇക്കാലത്തുതന്നെ ക്യാപ്റ്റന്‍ ആര്‍.ജി. ഹൗവിയും സാര്‍ജന്റ് എം.സി. വൈലിയും ചേര്‍ന്ന് 'ഹൗവി-വൈലി' എന്ന മെഷീന്‍-ഗണ്‍-ക്യാര്യര്‍ നിര്‍മിച്ചു. ഫ്രണ്ട്-ആക്സില്‍-ഡ്രൈവായ ഇതിന്റെ നിഴല്‍ചിത്രം ഉദ്ദേശിച്ചതുപോലെ ചെറുതായിരുന്നു. ഇതിനിടെ ബാന്റം ഫാക്ടറി ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ഫ്രണ്ട്-വീല്‍-ഡ്രൈവ് വാഹനം രൂപകല്പന ചെയ്തിരുന്നു. അതിന്റെ വിന്‍ഡ്സ്ക്രീന്‍ മടക്കിവയ്ക്കാവുന്ന തരത്തിലുള്ളതായിരുന്നു. 0.30 കലിബെറിലുള്ള (അന്തര്‍-വ്യാസമുള്ള) മെഷിന്‍-ഗണ്‍ മൗണ്ടും വാഹനത്തിലുറപ്പിച്ചിരുന്നു. വാഹന നിര്‍മാണത്തിനുള്ള അനുമതി ലഭിച്ച ബാന്റം കമ്പനി കാള്‍ കെ. പ്രോബ്സ്റ്റ് എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിനുള്ളില്‍ മോഡല്‍ കാര്‍ നിര്‍മിച്ചു. ഇതില്‍ യു.എസ്. സൈനിക നേതൃത്വം തൃപ്തരായി. തുടര്‍ന്ന് അവര്‍ പകര്‍പ്പവകാശം കരസ്ഥമാക്കി. സൈന്യത്തിന്റെ ടെന്‍ഡര്‍ ലഭിച്ച ബാന്റം കമ്പനിയുടെ പുതിയ കാറിന്റെ ഏകദേശ മാതൃകയില്‍ തന്നെയാണ് ഫോര്‍ഡും വില്‍സ്-ഓവര്‍ലാന്‍ഡ് കമ്പനിയും തങ്ങളുടെ മോഡല്‍ രൂപകല്പന ചെയ്തിരുന്നത്. അതുകൊണ്ട് ഏകദേശം 1500-ഓളം മോഡല്‍ കാറുകള്‍ നിര്‍മിക്കുവാനുള്ള ചുമതല സൈനിക ഓഫീസര്‍മാര്‍ ഈ മൂന്ന് കമ്പനികള്‍ക്കുമായി നല്കി. രണ്ടാം ലോകയുദ്ധത്തില്‍ ചേരാന്‍ യു.എസ്. തീരുമാനിച്ചതിനാല്‍ ജീപ്പിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കേണ്ടിവന്നു. ബാന്റം, ഫോര്‍ഡ്, വില്‍സ്ഓവര്‍ലാന്‍ഡ് കമ്പനിക്കാരുടെ മാതൃകകള്‍ കോര്‍ത്തിണക്കി യു.എസ്. സൈന്യം സ്വയം നിര്‍മിച്ചെടുത്ത വാഹനമാണ് MA ജീപ്പ്. പിന്നീട് ഇതിന്റെ കോഡ് MB എന്നാക്കി. നീളം സു. 3.33 മീറ്ററും ഭാരം ഏകദേശം 1113 കി.ഗ്രാം എന്‍ജിന്റെ ഊര്‍ജോത്പാദനശേഷി 60bhp-യും ആയിരുന്നു. ആസ്റ്റിന്‍ ചംപ്സിന്റെ ആവിര്‍ഭാവം വരെ ബ്രിട്ടീഷ് സൈന്യത്തിലും MB മോഡല്‍ ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ജീപ്പുകള്‍ ഉപയോഗിച്ചിരുന്നു. ജീപ്പിന്റെ നിര്‍മാണം നടക്കുമ്പോള്‍ത്തന്നെ വെള്ളത്തില്‍ക്കൂടി സഞ്ചരിക്കാവുന്ന ഒരു മോഡല്‍ ജീപ്പ് നിര്‍മിക്കുന്ന കാര്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലെ ബോട്ട് നിര്‍മാതാക്കളായ സ്പാര്‍ക്ക്മാന്‍ ആന്‍ഡ് സ്റ്റീഫെന്‍സുമായി ചേര്‍ന്ന് മര്‍മണ്‍-ഹെറിങ്ടണ്‍ കമ്പനിക്കാര്‍ ഇത്തരത്തിലുള്ള ഒരു ജീപ്പ് (GPA അഥവാ അംഫീസ്) നിര്‍മിച്ചു. ങആ ജീപ്പിനോട് സാദൃശ്യമുള്ള GPA-യ്ക്ക് MB-യെ അപേക്ഷിച്ച് ഭാരം കൂടുതലുണ്ടായിരുന്നു. ജലത്തില്‍ അതിന്റെ വേഗത മണിക്കൂറില്‍ സു. 13 കി.മീ. (ഏകദേശം 7 നോട്സ്) ആയിരുന്നു. എന്നാല്‍ GPA പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.

1945-നുശേഷം MB ജീപ്പുകള്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. യുദ്ധാനന്തരം വില്‍സ്-ഓവര്‍ലാന്‍ഡ് കമ്പനി തങ്ങളുടെ വാഹനം 'ജീപ്പ്' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. അവര്‍ ജീപ്പിന്റെ സിവിലിയന്‍ മോഡലുകള്‍ നിര്‍മിച്ചു. CJ എന്ന കോഡില്‍ ആണ് ആദ്യത്തെ സിവിലിയന്‍ ജീപ്പുകള്‍ പുറത്തിറക്കിയത്. 1953-ല്‍ കമ്പനിയുടെ പേര് 'വില്ലിസ് മോട്ടോര്‍സ് ഇന്‍കോര്‍പ്പറേറ്റഡ്' എന്നാക്കി. 1963 മുതല്‍ കൈസര്‍ ജീപ്പ് കോര്‍പ്പറേഷന്‍ എന്നറിയപ്പെട്ട കമ്പനി 1970-ല്‍ അമേരിക്കന്‍ മോട്ടോര്‍സ് കോര്‍പ്പറേഷന്റെ ഭാഗമായി മാറി. തുടര്‍ന്ന് ലോകമെമ്പാടും വിവിധ മോഡല്‍ ജീപ്പുകള്‍ പ്രചാരത്തില്‍വന്നു. പിന്നീട് ഇതിന്റെ നിര്‍മാണത്തില്‍ പല കമ്പനിക്കാരും വ്യാപൃതരായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍