This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിറാഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിറാഫ്

ഏറ്റവും ഉയരം കൂടിയ സസ്തനി. ആര്‍ട്ടിയോഡാക്ടൈല (Artiodactyla) ഗോത്രത്തില്‍പ്പെടുന്ന ജിറാഫിഡെ (Giraffidae) കുടുംബത്തിലെ രണ്ടു ജീനസുകളിലൊന്ന്. കോംഗോ പ്രദേശങ്ങളില്‍ കണ്ടു വരുന്ന ഓകാപിn(Okapia Johnstoni)യാണ് മറ്റൊരു ജീനസ്. ജിറാഫിന്റെ ശാസ്ത്രനാമം: ജിറാഫാ കാമെലോപര്‍ഡാലിസ് (Giraffa camelopardalis).ഭംഗിയുള്ള മൃഗം, അതിവേഗം നടക്കുന്നവന്‍ എന്നൊക്കെ അര്‍ഥം വരുന്ന 'സറാഫാ' എന്ന അറബി പദത്തില്‍ നിന്നാണ് ജിറാഫ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. തെ. ആഫ്രിക്കയില്‍ കമീല്‍ എന്നാണിവ അറിയപ്പെടുന്നത്. ആണ്‍പുലിയും പെണ്‍ഒട്ടകവും ഇണചേര്‍ന്നുണ്ടായ ഒരു സങ്കരജീവി എന്ന അര്‍ഥത്തില്‍ കാമെലോപര്‍ഡാലിസ് എന്ന പേരു നല്കിയത് പുരാതന റോമാക്കാരാണ്. പൂര്‍ണവളര്‍ച്ചയെത്തുന്ന ആണ്‍ജിറാഫിന് 4.5 മീ. പൊക്കമുണ്ടാകും. തോള്‍ഭാഗത്ത് 2.7 മീറ്ററും പെണ്‍ജിറാഫിന് സു. 4 മീ. പൊക്കമുണ്ടായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ ആണിന് 1350 കി.ഗ്രാമും പെണ്ണിന് 900 കി.ഗ്രാമും തൂക്കമുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

ജിറാഫ്

ജിറാഫിന്റെ പുറന്തൊലിയില്‍ പുള്ളിപ്പുലിയുടേതിനോടു സമാനമായ പുള്ളികളുണ്ട്. ഓരോ മൃഗത്തിന്റെയും പുള്ളികള്‍ വ്യത്യസ്തമായിരിക്കും. ഇളംമഞ്ഞ നിറമുള്ള തൊലിയില്‍ കടും ചുവപ്പോ തവിട്ടു നിറമോ കാവിനിറമോ ഉള്ള പുള്ളികളാണു കാണുക. പ്രായം കൂടുന്തോറും പുള്ളികളുടെ നിറവും വര്‍ധിക്കുന്നു. ഇവയുടെ ശരീരത്തിലെ വരകളും പുള്ളികളും പച്ചിലക്കാടുകളില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് ഒളിഞ്ഞു കഴിയാന്‍ സഹായിക്കുന്ന അനുകൂലനങ്ങളാണ്. മനുഷ്യനുള്‍പ്പെടെ മിക്ക സസ്തനികള്‍ക്കുമുള്ളതുപോലെ ജിറാഫിന്റെയും കഴുത്തിന് ഏഴു കശേരുക്കള്‍ മാത്രമേയുള്ളു. കഴുത്തിന്റെ നീളക്കൂടുതലിനു നിദാനം ഈ കശേരുക്കളുടെ നീളക്കൂടുതലാണ്. സസ്യാഹാരിയായ ജിറാഫിന്റെ ഇഷ്ട ഭക്ഷണം അക്കേഷ്യ ഇലകളാണ്. സു. 43 സെ.മീ. നീളം വരുന്ന നാക്കും നീളം കൂടിയ മേല്‍ച്ചുണ്ടും ഉപയോഗിച്ച് ഉയരമേറിയ വൃക്ഷങ്ങളുടെ ചില്ലകള്‍ ചുറ്റിപ്പിടിച്ച് ഇലകള്‍ പറിച്ചെടുക്കുന്നു. നീളം കൂടിയ കഴുത്ത് പുല്‍മേടുകളില്‍ മേയുന്നതിന് അനുകൂലമല്ലാത്തതിനാല്‍ ഇവ കുറ്റിച്ചെടികളും വൃക്ഷങ്ങളുമുള്ള സ്ഥലത്താണ് താമസിക്കുക. ഈ പ്രദേശങ്ങളില്‍ നിന്നും വരണ്ട പ്രദേശങ്ങളിലേക്കു കുടിയേറുന്ന ശീലം ജിറാഫുകള്‍ക്കില്ല. മുന്‍കാലുകള്‍ക്ക് പിന്‍കാലുകളെക്കാള്‍ നീളം കൂടുതലായതിനാല്‍ ജിറാഫിന്റെ പുറം പിന്നിലേക്ക് ചരിഞ്ഞിരിക്കുന്നു. നടക്കുമ്പോള്‍ ഇടത്തെക്കാലുകള്‍ ഒന്നിച്ചു മുന്നോട്ടെടുത്തശേഷം വലത്തെക്കാലുകള്‍ മുന്നോട്ടെടുക്കാറുള്ള അപൂര്‍വം സസ്തനികളില്‍ ഒന്നാണ് ജിറാഫ്. ഇവയ്ക്ക് മണിക്കൂറില്‍ 47 കി.മീ. വരെ ദൂരത്തില്‍ ഓടാന്‍ കഴിയും. ജിറാഫുകള്‍ മൗനികളാണെന്നു പറയപ്പെടുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അപകട സൂചന നല്കാനും മറ്റും ഇവ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ജിറാഫിന്റെ തല വളരെ ചെറുതും ചെവികള്‍ നീണ്ടു കൂര്‍ത്തതുമാണ്. നീളം കുറഞ്ഞ കൊമ്പുകള്‍ ചര്‍മാവൃതമാണ്. ചിലവയ്ക്ക് നെറ്റിയില്‍ കണ്ണുകളുടെ മുകളില്‍ മധ്യഭാഗത്തായി മൂന്നാമതൊരു ചെറിയ കൊമ്പും കാണാം. പിന്‍കഴുത്തിലും കൊമ്പുകളുടെ അറ്റത്തും ധാരാളം രോമങ്ങളുണ്ടായിരിക്കും. നീളമേറിയ വാലിന്റെ അറ്റത്ത് നീളമുള്ള രോമങ്ങളാണുള്ളത്. ഇവയുടെ നേത്രങ്ങളുടെ വ്യഗ്രതയും അപാരമായ ശ്രവണ-ഘ്രാണശേഷിയും ശത്രുക്കളില്‍ നിന്നു രക്ഷനേടാന്‍ സഹായകമാണ്. തന്മൂലം ജിറാഫിനെ വേട്ടയാടുക അത്ര എളുപ്പമല്ല. പൊതുവെ അക്രമാസക്തരല്ലാത്ത ജിറാഫുകള്‍ നീണ്ട കഴുത്തുവീശിയും തലകൊണ്ട് ആഞ്ഞടിച്ചും നീളവും ബലവുമുള്ള കാലുകള്‍കൊണ്ട് ഊക്കോടെ തൊഴിച്ചും ശത്രുക്കളെ ചെറുക്കും. സിംഹം, കഴുതപ്പുലി തുടങ്ങിയ ഹിംസ്രജന്തുക്കളാണ് ജിറാഫിന്റെ ശത്രുക്കള്‍. ജിറാഫ് കുറ്റിച്ചെടികളില്‍ നിന്ന് ഇല പറിച്ചു തിന്നുന്ന വേളയിലാണ് സിംഹം അതിന്റെ മുകളില്‍ ചാടി തൊണ്ടപ്രദേശം കടിച്ച് അതിനെ കൊല്ലുന്നത്. ഓടുന്ന വേളയില്‍ ജിറാഫിനെ ആക്രമിക്കുവാന്‍ സിംഹത്തിനാവില്ല. മനുഷ്യനാണ് മറ്റൊരു ശത്രു. ഇവയ്ക്കു സഞ്ചരിക്കാന്‍ വരണ്ട പ്രദേശങ്ങളാണ് അനുയോജ്യം. ചെളി-ചതുപ്പു പ്രദേശങ്ങളില്‍ നടക്കാന്‍ ഒട്ടകത്തെപ്പോലെ ജിറാഫിനും പ്രയാസമാണ്. ജലാംശം കൂടുതല്‍ ഉള്ള സസ്യഭാഗങ്ങള്‍ ആഹരിക്കുന്നതിനാല്‍ ജിറാഫ് വെള്ളം കുടിക്കാറില്ല. സാധാരണയായി 20-30 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘങ്ങളായാണ് ഇവ ജീവിക്കുന്നത്. ഇവയുടെ പറ്റം ചേരലിന് നിഷ്ഠകളില്ല. പറ്റങ്ങളിലെ അംഗങ്ങള്‍ പരസ്പരം മാറാറുണ്ട്. ഒരു നിര്‍ദിഷ്ട പ്രദേശം പ്രതിരോധിക്കുന്ന ശീലവും ആണ്‍ ജിറാഫുകള്‍ക്കില്ല.

അന്യോന്യം തലയും കഴുത്തും ആട്ടി (ഇതിന് 'നെക്കിങ്' എന്നു പറയുന്നു) ആണ്‍ ജിറാഫുകള്‍ സംഘട്ടനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഈ സംഘട്ടനങ്ങള്‍ മാരകമാവാറില്ല. ജയിക്കുന്ന ജിറാഫിനാണ് ഇണചേരലിനു മുന്‍ഗണന ലഭിക്കുക. പ്രായപൂര്‍ത്തിയായ ആണ്‍ ജിറാഫുകള്‍ സമതലങ്ങളില്‍ അലഞ്ഞു നടക്കുന്നതു കാണാം. പെണ്‍ ജിറാഫ് പറ്റത്തെക്കാണുമ്പോള്‍ ആണ്‍ ജിറാഫ് ഓരോന്നിന്റെയും സമീപം ചെന്ന് അതിന്റെ ഉടല്‍ഭാഗത്തോ വാലിനടുത്തോ തലകൊണ്ട് ഉരുമ്മും. അപ്പോള്‍ പെണ്‍ ജിറാഫ് മൂത്രം വിസര്‍ജിക്കും; ഈ മൂത്രത്തിലൊരുഭാഗം നാക്കില്‍ ശേഖരിച്ചശേഷം ആണ്‍ ജിറാഫ് തല ഉയര്‍ത്തി വായടച്ച് ചുണ്ടുകള്‍ ഉള്ളിലേക്ക് ചുരുട്ടും. പെണ്‍ ജിറാഫിന് ഇണചേരാന്‍ കാലമായോ എന്നു കണ്ടെത്തുന്നതിനുള്ള ഒരു സഹജ ചേഷ്ടയാണിത്.

ജിറാഫിന്റെ ഗര്‍ഭകാലം 15 മാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞുമാത്രമേ പതിവുള്ളു. കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ ഏകദേശം രണ്ടു മീറ്ററോളം ഉയരവും 68-70 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. പ്രസവശേഷം അധികം വൈകാതെ തന്നെ കുഞ്ഞ് എഴുന്നേറ്റു നിന്ന് തള്ളയുടെ പാല്‍ കുടിക്കും. 4-5 മാസം വരെ തള്ള കുഞ്ഞിനെ മുന്‍കാലുകള്‍ക്കിടയില്‍ കൊണ്ടു നടക്കും. ഒരു വര്‍ഷം കൊണ്ട് ജിറാഫ് സു. 60 സെ.മീ. ഉയരം വയ്ക്കും. കുഞ്ഞുങ്ങള്‍ ഇക്കാലത്ത് അമ്മമാരില്‍ നിന്നു വേര്‍പെട്ട് ഒറ്റയ്ക്കോ മറ്റു പെണ്‍ ജിറാഫുകളുമായി കൂട്ടുചേര്‍ന്നോ ജീവിക്കാറുണ്ട്. ഒരു പെണ്‍ ജിറാഫിനോടൊപ്പം രണ്ടു മുതല്‍ അഞ്ചുവരെ കുഞ്ഞുങ്ങളെ അപൂര്‍വമായി കാണാം. ജിറാഫുകള്‍ ഇരട്ടകളെ പ്രസവിക്കാറുണ്ടെന്ന വിശ്വാസത്തിനുകാരണമിതായിരിക്കാം. എന്നാല്‍ ഇരട്ടപ്രസവം നടന്നതായി പ്രാമാണിക രേഖകളില്ല. കുഞ്ഞുപിറന്ന് ഏതാനും മാസങ്ങള്‍ക്കകം നഷ്ടപ്പെട്ടാല്‍ പതിനെട്ടു മാസങ്ങള്‍ക്കകം തള്ള മറ്റൊരു കുഞ്ഞിനെ പ്രസവിക്കും. കുഞ്ഞു ജീവിച്ചിരിക്കുകയാണെങ്കില്‍ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള സു. 22 മാസമാണ്. 3-4 വയസ്സാകുന്നതോടെ ജിറാഫിന്റെ ലൈംഗികവളര്‍ച്ച പൂര്‍ത്തിയാകും. നാലാമത്തെ വയസ്സില്‍ പെണ്‍ ജിറാഫ് തന്റെ ആദ്യ സന്താനത്തിനു ജന്മം നല്കും.

ജിറാഫിന്റെ ആയുര്‍ദൈര്‍ഘ്യം 25 വര്‍ഷമാണ്; മൃഗശാലകളില്‍ ഇവ 30-ല്‍ അധികം വര്‍ഷം ജീവിച്ചിരിക്കാറുണ്ട്. ആനകളെ പിടിക്കുന്നതുപോലെ കെണിക്കുഴി ഒരുക്കിയാണ് ജിറാഫിനെ പിടിക്കുന്നത്. കവചം, പാദരക്ഷകള്‍ എന്നിവ നിര്‍മിക്കാന്‍ ജിറാഫിന്റെ കട്ടിയുള്ള ചര്‍മം ഉപയോഗിക്കുന്നു. നോ. ഓകാപി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BF%E0%B4%B1%E0%B4%BE%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍