This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിറാഡ്, പെയര്‍-സൈമണ്‍ (1765 -1836)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:59, 13 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിറാഡ്, പെയര്‍-സൈമണ്‍ (1765 -1836)

ഫ്രഞ്ച് ഹൈഡ്രോളിക് എന്‍ജിനീയര്‍. ഫ്രാന്‍സിലെ കാണില്‍ 1765 ന. 4-ന് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 21-ാം വയസ്സില്‍ 'എക്കോള്‍ ദെ പോങ് എ ഷാസെയില്‍' പ്രവേശനം ലഭിച്ചു. 1789-ല്‍ 'കോര്‍ ദെ പോങ് എ ഷാസെയില്‍' ഗ്രേഡ് എന്‍ജിനീയറായി നിയമിതനായി.

ഒരു നിര്‍മാണ പദാര്‍ഥമെന്ന നിലയ്ക്ക് തടിക്കുണ്ടാകേണ്ട ഉറപ്പിനെ സംബന്ധിച്ചാണ് ഇദ്ദേഹം ആദ്യമായി നിരീക്ഷണങ്ങള്‍ നടത്തിയത്. 1790-ല്‍ തോട്, തുറമുഖം എന്നിവയിലെ ചീപ്പ് നിര്‍മാണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള്‍ എന്ന വിഷയത്തില്‍ അക്കാദമി ദെ സയന്‍സസ് നടത്തിയ മത്സരത്തില്‍ ഇദ്ദേഹം വിജയം നേടി.

നെപ്പോളിയന്‍ ഈജിപ്തിലേക്കയച്ച (1798) പര്യവേക്ഷണ സംഘത്തോടൊപ്പം ജിറാഡുമുണ്ടായിരുന്നു. അലക്സാന്‍ഡ്രിയ തുറമുഖത്തിലേക്കാണു നിയോഗിക്കപ്പെട്ടതെങ്കിലും നൈല്‍ നദിയുടെ അടിത്തട്ടിന്റെ സ്വഭാവ വിശേഷങ്ങള്‍, ഉയരം എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനം ജിറാഡ് നടത്തി. ഈജിപ്തിലെ കൃഷി, വാണിജ്യം, വ്യവസായം എന്നീ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജിറാഡ് പഠനം വിപുലീകരിച്ചു. ഈ പര്യവേക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പിന്നീട് ജിറാഡും മറ്റ് ഏഴുപേരും ചേര്‍ന്നു പുറത്തിറക്കി.

ഫ്രാന്‍സില്‍ തിരിച്ചെത്തിയ ജിറാഡിനെ പാരിസ് നഗരത്തിലെ ജലവിതരണ സംവിധാനത്തിന്റെ മേധാവിയായി നെപ്പോളിയന്‍ നിയമിച്ചു. പാരിസ് നഗരത്തിന്റെ വികസനത്തിനായി സൈന്‍, ഓര്‍ക് എന്നീ നദികളെ ബന്ധിപ്പിക്കുന്ന ഒരു ഷിപ്പ് കനാല്‍ നിര്‍മിക്കുവാനുള്ള ചുമതല കൂടി ജിറാഡില്‍ നിക്ഷിപ്തമായി.

1813-ല്‍ ഓര്‍കില്‍ നിന്നുള്ള ആദ്യത്തെ നൌക പാരിസിലെത്തി. നെപ്പോളിയന്റെ ഭരണാവസാനവും രാജാധികാരത്തിന്റെ പുനഃസ്ഥാപനവുംമൂലം 100 കി.മീ. നീളമുള്ള ഷിപ്പ് കനാലിന്റെ പണി പൂര്‍ത്തിയായത് 1820-ല്‍ മാത്രമാണ്.

1831-വരെ ജല കമ്മിഷണര്‍ പദവിയില്‍ തുടരാന്‍ ജിറാഡിനു കഴിഞ്ഞു. പിന്നീട് 'ലീജിയണ്‍ ഒഫ് ഓണറില്‍' ഓഫീസര്‍ പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. 1815-ല്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ ദെ സയന്‍സസ് എ ദെ ആര്‍ട്സിന്റെ' ഒന്നാം നിരയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1830-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്പദം അലങ്കരിച്ചത് ഇദ്ദേഹമാണ്.

ജിറാഡ് രചിച്ച പഠനഗ്രന്ഥമാണ് മെമ്വാ സുര്‍ ലെ കനാല്‍ ദെ ലൂറെക്... (1831-43). ഇതിന് രണ്ട് വാല്യങ്ങളും ഒരു ഭൂപട പുസ്തകവും ഉണ്ട്. ഷിപ്പ് കനാല്‍ നിര്‍മാണ പ്രോജക്റ്റിനെ സംബന്ധിച്ചുള്ള പൂര്‍ണ വിവരണം ഈ ഗ്രന്ഥത്തിലുണ്ട്. കൂടാതെ നാഗരികജില്ലകളിലെ ഭൂഗര്‍ഭജലവിതാനത്തില്‍ കാണപ്പെട്ടിരുന്ന ചില പോരായ്മകളുടെ കാരണങ്ങളും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

1836 ന. 30-ന് പാരിസില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍