This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിബൂട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജിബൂട്ടി

Djibouti

ആഫ്രിക്കയുടെ വടക്കു കിഴക്കന്‍ തീരത്തുള്ള ഒരു ചെറുരാഷ്ട്രവും ജില്ലയും രാഷ്ട്രതലസ്ഥാനവും. ബാബ്-എല്‍ മാന്‍ഡെബ് കടലിടുക്കിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ജിബൂട്ടി റിപ്പബ്ലിക്കിന് 23,200 ച.കി.മീ. വിസ്തീര്‍ണമുണ്ട്; ഇവിടത്തെ അഞ്ചു ജില്ലകളിലൊന്നായ ജിബൂട്ടിയുടെ വിസ്തീര്‍ണം: 600 ച.കി.മീ.; തലസ്ഥാന നഗരമായ ജിബൂട്ടിയിലെ ജനസംഖ്യ: 8,18,159 (2009).

'ആഫ്രിക്കന്‍ മുനമ്പ്' എന്നറിയപ്പെടുന്ന തന്ത്രപ്രധാന ഭൂഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍: വ. പടിഞ്ഞാറ് എറിട്രീയ; വ. കിഴക്ക് ഏദന്‍ ഉള്‍ക്കടല്‍; തെ. കിഴക്ക് സൊമാലിയ; തെ. പടിഞ്ഞാറ് എത്യോപ്യ. യുണൈറ്റഡ് നേഷന്‍സിലും ഓര്‍ഗനൈസേഷന്‍ ഒഫ് ആഫ്രിക്കന്‍ യൂണിറ്റിയിലും (OAU) ലീഗ് ഒഫ് ആരബ് സ്റ്റേറ്റ്സിലും അംഗമാണ് ഈ ചെറുരാഷ്ട്രം.

അഗ്നിപര്‍വതജന്യമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ജിബൂട്ടി റിപ്പബ്ലിക്കിലെ കൂടുതല്‍ ഭാഗവും മരുപ്രദേശങ്ങളാണ്. പീഠഭൂമികളും അവയെ മുറിച്ചുപോകുന്ന ചെങ്കുത്തായ താഴ്വരകളും ഉപ്പുതടാകങ്ങളും ഇവിടെ ധാരാളമായി കാണുന്നു. അസല്‍, അലോല്‍ എന്നീ ഉപ്പുതടാകങ്ങള്‍ കൂട്ടത്തില്‍ പ്രസിദ്ധമാണ്. വര്‍ഷം മുഴുവന്‍ വെള്ളമുള്ള നദികള്‍ വിരളമാകുന്നു. പുല്‍മേടുകളും കൃഷിയിടങ്ങളും ചുരുക്കം തന്നെ. കൃഷിയാവശ്യങ്ങള്‍ക്ക് ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്. താജോറ ഉള്‍ക്കടലിനു വടക്കായുള്ള ബസോള്‍ട്ട് മലനിരകളില്‍ മാത്രമേ നിത്യവനങ്ങള്‍ കാണുന്നുള്ളൂ.

ലോകത്തിലെ തന്നെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ജിബൂട്ടിയില്‍. തലസ്ഥാന നഗരത്തിലെ താപനില ജനുവരിയില്‍ 25.6oC, ജൂലായില്‍ 35.6oC എന്നിങ്ങനെയാകുന്നു. മഴ വളരെ കുറവാണ്. ശരാശരി വാര്‍ഷിക വര്‍ഷപാതം 125 മി.മീറ്ററിനും താഴെയായിരിക്കും. എന്നാല്‍ ഇടയ്ക്കു വല്ലപ്പോഴുമുണ്ടാകുന്ന പേമാരി വെള്ളപ്പൊക്കമുണ്ടാക്കുന്നത് അപൂര്‍വമല്ല. മേയ് മുതല്‍ ഒക്ടോബര്‍ വരെ ചില പ്രദേശങ്ങളില്‍ പൊള്ളുന്ന ചൂട് അനുഭവപ്പെടുന്നു. (38oC നു മീതെ). ഈ സമയത്ത് തെ.കിഴക്ക്-തെ.പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മാറി മാറി വീശിയടിക്കുന്ന ചൂടു മണല്‍ക്കാറ്റ് 'കാംസീന്‍' എന്നാണറിയപ്പെടുന്നത്.

ജനങ്ങളില്‍ പകുതിയോളം കാലിമേച്ചു ജീവിക്കുന്ന നാടോടികളാണ്. സ്ഥിരവാസമുറപ്പിച്ചവര്‍ പ്രധാനമായി ജിബൂട്ടി പട്ടണത്തിലും മറ്റു ചെറുപട്ടണങ്ങളായ ദീകില്‍, ആലി സാബീഹ്, താജോറ, ഓബോക്ക് എന്നിവിടങ്ങളിലുമാണ് കഴിയുന്നത്.

ജിബൂട്ടി റിപ്പബ്ലിക്കിലെ ആദിമവര്‍ഗക്കാരില്‍ സോമാലിയന്‍ നരവംശവിഭാഗമായ 'ഇസ്ലാ'യും എത്യോപ്യന്‍ നരവംശ വിഭാഗമായ 'ആഫാറും' ഉള്‍പ്പെടുന്നു. സമാനങ്ങളാണ് ഇവരുടെ ഭാഷയും മറ്റു രീതികളും. 'ആഫാര്‍' വിഭാഗക്കാര്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും 'ഇസ്സാ' വിഭാഗക്കാര്‍ തെക്കന്‍ ഭാഗങ്ങളിലുമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ജനങ്ങളില്‍ 96 ശ.മാ.-ത്തോളം മുസ്ലിങ്ങളാണ്; സാക്ഷരത 70 ശ.മാ. (2012). ഫ്രഞ്ചുകാരാണ് പ്രധാന വിദേശികള്‍. കൂടാതെ ഗ്രീക്കുകാര്‍, ഇറ്റലിക്കാര്‍, ഇന്ത്യക്കാര്‍ തുടങ്ങിയവരുമുണ്ട്. ആഫാര്‍-ഇസ്സാ വിഭാഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുക പതിവാണ്. ഫ്രഞ്ച്, അറബി, ആഫാര്‍, സോമാലി എന്നിവയാണ് പ്രധാന ഭാഷകള്‍; ഫ്രഞ്ച്, അറബി എന്നിവ ഔദ്യോഗിക ഭാഷകളും. വിദ്യാഭ്യാസ മാധ്യമവും ഫ്രഞ്ചുതന്നെ. ഏഴാം വയസ്സില്‍ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന ജിബൂട്ടിയില്‍ 13-ാം വയസ്സോടെ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിക്കുന്നു.

ജനോപകാരപ്രദമായ വ്യവസായങ്ങള്‍ക്കാണ് സമ്പദ്ഘടനയില്‍ കൂടുതല്‍ പ്രാധാന്യം. ഈന്തപ്പഴം, പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവ ജിബൂട്ടിയിലെ പ്രധാന കാര്‍ഷിക വിഭവങ്ങളില്‍പ്പെടുന്നു. ഉള്‍നാടുകളില്‍ കന്നുകാലി വളര്‍ത്തലും തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനവുമാണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. അഭ്രം, ജിപ്സം, സള്‍ഫര്‍, ചെമ്പ്, ഇരുമ്പ് തുടങ്ങിയവ പ്രധാന ധാതുക്കളാണ്. നാണയം: 'ജിബൂട്ടി ഫ്രാങ്ക്'.

ചരിത്രം. 9-ാം ശ.-ഓടെ ജിബൂട്ടിയില്‍ എത്തിയ അറേബ്യക്കാര്‍ തദ്ദേശിയരെ ഇസ്ലാംമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചു. 13 മുതല്‍ 17 വരെ ശ.-ങ്ങളില്‍ ജിബൂട്ടിയും എത്യോപ്യയുമായി നിരവധി യുദ്ധങ്ങള്‍ നടന്നു. 1850-ഓടെ ഇവിടെയെത്തിയ ഫ്രഞ്ചുകാര്‍ ജിബൂട്ടിയും സമീപപ്രദേശങ്ങളും ഫ്രഞ്ച് സൊമാലി ലാന്‍ഡ് എന്ന പേരില്‍ കോളനിയാക്കി. 1967-ല്‍ ഇതിന്റെ പേര് ഫ്രഞ്ച് ടെറിട്ടറി ഒഫ് ആഫാഴ്സ് ആന്‍ഡ് ഇസാസ് എന്നാക്കി മാറ്റി. 1960-കളുടെ അവസാനത്തോടെ ഫ്രഞ്ച് ഭരണത്തോട് എതിര്‍പ്പു പ്രകടമായി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജിബൂട്ടി ജനതയുടെ നീക്കം പലപ്പോഴും അക്രമത്തിലേക്ക് നീങ്ങി. 1977-ലെ ജനഹിതപരിശോധന സ്വാതന്ത്ര്യപ്രാപ്തിക്കനുകൂലമായിരുന്നു. 1977 ജൂണ്‍ 27-ന് ജിബൂട്ടി സ്വാതന്ത്യ്രം പ്രാപിച്ചു. ഹസ്സന്‍ ഗുലേദ് അപ്റ്റിഡോണ്‍ പ്രസിഡന്റായി. 1981-ലും 87-ലും 93-ലും അപ്റ്റിഡോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1992 സെപ്. 4-ന് പുതിയ ഭരണഘടന നിലവില്‍ വന്നു. പ്രായപൂര്‍ത്തിവോട്ടവകാശത്തിലൂടെ ആറുവര്‍ഷക്കാലത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. പ്രസിഡന്റിനോടുത്തരവാദിത്തമുള്ള പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുമുണ്ട്. അഞ്ചുവര്‍ഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട 65 അംഗങ്ങളടങ്ങിയ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസ് ആണ് നിയമനിര്‍മാണസഭ. 1997 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബര്‍കത് ഗൂറാഡ് ഹമാദൂവിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു.

2905 കി.മീ. നീളത്തില്‍ ഇവിടെ റോഡുകളുണ്ട് (93). ജിബൂട്ടിയിലെ മുഖ്യ റെയില്‍പ്പാത ഇതിനെ ആഡിസ്-അബാബയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ പാതയുടെ 106 കി.മീ. നീളം രാജ്യത്തിനുള്ളില്‍ത്തന്നെയാണ്. 1897-ല്‍ ആരംഭിച്ച ഈ റെയില്‍പ്പാതയുടെ പണി 1917-ല്‍ മാത്രമാണ് പൂര്‍ത്തിയായത്. ജിബൂട്ടി തുറമുഖം ഒരു ഫ്രീ പോര്‍ട്ടും, കണ്‍ടെയ്നര്‍ ടെര്‍മിനലും കൂടിയാണ്. 1967 മുതല്‍ 1975 വരെ സൂയസ് കനാല്‍ അടച്ചത് ഈ തുറമുഖത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഇവിടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 'ഏര്‍ ജിബൂട്ടി' സര്‍വീസ് നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍