This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിപ്സം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:37, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിപ്സം

Gypsum

ഒരു സള്‍ഫേറ്റ് ധാതു. ഫോര്‍മുല: CaSO4 2H2</su>O (ഹൈഡ്രസ് കാത്സ്യം സള്‍ഫേറ്റ്).

ബാഷ്പീകരണം വഴിയുണ്ടാകുന്ന ധാതുക്കളില്‍ പ്രമുഖമായ ഒന്നാണ് ജിപ്സം. ഈ ധാതുവര്‍ഗത്തില്‍ ക്ലോറൈഡ്, കാര്‍ബണേറ്റ്, ബോറേറ്റ്, നൈട്രേറ്റ് എന്നിവയും ഉള്‍പ്പെടുന്നു. കടലിലും കായലിലും ഗുഹകളിലും ഉപ്പളങ്ങളിലും കാത്സ്യം അയോണ്‍ ബാഷ്പീകരണം വഴി സാന്ദ്രീകരിച്ച് ജിപ്സം നിക്ഷിപ്തമാകുകയാണ് പതിവ്. സന്തുലിതാവസ്ഥയില്‍ ജിപ്സം നേരിട്ട് അന്‍ഹൈഡ്രൈറ്റ് ആയി മാറുന്നു. കലര്‍പ്പില്ലാത്ത ജലത്തില്‍ ഈ മാറ്റം 42oC-ല്‍ സംഭവിക്കാമെങ്കിലും ഉപ്പ് (NaCl), മറ്റു ലവണങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തില്‍ ഇത് കുറേക്കൂടി താണ താപത്തില്‍ ആകാം.

ജിപ്സം എന്ന ധാതുവിന്റെ പരല്‍രൂപം കാചാകൃതിയിലോ (lenticular), പാളികള്‍ ചേര്‍ന്ന തരത്തിലോ (tabular) ആയിരിക്കും. സ്വതന്ത്രമായ പരല്‍രൂപത്തിലുള്ള ജിപ്സത്തിനു പുറമേ തന്തുരൂപത്തിലുള്ള (fibrous) സാറ്റിന്‍ സ്പാര്‍, സൂക്ഷ്മപരലുകള്‍ ചേര്‍ന്ന ആലബാസ്റ്റര്‍ ഇവയും ജിപ്സത്തിന്റെ രൂപഭേദങ്ങള്‍ തന്നെ. പരല്‍ശാസ്ത്രത്തില്‍ (Crystallography) മോണോക്ലിനിക് സിസ്റ്റത്തില്‍പ്പെടുന്ന ധാതുവാണ് ജിപ്സം.

സാധാരണയായി ജിപ്സം വെളുപ്പ്, ചാരം, തവിട്ട്, മഞ്ഞ, സ്ഫടികം എന്നീ നിറങ്ങളിലായി കാണപ്പെടുന്നു. പരലുകളുടെ മുറിഞ്ഞ പാളിവക്കുകള്‍ തിളങ്ങാറുണ്ട്.

ജിപ്സം കൊണ്ടുള്ള ഉപയോഗങ്ങള്‍ പലതാകുന്നു. പ്ലാസ്റ്റര്‍ ഒഫ് പാരിസ് നിര്‍മാണത്തിലെ അസംസ്കൃത വസ്തുവാണ് ജിപ്സം. വാള്‍ ബോര്‍ഡുകളുടെ നിര്‍മാണത്തിലും കാര്‍ഷിക മേഖലയില്‍ കളിമണ്‍-സാന്ദ്രമായ മണ്ണിന് അയവുവരുത്തുന്നതിനും ജിപ്സം ഉപയോഗപ്പെടുന്നു. പെട്രോളിയത്തിന്റെ മൂലസ്രോതസ്സായ ഹൈഡ്രോകാര്‍ബണുകള്‍ ഉള്‍ക്കൊള്ളുന്ന ജൈവ വസ്തുക്കള്‍ ജിപ്സം നിക്ഷേപങ്ങളുടെ സഞ്ചയങ്ങളില്‍ കാണാറുണ്ട്. ഒട്ടനവധി പെട്രോളിയം സഞ്ചയങ്ങള്‍ (Petroleum accumulations) നഷ്ടപ്പെട്ടു പോകാതെ ജിപ്സം നിക്ഷേപങ്ങള്‍ അവയ്ക്ക് ഒരു 'അടപ്പു' പോലെ വര്‍ത്തിക്കുന്നു.

ബാഷ്പീകരണ പ്രക്രിയയിലൂടെ സഞ്ചയങ്ങളില്‍ നിക്ഷിപ്തമാകുന്നതിനാല്‍ ഇത്തരം നിക്ഷേപങ്ങള്‍ക്കു കളമൊരുക്കിയ പുരാതന-ഊഷര-അര്‍ധ ഊഷര മേഖലകള്‍ ചികഞ്ഞറിയാനുള്ള സൂചന ജിപ്സം നിക്ഷേപങ്ങളിലൂടെ ലഭിക്കാറുണ്ട്. ജിയോളിക്കല്‍ കാലഘട്ടങ്ങളുടെ പരിണാമദശകള്‍ പരോക്ഷമായി ഗ്രഹിക്കാനും ഇത്തരത്തില്‍ ജിപ്സം നിക്ഷേപസഞ്ചയങ്ങള്‍ സഹായകമാകുന്നു.

ബൃഹത്തായ ജിപ്സം നിക്ഷേപങ്ങള്‍ ജിയോളജീയ കാലഘട്ടത്തിന്റെ എല്ലാ ദശകളിലും ഉണ്ടായിട്ടുണ്ട്. ഏറ്റവും പഴക്കം ചെന്നത് 3.4 x 109 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായതത്രെ (ഉത്തരധ്രുവം, പില്‍ബാര, ആസ്റ്റ്രേലിയ). ഏറ്റവും വലിയ നിക്ഷേപം സൈബീരിയയിലാണുള്ളത്. ഇതിന് 400 x 106 വര്‍ഷത്തെ പഴക്കമുണ്ട്. പെര്‍മിയന്‍ (2.90 - 2.45 x 106 വര്‍ഷം), ജൂറാസിക് (200 x 106 വര്‍ഷം), മയോസീന്‍ (5 x 106 വര്‍ഷം) എന്നീ കാലഘട്ടങ്ങളിലും ജിപ്സം നിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ജിപ്സം ഖനനം ചെയ്യുന്ന രാജ്യം യു.എസ്. ആണ്. മിഷിഗണ്‍. അയോവ, ടെക്സസ്, കാലിഫോര്‍ണിയ, ഓക്ലഹോമ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് യു.എസ്സില്‍ ജിപ്സം ലഭിക്കുന്നത്. കൂടാതെ കാനഡ, റഷ്യ, ഇറ്റലി, സ്പെയിന്‍, ക്യൂബ, ഇന്ത്യ എന്നീ രാജ്യങ്ങളിലും ജിപ്സം നിക്ഷേപങ്ങള്‍ ഉണ്ട്.


(ഡോ. മണികണ്ഠന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍