This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിങ്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:58, 21 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിങ്കോ

Ginkgo

അനാവൃതബീജസസ്യങ്ങളില്‍പ്പെടുന്ന ജിങ്കോയേസി (ginkgoaceae) കുടുംബത്തിലെ ഇലകൊഴിയും വൃക്ഷം. ഈ കുടുംബത്തില്‍ ഇന്ന് അവശേഷിക്കുന്ന ഏക അംഗം ജിങ്കോ ബൈലോബ (Ginkgo biloba) മാത്രമാണ്. പാലിയോസോയിക് കല്പത്തില്‍ (പെര്‍മിയന്‍) തുടങ്ങി മീസോസോയിക് കല്പത്തിലെ ജൂറാസിക് കാലത്ത് വളര്‍ച്ചയുടെ പാരമ്യത്തിലെത്തിയ ഇവ ഇതേ കാലഘട്ടത്തില്‍ത്തന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. ജൂറാസിക് കാലത്ത് ജിങ്കോയേസി കുടുംബത്തില്‍ 15 ജീനസ്സുകളും ധാരാളം സ്പീഷീസുമുണ്ടായിരുന്നതായി ഫോസില്‍ രേഖകളുണ്ട്.

ജിങ്കോ 12-37 മീ. ഉയരത്തില്‍ വളരും. ഇതിന്റെ തടിയില്‍ നിന്നും രണ്ടുതരത്തിലുള്ള ശാഖകളുണ്ടാകുന്നു; നീളം കൂടിയ ശാഖകളും (long shoots) ഇതില്‍ നിന്നുണ്ടാകുന്ന ഖര്‍വശാഖകളും (spur shoots). നീളം കൂടിയ ശാഖകളില്‍ ഇലകളുണ്ടാകുന്നില്ല. ഒരു പരിധിവരെ മാത്രം വളരുന്ന ഖര്‍വശാഖകളിലാണ് വര്‍ഷന്തോറും ഇലകളും കോണുകളും (strobilii) ഉണ്ടാകുന്നത്. കാണ്ഡത്തിനും ശാഖകള്‍ക്കും ആവൃതിയും പിത്തും വളരെ പരിമിതമായിരിക്കും; ദാരു താരതമ്യേന കൂടുതലും.

പങ്കയുടെ ആകൃതിയിലുള്ള ഇലകള്‍ രണ്ടു കര്‍ണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിനാലാണ് ജിങ്കോയ്ക്ക് ബൈലോബ എന്ന പേരു വന്നത്. ഇലയുടെ വൃന്തത്തിനു തൊട്ടുമുകളില്‍ മുതലേ ദ്വിശാഖാരൂപത്തിലുള്ള സിരകള്‍ പുറപ്പെടുന്നു. ഇലകളുടെ സിരാവിന്യാസം ദ്വിശാഖിതമാണ്. ഈ സിരാവിന്യാസം പന്നല്‍വര്‍ഗത്തിലെ മെയ്ഡന്‍ ഹെയറിന്റെ (Adiantum) ഇലകളുടേതിനോട് ഏറെ സാദൃശ്യമുള്ളതിനാല്‍ ഈ വൃക്ഷം 'മെയ്ഡന്‍ ഹെയര്‍' വൃക്ഷമെന്നും അറിയപ്പെടുന്നു.

പ്രത്യുത്പാദനാവയവങ്ങളായ കോണുകള്‍ വ്യത്യസ്ത വൃക്ഷങ്ങളിലാണ് ഉണ്ടാകുന്നത്. പുംകോണുകളിലുണ്ടാകുന്ന പരാഗകണങ്ങള്‍ കാറ്റുമൂലം പരാഗണം നടത്തുന്നു. സ്ത്രീകോണുകള്‍ കോണിഫറുകളുടെ കോണുകളില്‍ നിന്നും തികച്ചും വിഭിന്നമാണ്. ഖര്‍വശാഖാഗ്രങ്ങളില്‍ ലോലമായ ഞെടുപ്പുകളുള്ള ഒരു ജോടി ബീജാണ്ഡങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ ഒരു ബീജാണ്ഡം വളര്‍ച്ച പ്രാപിക്കുന്നില്ല. അതിനാല്‍ ഒരു വിത്തു മാത്രമേ കാണപ്പെടുന്നുള്ളൂ. വളര്‍ച്ചയെത്തിയ ബീജാണ്ഡത്തിന് മാംസളമായ പുറന്തോട് ഉണ്ട്. പലപ്പോഴും ഇത് ഒരു ഫലമായി തെറ്റിദ്ധരിക്കപ്പെടുന്നു. വിത്തിന്റെ പുറന്തോട് അഴുകുമ്പോള്‍ കനച്ച വെണ്ണയുടെ ദുര്‍ഗന്ധമായിരിക്കും. അതിനാല്‍ പെണ്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തപ്പെടാത്തതാണ് ഈ വൃക്ഷത്തിന്റെ നിലനില്പുതന്നെ അവതാളത്തിലാക്കിയത്.

ജിങ്കോയിലാണ് അനാവൃതബീജികളില്‍ ഏറ്റവും ആദിമമായ പ്രത്യുത്പാദന ഘടകങ്ങള്‍ ഉള്ളത്. സൈക്കാഡുകളുടെ ആദിമ സ്വഭാവമായ ബഹുസീലിയിത ബീജങ്ങള്‍ (muliciliate motile sperms) ജിങ്കോയിലും കാണപ്പെടുന്നുണ്ട്. ലോമിലമായ ശല്ക്കപത്രങ്ങളും തളിരിലകളും ഇലത്തണ്ടുകളും ജിങ്കോയുടെ അനാവൃത ബീജസ്വഭാവത്തെയാണു കാണിക്കുന്നത്. ജിങ്കോയുടെ ഇലകൊഴിയും സ്വഭാവം (deciduous habit) അനാവൃതബീജികളിലെ ലാറിക്സിലും (larix) ടാക്സോഡിയത്തിലും മാത്രമേ പ്രകടമാകുന്നുള്ളൂ.

ജിങ്കോത്തടി കരകൗശല പണികള്‍ക്ക് ഉപയോഗിക്കാറുണ്ട്. മനോഹരമായ ഇലകളും കീട-രോഗപ്രതിരോധശക്തിയും വായു മലിനീകരണം തടയുന്നതിനുള്ള ശേഷിയും ഉള്ള ജിങ്കോ അലങ്കാരവൃക്ഷമായി വളര്‍ത്താറുണ്ട്. ജപ്പാനിലെയും ചൈനയിലെയും സന്ന്യാസിമാര്‍ ഈ വൃക്ഷത്തെ പവിത്രവൃക്ഷമായി കരുതുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജിങ്കോ വൃക്ഷം ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംരക്ഷിച്ചു പോരുന്നു. ചൈനയിലും ജപ്പാനിലും ഇതിന്റെ വിത്ത് വറുത്ത് ഭക്ഷിക്കാറുണ്ട്. ജിങ്കോയില്‍ ജിങ്കോലൈഡുകള്‍ എന്ന രാസപദാര്‍ഥ വിഭാഗം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാന്‍ സമര്‍ഥമാണ് ജിങ്കോലൈഡ് ബി. ഇത് മസ്തിഷ്കത്തിലെ രക്തചംക്രമണം വര്‍ധിപ്പിച്ച് ശരീരത്തെ ജാഗരൂകമാക്കുന്നു. ചെന്നിക്കുത്ത്, തലകറക്കം എന്നിവ കുറയ്ക്കാനും ഇത് ഫലപ്രദമാണ്. കോശീയ ഡി.എന്‍.എ.യെ നശിപ്പിച്ച് ട്യൂമറുകളുടെ രൂപീകരണത്തെ ഉദ്ദീപിപ്പിക്കുന്ന സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കാന്‍ ഇതിന് സവിശേഷമായ കഴിവുള്ളതുകൊണ്ട് ഫലപ്രദമായ ഒരു ഓക്സീകാരിയായി ഇതുപയോഗിക്കുന്നു. പഠനം, ഓര്‍മശക്തിവര്‍ധിപ്പിക്കല്‍ എന്നീ ബോധപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഡോപാമീന്‍ എന്ന നാഡീ പ്രേഷകം ഈ രാസപദാര്‍ഥത്തിലുണ്ട്. ജിങ്കോ ഔഷധങ്ങള്‍ തുടര്‍ച്ചയായി സേവിച്ചാല്‍ വാര്‍ധക്യ പീഡകള്‍ ഒഴിവാക്കാനും വാര്‍ധക്യ ബുദ്ധിമാന്ദ്യം തടയാനും കഴിയും. അല്‍ഷൈമേഴ്സ് രോഗത്തിന്റെ ആക്രമണവും പടിപടിയായുള്ള മുന്നേറ്റവും വിളംബിപ്പിക്കാനും ജിങ്കോഫലപ്രദമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍