This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജിംഖാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:08, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിംഖാന

കായികാഭ്യാസം നടത്തുന്നതിനുള്ള പൊതുസ്ഥലം. ജിംനേഷ്യം എന്ന പദത്തില്‍നിന്നു നിഷ്പത്തി. സ്റ്റേഡിയം എന്ന വാക്കിന്റെ പൂര്‍ണ അര്‍ഥം. 'ജിംഖാന'യ്ക്ക് ലഭിക്കുന്നില്ലെങ്കിലും വിസ്തൃതമായ കളിസ്ഥലം എന്ന അര്‍ഥത്തില്‍ ജിംഖാന ഉപയോഗിക്കാറുണ്ട്. 'ബാള്‍-ഹൌസ്' എന്ന ഇംഗ്ലീഷ് പദത്തിനു തുല്യമായി ജന്‍ഡ്-ഖാന (കളിസ്ഥലം) എന്ന പദം ഹിന്ദിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. പണ്ടുകാലത്തു രാജകീയ കായിക പ്രകടനങ്ങള്‍ക്കുള്ള വേദികളായിട്ടാണ് ജിംഖാനകള്‍ അറിയപ്പെട്ടിരുന്നത്. അശ്വാഭ്യാസ പ്രകടനങ്ങളും സ്പോര്‍ട്സ് കാറുകള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളും ഇതില്‍പ്പെടും.

പുരാതനകാലത്ത് അശ്വാഭ്യാസ പ്രകടനങ്ങള്‍ ധാരാളം ആളുകളെ ആകര്‍ഷിച്ചിരുന്നു. ഇക്വസ്ട്രിയന്‍ സ്പോര്‍ട്സ് എന്നറിയപ്പെടുന്ന അശ്വാഭ്യാസ മത്സരങ്ങള്‍ നടത്തപ്പെട്ട വേദികളെ 'ജിംഖാന' എന്ന് വിളിച്ചുപോന്നു. ആധുനിക ഇക്വസ്ട്രിയന്‍ മത്സരങ്ങളുടെ സ്വഭാവം അവകാശപ്പെടാവുന്ന അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുതിരകളെ നേരെയും തലങ്ങും വിലങ്ങും പായിച്ച്, തടസ്സങ്ങള്‍ മറികടന്നു ലക്ഷ്യത്തിലെത്തണം. കുറഞ്ഞ സമയംകൊണ്ടു ലക്ഷ്യത്തിലെത്തുന്നയാള്‍ വിജയിക്കുന്നു. കുതിരപ്പുറത്ത് ഇരുന്നുകൊണ്ടുള്ള ഏറ്റുമുട്ടലുകളും കുതിരപ്പുറത്ത് പാഞ്ഞെത്തി കൈലേസ് കൈക്കലാക്കുന്ന മത്സരങ്ങളും മികച്ച അശ്വാഭ്യാസിയെ കണ്ടെത്തുന്ന മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചുപോന്നു. ഇക്വസ്ട്രിയന്‍ ജിംഖാനകള്‍ വളര്‍ന്നുവന്നത് അങ്ങനെയാണ്.

സ്പോര്‍ട്സ് കാറുകളുടെ മത്സരവേദിയും 'ജിംഖാന' എന്ന പേരില്‍ അറിയപ്പെടുന്നു. ആധുനിക മോട്ടോര്‍ റേസിന്റെയും ഡ്രാഗ് റേസിന്റെയും ഒക്കെ സവിശേഷതകള്‍ അവകാശപ്പെടാവുന്ന ജിംഖാനകളിലെ മത്സരങ്ങള്‍, തടസ്സങ്ങളും മറ്റും അതിജീവിച്ച് ഒന്നാമതെത്തുന്ന ആളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ളതാണ്. സ്പോര്‍ട്സ് കാര്‍ ജിംഖാനകളില്‍ വേഗതയ്ക്കും ബുദ്ധിപരമായ ഡ്രൈവിങ് പാടവത്തിനുമാണ് പ്രാധാന്യം.

പൊതുവേ കായികാഭ്യാസ പ്രകടനങ്ങളുടെ വേദികളായാണ് ജിംഖാനകള്‍ അറിയപ്പെട്ടിരുന്നതെങ്കിലും മുമ്പു പറഞ്ഞ കായികാഭ്യാസ പ്രകടനങ്ങള്‍ക്കായിരുന്നു ജിംഖാനകളില്‍ പ്രാധാന്യം ലഭിച്ചിരുന്നത്. ജിംഖാന ക്ളബ്ബുകള്‍ രൂപവത്കൃതമായത് ഈ പശ്ചാത്തലത്തിലാണ്. സമ്പന്ന വര്‍ഗത്തില്‍പ്പെട്ടവരുടെ കൂടിച്ചേരലിനുള്ള വേദി എന്ന നിലയിലും അവരുടെ കായിക പ്രകടനങ്ങള്‍ നടത്തുക എന്നതിനെക്കാളുപരി സായാഹ്നങ്ങള്‍ ആഘോഷിക്കുന്നതിനുള്ള സ്ഥലം എന്ന നിലയിലും ജിംഖാന ക്ളബ്ബുകള്‍ വളര്‍ന്നുവന്നു. അശ്വാഭ്യാസ പ്രകടനങ്ങളും സ്പോര്‍ട്സ് കാര്‍ മത്സരങ്ങളും സമ്പന്നവര്‍ഗത്തിനു മാത്രം താങ്ങാവുന്ന കായിക ഇനങ്ങളായതുകാരണം ജിംഖാനകളിലെ കായികപ്രകടനങ്ങള്‍ മിക്കപ്പോഴും അവ മാത്രമായി ഒതുങ്ങുകയും ചെയ്തു.

കേരളത്തിലെയും മറ്റും നാട്ടിന്‍പുറങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജിംഖാനകള്‍ ഈ അര്‍ഥത്തില്‍ ഉള്ളവയല്ല. ഭാരോദ്വഹനം, ഗുസ്തി തുടങ്ങിയവയുടെ പരിശീലനത്തിനും ശരീര സൗന്ദര്യം നേടുന്നതിനും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള 'ജിംഖാന'കള്‍ 'ജിംനേഷ്യം' എന്ന സംജ്ഞയുടെ അര്‍ഥമുള്‍ക്കൊണ്ടുകൊണ്ട് ഉയര്‍ന്നുവന്നവയാണ്. യഥാര്‍ഥ ജിംഖാനകളുടെ സ്വഭാവം ഇത്തരം ജിംഖാനകള്‍ക്കില്ല. ആകര്‍ഷകവും വേഗതയാര്‍ന്നതുമായ കായിക പ്രകടനങ്ങളുടെ പ്രദര്‍ശനവേദി എന്ന നിലയില്‍ നടത്തപ്പെടുന്ന 'ജിംഖാന'കള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പ്രവര്‍ത്തിച്ചുവരുന്നു.

(ജോണ്‍ സാമുവല്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BF%E0%B4%82%E0%B4%96%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍