This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാവാ മനുഷ്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാവാ മനുഷ്യന്‍

Java Man

ജാവ(ഇന്ത്യോനേഷ്യ)യില്‍ നിന്നു കണ്ടെടുത്ത നരഫോസില്‍. ഡച്ച് നരവംശ ശാസ്ത്രജ്ഞനായ യൂജീന്‍ ഡുബോയ് 1890-ല്‍ ജാവയിലെ ട്രിനില്‍ എന്ന സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആദ്യ പ്ലിസ്റ്റോസിന്‍ യുഗത്തിലേത് ട്രിനില്‍ നിന്നും മധ്യ പ്ലിസ്റ്റോസിന്‍ യുഗത്തിലേത് ജെറ്റിസി(Djetis)ല്‍ നിന്നുമാണ് കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ പിത്തക്കന്ത്രോപ്പസ് ഇറക്റ്റസ് (Pithecanthropus erectus - ഊര്‍ധ്വവാനരനരന്‍) എന്ന പേരില്‍ വര്‍ഗീകരിക്കപ്പെട്ടു. ഒരു തലയോട്ടി, ഒരു തുടയെല്ല്, മൂന്നു പല്ലുകളോടുകൂടിയ കീഴ്ത്താടിയെല്ല് എന്നിവ ഉള്‍പ്പെട്ടതായിരുന്നു കണ്ടെടുത്ത ഫോസില്‍. ഇവ ആധുനിക മനുഷ്യന്റെയും കുരങ്ങിന്റെയും ഇടയ്ക്കുള്ളതായിരുന്നു. ഇതിന് ആധുനിക മനുഷ്യരുടേതിനോട് ഉണ്ടായിരുന്ന സാദൃശ്യം ഹോമോ (Homo) എന്ന സംജ്ഞ ലഭിക്കാന്‍ ഇടയാക്കി. തുടര്‍ന്നു നടത്തിയ പര്യവേക്ഷണങ്ങളില്‍ 31-ലധികം ഇനങ്ങളുടെ ഇത്തരത്തിലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തി-ഹോമോ ഇറക്റ്റസും (Homo erectus) പിത്തക്കന്ത്രോപ്പസുകളും സമകാലികമാണെന്നും കാണുകയുണ്ടായി. ആദ്യമനുഷ്യവര്‍ഗമായ ഹോമോ ഇറക്റ്റസിന്റെ പ്രതിനിധി തന്നെയാണ് പിത്തക്കന്ത്രോപ്പസ് എന്നു തെളിഞ്ഞു.

നീളം കൂടിയ കീഴ്ത്താടിയെല്ല്, കനം കൂടിയ നെറ്റിത്തടം, താരതമ്യേന വലുപ്പമേറിയ പല്ലുകളുള്ള ബലമേറിയ വലിയ താടിയെല്ലുകള്‍, കുറഞ്ഞ മസ്തിഷ്ക വ്യാപ്തം, ആധുനിക മനുഷ്യരുടേതിനു തുല്യമായ കൈകാലുകളുടെ എല്ലുകള്‍ ഇവയെല്ലാം ജാവാ മനുഷ്യന്റെ പ്രത്യേകതകളാണ്. വലുപ്പത്തിലും ദൃഢതയിലും ഉള്ള വ്യത്യാസങ്ങളാണ് ചിലയിനങ്ങളെ മറ്റു സ്പീഷീസായി വര്‍ഗീകരിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. കണ്ടെടുത്ത എല്ലാ ഫോസിലുകളും ഹോമോ ഇറക്റ്റസ് (Homo erectus) ആണെന്നും ഇവര്‍ ആധുനിക മനുഷ്യ(Homo sapiens)ന്റെ പൂര്‍വികരാണെന്നും ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍