This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല

ന്യൂഡല്‍ഹിയില്‍ ജാമിയ നഗര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഒരു കേന്ദ്ര സര്‍വകലാശാല. 1920-ല്‍ അലിഗഢിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മഹാത്മാഗാന്ധിയും ഡോ. സക്കീര്‍ ഹുസൈനും ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കള്‍ ഇതിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യയിലെ അപൂര്‍വം ചില സ്ഥാപനങ്ങളില്‍ ഒന്നാണിത്. 1925-ല്‍ ഇതിന്റെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റി. 1963-ല്‍ ജാമിയ മിലിയയെ ഒരു ഡീംഡ് സര്‍വകലാശാലയായി അംഗീകരിച്ചു; 1988-ലാണ് ഇതിനെ ഒരു കേന്ദ്രസര്‍വകലാശാലയായി ഉയര്‍ത്തിയത്. മുസ്ലിങ്ങളുടെ മതപരവും മതേതരവുമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നത് സര്‍വകലാശാലയുടെ ഒരു പ്രത്യേക ലക്ഷ്യമാണ്.

നഴ്സറി തലം മുതല്‍ ബിരുദാനന്തര തലം വരെയുള്ള സമഗ്രമായ ഒരു വിദ്യാഭ്യാസ പദ്ധതി സര്‍വകലാശാല ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ആറു ഫാക്കല്‍റ്റികളിലായി നിരവധി ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ സര്‍വകലാശാല നടത്തിവരുന്നു. എല്ലാ ഫാക്കല്‍റ്റികളിലും ഉര്‍ദുവാണ് അധ്യയന മാധ്യമം; ചില പ്രത്യേക സാഹചര്യങ്ങളില്‍ മറ്റു ഭാഷകളിലും അധ്യയനം നടത്താറുണ്ട്. സ്വയംഭരണാവകാശമുള്ള ഈ സര്‍വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനില്‍ നിന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും ധനസഹായം ലഭിക്കുന്നു. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുള്ള അധ്യയന വര്‍ഷം ജൂല. 16-ന് ആരംഭിച്ച് മേയ് 15-ന് അവസാനിക്കുന്നു. എല്ലാ ഫാക്കല്‍റ്റികളിലും 15 ശ.മാ. സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും 5 ശ.മാ. സീറ്റുകള്‍ പട്ടിക വര്‍ഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. കായികരംഗത്തു മികവു പ്രകടിപ്പിക്കുന്നവര്‍ക്കും എന്‍.സി.സി. കേഡറ്റുകള്‍ക്കും പ്രവേശനത്തിനുള്ള യോഗ്യതയില്‍ ഇളവ് അനുവദിക്കാറുണ്ട്.

ഡോ. സക്കീര്‍ ഹുസൈന്റെ പേരിലാണ് ഗ്രന്ഥശാല നാമകരണം ചെയ്തിട്ടുള്ളത്. പൗരസ്ത്യഭാഷകള്‍ക്കു പ്രാധാന്യം നല്കുന്ന ഈ ഗ്രന്ഥശാലയില്‍ മൌലാനാ മുഹമ്മദ്, മൌലാനാ ഷൌക്കെത്ത് അലി, ഹക്കിം അജ്മല്‍ഖാന്‍, ഡോ. എ.എ. അന്‍സാരി, ജിഗര്‍ മൊറാദാബാദി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ കൃതികള്‍ ലഭ്യമാണ്.

വിദ്യാര്‍ഥികള്‍ക്ക് കായിക വിനോദം, താമസം, ചികിത്സ എന്നീ സൗകര്യങ്ങള്‍ സര്‍വകലാശാലയില്‍ ലഭ്യമാണ്. എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ വഴി പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, കുടുംബക്ഷേമം, പോഷകാഹാരവ്യവസ്ഥ എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. വ്യത്യസ്ത തൊഴിലുകളെക്കുറിച്ച് വിവരം നല്കുവാനായി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് ബ്യൂറോയും മത്സരപരീക്ഷകള്‍ക്കു പരിശീലനം നല്കുന്നതിനുവേണ്ടി കോച്ചിങ്-കം-കരിയര്‍ മാനേജ്മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിലും ചേരിപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വയോജന വിദ്യാഭ്യാസം, ഉദ്യോഗസ്ഥര്‍ക്ക് പഠനാനന്തര പരിശീലനം, നവസാക്ഷരരില്‍ വായനാശീലം വളര്‍ത്തുന്നതിനുള്ള പരിശീലനം എന്നിവയും സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നുണ്ട്. സര്‍വകലാശാലയുടെ സംരക്ഷണത്തിലുള്ള സന്നദ്ധ സംഘടനയായ സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നഴ്സറി/ബാലവാടി കേന്ദ്രങ്ങള്‍, കൈത്തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശ കേന്ദ്രങ്ങള്‍ എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍