This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാഫ്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:44, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാഫ്ന

Jaffna

ശ്രീലങ്കയുടെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഉപദ്വീപും ശ്രീലങ്കന്‍ ജില്ലയും ഉത്തരപ്രവിശ്യാ തലസ്ഥാനവും വലുപ്പത്തില്‍ രണ്ടാം സ്ഥാനമുള്ള ശ്രീലങ്കന്‍ പട്ടണവും. വടക്കന്‍ ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഒരു തുറമുഖം കൂടിയാണ് ഈ ഉപദ്വീപ്.

കടല്‍മാര്‍ഗവും തീവണ്ടിമാര്‍ഗവും ഈ ഉപദ്വീപിനെ പ്രധാന കരഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൃഷിയാണ് ജനങ്ങളുടെ പ്രധാന തൊഴില്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരാണെങ്കിലും ഇവിടത്തെ മണ്ണ് കൃഷിക്ക് അത്രതന്നെ യോജിച്ചതല്ല. തേങ്ങയും നെല്ലും പുകയിലയും പച്ചക്കറി വര്‍ഗങ്ങളുമാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍. ഒരു വ്യാവസായിക നഗരമായി ഇന്നു വികസിച്ചുവരുന്ന ജാഫ്നയില്‍ ഉപ്പ്, രാസവസ്തുക്കള്‍, സംസ്കരിച്ച പുകയില എന്നിവ സമൃദ്ധമായി ഉത്പാദിപ്പിക്കുന്നു.

ജാഫ്ന ഉപദ്വീപും മറ്റനേകം ചെറിയ ദ്വീപുകളും പ്രധാന കരയുടെ ചെറിയൊരു ഭാഗവും ഉള്‍പ്പെടുന്നതാണ് ജാഫ്ന ജില്ല. ശ്രീലങ്കയില്‍ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ലയും ജാഫ്നയാണ്. ഭൂരിഭാഗം ജനങ്ങളും ഇന്ത്യന്‍ തമിഴ് വംശജരാണ്.

ജാഫ്ന ജില്ലയുടെ വാണിജ്യ-ഭരണ-സിരാകേന്ദ്രമാണ് ജാഫ്ന പട്ടണം. ഡച്ചു കോളനിയായിരുന്ന കാലത്ത് (1656-1796) ജാഫ്ന ഒരു തുറമുഖവും നയതന്ത്രകേന്ദ്രവുമായിരുന്നു. ഡച്ച് അധിനിവേശത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന കോട്ടകളും പള്ളികളും മണിമന്ദിരങ്ങളും ജാഫ്നാ പട്ടണത്തില്‍ ഇന്നും നിലനില്ക്കുന്നുണ്ട്. 16-ാം ശ. മുതല്‍ 1948 വരെയുള്ള കാലഘട്ടത്തില്‍ പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ പലപ്പോഴായി ജാഫ്ന സ്വന്തമാക്കിയിരുന്നു.

രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയില്‍ നിന്നു കുടിയേറിപ്പാര്‍ത്ത തമിഴ് വംശജരുടെ സാംസ്കാരിക ഭൂമികയാണ് ജാഫ്ന. ഇന്ത്യന്‍ വംശജരായ തമിഴര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്നതും ഇവിടെയാണ്. തമിഴ് വംശജരുടെ വിമോചനത്തിനുവേണ്ടി പോരാടുന്ന നിരവധി സംഘടനകള്‍ ജാഫ്നയില്‍ പ്രവര്‍ത്തിക്കുന്നു. ജാഫ്ന ആസ്ഥാനമാക്കിയുള്ള ഒരു പ്രത്യേക സംസ്ഥാനം രൂപീകരിക്കുകയാണ് തമിഴരുടെ പ്രധാനലക്ഷ്യം. ജാഫ്ന ആസ്ഥാനമാക്കി ആദ്യകാലങ്ങളില്‍ തമിഴ് വിമോചന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത് തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട്-ടി.യു.എല്‍.എഫ്. (തുള്‍ഫ്) എന്ന സംഘടനയായിരുന്നു. പില്ക്കാലത്ത് സായുധകലാപത്തിനു പ്രാധാന്യം നല്കുന്ന എല്‍.ടി.ടി.ഇ. ഇവരുടെ നേതൃത്വം ഏറ്റെടുത്ത് കടുത്ത പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. 1988-ല്‍ ശ്രീലങ്കന്‍ ഭരണകൂടം തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള വടക്കു കിഴക്കന്‍ പ്രവിശ്യയ്ക്കു രൂപംനല്കി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%AB%E0%B5%8D%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍