This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാപ്പനീസ് തത്ത്വശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:49, 18 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാപ്പനീസ് തത്ത്വശാസ്ത്രം

ജപ്പാനില്‍ പ്രധാനമായും രണ്ടു തത്ത്വശാസ്ത്രശാഖകളാണ് വളര്‍ന്നു വികാസം പ്രാപിച്ചിട്ടുള്ളത്; കണ്‍ഫ്യൂഷ്യനിസവും പാശ്ചാത്യതത്ത്വചിന്തയും. ചൈനയില്‍ നിന്നും ജപ്പാനിലെത്തിയ കണ്‍ഫ്യൂഷ്യനിസം 404-ാമാണ്ടോടുകൂടി ജപ്പാനില്‍ പ്രചാരത്തിലായി.

കണ്‍ഫ്യൂഷ്യസിന്റെ സാമൂഹിക സദാചാര തത്ത്വമീമാംസ ജപ്പാന്‍ ജനതയുടെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലും വ്യക്തിജീവിതത്തിലും ആഴമേറിയ സ്വാധീനം ചെലുത്തി. 604-ല്‍ രൂപംകൊണ്ട ഭരണഘടനയെ ഹാന്‍ രാജവംശത്തിന്റെ (Han dynasty) സംഭാവനയായ കണ്‍ഫ്യൂഷ്യന്‍ ദര്‍ശനവും 646-ലെ ടെയ്കാ (Taika) തങ് (Tang) കണ്‍ഫ്യൂഷ്യന്‍ ദര്‍ശനവും ശക്തമായി സ്വാധീനിക്കുകയുണ്ടായി. 701-ല്‍ പുനഃസംഘടിപ്പിച്ച ചൈനാ പഠനകേന്ദ്രത്തിലെ പ്രധാന പഠനവിഷയം കണ്‍ഫ്യൂഷ്യനിസമായിരുന്നു. ദുര്‍ഭരണവിരുദ്ധ കണ്‍ഫ്യൂഷ്യന്‍ ആദര്‍ശങ്ങള്‍ ഇക്കാലത്തു ജപ്പാനില്‍ നിരോധിക്കപ്പെട്ടു. അതോടെ കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ക്കു പുതിയ വ്യാഖ്യാനങ്ങളും രൂപങ്ങളും കൈവരികയുണ്ടായി. കിബിനോ മാബികി (Kibino Mabiki),ഫുജിവാരാ നോ അരിഹിരാ (Fujiwara no Arihira), സുഗവാരാ നോ മിക്കിസാനേ (Sugawara no Michizane) എന്നിവരായിരുന്നു ഇക്കാലത്തെ പ്രമുഖ കണ്‍ഫ്യൂഷ്യന്‍ ചിന്താവ്യാഖ്യാതാക്കള്‍. 10-ാം ശ.-ല്‍ ബുദ്ധമതം ജപ്പാനില്‍ എത്തിയതോടെ കണ്‍ഫ്യൂഷ്യനിസത്തെക്കുറിച്ചുള്ള പഠനം മന്ദീഭവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ബൗദ്ധികമേഖലയും അധ്യാപനവൃത്തിയും ബുദ്ധ സന്ന്യാസികളുടെ നിയന്ത്രണത്തിലായി.

13-ാം ശ. മുതല്‍ 16-ാം ശ. വരെയുള്ള മധ്യകാലഘട്ടത്തില്‍ ചൈനയിലെ സുങ് രാജവംശത്തിന്റെ സംഭാവനയായ നവ-കണ്‍ഫ്യൂഷ്യന്‍ ചിന്ത ജപ്പാനെ സ്വാധീനിച്ചു. ടോക്കുഗാവാ (Tokugawa)മാരുടെ ഭരണകാലം അടുത്തുവന്നതോടെ നവ-കണ്‍ഫ്യൂഷ്യനിസം ജപ്പാനില്‍ ശക്തിപ്രാപിച്ചു. 1192 മുതല്‍ 1333 വരെയുള്ള കാലത്ത് ചൈനീസ് പണ്ഡിതന്മാരായിരുന്ന ഷന്‍ജോ (Shunjo), എന്നി (Enni) എന്നിവരും; പ്രശസ്ത സഞ്ചാരിയായിരുന്ന ഈസൈ(Eisai)യുംi നവ-കണ്‍ഫ്യൂഷ്യനിസം ജപ്പാനില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു. 14-ാം ശ.-ല്‍ ആഷികാഗാ ഷോഗനേറ്റി(Ashikaga Shogunate)ന്റെ ഉയര്‍ച്ചയോടെ ജപ്പാനില്‍ ധാരാളം കണ്‍ഫ്യൂഷ്യന്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിതമായി. ഛുസിയുടെ നവ-കണ്‍ഫ്യൂഷ്യന്‍ ആശയങ്ങള്‍ ആയിരുന്നു ഇവിടത്തെ പ്രധാന പഠന വിഷയം.

ടോക്കുഗാവാ കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍. 16-ാം ശ.-ത്തിനുശേഷം ടോക്കുഗാവാ ഭരണകാലത്തു കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ അനവധി പരിഷ്കാരങ്ങള്‍ക്കു വിധേയമായി. ടോക്കുഗാവാ ഭരണകര്‍ത്താക്കളില്‍ ഒന്നാമനായ ലേയാസു (Leyasu) ബുദ്ധമത ആശയങ്ങളില്‍ ആകൃഷ്ടനാകുകയും ആധ്യാത്മിക ജീവിതത്തിനു പ്രാധാന്യം നല്കുകയും ചെയ്തു. ഭരണം പ്രായോഗിക ബുദ്ധിക്കു നിരക്കണമെന്ന ലക്ഷ്യത്തോടെ ഭരണതലത്തില്‍ കണ്‍ഫ്യൂഷ്യന്‍ ആശയങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്കി. ടോക്കുഗാവായുഗത്തില്‍ നവ-കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്ത ജപ്പാനില്‍ വമ്പിച്ച പ്രചാരം നേടി. 18-ാം ശ.-ത്തോടുകൂടി ഒരുതരം യുക്തിവാദം ജപ്പാനില്‍ ഉദയം ചെയ്തു. കണ്‍ഫ്യൂഷ്യന്‍ ദര്‍ശനവും നവ-കണ്‍ഫ്യൂഷ്യന്‍ ദര്‍ശനവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഇതിനു പ്രധാന കാരണം. ഇത് ഒരു സങ്കീര്‍ണ സംസ്കാരത്തിനു കാരണമായെങ്കിലും ഒരു ബൗദ്ധിക മുന്നേറ്റത്തിനും സഹായകമായി. ബുദ്ധമതത്തോടുള്ള കടുത്ത ശത്രുത, മതനിരപേക്ഷത എന്നിവ ടോക്കുഗാവാ കണ്‍ഫ്യൂഷ്യന്‍ ആശയങ്ങളുടെ പ്രത്യേകതകളായിരുന്നു. ക്രമേണ ബുദ്ധ സന്ന്യാസിമാരുടെ കുത്തകയായിരുന്ന അധ്യാപനവൃത്തി കണ്‍ഫ്യൂഷ്യനിസ്റ്റുകളുടെ കൈകളിലേക്കു മാറുകയും ജപ്പാന്റെ ദേശീയാധ്യാപകര്‍ എന്ന ബഹുമതി ഇവര്‍ക്കു ലഭിക്കുകയും ചെയ്തു.

ടോക്കുഗാവാമാരുടെ ഭരണക്രമവും അന്നത്തെ സാമൂഹ്യാന്തരീക്ഷവും കണ്‍ഫ്യൂഷ്യന്‍ ആശയങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു, ഈ കാലഘട്ടത്തില്‍ സമുറായി വിഭാഗം ജപ്പാനില്‍ അധികാരത്തില്‍ വന്നു. ഇത് കാര്‍ഷിക മേഖലയുടെയും വ്യവസായമേഖലയുടെയും വളര്‍ച്ച ദ്രുതഗതിയിലാക്കി. സാമൂഹിക രംഗത്തുണ്ടായ ഈ മാറ്റം കണ്‍ഫ്യൂഷ്യന്‍ ചിന്തകളുടെ പ്രായോഗിക വശം മാത്രം സ്വീകരിച്ചു നടപ്പിലാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ഇതുമൂലം രാജ്യഭരണകാര്യവും ധനതത്ത്വശാസ്ത്രവും കൂട്ടിയിണക്കിക്കൊണ്ട് ഛുസി മുന്നോട്ടു വച്ച പ്രായോഗിക തത്ത്വശാസ്ത്രത്തിനു പൊതു അംഗീകാരം ലഭിച്ചു. സമൂഹത്തിലെ വിഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ രമ്യതപ്പെടുന്നതിനും ഇതു കളമൊരുക്കി. സ്ഥാനമാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് പ്രതിഭയെ ആദരിക്കുന്ന ഒരു സംസ്കാരം ആവിര്‍ഭവിച്ചു. സമൂഹത്തിലെ താഴ്ന്ന ജനവിഭാഗങ്ങളില്‍ നിന്നും കണ്‍ഫ്യൂഷ്യന്‍ അധ്യാപകര്‍ ഉയര്‍ന്നുവന്നു.

നവ-കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം. ഈ കാലഘട്ടത്തില്‍ ഛുസിയുടെ ദര്‍ശനം സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. ഫുജിവാരാ സെയ്കാ (Fujiwara Seika, 1561-1619), ഹയാഷി റാസന്‍ (Hayashi Razan, 1583-1657) എന്നിവരായിരുന്നു ഇതിന്റെ ആദ്യകാല അഭിവര്‍ത്തകന്മാര്‍. ഛുസി ദര്‍ശനം ടോക്കുഗാവാ ഭരണയുഗത്തിലെ ജനതയുടെ ഔദ്യോഗിക വിശ്വാസക്രമമാക്കി മാറ്റുന്നതില്‍ ഹായാഷിയും മറ്റും മുഖ്യ പങ്കു വഹിച്ചു. ഈ ഔദ്യോഗിക വിശ്വാസക്രമത്തിന്റെ പ്രചാരണത്തിനായി 1630-ല്‍ ഇഡോ (ഇന്നത്തെ ടോക്യോ) എന്ന സ്ഥലത്ത് ഒരു പ്രത്യേക പഠനകേന്ദ്രം തുറന്നു. ബൗദ്ധദര്‍ശനവും കണ്‍ഫ്യൂഷ്യന്‍ ദര്‍ശനവും ദൌ ദര്‍ശനവും സംയോജിപ്പിച്ചുകൊണ്ടുള്ള ഛുസിയുടെ സിദ്ധാന്തം അക്കാലത്തെ ജപ്പാനിലെ പ്രമുഖ ചിന്തകന്മാരില്‍ മതിപ്പും ആദരവും ഉളവാക്കി. ടോക്കുഗാവാ ഭരണകര്‍ത്താക്കള്‍ ഛുസി ദര്‍ശനത്തിലെ പ്രായോഗിക ആശയങ്ങളില്‍ തത്പരരായിരുന്നു.

ഛുസി ദാര്‍ശനികധാരയിലെ വിശാലവീക്ഷണമുള്ളവരുടെ ഒരു വിഭാഗം 'ദ് ക്യോട്ടോ സര്‍ക്കിള്‍' (The Kyoto Circle) എന്ന പേരില്‍ വളര്‍ന്നു വന്നു. കിനോഷിതാ യുനാന്‍ (Kinoshita Junan), അരായി ഹാകുസേകി (Arai Hakuseki), ആന്‍ഡോ സെയാന്‍ (Ando Seian), അമെനോമോറി ഹോഷു (Amenomori Hoshu), കൈബാരാ എക്കെന്‍ (Kaibara Ekkon) എന്നിവരായിരുന്നു ഇക്കൂട്ടത്തില്‍ പ്രമുഖര്‍. ഛുസിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കൈബാരയുടെ ഒരു മികച്ച കൃതിയാണ് തൈഗിരോകു (Taigiroku: The Great Doubt). ദക്ഷിണ ജപ്പാനിലെ ഷികോക് (Shikok) എന്ന പ്രദേശത്തു നിവസിക്കുന്ന തോസാവര്‍ഗക്കാരെ ഈ ദര്‍ശനം ശക്തമായി സ്വാധീനിക്കുകയും ഇതിന്റെ ഒരു ശാഖ അവിടെ വളരുകയും ചെയ്തു. മിനാമിമുറ ബെയ്ക്കിന്‍ (Minamimura Baikin), താനി ജിച്ചു (Tani Jichu) എന്നിവരാണ് ഈ ശാഖയുടെ സ്ഥാപകര്‍.

വങ്-യങ്-മിങ് അഥവാ യോമി (Yomei) ദര്‍ശനം. ജാപ്പനീസ് ജനതയ്ക്കിടയില്‍ സദാ ആദരിക്കപ്പെട്ടിരുന്ന അന്തര്‍ജ്ഞാനസിദ്ധാന്തം ഇതിന്റെ ഒരു സവിശേഷതയായിരുന്നു. സ്വഭാവ ദാര്‍ഢ്യമുള്ള സദ്ഗുണസമ്പന്നന്മാര്‍ ഈ ദര്‍ശനത്തിന്റെ തണലില്‍ ഉദയം ചെയ്തു.

265 വര്‍ഷത്തെ പഴക്കമുള്ള ടോക്കുഗാവാമാരുടെ പരമ്പരാഗത പട്ടാളഭരണത്തെയും അന്നത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയെയും അട്ടിമറിച്ചുകൊണ്ട് 1868-ല്‍ ചക്രവര്‍ത്തി പദത്തിലേക്കുയര്‍ന്ന മെയ്ജി ജപ്പാനെ ആധുനിക ലോകത്തിലെ ഒരു ഒന്നാംകിട ശക്തിയാക്കി മാറ്റി. മെയ്ജിയുടെ ഈ അധികാര പ്രതിഷ്ഠാപനത്തിനല്‍ പങ്കെടുത്തവരെ വങ് യങ് ദര്‍ശം ആഴത്തില്‍ സ്വാധീനിച്ചിരുന്നു. അതിനാല്‍ ഈ ദര്‍ശനം ചരിത്രപ്രാധാന്യമുള്ളതായിത്തീര്‍ന്നു. ഇച്ഛാശക്തി-ബുദ്ധിശക്തി, കര്‍മം-ജ്ഞാനം, ആത്മ സംസ്കാരം-ബാഹ്യചേഷ്ടകള്‍ തുടങ്ങിയ എതിര്‍ പ്രതിലോമങ്ങള്‍ യഥാര്‍ഥത്തില്‍ ഏകഭാവങ്ങളാണെന്ന് (unities) ഇദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. യോമി ദര്‍ശനത്തിന് ഛുസിയുടെ ആശയങ്ങളെ അപേക്ഷിച്ച് അദ്വൈതവാദത്തിന്റെ സവിശേഷതകളാണ് കൂടുതലായി ഉണ്ടായിരുന്നത്. പ്രപഞ്ചതത്ത്വം പ്രകൃതി വസ്തുക്കളില്‍ അന്തര്‍ലീനമാണെന്നും അതിനനുസൃതമായി മനസ്സും ബാഹ്യപ്രപഞ്ചവും ഒന്നാണെന്നും യോമി (Yomei) ദര്‍ശനം ഉദ്ഘോഷിക്കുന്നു. അതിനാല്‍ മനസ്സിന്റെ സംസ്കരണമാണ് സത്യാന്വേഷണത്തിലേക്കുള്ള താക്കോല്‍. ഇതില്‍ ആത്മസംയമനം പ്രഥമസ്ഥാനമര്‍ഹിക്കുന്നു. വസ്തുജ്ഞാനം എന്നതിലുപരി പ്രവൃത്തി ചെയ്തു ജീവിതത്തെ ശക്തിപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്യുക എന്നതിലാണ് ഈ ദര്‍ശനത്തിന്റെ കാതല്‍. അറിവിന്റെയും പ്രവൃത്തിയുടെയും യോജിപ്പാണ് ഇതിലെ മറ്റൊരു മുഖ്യ ആശയം.

പൗരാണിക പഠന ദര്‍ശനം. ഈ കാലഘട്ടത്തില്‍ നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ കൃത്രിമവും വ്യാജവുമാണെന്ന് ആരോപിച്ചു തള്ളിക്കളയുകയും പൗരാണിക കണ്‍ഫ്യൂഷ്യന്‍ ദര്‍ശനത്തിനു പ്രാധാന്യം നല്കുകയും ചെയ്തു. പ്രമുഖ ദാര്‍ശനികനായിരുന്ന ഇതോ ജിന്‍സായി (Ito Jinsai) മാനവികതയുടെയും ധര്‍മത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയുണ്ടായി. ഇദ്ദേഹത്തിന്റെ പുത്രന്‍, ഇതോ തോഗായി (Ito Togai) ഈ ആശയങ്ങളെ ക്രമപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്തു. ചൈനീസ് ഭാഷാവിദഗ്ധനായ ഓഗ്യു സൊറായി (Ogyu Sorai) ജീവിതത്തിലാവശ്യമായ പ്രായോഗിക സിദ്ധാന്തങ്ങളെക്കുറിച്ചും സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രയോജനത്തെക്കുറിച്ചും ഊന്നിപ്പറയുകയും മതാനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും സാമൂഹ്യ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സദാചാരമീമാംസയുടെ സാമൂഹിക വശങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ആധുനിക ടോക്കുഗാവാ കണ്‍ഫ്യൂഷ്യന്‍ ചിന്തകളും മറ്റു പ്രവണതകളും. 1716 മുതല്‍ 36 വരെയുണ്ടായിരുന്ന കിയോഹോ ഭരണകാല(Kyoho Era)ത്തിനുശേഷം കണ്‍ഫ്യൂഷ്യന്‍ ദര്‍ശനങ്ങളുടെ പിന്‍ഗാമികള്‍ ജപ്പാനിലുടനീളം ചിന്നിച്ചിതറി. പിന്നീടു രൂപീകൃതമായതാണ് തത്ത്വശാസ്ത്ര-ചരിത്രദര്‍ശനം (Philosophico-historical school), വിശിഷ്ട ദര്‍ശനം (Eclectic school) എന്നീ ചിന്താപദ്ധതികള്‍. വിശാലമനസ്കത, അന്ധമായ മതവിശ്വാസത്തിന്റെ അഭാവം, വ്യക്തി മാഹാത്മ്യവാദം, വസ്തുനിഷ്ഠമായ സമീപനം എന്നിവ ഈ ദര്‍ശനങ്ങളുടെ പൊതുവേയുള്ള സവിശേഷതകളായിരുന്നു. 1720-ല്‍ ഭരണകര്‍ത്താവായിരുന്ന ടോക്കുഗാവാ യോഷിമ്യൂണ്‍ (Tokugawa Yoshimune) പാശ്ചാത്യതത്ത്വശാസ്ത്രത്തെ വിശാലമനസ്കതയോടെ സ്വീകരിച്ചു. അതിന്റെ സ്വാധീനത്താല്‍ ഒരു യുക്തിവാദം (Rationalism) ജപ്പാനില്‍ രൂപപ്പെട്ടു. ഇതിന്റെ ഏറ്റവും പ്രമുഖ വക്താവായ ടോമിനാഗാ നാഗാമോട്ടോ (Tominaga Nagamoto) ബൗദ്ധദര്‍ശനം, കണ്‍ഫ്യൂഷ്യനിസം, ഷിന്റോയിസം എന്നിവ വിമര്‍ശനാത്മക ചരിത്രപഠനത്തിനു വിധേയമാക്കുകയും 'സത്യത്തിന്റെ മതം' (The religion of true fact) എന്നൊരു യുക്ത്യധിഷ്ഠിത ധര്‍മമീമാംസയ്ക്കു രൂപം നല്കുകയും ചെയ്തു. മറ്റൊരു വക്താവായ മ്യൂറാ ബയേന്‍ (Miura Baien) ലോജിക് ഒഫ് തിങ്സ് (Logic of Things) എന്നൊരു ശാഖ വികസിപ്പിച്ചെടുത്തു. മ്യൂറാ ബയേന്‍, കയ്ഹോ സൈര്യോ എന്നിവര്‍ ക്രയവിക്രയസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി ഒരു ധനതത്ത്വശാസ്ത്രം വികസിപ്പിച്ചെടുത്തു. ജപ്പാനില്‍ നിലനിന്നിരുന്ന മതപരവും സാമൂഹ്യവുമായ പ്രത്യയശാസ്ത്രങ്ങളെ തീവ്രവിമര്‍ശനത്തിനു വിധേയമാക്കിക്കൊണ്ട് ഭൗതികവാദത്തിലേക്കുള്ള തന്റെ ചായ്വ് പ്രകടമാക്കിയ മറ്റൊരു തത്ത്വചിന്തകനായിരുന്നു ആന്‍ഡോ ഷോയേകി (Anto Shoeki).


മൊത്തുരി നോറിനാഗാ (Motoori Norinaga), കാമോ മബുച്ചി (Kamo Mabuchi) എന്നിവരാല്‍ നയിക്കപ്പെട്ട ദേശീയപഠനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ക്കു കനത്ത പ്രഹരമായി; അത് കൂടുതല്‍ ശിഥിലീകരിക്കാന്‍ കാരണവുമായി. ഈ സമയത്ത് ജപ്പാനില്‍ കണ്‍ഫ്യൂഷ്യനിസത്തിനു ശക്തമായ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. ജപ്പാനെ സ്വാധീനിച്ചിരുന്ന ചൈനയുടെ സാംസ്കാരിക പാരമ്പര്യത്തെ അവഗണിച്ചുകൊണ്ട് ഷിന്റോ സംസ്കാരത്തിനു പ്രാധാന്യം നല്കി. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്താചരിത്രകാരന്മാരുടെ സംഭാവനയായ മിതോ സ്കൂള്‍ (Mito School) ജനങ്ങളുടെ വിശ്വസ്തതയും ഭക്തിയും ടോക്കുഗാവാമാരില്‍ നിന്നും ചക്രവര്‍ത്തിയിലേക്കു മാറ്റുന്നതിനുവേണ്ടി പരിശ്രമിച്ചു. ഷിന്റോ പ്രത്യയശാസ്ത്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനു കണ്‍ഫ്യൂഷ്യനിസത്തെ ഉപയോഗപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കണ്‍ഫ്യൂഷ്യനിസത്തിന്റെ പ്രാധാന്യത്തെ അധികകാലം തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. 1841-ല്‍ സതോ ഇസ്സയ് (Sato Issai) ഇഡോയിലെ (Edo) ആസ്ഥാന കണ്‍ഫ്യൂഷ്യന്‍ പണ്ഡിതനായിത്തീര്‍ന്നു. ഇദ്ദേഹം ഛുസിയുടെ സിദ്ധാന്തം പഠിപ്പിക്കുന്നതോടൊപ്പം യോമി (Yomei) ദര്‍ശനത്തെയും പാശ്ചാത്യതത്ത്വചിന്തയെയും അംഗീകരിച്ചു. ടാക്കാനോ ചോയി (Takano Choei) എന്ന ചിന്തകന്‍ ജപ്പാന്റെ മനസ് പാശ്ചാത്യ ലോകത്തിനു നേര്‍ക്കു തുറന്നിടാന്‍ നിര്‍ദേശിച്ചു. മെയ്ജി(Meiji)യുടെ അധികാര പ്രതിഷ്ഠാപനത്തിനുശേഷം കണ്‍ഫ്യൂഷ്യനിസത്തിനു മങ്ങലേറ്റെങ്കിലും ജപ്പാനില്‍ അതിന്റെ സ്വാധീനം ഇപ്പോഴും ശക്തമാണ്. 1887-നുശേഷം ജപ്പാനില്‍ ദേശീയവാദം ശക്തി പ്രാപിച്ചിരുന്നു. ജപ്പാന്റെ ദേശീയത ശക്തമായ അടിത്തറയില്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തങ്ങള്‍ ഷിന്റോ സംസ്കാരത്തോട് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ ജപ്പാനിലെ രാഷ്ട്രീയാന്തരീക്ഷം കണ്‍ഫ്യൂഷ്യനിസത്തെ പ്രതികൂലമായി ബാധിച്ചു; അതിന്റെ വളര്‍ച്ചയും മുരടിച്ചു.

പാശ്ചാത്യ തത്ത്വശാസ്ത്രം. 1868-ല്‍ മെയ്ജി അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് നിഷി അമനെ (Nishi Amane) എന്ന ജാപ്പനീസ് തത്ത്വചിന്തകന്‍ ജപ്പാനില്‍ പാശ്ചാത്യ തത്ത്വശാസ്ത്രം അവതരിപ്പിച്ചു. അതിനായി പാശ്ചാത്യ ദര്‍ശനത്തെ സൂചിപ്പിക്കുന്ന കിറ്റേട്സുഗാകു (Kitetsugaku-അറിവിനു വേണ്ടിയുള്ള ശാസ്ത്രീയാന്വേഷണം) എന്ന ജാപ്പനീസ് പദം ഇദ്ദേഹം സൃഷ്ടിച്ചു. പാശ്ചാത്യ തത്ത്വചിന്ത പഠിപ്പിക്കുന്നതിനായി വിവിധ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും പ്രഗല്ഭരായ തത്ത്വശാസ്ത്രപണ്ഡിതന്മാരെ ജപ്പാനിലേക്കു ക്ഷണിച്ചുവരുത്തി. 1886-ല്‍ സ്ഥാപിതമായ ടോക്യോയിലെ ഇംപീരിയല്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രപഠനം വിദഗ്ധരായ ജാപ്പനീസ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ തന്നെ നിര്‍വഹിച്ചിരുന്നു. ആദ്യത്തെ തത്ത്വശാസ്ത്രവാര്‍ത്താ പത്രികയായ ടെട്സുഗാകു-കൈ സാശ്ശി ഈ സര്‍വകലാശാല പ്രസിദ്ധീകരിക്കുകയുണ്ടായി (1887).

ആംഗലേയ-ജര്‍മന്‍ ആശയവാദം. പോസിറ്റിവിസം, യൂട്ടിലിറ്റേറിയനിസം, മെറ്റീരിയലിസ്റ്റ് എവലൂഷനിസം എന്നീ പാശ്ചാത്യ ചിന്താപദ്ധതികളാണ് ആദ്യഘട്ടങ്ങളില്‍ ജപ്പാനില്‍ പ്രചരിച്ചിരുന്നത്. തുടര്‍ന്ന്, വിദേശപണ്ഡിതന്മാരുടെ ആശയ സ്വാധീനവും ജപ്പാന്റെ ദേശീയ ധര്‍മശാസ്ത്ര ആശയങ്ങളും ഇഴുകിച്ചേര്‍ന്ന് ആംഗലേയ-ജര്‍മന്‍ ആശയവാദം (Anglo-German Idealism) എന്നൊരു പുതിയ ചിന്താപദ്ധതി രൂപംകൊണ്ടു. ടോക്യോ സര്‍വകലാശാലയിലെ ജപ്പാന്‍കാരനായ ആദ്യത്തെ ഫിലോസഫി പ്രൊഫസര്‍ ഇനോ ടേട്സുജിറോ (Inoue Tetsujiro) ഈ ആശയവാദത്തെ അംഗീകരിച്ചിരുന്നു. പ്രാതിഭാസികലോകവും സത്യവും തമ്മിലുള്ള അനന്യതാ സിദ്ധാന്തത്തെ (The theory of identity of the phenomenal world with reality) സൂചിപ്പിക്കുന്ന ജര്‍മന്‍ ആശയം ഇനോ ടേട്സുജിറോ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചു. ജാപ്പനീസ് ഭാഷയുടെ സംജ്ഞാ ശാസ്ത്രത്തിനുവേണ്ടി ഒരു മൂലഗ്രന്ഥം രചിച്ച ഇദ്ദേഹം ഒരു ജാപ്പനീസ് തത്ത്വശാസ്ത്ര നിഘണ്ടു നിര്‍മിച്ചു പ്രകാശനം ചെയ്തിരുന്നു. ഇനോവിനെ തുടര്‍ന്ന് ടോക്യോ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രവിഭാഗം പ്രൊഫസറായി വന്ന കുവാകി ജെന്‍ യോകു (Kuwaki Gen' Yoku) ഒരു തികഞ്ഞ കാന്റിയന്‍ ചിന്തകനായിരുന്നു. ഈ കാലഘട്ടത്തിലെ ജാപ്പനീസ് ചിന്തകന്മാര്‍ക്കിടയില്‍ നവ-കാന്റിയന്‍ ചിന്തയുടെ ശക്തമായ സ്വാധീനം ദൃശ്യമായിരുന്നു.

തത്ത്വചിന്താചരിത്ര വികാസം. ടെയ്സോ കാലഘട്ടത്തില്‍ (Taisho era) ജപ്പാന്‍ തത്ത്വശാസ്ത്രരംഗം അറിവിനുവേണ്ടിയുള്ള ഊര്‍ജസ്വലമായ പ്രയാണം ആരംഭിച്ചതായി കാണാം. ഒനിഷി ഹാജിമെ (Onishi Hajime), ഹതനോ സീച്ചി (Hatano Seiichi) എന്നിവര്‍ തത്ത്വചിന്താചരിത്രം വളരെ ശാസ്ത്രീയമായിത്തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. സ്വതന്ത്രചിന്തകനും ധര്‍മമീമാംസകനുമായ ഒനിഷി ജപ്പാനിലെ കാന്റ് എന്നറിയപ്പെട്ടു. തത്ത്വശാസ്ത്രനിഘണ്ടുവിന്റെ നിര്‍മാണവും മൂലഗ്രന്ഥങ്ങളുടെ ജാപ്പനീസ് ഭാഷയിലേക്കുള്ള പരിഭാഷയും ഇവരുടെ ദൌത്യത്തെ സഹായിക്കുകയും, തുടര്‍ന്ന് നവ-കാന്റിയന്‍ ചിന്തയ്ക്ക് ജാപ്പനീസ് സര്‍വകലാശാലകളില്‍ പ്രാമുഖ്യമേറുകയും ചെയ്തു. അമേരിക്കന്‍ ചിന്തകരായ വില്യം ജെയിംസ്, ജോണ്‍ ഡ്യൂയി എന്നിവരുടെ പ്രാഗ്മാറ്റിസവും ഇന്‍സ്ട്രുമെന്റലിസവും ജാപ്പനീസ് ജനതയെ ആകര്‍ഷിച്ച മറ്റു രണ്ടു പ്രധാന ദര്‍ശനങ്ങളാണ്. ജാപ്പനീസ് തത്ത്വചിന്തകനായ തനക (Tanaka) സാമൂഹ്യ ആശയങ്ങളെ അടിസ്ഥാനമാക്കി ജീവിതം ലളിതവും പ്രകൃതിക്കിണങ്ങിച്ചേര്‍ന്നതുമായിരിക്കണമെന്ന വീക്ഷണം മുന്നോട്ടു വച്ചു.

ടെയ്സോ കാലഘട്ടത്തിലെ ഒരു പ്രസിദ്ധ ചിന്തകനായ നിഷിദ കിതറോ (Nishida Kitaro), 'നിഷിദയുടെ തത്ത്വദര്‍ശം' എന്ന് പിന്നീട് അറിയപ്പെട്ട ദര്‍ശനം വികസിപ്പിച്ചെടുത്തു. ഇതില്‍ ഇദ്ദേഹം പ്രവര്‍ത്തന തര്‍ക്കമീമാംസയ്ക്കുവേണ്ടിയുള്ള (Logic of field or logic of place) അന്വേഷണം നടത്തുന്നതായി കാണാം. കൂടാതെ ഇദ്ദേഹം ഒരു പൗരസ്ത്യ തര്‍ക്കമീമാംസാ പദ്ധതിക്കും രൂപം നല്കിയിരുന്നു. എമില്‍ ലാസ്കയുടെ 'ഫീല്‍ഡ്' സിദ്ധാന്തവും മഹായാന ബുദ്ധിസത്തിലെ 'ശൂന്യതാ' സിദ്ധാന്തവും ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.

ക്യോട്ടോ സര്‍വകലാശാലയിലെ മറ്റൊരു പ്രശസ്ത ചിന്തകനായിരുന്ന തനബെ ഹജിമെ (1885-1962) സ്ഥാപിച്ച തത്ത്വശാസ്ത്രപഠനസംഘമാണ് ക്യോട്ടോ പഠനകേന്ദ്രം. വ്യക്തിയും മനുഷ്യവര്‍ഗവും തമ്മിലുള്ള ബന്ധവും അത് ഓരോ ദേശത്തും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും കണിക്കുന്ന 'ലോജിക് ഒഫ് സ്പീഷീസ്'(Logic of species) എന്ന സിദ്ധാന്തവും ഇദ്ദേഹം അവതരിപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം തനബെ ഹജിമെ ജപ്പാനിലെ ബുദ്ധിജീവികളുടെ നായകനായിത്തീരുകയും ദേശീയവാദ സിദ്ധാന്തങ്ങള്‍ക്ക് ഒരു ശുദ്ധികലശം നിര്‍ദേശിക്കുകയും ചെയ്തു. അതേ സമയം, സ്വതന്ത്രചിന്തകനായിരുന്ന തകഹാഷി സതോമി തന്റെ ചിന്താസ്വാതന്ത്യ്രം ദേശീയവാദ സമ്മര്‍ദത്തിന് ഒരിക്കലും അടിയറ വയ്ക്കുകയുണ്ടായില്ല; നിഷിദാചിന്തകള്‍ക്ക് എതിരായ ഒരു 'വിമര്‍ശനാത്മക തര്‍ക്കശാസ്ത്രം' സ്വയം വികസിപ്പിച്ചെടുത്തു. ഹസ്സേളിന്റെ 'ഫെനമനോളജി' സിദ്ധാന്തത്തിന്റെ ജപ്പാനിലെ ആദ്യകാല വക്താക്കളായിരുന്നു മുതയ് റിസകു (Mutai Risaku), യമൗച്ചി ടോകുരിയു (Yamouchi Tokuryu) എന്നിവര്‍. ചരിത്രപരവും മാനുഷികവുമായ കാഴ്ചപ്പാടോടെ തികച്ചും സമാധാന സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'മൂന്നാം മാനവമതം' (Third Humanism) എന്നൊരു ചിന്താപദ്ധതി 1951-നുശേഷം മുതയ് റിസകു ആവിഷ്കരിച്ചു.

മനുഷ്യന്‍ ഏതെങ്കിലും ഒരു സമൂഹത്തിലെയോ ഗോത്രത്തിലെയോ ഒരു സമുദായത്തിലെയോ അംഗമാണെന്ന ആശയത്തെ അടിസ്ഥാനമാക്കി വാത്സുജി റ്റേറ്റുറോ (Watsuji Teturo) എത്തിക്സ് ആസ് ആന്ത്രോപോളജി (Ethics as Anthropology) എന്ന ഗ്രന്ഥം രചിച്ചു. ഇദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമാണ് ഹിസ്റ്ററി ഒഫ് ജാപ്പനീസ് എത്തിക്കല്‍ തോട്ട് (History of Japanese Ethical Thought). ഈ കാലഘട്ടത്തിലെ മറ്റൊരു ധര്‍മമീമാംസകനാണ് കനേകോ ടാക്കേസോ. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഹെഗലിന്റെ സ്വാധീനം ശക്തമായി കാണാം. ജപ്പാന്റെ ധര്‍മശാസ്ത്രത്തെക്കുറിച്ചു പഠനം നടത്തിയ മറ്റു പ്രശസ്തര്‍ ഫ്യൂറുക്കാവാ, ഓഷിമാ എന്നിവരാണ്.

മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രം. മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രം 1926-ല്‍ ജപ്പാനില്‍ പ്രചാരത്തിലായി. മികികിയോഷിയാണ് ജപ്പാനിലെ ഇതിന്റെ ആദ്യ വ്യാഖ്യാതാവ്. രണ്ടാം ലോകയുദ്ധത്തിനു മുന്‍പ് ജപ്പാനില്‍ നിലനിന്നിരുന്ന ദേശീയവാദത്തെ മാര്‍ക്സിസ്റ്റ് ചിന്തകര്‍ ശക്തിയുക്തം എതിര്‍ത്തു. 1945-നുശേഷം ജപ്പാനില്‍ മാര്‍ക്സിസ്റ്റ് ചിന്തയ്ക്ക് അഭൂതപൂര്‍വമായ പ്രചാരം ഉണ്ടായി; പല പ്രമുഖ ചിന്തകന്മാരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

മറ്റു ചില ആധുനിക ചിന്താപ്രവണതകളും ജപ്പാനില്‍ അക്കാലത്ത് പ്രത്യക്ഷപ്പെടുകയുണ്ടായി. യുദ്ധാനന്തര ജപ്പാനില്‍ ഉടലെടുത്ത രണ്ടാമത്തെ പ്രവണത അസ്തിത്വവാദമാണ്. ഹെയ്ഡഗ്ഗര്‍ (Heidegger), ജാസ്പേഴ്സ് (Jaspers), സാര്‍ത്രെ (Sartre), ഗാബ്രിയല്‍ മാസല്‍ (Gabriel Marcel) മുതലായ ചിന്തകന്മാരുടെ അസ്തിത്വവാദ ദര്‍ശനം അതിന്റെ സര്‍വ ലക്ഷണങ്ങളോടും കൂടി ജപ്പാനിലും പ്രത്യക്ഷപ്പെട്ടു. 1950-ല്‍ സ്ഥാപിതമായ 'അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഒഫ് അമേരിക്കന്‍ ഫിലോസഫി' എന്ന പ്രസ്ഥാനം 'പ്രാഗ്മാറ്റിസം' (Pragmatism) എന്ന അമേരിക്കന്‍ തത്ത്വചിന്തയുടെ ഉയിര്‍ത്തെഴുന്നേല്പിനു കാരണമായി. ലോജിക്കല്‍ പോസിറ്റിവിസം, ലിങ്ഗ്വിസ്റ്റിക് ഫിലോസഫി, അനലറ്റിക്കല്‍ ഫിലോസഫി, ഫിലോസഫി ഒഫ് സയന്‍സ് തുടങ്ങി തത്ത്വശാസ്ത്ര പഠനത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേക പരിചയം നേടിയവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പാശ്ചാത്യ-പൗരസ്ത്യദര്‍ശനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നടത്തുന്നതിനായി ഒരു പൊതു അടിത്തറ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കവദാകുമാതരോ, നകമുര ഹജിമെ എന്നിവര്‍ സഹകരിച്ച് 'തുലനാത്മക തത്ത്വശാസ്ത്രം' (Comparative philosophy) എന്ന ചിന്താപദ്ധതി മുന്നോട്ടു വച്ചു.

ആധുനിക ജപ്പാനിലെ തത്ത്വചിന്തയുടെ വികാസം മുഖ്യമായും സര്‍വകലാശാലാ അധ്യാപകരുടെ കൈകളിലൂടെയാണ് സാധ്യമായത്. 1945 വരെ ജാപ്പനീസ് സര്‍വകലാശാലകളിലുണ്ടായിരുന്ന അപര്യാപ്തമായ അന്തരീക്ഷം ഇവിടത്തെ തത്ത്വചിന്താ വളര്‍ച്ചയെ സാരമായി ബാധിച്ചു. തര്‍ക്കസ്വഭാവം, ജ്ഞാനം ആപേക്ഷികമാണെന്നവാദം, പ്രതിജ്ഞാബദ്ധതയില്ലായ്മ എന്നീ പ്രവണതകള്‍ ആധുനിക ജാപ്പനീസ് തത്ത്വശാസ്ത്രത്തിന്റെ പൊതു സ്വഭാവങ്ങളാണ്. ഈ ദൌര്‍ബല്യം കാരണം നാനാമതങ്ങള്‍ ചിന്താലോകത്തെ സ്വാധീനിക്കുകയും അവയുടെ സാരാംശങ്ങളെല്ലാം ചേര്‍ന്ന് ഒരു പുതിയ ചിന്താപദ്ധതി രൂപപ്പെട്ടു വരികയും ചെയ്തു. ആധുനിക ജാപ്പനീസ് ചിന്തകരായ നിഷിദ (Nishida), തനബെ (Tanabe), തകാഹഷി (Takahashi), വത്സുജി (Watsuji), ഹതനോ (Hatano) എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ സുശക്തമായ ക്രിയാത്മകചിന്ത പ്രകടമാണ്.

ആത്മതത്ത്വം, സദാചാരതത്ത്വശാസ്ത്രം, ക്രമബദ്ധമായ ചിന്താശാസ്ത്രം എന്നിവയ്ക്കുള്ള അന്വേഷണം ആധുനിക ജാപ്പനീസ് തത്ത്വചിന്തയുടെ സവിശേഷതകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍