This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാന്‍സ്കി, കാള്‍ ഗുതെ (1905 - 50)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാന്‍സ്കി, കാള്‍ ഗുതെ (1905 - 50)

Jansky, Carl Guthe

അമേരിക്കന്‍ എന്‍ജിനീയര്‍. താരകീയ സ്രോതസ്സില്‍ നിന്നുദ്ഭവിക്കുന്ന റേഡിയോ തരംഗങ്ങള്‍ ആദ്യമായി കണ്ടെത്തുകയും തുടര്‍ന്ന് റേഡിയോ അസ്ട്രോണമി എന്ന ശാസ്ത്ര ശാഖയ്ക്കു തുടക്കം കുറിക്കുകയും ചെയ്തത് ഇദ്ദേഹമാണ്. ഒക്ലഹോമയിലെ നോര്‍മെനില്‍ 1905 ഒ. 22-നു ജനിച്ചു.

വിസ്കൊന്‍സിന്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ജാന്‍സ്കി 1928-ല്‍ ബെല്‍ ടെലിഫോണ്‍ ലബോറട്ടറിയില്‍ റേഡിയോ റിസര്‍ച്ച് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു.

സമുദ്രാന്തര ടെലിഫോണ്‍ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന അറ്റ്മോസ്ഫെറിക് റേഡിയോ സ്റ്റാറ്റിക് സിഗ്നലുകളെ ജാന്‍സ്കി നിരീക്ഷണ വിധേയമാക്കി. ഇത്തരം സിഗ്നലുകളുടെ തീവ്രത, ആഗമനദിശ എന്നിവയില്‍ നിന്നു രണ്ടു തരത്തിലുള്ള സിഗ്നലുകളെ ഇദ്ദേഹം വേര്‍തിരിച്ചറിഞ്ഞു. അവയുടെ സ്രോതസ് യഥാക്രമം അടുത്തും ദൂരെയും രൂപംകൊണ്ട ഇടിയും മഴയും ചേര്‍ന്ന കൊടുങ്കാറ്റായിരുന്നു. എന്നാല്‍, അവയിലെ മൂന്നാമതൊരുതരം സ്റ്റാറ്റിക് സിഗ്നലുകളുടെ ഉറവിടം ജാന്‍സ്കിക്കു പെട്ടെന്നു കണ്ടെത്താനായില്ല. ആ തരംഗങ്ങളുടെ ആവൃത്തി 20.5 MHz ഉം തരംഗദൈര്‍ഘ്യം 14.6 മീറ്ററുമായിരുന്നു. ഉത്സര്‍ജന തീവ്രതയുടെ ആവര്‍ത്തികാലം ഒരു നക്ഷത്ര ദിവസത്തിനു തുല്യമായിരുന്നു (24 മണിക്കൂര്‍). ഇതില്‍ നിന്നും തരംഗ സ്രോതസ് നിശ്ചലമായിരിക്കാമെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. ക്ഷീരപഥം, ആന്റിന ദിശയ്ക്കു കുറുകെ കടന്നുപോകുമ്പോഴാണ്, ഇത്തരം റേഡിയോരവം ഉണ്ടാകുന്നതെന്ന വസ്തുതയും ജാന്‍സ്കി മനസ്സിലാക്കി. തുടര്‍ന്ന് ഭൂമിയുടെ ഭ്രമണം, പരിക്രമണം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ കണക്കുക്കൂട്ടലുകളില്‍ നിന്നും ക്ഷീരപഥത്തിലാണ് മേല്പറഞ്ഞ റേഡിയോ ഉത്സര്‍ജനത്തിന്റെ സ്രോതസ്സെന്ന് ജാന്‍സ്കി കണ്ടെത്തി.

ജാന്‍സ്കി തന്റെ ഗവേഷണഫലങ്ങള്‍ 1932-ല്‍ പ്രസിദ്ധീകരിച്ചു. ഈ വിഷയത്തിലുള്ള പഠനം പിന്നീട് ഇദ്ദേഹം തുടര്‍ന്നില്ല. ഗ്രോറ്റ് റെബെറും (Grote Reber മറ്റുമാണ് ഈ വിഷയത്തില്‍ പഠനങ്ങള്‍ തുടര്‍ന്നു നടത്തിയത്.

ജാന്‍സ്കിയുടെ ബഹുമാനാര്‍ഥം ശാസ്ത്രസമൂഹം റേഡിയോ തരംഗ ഉത്സര്‍ജന തീവ്രതയുടെ ഏകകത്തിന് ഇദ്ദേഹത്തിന്റെ പേര്‍തന്നെ നല്കി. രണ്ടാം ലോകയുദ്ധകാലത്ത് 'റേഡിയോ ഡയറക്ഷന്‍ ഫൈന്‍ഡേഴ്സി'നെക്കുറിച്ചു നടത്തിയ പഠനത്തിന് ജാന്‍സ്കിക്ക് ആര്‍മി-നേവി വിഭാഗത്തിന്റെ അഭിനന്ദനം ലഭിക്കുകയുണ്ടായി.

ഇദ്ദേഹം ന്യൂജെഴ്സിയില്‍ 1950 ഫെ. 4-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍