This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാനകീ രാമന്‍, ടി. (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാനകീ രാമന്‍, ടി. (1921 - )

തമിഴ് നോവലിസ്റ്റും ചെറുകഥാകൃത്തും. സംഗീതജ്ഞനും സംസ്കൃത പണ്ഡിതനുമായിരുന്ന ത്യാഗരാജശാസ്ത്രികളുടെ പുത്രനായി 1921-ല്‍ ജനിച്ചു. മദിരാശി സര്‍വകലാശാലയില്‍ നിന്നു ബി.എ., ബി.എഡ്. ബിരുദങ്ങള്‍ സമ്പാദിച്ച ശേഷം ഹൈസ്കൂളധ്യാപകനായി. പിന്നീട് ആകാശവാണിയിലെ മുഖ്യ പ്രോഗ്രാം എക്സിക്യൂട്ടീവായി.

പ്രമുഖ കഥാകാരനായ കെ.പി. രാജഗോപാലന്റെ സ്വാധീനമാണ് ഇദ്ദേഹത്തെ സാഹിത്യരംഗത്തേക്ക് ആനയിച്ചത്. ഇതിനകം പത്തോളം നോവലുകളും രണ്ടു നോവലെറ്റുകളും ആറു കഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും മൂന്നു യാത്രാവിവരണങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.

തഞ്ചാവൂര്‍ ജനതയുടെ ജീവിതവൈവിധ്യത്തിനു ജാനകീരാമന്‍ നല്കിയ വികാരസാന്ദ്രമായ ആഖ്യാനരൂപങ്ങളാണ് നോവലുകളേറെയും. വിലക്കുകളെ അതിലംഘിച്ച്, ആത്മബോധം ഉയര്‍ത്തിപ്പിടിക്കുന്നതിനായി സ്ത്രീകള്‍ നടത്തുന്ന നിശ്ശബ്ദമായ, സഹനാത്മകമായ മുന്നേറ്റം ഈ നോവലുകളിലോരോന്നിലും പടിപടിയായി വികസിക്കുന്നതു കാണാം. മോഹമുള്ള് (1961) ഇദ്ദേഹത്തിന്റെ രചനകളുടെ മിക്ക സവിശേഷതകളും ഉള്‍ക്കൊള്ളുന്ന നോവലാണ്. തന്നെക്കാള്‍ പ്രായമുള്ള ഒരു ദരിദ്ര സ്ത്രീയോട് ഒരു കലാശാലാവിദ്യാര്‍ഥിക്കുണ്ടാകുന്ന പ്രണയമാണ് ഇതിലെ ഇതിവൃത്തം. ആര്‍ദ്രമായൊരു സംഗീതധാര പോലെയാണ് ഇതിന്റെ ആവിഷ്കാരം. അമ്മവന്താളി(1967)ലെത്തുമ്പോള്‍ സ്ത്രീ, യാഥാസ്ഥിതികത്വത്തിനെതിരെ ശരിക്കും അമര്‍ഷം കൊള്ളുകതന്നെ ചെയ്യുന്നു. മരപ്പശു (1975) ജാനകീരാമന്റെ നോവലുകളുടെ വികസിതമാതൃകയെ സാക്ഷ്യപ്പെടുത്തുന്ന രചനയാണ്.

മരപ്പശു, വുഡന്‍ കൗ എന്ന പേരിലും അമ്മ വന്താള്‍, ദ സിന്‍സ് ഒഫ് അപ്പൂസ് മദര്‍ എന്ന പേരിലും ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. വൈത്യം (1976) ആണ് മുഖ്യകഥാസമാഹാരം. ഇതിന് 1978-ല്‍ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഉദയസൂര്യന്‍ (ജപ്പാന്‍ യാത്ര), കരുങ്കടലും കലൈക്കടലും (റുമാനിയ-യൂറോപ്യന്‍ സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍) എന്നിവയാണ് യാത്രാവിവരണങ്ങള്‍. കാവേരീനദിയെപ്പറ്റി ഇദ്ദേഹവും ജി. സുന്ദരരാജനും ചേര്‍ന്നെഴുതിയ കൃതിയാണ് നന്തത്തായ്വഴി കാവേരി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍