This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാദവ്പൂര്‍ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാദവ്പൂര്‍ സര്‍വകലാശാല

കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്ററി സര്‍വകലാശാല. താരക്നാഥ് പലിത് എന്ന വ്യക്തിയുടെ സഹായത്തോടെ സാങ്കേതിക വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു ഇത്. 1919-ല്‍ ഈ സ്ഥാപനം കോളജ് ഒഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയായി രൂപാന്തരം പ്രാപിച്ചു. 1955 ഡി. 24-നാണ് ഇതു സര്‍വകലാശാലയായി മാറിയത്. 1981-ലെ ജാദവ്പൂര്‍ സര്‍വകലാശാലാ നിയമം അനുസരിച്ചാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ ഭരണം നടക്കുന്നത്.

രണ്ടു കോളജുകള്‍ ഉള്ള സര്‍വകലാശാലയില്‍ മൂന്നു ഫാക്കല്‍റ്റികളിലായി 29 വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക-മാനവിക വിഷയങ്ങളിലും മറിച്ചും പരിശീലനം നല്കിവരുന്നു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഫാക്കല്‍റ്റികളില്‍ ബിരുദാനന്തര പാഠ്യപദ്ധതികളുടെ അധ്യയനം ആഗ. 1-ന് ആരംഭിച്ച് ജൂല. 31-ന് അവസാനിക്കുന്നു. ഫാക്കല്‍റ്റി ഒഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സെമസ്റ്റര്‍ സമ്പ്രദായമാണ്; ഒന്നാം സെമസ്റ്റര്‍ ജൂല. 1 മുതല്‍ ന. 30 വരെയും രണ്ടാം സെമസ്റ്റര്‍ ഡി. 1 മുതല്‍ ജൂണ്‍ 30 വരെയും വാര്‍ഷിക പരീക്ഷ മേയ്-ജൂണ്‍ മാസങ്ങളിലും അനുബന്ധപരീക്ഷ സെപ്. മാസത്തിലുമാണ് നടത്താറുള്ളത്.

വിദ്യാര്‍ഥികള്‍ക്ക് കായിക വിനോദത്തിനും ചികിത്സയ്ക്കും ഉള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശവും പരിശീലനവും നല്കുന്നതിനുള്ള ഒരു കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യനന്മയെ ലക്ഷ്യമാക്കിയുള്ള പല പദ്ധതികള്‍ സര്‍വകലാശാല ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ദുര്‍ബല വിഭാഗക്കാര്‍ക്കുവേണ്ടി നടത്തുന്ന സാങ്കേതിക പരിശീലന പദ്ധതികള്‍, ആരോഗ്യബോധവത്കരണ പരിപാടികള്‍ എന്നിവ ഇവയില്‍ ചിലതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍