This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാതിവ്യവസ്ഥ, ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ജാതിവ്യവസ്ഥ, ഇന്ത്യയില്‍

ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനപരമായ സവിശേഷതയാണ് ജാതി. ശ്രേണിബദ്ധമായി സംഘടിപ്പിക്കപ്പെട്ട ഒരു സാമൂഹിക സംവിധാനമായി ഇതിനെ കാണാം. പരമ്പരാഗത ഹൈന്ദവസമൂഹത്തിന്റെ മുഖമുദ്രയാണ് ജാതിവ്യവസ്ഥ. ഹിന്ദുമതത്തിന്റെ ആധാര ശിലകളായി അറിയപ്പെടുന്ന ചില ധര്‍മശാസ്ത്ര സംഹിതകളാണ് ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രമായി വര്‍ത്തിക്കുന്നത്. ഓരോ ജാതിയും ഇതര ജാതികളില്‍ നിന്നു വ്യത്യസ്തമാണ്. ഒരു ജാതിയിലെ അംഗത്വം പരമ്പരാഗതവും സ്ഥിരവുമാണ്. ഒരു ജാതിയില്‍ ഉള്‍പ്പെടുന്ന വ്യക്തിക്ക് മറ്റൊരു ജാതിക്കാരനായി മാറാന്‍ കഴിയില്ല. ഒരു വ്യക്തി ഏതു ജാതിക്കാരനായി ജനിക്കുന്നുവോ പ്രസ്തുത ജാതിക്കാരനായി തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.

ജാതിവ്യവസ്ഥയുടെ ആവിര്‍ഭാവം

വംശീയ വര്‍ഗീകരണ(racial stratification)വുമായി സാദൃശ്യമുണ്ടെങ്കിലും ജാതിവ്യവസ്ഥയ്ക്ക് വംശീയ വര്‍ണവ്യവസ്ഥയുമായി ഒട്ടേറെ ഭിന്നതകളുമുണ്ട്. പാശ്ചാത്യ നാടുകളിലെ വര്‍ണവ്യവസ്ഥ മുഖ്യമായും മനുഷ്യശരീരത്തിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വെളുപ്പിനും കറുപ്പിനും ഉച്ചനീചത്വഭാവം കല്പിക്കുകയും വെളുത്ത നിറം ധിഷണയുടെയും സാംസ്കാരികോന്നതിയുടെയും പ്രതീകമായി ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ് വര്‍ണവ്യവസ്ഥയുടെ അടിസ്ഥാനം. വെളുത്ത നിറമുള്ള മനുഷ്യരുടെ വംശങ്ങളില്‍ പരമ്പരാഗതമായ ശ്രേഷ്ഠതയും കുലീനതയും ആരോപിക്കുകയും കറുത്തവംശജര്‍ മാനവസംസ്കൃതിയുടെ പുറമ്പോക്കുകളിലെ വിലയില്ലാത്ത ആള്‍ക്കൂട്ടങ്ങളായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഈ വര്‍ണവ്യവസ്ഥ താരതമ്യേന ആധുനികകാലത്ത് ആവിര്‍ഭവിച്ചതാണ്. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് വര്‍ണവ്യവസ്ഥ. തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശത്തെ സാധൂകരിക്കുന്നതിനുവേണ്ടി, യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ ആവിഷ്കരിച്ച പ്രത്യയശാസ്ത്ര തന്ത്രമാണ് വംശീയ-വര്‍ണവ്യവസ്ഥ. തങ്ങള്‍ അധിനിവേശം നടത്തിയ തദ്ദേശീയ ജനവിഭാഗങ്ങളെയും ഗോത്രങ്ങളെയും അപരിഷ്കൃതരും മ്ളേച്ഛന്മാരുമായി ചിത്രീകരിക്കുക എന്ന രീതിയാണ് യൂറോപ്യന്മാര്‍ അവലംബിച്ചത്.

ഭാരതത്തിലെ ജാതിവ്യവസ്ഥ അതിപുരാതനകാലത്ത് തന്നെ നിലവില്‍ വന്ന ഒരു സാമൂഹികസംവിധാനമാണ്. സൈന്ധവ സംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം സ്ഥാപിതമായ വൈദിക സംസ്കാരത്തിന്റെ അവസാനഘട്ടത്തില്‍ ജാതിവ്യവസ്ഥയ്ക്ക് ബീജാവാപം ചെയ്യപ്പെട്ടതായി കരുതപ്പെടുന്നു. എണ്ണമറ്റ ജാതികളും ഉപജാതികളും അടങ്ങുന്ന ഹിന്ദുസമൂഹം പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും ജാതിവ്യവസ്ഥയുടെ അലകും പിടിയും ഇന്നും നിലനില്ക്കുന്നു. പുതിയ രൂപഭാവങ്ങളോടെയാണെന്നു മാത്രം. ജാതിവ്യവസ്ഥ ഭാരതീയ സമൂഹത്തില്‍ അത്രത്തോളം രൂഢമൂലമായി ഘനീഭവിച്ചുപോയി എന്നതാണ് യാഥാര്‍ഥ്യം. ഭാരതീയ മനസ്സില്‍ വളരെ ആഴത്തില്‍ വേരുറച്ചുപോയ ജാതിബോധത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ നടന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ജാതിവ്യവസ്ഥയുടെ പല ജീര്‍ണതകളും അവസാനിപ്പിക്കാനും അതിനെ പരിഷ്കരണത്തിനു വിധേയമാക്കാനും കഴിഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, മാറ്റങ്ങളെയും പരിഷ്കരണങ്ങളെയും അതിവര്‍ത്തിക്കുന്ന ഒരു ചിരസ്ഥായി സ്വഭാവം ഭാരതത്തിലെ ജാതിവ്യവസ്ഥയ്ക്കുണ്ടെന്ന് പല സാമൂഹിക ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശതകങ്ങളായി ഭാരതീയ സമൂഹം ചലനമറ്റു ജീര്‍ണമായി കിടക്കുവാനുണ്ടായ മൗലികകാരണം ജാതിവ്യവസ്ഥയാണെന്നു പക്ഷമുണ്ട്. വിവിധ ജനവിഭാഗങ്ങളും പ്രദേശങ്ങളും തമ്മിലുള്ള വിനിമയം ജാതിവ്യവസ്ഥയില്‍ നിഷിദ്ധമാണ്. ഏതൊരു സമൂഹത്തിന്റെയും വികാസത്തിനും പുരോഗതിക്കും അടിസ്ഥാനം പ്രസ്തുത സമൂഹത്തിന്റെ ആന്തരികമായ ചലനാത്മകതയും ഗതീയത (mobility and dynamics)യുമാണ്. എന്നാല്‍ ഇതു രണ്ടും ജാതിവ്യവസ്ഥയ്ക്ക് അന്യമാണ്. 14, 15 ശ.-ല്‍ നവോത്ഥാനത്തെത്തുടര്‍ന്ന് യൂറോപ്യന്‍ സമൂഹം വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കും വിധേയമായപ്പോള്‍, ഭാരതീയസമൂഹം ചേതനയറ്റുകിടക്കുകയായിരുന്നു. ഭാരതീയ സമൂഹത്തിന്റെ നവോത്ഥാനത്തിനും പരിവര്‍ത്തനത്തിനും വിഘാതമായി നിന്ന മുഖ്യശക്തി ജാതിവ്യവസ്ഥയാണെന്നാണ് സാമൂഹിക ചിന്തകര്‍ നിരീക്ഷിക്കുന്നത്.

16, 17 ശ.-ങ്ങളില്‍ ഇന്ത്യയില്‍ വന്ന പോര്‍ച്ചുഗീസ് വ്യാപാരികള്‍ സ്പീഷീസ് (ജാതി), ഗോത്രം, വംശം, കുലം എന്നൊക്കെ അര്‍ഥം വരുന്ന 'കാസ്റ്റാസ്' (ഇമമെേ) എന്ന പദം ഇവിടത്തെ ജാതികളെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുകയുണ്ടായി. ഇതില്‍ നിന്നാണ് ഇംഗ്ലീഷ്, ഫ്രഞ്ച് പദമായ 'കാസ്റ്റ്' (രമലെേ) നിഷ്പന്നമായത്. ജാതി എന്ന അര്‍ഥത്തില്‍ 'കാസ്റ്റ്' എന്ന പദം പ്രചാരത്തിലാവുന്നത് 17-ാം ശ.-ന്റെ ആരംഭത്തിലാണ്. പൊതുധാരയില്‍ നിന്നും ഒറ്റപ്പെട്ടു നില്ക്കുന്നതും പരസ്പര വിനിമയമറ്റതുമായ ജനവിഭാഗങ്ങള്‍ എന്നതാണ് 'കാസ്റ്റ്' എന്ന പദം അഭിവ്യഞ്ജിപ്പിക്കുന്നത്.

സൈന്ധവ സംസ്കാരത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പ്രസ്തുത പ്രദേശങ്ങളില്‍ ആര്യന്മാര്‍ കുടിയേറിപ്പാര്‍ത്തതായി വിശ്വസിക്കപ്പെടുന്നു. തദ്ദേശീയരായ അസംഖ്യം ഗോത്രങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ പരാജയപ്പെടുത്തിക്കൊണ്ടു മാത്രമേ, ആര്യന്മാര്‍ക്ക് സ്വസ്ഥവും സ്ഥിരവുമായ അധിവാസമുറപ്പിക്കാനാവുമായിരുന്നുള്ളൂ. വേദകാലഘട്ടത്തിന്റെ (ബി.സി. 1400 മുതല്‍ 800 വരെ) അവസാനമായപ്പോഴേക്ക് ആര്യന്മാര്‍ സിന്ധു-ഗംഗാസമതലങ്ങളില്‍ സ്ഥിരവാസമുറപ്പിച്ചതായി കരുതപ്പെടുന്നു. തദ്ദേശീയ ഗോത്രങ്ങളുമായുള്ള ഏറ്റുമുട്ടലും സ്ഥിരവാസമുറപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജന്മം നല്കിയതാണ് ഇന്ത്യയുടെ മാത്രം സവിശേഷതയായ ജാതിവ്യവസ്ഥ. ആര്യന്മാരുടെ കുടിയേറ്റത്തിനു മുമ്പ് തദ്ദേശീയ ഗോത്രങ്ങള്‍ സാംസ്കാരികമായി അപരിഷ്കൃതരായിരുന്നു. കാര്‍ഷിക ഉത്പാദനരീതിയിലേക്കു വികസിപ്പിച്ചിട്ടില്ലാത്ത ഗോത്രസമൂഹമായിരുന്നു അവരുടേത്. ഈ ഗോത്രങ്ങള്‍ക്കിടയില്‍ പരസ്പര വിനിമയമോ പരസ്പരസമ്പര്‍ക്കമോ തീരെ ഇല്ലായിരുന്നു. ഇവര്‍ പരസ്പരം ശത്രുത പുലര്‍ത്തുകയും ഉച്ചനീചബന്ധങ്ങള്‍ ആചരിക്കുകയും ചെയ്തിരുന്നു. പില്ക്കാല ജാതിസമൂഹത്തിന്റെ സവിശേഷതകളായി മാറിയ പല ആചാരങ്ങളും മാമൂലുകളും ഈ തദ്ദേശീയ ഗോത്രങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്നു.

ഒരു കാര്‍ഷികഗ്രാമസമൂഹമായി വികസിച്ചു കഴിഞ്ഞിരുന്ന വൈദിക ജനതയ്ക്ക് പരസ്പരബന്ധമറ്റ് ഒറ്റപ്പെട്ടു കിടന്ന പ്രാദേശിക ഗോത്രവിഭാഗങ്ങളെ പൊതുസാമൂഹികധാരയിലേക്ക് ഉദ്ഗ്രഥിച്ചു ചേര്‍ക്കുക എന്ന ചരിത്രനിയോഗമാണ് ഏറ്റെടുക്കേണ്ടിവന്നത്. ഭാരതത്തിന്റെ പ്രാചീനചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന സവിശേഷത, ഗോത്രങ്ങള്‍ പൊതുസമൂഹങ്ങളില്‍ ലയിക്കുന്ന ചിത്രമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ മുഖമുദ്രയായ ജാതിയുടെ അടിസ്ഥാനം ഈ പ്രതിഭാസമാണെന്നാണ് ചരിത്രകാരനായ ഡി.സി. കൊസാംബി നിരീക്ഷിക്കുന്നത്. ഗോത്രഘടകങ്ങളെ സംയോജിപ്പിച്ച് സമൂഹസൃഷ്ടി ചെയ്യുന്നതിനോ നിലവില്‍ വന്നു കഴിഞ്ഞ സമൂഹത്തിലേക്ക് പുതിയ ഗോത്രഘടകങ്ങളെ ലയിപ്പിക്കുന്നതിനോ സ്വീകരിക്കപ്പെട്ട വിഭിന്നങ്ങളായ രീതികളുടെ പരിണതഫലമാണ് എണ്ണമറ്റ ജാതികളും ഉപജാതികളും.

തദ്ദേശീയ ഗോത്രങ്ങളെ പദവിയിലധിഷ്ഠിതമായ ഒരു പ്രാധാന്യക്രമത്തില്‍ ഭിന്നജാതികളാക്കി പരിവര്‍ത്തിപ്പിക്കുക എന്ന ദൌത്യമാണ് ആര്യജനത നിര്‍വഹിച്ചത്. സ്വന്തം ശുദ്ധിയും ശ്രേഷ്ഠതയും ആധാരശിലയായ ഒരു സാമൂഹിക ശ്രേണിയില്‍, പദവിയിലും അന്തസ്സിലുമുള്ള വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരിച്ചു കഴിയുന്ന 'കാര്‍ഷിക ഗ്രാമസമൂഹ'ങ്ങള്‍ക്ക് അങ്ങനെ അവര്‍ ജന്മം നല്കി. ഓരോ പ്രദേശത്തും ജാതിസമൂഹത്തിന്റെ മാമൂലുകളും ചിട്ടകളും ഭിന്നമാവാന്‍ കാരണം തദ്ദേശീയഗോത്രങ്ങളുടെ അനന്തവൈവിധ്യവും ഭൂപ്രകൃതിയുടെ വ്യത്യാസവുമാണ്. ജാതിയും തത്സംബന്ധമായ അയിത്താചാരങ്ങളും ആര്യജനതയുടെയോ പില്ക്കാല ബ്രാഹ്മണ സമൂഹത്തിന്റെയോ പൂര്‍ണ സൃഷ്ടിയാണെന്നു പറയാനാവില്ല. ഭിന്ന ഗോത്രങ്ങള്‍ എന്ന നിലയിലോ ഭിന്ന സാമൂഹികവിഭാഗങ്ങള്‍ എന്ന നിലയിലോ ഓരോ സ്ഥലത്തെയും ജനങ്ങള്‍ പുലര്‍ത്തിപ്പോന്ന ഉച്ചനീചത്വഭാവങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഓരോ വിഭാഗത്തിനും സൗകര്യപ്രദമായ രീതിയില്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെ മൂശയിലിട്ട് സ്വന്തം താത്പര്യസംരക്ഷണത്തിന് അനുയോജ്യമായ വിധത്തില്‍ ഒരു പൊതു ഹൈന്ദവ സമൂഹമാക്കി ക്രോഡീകരിച്ചെടുക്കുക എന്ന ധര്‍മമാണ് ബ്രാഹ്മണര്‍ നിര്‍വഹിച്ചത്. ഈ പ്രക്രിയയില്‍, ബ്രാഹ്മണര്‍ തങ്ങളുടെ സാംസ്കാരികവും വൈജ്ഞാനികവുമായ അധീശത്വം സമൂഹത്തിനുമേല്‍ സ്ഥാപിക്കുന്നതിനു ബോധപൂര്‍വം ശ്രമിച്ചിരുന്നു. "സുസംഘടിതവും അപൂര്‍വവുമായ ഈ സാമൂഹിക പ്രതിഭാസം ബ്രാഹ്മണരുടെ സര്‍വശക്തമായ സ്വാധീനശക്തി കൂടാതെ ഉത്ഭവിക്കുകയോ, ചുരുങ്ങിയ പക്ഷം ജനങ്ങളെ മുഴുവന്‍ കീഴ്പ്പെടുത്തുകയോ ചെയ്യുമായിരുന്നില്ല. ഉത്തരേന്ത്യയെ മുഴുവന്‍ കീഴ്പ്പെടുത്തുന്നതിനു മുമ്പുതന്നെ പ്രബലമായ ആശയമെന്ന നിലയില്‍ അത് നിലനിന്നിരിക്കണം. ജാതിധര്‍മങ്ങളും കര്‍മസിദ്ധാന്തവും സംയോജിപ്പിച്ചു കൊണ്ടുള്ള ബ്രാഹ്മണ വൈദികമതം ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ യുക്തിപൂര്‍വമായ സൃഷ്ടിയത്രെ. അത് ഏതെങ്കിലും സാമൂഹികസാഹചര്യങ്ങളുടെ സൃഷ്ടിയല്ല. പുനര്‍ജന്മസിദ്ധാന്തത്തിലൂടെ വൈദികമതത്തെ സ്വാഭാവികമായ സാമൂഹികഘടനയുമായി സംയോജിപ്പിക്കുവാനും കഴിഞ്ഞു. ജനങ്ങളുടെ ചിന്തയ്ക്കും പ്രതീക്ഷയ്ക്കും ഉപരിയായി ഈ വ്യവസ്ഥ അപ്രതിരോധ്യമായ ശക്തി നേടിയതിനു കാരണവും മറ്റൊന്നല്ല. വ്യത്യസ്ത തൊഴിലുകളില്‍ ഏര്‍പ്പെട്ട ജനങ്ങളെയും ചണ്ഡാളരായ ആളുകളെയും മതപരവും സാമൂഹികവുമായി ഉദ്ഗ്രഥിക്കുന്നതിനുള്ള ഒരു നിശ്ചിത പദ്ധതിയായും അത് പരിണമിക്കുകയുണ്ടായി എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞനായ മാക്സ് വെബര്‍ നിരീക്ഷിച്ചത്.

വെബറുടെ സിദ്ധാന്തങ്ങളില്‍ വസ്തുതയുടെ മിന്നലാട്ടമുണ്ടെങ്കിലും ബ്രാഹ്മണരുടെ ബോധപൂര്‍വമായ സൃഷ്ടിയാണ് ജാതി എന്ന വാദം മിക്ക ഗവേഷകരും അംഗീകരിക്കുന്നില്ല. ജാതികള്‍ക്ക് ഗോത്രങ്ങളുമായി പല സമാനതകളുമുണ്ട്. കൊസാംബി, ദേവീപ്രസാദ് ചതോപാധ്യായ തുടങ്ങിയവര്‍ ഇന്ത്യന്‍ ജാതി സമൂഹത്തെ 'പൂര്‍ണമായും വിഗോത്രവത്കരിക്കപ്പെടാത്ത' (incompletely de-tribalised)തായിട്ടാണ് വിശേഷിപ്പിക്കുന്നത്. റോബര്‍ട്ട് റെഡ്ഫീല്‍ഡ് എന്ന ചിന്തകന്റെ അഭിപ്രായത്തില്‍, "ഒരു നാഗരികതയ്ക്കനുയോജ്യമായ വിധം പുനഃസംവിധാനം ചെയ്യപ്പെട്ട ഗോത്രസമൂഹമാണ് ജാതി സമ്പ്രദായം. ആര്യന്മാര്‍ക്കു മുമ്പുള്ള ഭാരതീയ ഗോത്രസമൂഹത്തിലാണ് ജാതിവ്യവസ്ഥയുടെ വേരുകള്‍ കിടക്കുന്നതെന്ന് മോര്‍ട്ടന്‍ക്ളാസ് സിദ്ധാന്തിക്കുന്നു. സാമൂഹിക പരിണാമത്തില്‍, ഗോത്രഘടകങ്ങള്‍ (ഗണം, കുലം എന്നിവ) സ്വയം ഇല്ലാതാവുകയോ, ധനികരും ദരിദ്രരും, ചൂഷകരും ചൂഷിതരുമായി വിഭജിക്കപ്പെടുകയോ ചെയ്യുന്നതിനു പകരം വിഭിന്നങ്ങളായ ജാതികളായി രൂപാന്തരപ്പെടുകയാണുണ്ടായത്. ഓരോ പ്രദേശത്തെയും ഗോത്രങ്ങളുടെ ആധിപത്യ-വിധേയത്വബന്ധങ്ങള്‍ക്കനുസരിച്ചും അവരുടെ വിഭവശേഷിക്കനുസൃതമായും അവര്‍ ബ്രാഹ്മണരായും ക്ഷത്രിയരായും കര്‍ഷകരായും വ്യാപാരികളായും കൈത്തൊഴിലുകാരായും മറ്റും രൂപാന്തരം പ്രാപിച്ചു. ബി.സി. 1000-ഓടെ ആരംഭിച്ച ഈ പ്രക്രിയ സഹസ്രാബ്ദങ്ങളിലൂടെ തുടര്‍ന്നുപോന്നു.

വേദകാലത്തെ ഭാരതീയ സമൂഹം യഥാര്‍ഥത്തില്‍ ഒരു ആര്യ-ദ്രാവിഡ മിശ്രസമൂഹമാണ്. സാമൂഹിക പരിവര്‍ത്തനത്തെയും അതില്‍ ആവിര്‍ഭവിക്കുന്ന ജാതിസമൂഹത്തെയും വിശദീകരിക്കാന്‍ ശ്രമിച്ച ബ്രാഹ്മണര്‍ തങ്ങളുടെ ആധിപത്യത്തെ ന്യായീകരിക്കാനുതകുന്ന സിദ്ധാന്തങ്ങള്‍ക്കു ജന്മം നല്കി എന്നത് സത്യമാണ്. പക്ഷേ ജാതിയെ ബ്രാഹ്മണരുടെ ഗൂഢാലോചനയും സൃഷ്ടിയുമായി വ്യാഖ്യാനിക്കുന്നത് യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല. ആരുടെയെങ്കിലും താത്പര്യങ്ങളോ ഗൂഢാലോചനയോ അല്ല ചരിത്രത്തിന്റെ ഗതീയത നിര്‍ണയിക്കുന്നത്. ആര്യ-അനാര്യ സങ്കലനത്തിന്റെയും ഗോത്ര പരിവര്‍ത്തനത്തിന്റെയും കാലഘട്ടത്തില്‍, നാനാവിഭാഗങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരുന്ന അസംഖ്യം വിഭജനങ്ങള്‍ക്ക് സാധൂകരണവും യുക്തിപരതയും നല്കുവാന്‍ സഹായകമായി എന്നതാണ് ജാതിസമ്പ്രദായത്തിന്റെ ചരിത്രപരമായ ആവിര്‍ഭാവം വ്യക്തമാക്കുന്നത്. താഴേക്കിടയിലുള്ള കൈത്തൊഴില്‍കാരെ ശൂദ്രരായി കണക്കാക്കിയതും അവരെ അടിച്ചമര്‍ത്തുവാന്‍ പുതിയ സിദ്ധാന്തങ്ങളും ധര്‍മസംഹിതകളുമുണ്ടാക്കിയതും മൗര്യകാലത്തിനും ഗുപ്തകാലത്തിനും ഇടയിലാണെന്നും ഗുപ്തകാലാവസാനത്തോടുകൂടിയാണ് പുതിയ ജാതിവ്യവസ്ഥ ഗംഗാ സമതലത്തില്‍ വ്യാപകമായി വേരൂന്നിയതെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പുരാവസ്തുപരവും പുരാലിഖിതപരവും സാഹിത്യപരവുമായ തെളിവുകളും ഈ നിഗമനത്തെ സാധൂകരിക്കുന്നുണ്ട്. ഇങ്ങനെ രൂഢമൂലമായിത്തീര്‍ന്നതും ഇപ്പോഴും തുടരുന്നതുമായ ജാതിവ്യവസ്ഥയുടെ പൊതുസവിശേഷതകള്‍ ഇപ്രകാരം സംഗ്രഹിക്കാം: (1) പാരമ്പര്യം- ഓരോ വ്യക്തിയെയും ജനനത്തെ അടിസ്ഥാനമാക്കി മാതാപിതാക്കളുടെ ജാതിയില്‍പ്പെടുത്തുന്നു. (2) സ്വജാതീയ വിവാഹം. (3) ഭക്ഷണസംബന്ധിയായ നിയന്ത്രണങ്ങള്‍. (4) തൊഴില്‍പരമായ നിബന്ധനകള്‍ (ഓരോ ജാതിക്കാരും ഒരു നിശ്ചിത തൊഴിലില്‍ മാത്രം ഏര്‍പ്പെടുന്നു). (5) ജാതികളുടെ സ്ഥാനക്രമവും പദവിന്യാസവും. ആധുനിക വ്യവസായ യുഗത്തിന്റെയും പുരോഗതിയുടെയും ഫലമായി, മേല്പറഞ്ഞ ഘടകങ്ങളില്‍ മിക്കതും അപ്രസക്തമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും പാരമ്പര്യവും സ്വജാതീയ വിവാഹവും ജാതിയെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകളായി ഇപ്പോഴും തുടരുന്നു.

വര്‍ണവും ജാതിയും.

ഇന്നത്തെപ്പോലെയുള്ള ജാതിവ്യവസ്ഥ ആദ്യമേ രൂപം കൊണ്ടിട്ടില്ലായിരുന്നു. പില്ക്കാല ജാതിസമ്പ്രദായത്തിന്റെ പ്രാക്രൂപം വര്‍ണവ്യവസ്ഥയാണ്. പൗരാണിക കൃതികളില്‍ മാറിമാറി ഉപയോഗിക്കുന്ന പദങ്ങളായ വര്‍ണവും ജാതിയും ഒന്നാണെന്ന തെറ്റിദ്ധാരണ സ്വാഭാവികമാണ്. അമരകോശത്തില്‍ വര്‍ണം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലു ജാതികളെയാണ്. ഈ നാലു ജാതികള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനത്തെ ചാതുര്‍വര്‍ണ്യമെന്നും വിശേഷിപ്പിക്കുന്നുണ്ട്. വേദപരാമര്‍ശങ്ങളില്‍ വര്‍ണം, വംശം, ജാതി എന്നീ പദങ്ങള്‍ പര്യായങ്ങളായി പ്രയോഗിച്ചിട്ടുള്ളതായി കാണാം. ചരിത്രപരമായി വിലയിരുത്തുമ്പോള്‍, വര്‍ണവും ജാതിയും രണ്ടു വിഭിന്ന ചരിത്രസാഹചര്യങ്ങളുടെ ഉത്പന്നമാണെന്നു വ്യക്തമാവും.

വൈദിക ആര്യന്മാര്‍ക്കിടയില്‍ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം നിലനിന്നിരുന്നതായി കരുതിയാല്‍, വര്‍ണം എന്ന പദം നിഷ്പന്നമായിട്ടുള്ളത് 'വൃ' ധാതുവില്‍ നിന്നാണെന്ന് അനുമാനിക്കാം. തെരഞ്ഞെടുക്കുക എന്നാണ് ഈ ധാതുവിനര്‍ഥം. ഇങ്ങനെ നോക്കുമ്പോള്‍ വൈദിക ആര്യന്മാര്‍ക്കിടയില്‍ സ്വാഭാവികമായ തൊഴില്‍വിഭജനം നിലവില്‍ വന്ന സാഹചര്യത്തില്‍ ഓരോ വിഭാഗത്തെയും പൊതുവായി ഒരു വര്‍ണം എന്നു കരുതിയതായി വേണം അനുമാനിക്കാന്‍.

ആദ്യകാല വൈദിക ആര്യര്‍ പ്രകൃതിയുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. അവരുടെ സാമൂഹിക ജീവിതം ഏറെക്കുറെ സമത്വാധിഷ്ഠിതവുമായിരുന്നു. അനാര്യവിഭാഗങ്ങളുമായി ഇടപഴകാന്‍ തുടങ്ങിയതോടെ അവരുടെ സാമൂഹിക സംവിധാനങ്ങളില്‍ മാറ്റങ്ങളുണ്ടായി. ആര്യഗോത്രാംഗങ്ങളുടെ പൊതുവേദിയായ സഭ ആന്തരിക സംഘര്‍ഷങ്ങളാല്‍ ശിഥിലമാകാന്‍ തുടങ്ങി. യുദ്ധങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. വരുണന്റെ സ്ഥാനം നഷ്ടപ്പെട്ടതും യുദ്ധദേവനായ ഇന്ദ്രന്‍ പ്രാമുഖ്യം നേടിയതും ഈ പരിവര്‍ത്തനത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. അനാര്യരായ ദസ്യൂക്കളെ നിഗ്രഹിക്കുവാന്‍ ഇന്ദ്രനോട് അപേക്ഷിക്കുന്ന ഋഗ്വേദസൂക്തങ്ങള്‍ ഇതു വ്യക്തമാക്കുന്നു. യുദ്ധങ്ങളുടെ ലക്ഷ്യം മുഖ്യമായും സമ്പത്ത് വര്‍ധിപ്പിക്കുക എന്നതായിരുന്നു. കന്നുകാലികളെയും കുതിരകളെയും സ്ത്രീകളെയും അപഹരിച്ചു കഴിഞ്ഞാല്‍ എതിരാളികളില്‍ ശേഷിക്കുന്നവരെ കൊന്നുകളയുകയായിരുന്നു (നരവേധം) പതിവ്; ക്രമേണ, കീഴടക്കപ്പെടുന്ന പുരുഷന്മാരില്‍ കുറേപ്പേരെ അടിമകളായി സ്വീകരിക്കാനും തുടങ്ങി. യുദ്ധങ്ങളിലൂടെ മുന്നേറിയ ആര്യന്മാരുടെ സമ്പത്തും വിഭവശേഷിയും വര്‍ധിച്ചതോടെ തൊഴില്‍വിഭജനം ഒരാവശ്യമായി മാറി. യുദ്ധോപകരണ നിര്‍മാണം, യുദ്ധസേവനം, യജ്ഞാനുഷ്ഠാന നിര്‍വഹണം എന്നിവയെല്ലാം ഒരേ ആള്‍ക്കാര്‍ തന്നെയാണ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഈ സ്ഥിതിക്കു മാറ്റം വന്നു.

നെയ്ത്ത്, ലോഹവിദ്യ, തുകലുത്പന്നങ്ങളുടെ നിര്‍മാണം എന്നിവ ഓരോരോ വിഭാഗങ്ങളുടെ തൊഴിലായി രൂപാന്തരം പ്രാപിച്ചു. മതാനുഷ്ഠാനങ്ങള്‍ പുരോഹിതര്‍ എന്ന വിഭാഗം ഏറ്റെടുത്തു. അജപരിപാലനം, കൃഷി, യുദ്ധം, സേവനം എന്നിവയെല്ലാം ഓരോരോ വിഭാഗങ്ങളുടെ തൊഴിലായി മാറി. അതോടെ പഴയ സാമൂഹിക സംവിധാനം തകരുകയും സമൂഹത്തിലാകെ അസ്വസ്ഥതയും അരാജകത്വവും സംജാതമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗോത്രസഭകളുടെ സ്ഥാനത്ത് ഭരണകൂടം രൂപീകൃതമാവുന്നത്. കീഴടക്കപ്പെട്ട അനാര്യശൂദ്രരെ ഭരണകൂടത്തിന്റെ സഹായത്തോടെ ഇഷ്ടാനുസരണം ഉപയോഗിക്കാമെന്നും ആര്യര്‍ മനസ്സിലാക്കി. ഭരണകൂടത്തിലധിഷ്ഠിതമായ പുതിയ സാമൂഹികക്രമത്തിന്റെ ധര്‍മപരവും ആശയപരവുമായ അടിത്തറയായിട്ടാണ്, വര്‍ണവ്യവസ്ഥ രൂപംകൊള്ളുന്നത്. തൊഴിലുകള്‍ ഓരോരുത്തരുടെയും ജന്മനിയോഗമായി വിധിക്കപ്പെടുകയും സാമൂഹികബന്ധങ്ങള്‍ കര്‍ക്കശമായ നിയമ-നിയന്ത്രണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു. ശൂദ്രരെ സംബന്ധിച്ചിടത്തോളം വര്‍ണ നിയമങ്ങള്‍ അലംഘനീയങ്ങളായിത്തീര്‍ന്നു.

മിക്ക ഹൈന്ദവ ഗ്രന്ഥങ്ങളിലും വര്‍ണ വ്യവസ്ഥയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഋഗ്വേദം പത്താംമണ്ഡലത്തിലെ പുരുഷ സൂക്തത്തിലുള്ള പരാമര്‍ശമാണ് ഇതില്‍ ഏറ്റവും പഴക്കമേറിയത്. മനുസ്മൃതിയുടെ പ്രചാരത്തോടെ, ചാതുര്‍വര്‍ണ്യ വ്യവസ്ഥ സമൂഹത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നു. നോ. ചാതുര്‍വര്‍ണ്യം

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവയാണ് നാലു വര്‍ണങ്ങള്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍പ്പെടാത്ത ഒരു വിഭാഗം കൂടിയുണ്ട്. ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ചണ്ഡാളര്‍; ഇവര്‍ തൊട്ടുകൂടാത്തവരും അസ്പൃശ്യരുമാണ്. പൊതുവായ സാമൂഹികധാരയില്‍ നിന്നും ബഹിഷ്കൃതരായ ഒരുതരം പുറമ്പോക്കുനിവാസികളുടെ സ്ഥാനമേ ഈ വിഭാഗത്തിന് ചാതുര്‍വര്‍ണ്യം കല്പിച്ചിരുന്നുള്ളൂ.

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവര്‍ ദ്വിജ(ംശരലയീൃി)ന്മാരാണ്. മതപരവും ധാര്‍മികവുമായ പവിത്രത ദ്വിജന്മാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.

യജ്ഞങ്ങളും യാഗങ്ങളും അനുഷ്ഠിക്കല്‍ ബ്രാഹ്മണരുടെ മാത്രം അവകാശമാണ്. രാജഭരണവും രാജ്യരക്ഷയുമാണ് യോദ്ധാക്കളായ ക്ഷത്രിയരുടെ ധര്‍മം. കച്ചവടം, കൃഷി എന്നിവയാണ് വൈശ്യരുടെ തൊഴില്‍. ഈ മൂന്നു വര്‍ണങ്ങളെയും അനുസരിക്കുകയും അവര്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന കായികാധ്വാനത്തിലേര്‍പ്പെടുകയുമാണ് ശൂദ്രരുടെ ധര്‍മം. ഓരോ വര്‍ണവും മുന്‍ നിശ്ചിതമായ ധര്‍മങ്ങള്‍ കണിശമായി അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരാണ്. ഓരോരുത്തര്‍ക്കും നിശ്ചയിച്ചിട്ടുള്ള സാമൂഹിക സ്ഥലങ്ങളില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയും ചാതുര്‍വര്‍ണ്യത്തെ സംബന്ധിക്കുന്ന ധര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അലംഘനീയവും പവിത്രവുമായ ഒരു അതീത സ്ഥാനമാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ബ്രാഹ്മണര്‍ക്കു കല്പിച്ചു നല്കുന്നത്. മറ്റു മൂന്നു വര്‍ണങ്ങളെയും നിയന്ത്രിക്കാനും പരമമായ സാമൂഹികാധികാരം പ്രയോഗിക്കാനുമുള്ള അധികാരം അവര്‍ക്കുണ്ട്. ബ്രാഹ്മണന്റെ ഈദൃശ അധികാരങ്ങള്‍ ദൈവദത്തമാണ്. അതിനാല്‍ അവയെ ചോദ്യംചെയ്യാന്‍ ഭൂമിയില്‍ ആര്‍ക്കും അവകാശമില്ല. അതുകൊണ്ടുതന്നെ, രാജാക്കന്മാര്‍ പോലും ഭയഭക്തി ബഹുമാനങ്ങളോടെയാണ് ബ്രാഹ്മണരെ വീക്ഷിച്ചിരുന്നത്. ദൈവപ്രീതിക്കുള്ള എളുപ്പമാര്‍ഗം ബ്രാഹ്മണരെ പ്രസാദിപ്പിക്കലാണെന്നായിരുന്നു പരക്കെയുണ്ടായിരുന്ന ധാരണ. അതിനാല്‍ സമൂഹത്തിന്റെ വിഭവങ്ങളില്‍ വലിയൊരു ഭാഗവും ബ്രാഹ്മണന്റെ കാല്‍ക്കല്‍ അടിയറ വയ്ക്കപ്പെടുന്ന സ്ഥിതിയാണുണ്ടായിരുന്നത്.

വേദാഭ്യാസം, യാഗാദികര്‍മാനുഷ്ഠാനം, ദാനസ്വീകരണം എന്നിവയാണ് മുഖ്യമായും ബ്രാഹ്മണരില്‍ നിക്ഷിപ്തമായ ധര്‍മങ്ങള്‍. പൗരോഹിത്യം ബ്രാഹ്മണന്റെ മാത്രമായ അവകാശമാണ്. വേദാധ്യയനം, യജ്ഞങ്ങള്‍, ദാനസ്വീകാരം എന്നീ പൊതു ധര്‍മങ്ങള്‍ ദ്വിജപദവിയുള്ള ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും കൂടി കല്പിച്ചു നല്കിയിട്ടുണ്ട്. ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും യാഗാദികര്‍മങ്ങള്‍ നടത്താന്‍ മാത്രമേ അവകാശമുള്ളൂ. യജ്ഞങ്ങളില്‍ പൗരോഹിത്യം വഹിക്കുക ബ്രാഹ്മണരായിരിക്കും. ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും വേദങ്ങള്‍ പഠിക്കാന്‍ മാത്രമേ അവകാശമുള്ളൂ. വേദാധ്യാപനം ബ്രാഹ്മണരുടെ മാത്രമായ ധര്‍മമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയനുസരിച്ചുള്ള തൊഴില്‍വിഭജനം ഓരോരുത്തരുടെയും ധര്‍മമായി കരുതപ്പെടുന്നു. 'സ്വധര്‍മ'ത്തെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ എല്ലാ ജനങ്ങളും ശക്തമായി വിശ്വസിച്ചിരുന്നതിനാല്‍, ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ പരിപാലനത്തിന് ഒരു ബാഹ്യശക്തിയുടെ സമ്മര്‍ദമാവശ്യമുണ്ടായിരുന്നില്ല.

ചാതുര്‍വര്‍ണ്യപ്രകാരമുള്ള നാലു വര്‍ണങ്ങള്‍ കാലാന്തരത്തില്‍ വര്‍ണസങ്കരത്തിനു വിധേയമായി. ഐതരേയന്‍ എന്ന മഹിദാസന്‍, സത്യകാമ ജാബാലന്‍, പരാശരന്‍, വ്യാസന്‍, വസിഷ്ഠന്‍ തുടങ്ങിയ ഋഷിശ്രേഷ്ഠന്മാരൊക്കെ ഈ പ്രതിഭാസത്തിനു സാക്ഷ്യങ്ങളാണ്. ഐതരേയന്‍ ഒരു ശൂദ്രസ്ത്രീയുടെ പുത്രനാണ്. ഒരു ദാസിക്കു ജനിച്ച ജാരസന്തതിയാണ് സത്യകാമ ജാബാലന്‍. വ്യാസന്‍ മുക്കുവസ്ത്രീയുടെ പുത്രനും പരാശരന്‍ പറയിക്കു ജനിച്ചവനും വസിഷ്ഠന്‍ ഗണികയുടെ സന്താനവുമാണ്. വംശപരമായ ഒരു സവിശേഷ പിന്തുടര്‍ച്ചാരീതിയുടെ ഫലമായിട്ടാണ് ഇത്തരമൊരു വര്‍ണസങ്കരം സാധ്യമായത്. ഉന്നതകുലത്തില്‍പ്പെട്ട ഒരാള്‍ക്ക് ശൂദ്രസ്ത്രീയില്‍ സന്താനമുണ്ടായാല്‍ ആ സന്താനത്തെ വിദ്യാസമ്പന്നനാക്കാന്‍ ആ വംശത്തില്‍പ്പെട്ട ആര്‍ക്കും കഴിയുമായിരുന്നു. ഉപനിഷത്തുകളെത്തുടര്‍ന്നുള്ള കാലഘട്ടത്തില്‍ വര്‍ണസങ്കരം സാര്‍വത്രികമായി. കാര്‍ഷിക ജനപദങ്ങളുടെ രൂപീകരണവും ഗോത്രവിഭാഗങ്ങളെ അവയുടെ പ്രത്യേകതകളോടെ വര്‍ണവ്യവസ്ഥയുടെ മുഖ്യധാരയിലേക്കു സംലയിപ്പിച്ചതുമാണ് ഇതിനു കാരണമെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപകമായ വര്‍ണസങ്കരം ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ശിഥിലമാക്കുകയും ഒരു വര്‍ണത്തിലും പെടാത്ത പുതിയ ജനവിഭാഗങ്ങള്‍ക്ക് (അന്തരാളവിഭാഗങ്ങള്‍) ജന്മം നല്കുകയും ചെയ്തു. മാത്രവുമല്ല, വര്‍ണങ്ങള്‍ തമ്മിലും വര്‍ണങ്ങള്‍ക്കുള്ളില്‍ തന്നെയും വൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയും ചെയ്തു. തൊഴില്‍ വിഭജനം വ്യാപകമാവുകയും കൂടുതല്‍ ഗോത്രവിഭാഗങ്ങള്‍ മുഖ്യധാരയില്‍ ലയിക്കുകയും ചെയ്തതിന്റെ ഫലമായി വര്‍ണവ്യവസ്ഥ, പുതിയൊരു ജാതിവ്യവസ്ഥയ്ക്കു വഴിമാറിക്കൊടുത്തു.

സ്വന്തം വര്‍ണത്തിനു പുറത്തുള്ള വര്‍ണങ്ങളുമായുള്ള വിവാഹബന്ധത്തിലൂടെ ജനിച്ചവര്‍ പുതിയ ജാതികളായി മാറി. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ വര്‍ണങ്ങളിലെ പുരുഷന്മാര്‍ക്ക് സ്വജാതീയ വിവാഹങ്ങള്‍ക്ക് പുറമെ തൊട്ടുതാഴെയുള്ള വര്‍ണങ്ങളിലെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. അനുലോമവിവാഹം എന്നാണിതറിയപ്പെടുന്നത്. ബ്രാഹ്മണന് മൂന്ന്, ക്ഷത്രിയന് രണ്ട്, വൈശ്യന് ഒന്ന് എന്ന കണക്കില്‍ അനുലോമവിവാഹപ്രകാരം ആറു പുതിയ ജാതികള്‍ നിലവില്‍ വന്നു. പിതാവിന്റെ വര്‍ണത്തിനു തൊട്ടുതാഴെയും ശൂദ്രര്‍ക്കു മുകളിലുമാണ് ഈ ജാതികളുടെ സ്ഥാനം. ഇവര്‍ക്ക് പുതിയ തൊഴിലും നിശ്ചയിക്കപ്പെട്ടു. താഴ്ന്ന വര്‍ണങ്ങളിലെ പുരുഷന്മാര്‍ക്ക് ഉപരിവര്‍ണങ്ങളിലെ സ്ത്രീകളുമായുണ്ടാകുന്ന പ്രതിലോമവിവാഹത്തിന്റെ ഫലമായും പുതിയ ജാതികള്‍ ആവിര്‍ഭവിച്ചു. ഈ പുതിയ ജാതികള്‍ക്കു മറ്റു ചില ജാതികളുമായുള്ള വിവാഹബന്ധത്തില്‍ നിന്നുണ്ടാകുന്ന സന്തതി പരമ്പരയാണ് അന്തരാളജാതി എന്നറിയപ്പെടുന്നത്. ഇവര്‍ക്കു സ്ഥിരം തൊഴിലുകളില്ല. ശ്മശാനം കാവല്‍, ശവം ദഹിപ്പിക്കല്‍ തുടങ്ങിയ തൊഴിലുകളാണ് ഇവര്‍ക്ക് വിധിച്ചിട്ടുള്ളത്.

തൊഴില്‍വിഭജനത്തിലുണ്ടായ വ്യാപനം പുതിയ ജാതികള്‍ക്കു ജന്മം നല്കി. കൊല്ലന്മാര്‍ക്കിടയില്‍ തന്നെ കൊല്ലനും മൂശാരിയുമെന്ന് വേര്‍തിരിവുണ്ടായി. തുകല്‍പ്പണിക്കാര്‍ക്കിടയിലും നെയ്ത്തുകാര്‍ക്കിടയിലുമൊക്കെ ഉള്‍പ്പിരിവുകളുണ്ടാവുകയും ജാതികളും ഉപജാതികളും ജന്മമെടുക്കുകയും ചെയ്തു. സാങ്കേതിക പുരോഗതി പുതിയ ജാതികളുടെ ആവിര്‍ഭാവത്തിനു കാരണമായി. കൈ കൊണ്ടുള്ള മണ്‍പാത്രനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന കുശവന്മാരില്‍ ഒരു വിഭാഗം ചക്രമുപയോഗിക്കാന്‍ തുടങ്ങിയതോടെ പുതിയൊരു ജാതിയായി വിഘടിക്കുകയാണുണ്ടായത്. പ്രാദേശികാടിസ്ഥാനത്തിലും പുതിയ ജാതികള്‍ രൂപംകൊണ്ടു. പൊതു ജാതി സമൂഹത്തില്‍ ലയിച്ച ഗോത്രങ്ങള്‍ ഓരോ പുതിയ ജാതിയായി പരിണമിച്ചു. വര്‍ണവ്യവസ്ഥയിലേക്കുള്ള ഗോത്രങ്ങളുടെ ലയനമാണ് ജാതി-ഉപജാതി വ്യവസ്ഥയുടെ ആവിര്‍ഭാവത്തിനാധാരമായ ഘടകങ്ങളില്‍ മുഖ്യ പങ്കു വഹിച്ചത്.

വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന ഏക മാധ്യമം ജാതിയായിരുന്നു. ജാതിക്കതീതമായ ഒരു അസ്തിത്വം വ്യക്തികള്‍ക്കുണ്ടായിരുന്നില്ല. ജീവിതത്തിലെ മിക്കവാറുമെല്ലാ കാര്യങ്ങള്‍ക്കും-തൊഴില്‍, വിവാഹം, ധനസമ്പാദനം, സാമൂഹികപദവി, ജനനം, ആഘോഷങ്ങള്‍, സൗഹൃദം-വ്യക്തിക്ക് ആശ്രയിക്കാവുന്നത് സ്വജാതീയരെ മാത്രമായിരുന്നു. ഒരു വ്യക്തിയെ ഒരു നിശ്ചിത ജാതിക്കാരനാക്കുന്ന മുഖ്യഘടകം ജന്മമാണ്. ജന്മംകൊണ്ടുതന്നെ ശിശു ഒരു നിശ്ചിതജാതിയില്‍ അംഗമാകുന്നു. ജനിച്ച ജാതി വിട്ട് മറ്റൊരു ജാതിയില്‍ അംഗത്വം നേടുക അസാധ്യമാണ്. അംഗങ്ങളുടെ പേരിനൊപ്പം ജാതിപ്പേരു കൂടി ചേര്‍ക്കുന്നതോടെ വ്യക്തിയില്‍ ജാതിബോധം ഉറയ്ക്കുന്നു. ഓരോ ജാതിയില്‍പ്പെട്ടവരും തങ്ങളുടെ അവകാശങ്ങളും കടമകളും നിഷ്കര്‍ഷമായി പാലിക്കേണ്ടതാണ്. ജാതികള്‍ തമ്മിലും ജാതികള്‍ക്കകത്തുമുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത് ജാതി പഞ്ചായത്തുകളാണ്. കര്‍ക്കശമായ ജാതിനിയമങ്ങളും ധര്‍മശാസനകളുമനുസരിച്ചു മാത്രമേ ജാതി പഞ്ചായത്തുകള്‍ക്കു തീരുമാനമെടുക്കാനാവൂ. അനുഷ്ഠാനകര്‍മങ്ങളും ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് വിധിച്ചിട്ടുള്ളത്. സൂക്ഷ്മതലങ്ങളില്‍ ജാതികളെ വ്യതിരിക്തമാക്കാന്‍ ഇവ സഹായിച്ചിരുന്നു.

വര്‍ണവ്യവസ്ഥയുടെ ഭാഗമായിരുന്ന കര്‍മ-പുനര്‍ജന്മസിദ്ധാന്തത്തെ ജാതിവ്യവസ്ഥയും ഉള്‍ക്കൊള്ളുകയുണ്ടായി. ജാതിവ്യവസ്ഥ സങ്കീര്‍ണവും വ്യാപകവുമായതിന്റെ അനന്തരഫലമെന്നോണം സമൂഹത്തില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പെരുകി. ജാതീയമായ ഉച്ചനീചത്വങ്ങള്‍ വര്‍ധിക്കുകയും സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഭൗതികവും ആത്മീയവുമായ പുരോഗതി നിഷേധിക്കപ്പെടുകയും ചെയ്തു.

ജാതീയമായ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും 19, 20 ശ.-ല്‍ പാശ്ചാത്യമിഷനറിമാരെയും ബ്രിട്ടീഷുകാരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ സെന്‍സസ്, വിവിധങ്ങളായ സര്‍വേ എന്നിവയുടെ ഫലമായി ഇന്ത്യയിലെ എണ്ണമറ്റ ജാതികളെക്കുറിച്ചും അവയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ജാതികള്‍ക്കിടയിലെ അസമത്വത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിഞ്ഞു. പരസ്പരബന്ധമില്ലാത്തതും എന്നാല്‍ സാമാന്യമായ ചില ധാര്‍മിക നിയമങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയതുമായ ജാതിസമൂഹങ്ങളുടെ വലിയൊരു സംഘാതമാണ് ഹൈന്ദവ സമൂഹം എന്ന ധാരണയാണ് ബ്രിട്ടീഷുകാര്‍ പുലര്‍ത്തിയത്.

ജാതി, കേരളത്തില്‍.

കേരളത്തിലെ ജാതി സമ്പ്രദായം ഭാരതീയ ജാതിവ്യവസ്ഥയുടെ ഭാഗമാണെങ്കിലും കേരളീയമായ ഒട്ടേറെ സവിശേഷതകളുണ്ട്. ഭാരതത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജാതിവ്യവസ്ഥ കൂടുതല്‍ കര്‍ക്കശവും ആചാരബദ്ധവുമായിരുന്നു.

എ.ഡി. 1-ാം ശ.-ല്‍ കേരളത്തില്‍ 'ജാതി' എന്ന പേരിലുള്ള വര്‍ണഭേദം ഉണ്ടായിരുന്നില്ല. 'ജാതി' എന്ന സംസ്കൃത പദത്തിന് സമാനമായ പദം ദ്രാവിഡ ഭാഷകളില്‍ ഇല്ല.

ജാതിമതാചാരങ്ങളെ കേരളത്തില്‍ വ്യവസ്ഥപ്പെടുത്തിയത് പരശുരാമനാണെന്നും അല്ല, ശങ്കരാചാര്യരാണെന്നും രണ്ടുപക്ഷമുണ്ട്. ജൂതന്മാരുടെയും സുറിയാനികളുടെയും ചെമ്പു പട്ടയങ്ങളില്‍ നിന്ന് താഴെപ്പറയുന്ന ജാതികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്നു കരുതാം.

1. പന്നിയൂര്‍ ചോവരം ഗ്രാമക്കാരായ നമ്പൂതിരി ബ്രാഹ്മണര്‍

2. അറുനൂറും-ഇവര്‍ നായന്മാരാണെന്നു വിചാരിക്കാം

3. വെള്ളാളര്‍

4. വാണിയര്‍

5. ചെട്ടികള്‍

6. ഈഴവര്‍

7. ഐങ്കുടിക്കമ്മാളര്‍ (1) ആശാരി, (2) മൂശാരി, (3) കൊല്ലന്‍, (4) തട്ടാന്‍, (5) ചെമ്പോട്ടി

8. ഇലകയര്‍ (ഈഴവരോടുകൂടി വന്ന അടിമകള്‍)

9. മണ്ണാന്‍

ശങ്കരാചാര്യര്‍ തന്റെ ജാതിനിര്‍ണയം എന്ന കൃതിയില്‍ കേരളത്തിലെ ജാതികളെ ഇപ്രകാരം വിവരിച്ചു (ഈ കൃതി ശങ്കരാചാര്യരുടെതല്ലെന്നും വക്രബുദ്ധികളായ നമ്പൂതിരിമാര്‍ പടച്ചുണ്ടാക്കിയതാണെന്നും ചില പണ്ഡിതര്‍ക്കഭിപ്രായമുണ്ട്).

അഷ്െടൌഹി വിപ്രാ ദൌെ ന്യൂനൌെ

ദ്വാദശൈവാന്തരാളികാഃ

അഷ്ടാദശസ്യ ശൂദ്രാഷ്ഷള്‍

ശില്പിനഃ പതിതാ ദശ

നീചാഃ പൃഥക്ചത്വാര-

ശ്ചതുഷ്ഷഷ്ടിര്‍ഹി ജാതയഃ

ബ്രാഹ്മണവര്‍ണത്തില്‍ ജാതി 8, ന്യൂന ജാതി 2, അന്തരാള ജാതി 12, ശൂദ്രവര്‍ണത്തില്‍ ജാതി 18, ശില്പി ജാതി 6, പതിത ജാതി 10, നീച ജാതി 8 (ഇക്കൂട്ടത്തില്‍ മലനീചന്മാര് 4, നാട്ടുനീചന്മാര് 4). ആകെ ജാതികള്‍ 64.

പുരാതനകാലത്ത് ക്ഷത്രിയരും വൈശ്യരും കേരളത്തില്‍ ഉണ്ടായിരുന്നില്ല. ക്ഷത്രിയരുടെ കുലധര്‍മമായ രാജ്യരക്ഷയും ആയുധാഭ്യാസവും നടത്തിയിരുന്നത് നായന്മാരായിരുന്നു. വൈശ്യരുടെ കുലധര്‍മമായ വ്യാപാരം നടത്തിയിരുന്നത് നായന്മാരില്‍ ചിലരായിരുന്നു.

4-ാം ശ.-ലാണ് കേരളത്തില്‍ നമ്പൂതിരിമാരുടെ ആവിര്‍ഭാവം. 32 ഗ്രാമങ്ങളായി വസിച്ച ഇവര്‍ 4 കഴകങ്ങളായി തിരിഞ്ഞ് ആഭ്യന്തരകാര്യങ്ങള്‍ ചിട്ടപ്പെടുത്തി. 8, 9 ശതകങ്ങളാവുമ്പോഴേക്കും നമ്പൂതിരിമാരുടെ സ്വാധീനം ഉറയ്ക്കുകയും കേരളത്തില്‍ ജാതിവ്യവസ്ഥ പ്രബലമായിത്തീരുകയും ചെയ്തതായി ചരിത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. 1225-ല്‍ ഇവിടം സന്ദര്‍ശിച്ച ചൌങ്ക്വാ എന്ന ചീനസഞ്ചാരി കേരളത്തെ 'നമ്പി രാജ്യം' (നമ്പൂതിരിമാരുടെ രാജ്യം) എന്നു വിശേഷിപ്പിക്കുന്നുണ്ട്.

10-നും 12-നും ഇടയ്ക്കുള്ള ശ.-ങ്ങളിലാണ് കേരളത്തില്‍ ജാതിസമ്പ്രദായം വേരുറയ്ക്കുന്നത്. കേരളത്തിന്റെ നാനാഭാഗത്തും വര്‍ധിച്ചുവന്ന ബ്രഹ്മസ്വം, ദേവസ്വം ഭൂമികളുടെ ഉടമസ്ഥതയാണ് നമ്പൂതിരിമാരുടെ ആധിപത്യത്തിനു കാരണമായത്. വന്‍തോതില്‍ ബ്രഹ്മദായങ്ങള്‍ സ്ഥാപിച്ചുകിട്ടിയ നമ്പൂതിരി ജന്മികള്‍ ചാതുര്‍വര്‍ണ്യാശയങ്ങള്‍ ഉപയോഗിച്ചു ജാതിസമ്പ്രദായത്തെ ശക്തമാക്കി. തങ്ങളുടെ ആഗമനത്തിനു മുമ്പു മുതല്‍ നിലവിലിരുന്ന ഗോത്രങ്ങളെ ജാതിവ്യവസ്ഥയുടെ മുഖ്യ ധാരയിലേക്കു സ്വാംശീകരിക്കാനും അവരെ പ്രത്യേകം പ്രത്യേകം ജാതികളായി പുനര്‍വിഭജിക്കാനും നമ്പൂതിരിമാര്‍ക്കു കഴിഞ്ഞു. നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലത്ത് നായന്മാര്‍, പുലയര്‍, ഈഴവര്‍, കമ്മാളര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രാകൃത ജീവിതം നയിച്ചിരുന്ന വന്യഗോത്രങ്ങളായിരുന്നിരിക്കണം. ഈ ഗോത്രങ്ങള്‍ തമ്മില്‍ പരസ്പരബന്ധം ഉണ്ടായിരുന്നിരിക്കാനും ഇടയില്ല.

ഭാരതത്തിന്റെ മറ്റേതൊരു ഭാഗത്ത് ഉണ്ടായിരുന്നതിനെക്കാള്‍ ഭീകരമായ ഉച്ചനീചത്വങ്ങളും അനാചാരങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. 'ജാതി നിര്‍ണയ' പ്രകാരമുള്ള 64 ജാതികളില്‍ 54-ഉം നമ്പൂതിരിക്കു തീണ്ടിക്കുളി വേണ്ട അയിത്ത വിഭാഗങ്ങളാണ്. മേല്‍ ജാതികളില്‍ നിന്ന് തീണ്ടാപ്പാടകലം സൂക്ഷിക്കേണ്ട കീഴ്ജാതികള്‍ തമ്മില്‍ തമ്മിലും തീണ്ടലും അയിത്തവും കര്‍ശനമായി പാലിക്കുന്നു എന്നത് കേരളീയ ജാതിവ്യവസ്ഥയുടെ പ്രത്യേകതയാണ്. നമ്പൂതിരി ഇല്ലങ്ങള്‍, കോവിലകങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ ഭൃത്യജോലിയും സായുധ സേവനവുമായിരുന്നു നായന്മാര്‍ക്കു വിധിച്ചിരുന്ന കുലത്തൊഴില്‍. ഈഴവരില്‍ വലിയൊരു വിഭാഗം നായര്‍ തറവാടുകളിലെ ഊഴിയം അടിമകളായിരുന്നു. തെങ്ങു വളര്‍ത്തലും കള്ളു ചെത്തലുമായിരുന്നു ഈഴവരുടെ കുലത്തൊഴില്‍. കൃഷിപ്പണിയായിരുന്നു പുലയര്‍ക്കു വിധിച്ചിരുന്നത്. ചണ്ഡാളരും അടിമകളുമായിരുന്നു പറയര്‍.

ഓരോ ജാതിയും തൊട്ടു താഴെയുള്ള ജാതിയെ അവജ്ഞയോടെ വീക്ഷിക്കുകയും അവരില്‍ നിന്ന് എത്രത്തോളം അകലുന്നുവോ അത്രത്തോളം ജാതിമഹിമ വര്‍ധിക്കുമെന്നും വിശ്വസിച്ചിരുന്നു. മറ്റെവിടെയും ഒരു ജനവിഭാഗത്തിനും ലഭിക്കാനിടയില്ലാത്ത പദവിയും സ്ഥാനവുമാണ് കേരളത്തിലെ നമ്പൂതിരിമാര്‍ക്ക് ലഭിച്ചിരുന്നത്.

1505-ല്‍ മലബാര്‍ സന്ദര്‍ശിച്ച വര്‍ത്തേമ, ജാതിയുടെ ബന്ധപ്പെട്ട അടിമ സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അടിമകളായ നീചജാതികള്‍ക്ക് പൊതു നിരത്തിലൂടെയുള്ള സഞ്ചാരം വിലക്കിയിരുന്നു. കാടുകളിലോ ചതുപ്പുപ്രദേശങ്ങളിലോ അവര്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു. മേല്‍ ജാതിക്കാരെ തങ്ങളുടെ വരവറിയിക്കുന്നതിനുവേണ്ടി താഴ്ന്ന ജാതിക്കാര്‍ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് സഞ്ചരിക്കാറുണ്ടായിരുന്നത്. തീണ്ടല്‍ ജാതിക്കാരുടെ കാല്പാടുകള്‍ വഴിയില്‍ കാണുകയോ അവരെ അഭിമുഖീകരിക്കേണ്ടി വരുകയോ ചെയ്യുന്ന പക്ഷം നായന്മാര്‍ അവരെ വധിക്കാറുണ്ടായിരുന്നുവെന്ന് വര്‍ത്തേമ രേഖപ്പെടുത്തുന്നു. 'അബദ്ധത്തില്‍ ഏതെങ്കിലും ഒരു അടിമ ഒരു നായര്‍ സ്ത്രീയെ സ്പര്‍ശിക്കുവാന്‍ ഇടവന്നാല്‍ ആ സ്ത്രീയുടെ ബന്ധുക്കള്‍ അവളെ ഉടനടി കൊല്ലുകയും അടിമയെയും അയാളുടെ എല്ലാ ബന്ധുക്കളെയും വക വരുത്തുകയും ചെയ്യുമായിരുന്നു' എന്നാണ് ബര്‍ബോസ രേഖപ്പെടുത്തിയിട്ടുള്ളത്. 'പുലപ്പേടി'യുള്ള കാലത്ത് സന്ധ്യ കഴിഞ്ഞ് നായര്‍ സ്ത്രീകള്‍ വീടിനു പുറത്തിറങ്ങിയാല്‍, ഒരു താണ ജാതിക്കാരന്‍ എവിടെയെങ്കിലും പതുങ്ങിയിരുന്നു 'കണ്ടേ, കണ്ടേ' എന്നു വിളിച്ചു പറഞ്ഞാല്‍ നായര്‍ സ്ത്രീക്ക് ഭ്രഷ്ട് സംഭവിക്കും. കമ്പുകൊണ്ടോ കല്ലുകൊണ്ടോ എറിഞ്ഞുകൊള്ളിച്ചാലും ഭ്രഷ്ട് സംഭവിക്കും. നായര്‍ സ്ത്രീക്ക് താണ ജാതിക്കാരനോടുകൂടി ഓടി രക്ഷപ്പെടുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവള്‍ വധിക്കപ്പെടും.

താണ ജാതികളില്‍ നിന്നു പലവിധ നികുതികള്‍ ഈടാക്കിയിരുന്നു. പുരുഷന്മാരില്‍ നിന്നുള്ളതിനെ 'തലക്കര'മെന്നും സ്ത്രീകളില്‍ നിന്നുള്ളതിനെ 'മുലക്കര'മെന്നുമാണ് വിളിച്ചിരുന്നത്. താണ ജാതിക്കാരെ കണ്ടാല്‍ തിരിച്ചറിയുന്നതിന് അവര്‍ അരയ്ക്കു മുകളില്‍ മറയ്ക്കരുതെന്നായിരുന്നു ചട്ടം. പാദരക്ഷ, കുട, നല്ല വസ്ത്രം, നല്ല ആഭരണങ്ങള്‍ എന്നിവ അവര്‍ക്കു നിഷിദ്ധമായിരുന്നു. ജാതി തിരിച്ചുള്ള നീതിയും നിയമവുമാണ് 12-ാം ശ. മുതല്‍ കേരളത്തില്‍ നിലനിന്നത്. ശിക്ഷാവിധികളിലും കടുത്ത വിവേചനമുണ്ടായിരുന്നു. എത്ര കടുത്ത കുറ്റം ചെയ്താലും നമ്പൂതിരിമാര്‍ക്ക് വധശിക്ഷയോ തടവോ ഇല്ലായിരുന്നു. താണ ജാതിക്കാര്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീയുമായി ബന്ധപ്പെടുന്ന കുറ്റത്തിനും കളവിനും വധശിക്ഷ നല്കിയിരുന്നു. കടുത്ത കുറ്റങ്ങള്‍ ചെയ്യുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് 'ചിത്രവധം' എന്ന പേരില്‍ അതിക്രൂരമായ ഒരുതരം വധശിക്ഷ നല്കിയിരുന്നു. കുറ്റവാളിയുടെ ആസനത്തില്‍ക്കൂടി തലവരെ ഒരു ഇരുമ്പുപാര അടിച്ചുകയറ്റി, ഒരു വൃക്ഷത്തോട് ബന്ധിക്കുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ എടുത്തേക്കാം, ദണ്ഡിതന്‍ കൊല്ലപ്പെടാന്‍.

20-ാം ശ.-ന്റെ ആരംഭത്തില്‍ പോലും ജാതിവ്യവസ്ഥയുടെ നിന്ദ്യമായ അനാചാരങ്ങളാലും അസമത്വങ്ങളാലും അടിച്ചമര്‍ത്തലുകളാലും വികാസമറ്റ് മുരടിച്ചുകിടന്ന ഒരു സമൂഹമായിരുന്നു, കേരളത്തിലെത്.

ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍.

ചാതുര്‍വര്‍ണ്യം കര്‍ക്കശമായ ജാതിവ്യവസ്ഥയ്ക്ക് വഴിമാറുകയും തൊഴില്‍ വിഭജനം ദുരാചാരമായി ജീര്‍ണിക്കുകയും ചെയ്തതോടെ, പുരാതന ഭാരതത്തിലെ ഭൂരിപക്ഷം ജനതയുടെയും ജീവിതം ദുസ്സഹമായിത്തീര്‍ന്നു. ജാതികളും ജാതികള്‍ക്കകത്ത് അസംഖ്യം ഉപജാതികളും കൂടിക്കലര്‍ന്ന് പുരാതന ഭാരതീയ സമൂഹം തികച്ചും ജീര്‍ണവും ജടിലവുമായിത്തീര്‍ന്നു. സമൂഹത്തിനുമേല്‍, ബ്രാഹ്മണമേധാവിത്വം സ്ഥാപിതമാവുകയും ബഹുഭൂരിപക്ഷം ജനങ്ങളും ജാതിവ്യവസ്ഥയുടെ അടിത്തട്ടില്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്തു. ബ്രാഹ്മണര്‍ അപ്രമാദികളായിത്തീരുകയും ബ്രാഹ്മണശാസനകള്‍മൂലം സമൂഹം ശ്വാസം മുട്ടുകയും ചെയ്തു. ജാതി വ്യവസ്ഥയുടെ അടിത്തട്ടിലെ ശൂദ്രര്‍ക്കും ജാതിവ്യവസ്ഥയ്ക്കു പുറത്തുള്ള അസ്പൃശ്യ ജനവിഭാഗങ്ങള്‍ക്കും മനുഷ്യാവകാശങ്ങളൊക്കെ നിഷേധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മനുഷ്യത്വഹീനമായ ജാതി സമ്പ്രദായത്തിനെതിരെയുള്ള അമര്‍ഷം നിശ്ശബ്ദമായിട്ടാണെങ്കിലും ഉയര്‍ന്നുകൊണ്ടിരുന്നു.

ജാതി വ്യവസ്ഥയ്ക്കെതിരായ പ്രതിഷേധം പ്രാചീന കാലത്തു തന്നെ രൂപം കൊണ്ടിരുന്നു. എന്നാല്‍ ആദ്യകാലങ്ങളില്‍ ജാതി വിരുദ്ധമായി പ്രായോഗിക പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടില്ല. പലപ്പോഴും ജാതിയെ നിഷേധിക്കുന്ന ആശയങ്ങളായി നിലനില്ക്കുകയാണുണ്ടായത്. ലോകായതികന്മാരുടെ ഭൗതികവാദം, ജൈന-ബുദ്ധ മതദര്‍ശനങ്ങള്‍ എന്നിവയില്‍ ജാതിക്കെതിരായ ആശയങ്ങളുടെ സജീവ സാന്നിധ്യമുണ്ട്. ഒരു ജാതിവിരുദ്ധ പ്രസ്ഥാനമായിട്ടാണ് പല പണ്ഡിതന്മാരും ബുദ്ധമതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. ബുദ്ധദര്‍ശനം ജാതിയെ പൂര്‍ണമായി നിഷേധിക്കുന്നു. എന്നാല്‍ ബുദ്ധദര്‍ശനം പ്രത്യക്ഷത്തില്‍ ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നില്ല. ജാതീയവും സാമൂഹികവും ഭൗതികവുമായ തത്ത്വബോധങ്ങളെ അതിവര്‍ത്തിക്കുന്ന തികഞ്ഞ ആത്മാന്വേഷണത്തിന്റെ പാത എന്ന നിലയ്ക്കാണ് ബുദ്ധദര്‍ശനം ആവിഷ്കൃതമായത്. ബുദ്ധന്റെ കാലത്തു തന്നെ, വിരലിലെണ്ണാവുന്ന താഴ്ന്ന ജാതിക്കാരാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരായത്. പില്ക്കാലത്ത് ജാതിയില്‍ നിന്നു രക്ഷപ്പെടാനാഗ്രഹിച്ചവര്‍ക്ക് ബുദ്ധമതം ആശ്രയമായിട്ടുണ്ട്.

മധ്യകാലഘട്ടത്തിലെ ഭക്തിപ്രസ്ഥാനവും മൗലികമായി ആത്മീയാന്വേഷണമായിരുന്നെങ്കിലും പരോക്ഷമായി ജാതി വിരുദ്ധതയെ ഉള്‍ക്കൊള്ളുന്നുണ്ട്. വ്യക്തമായ ബോധത്തോടുകൂടി ജാതിക്കെതിരായ പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്, ബ്രിട്ടീഷുകാരുടെ ആഗമനത്തിനുശേഷമാണ്. ആധുനികവത്കരണവും ഇംഗ്ലീഷ് വിദ്യാഭ്യാസവും സൃഷ്ടിച്ച അന്തരീക്ഷം ജാതിവിരുദ്ധമായ പുരോഗമനാശയങ്ങള്‍ക്കു പ്രചോദനമായിത്തീര്‍ന്നു. മഹാരാഷ്ട്രയില്‍ ജ്യോതിബഭൂലെ നേതൃത്വം നല്കിയ സത്യശോധക് സമാജം, തമിഴ്നാട്ടില്‍ ഇ.വി. ആറിന്റെ ആത്മാഭിമാന പ്രസ്ഥാനം, പഞ്ചാബിലെ ആസ്ദാം പ്രസ്ഥാനം, മഹാരാഷ്ട്രയില്‍ അംബേദ്കര്‍ നേതൃത്വം നല്കിയ ദളിത് പ്രസ്ഥാനം, ബംഗാളിലെ നാമശൂദ്രപ്രസ്ഥാനം, ആദി ആന്ധ്രാപ്രസ്ഥാനം, ആദി കര്‍ണാടക പ്രസ്ഥാനം, ഉത്തര്‍പ്രദേശിലെ ആദിഹിന്ദുപ്രസ്ഥാനം തുടങ്ങിയവ ജാതിവിരുദ്ധ മുന്നേറ്റത്തില്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.

സവര്‍ണ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മത-സാംസ്കാരിക നവോത്ഥാന പ്രസ്ഥാനങ്ങളും ജാതിക്കെതിരായ നിലപാട് എടുക്കുകയുണ്ടായി. ഭാരതീയ നവോത്ഥാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന രാജാറാം മോഹന്‍ റായി സ്ഥാപിച്ച ബ്രഹ്മസമാജം, ദയാനന്ദ സരസ്വതിയുടെ ആര്യസമാജം തുടങ്ങിയവ ഹിന്ദുമതത്തിലെ ജാതീയമായ അത്യാചാരങ്ങള്‍ക്കെതിരെയുണ്ടായ ബോധവത്കരണത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

കേരളത്തില്‍ ജാതി വിരുദ്ധ മുന്നേറ്റത്തില്‍ നേതൃത്വപരമായ പങ്കു വഹിച്ചത് ശ്രീനാരായണ ഗുരുവാണ്. അദ്ദേഹം സ്ഥാപിച്ച എസ്.എന്‍.ഡി.പി. മുഖ്യമായും ഈഴവ സമുദായത്തിന്റെ പ്രസ്ഥാനമായിരുന്നെങ്കിലും ശ്രീനാരായണാദര്‍ശങ്ങള്‍ ജാതിചിന്തയ്ക്കെതിരായ വലിയൊരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിലും കേരളീയ സമൂഹത്തെ നവീകരിക്കുന്നതിലും ശ്രീനാരായണ പ്രസ്ഥാനം വഹിച്ച പങ്ക് നിര്‍ണായകമാണ്. ശ്രീനാരായണഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യം ജാതിക്കെതിരായ ബോധവത്കരണത്തിന്റെ പ്രതീകമായി മാറുകയുണ്ടായി. അതുപോലെ തന്നെ, അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തില്‍ അയ്യന്‍കാളി നേതൃത്വം നല്കിയ പ്രസ്ഥാനത്തിന്റെ സ്വാധീനവും ഗണ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍