This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാഗ്വര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാഗ്വര്‍

Jaguar

അമേരിക്കന്‍ പുലി. ഫെലിഡേ (Felidae) കുടുംബത്തില്‍പ്പെടുന്ന സസ്തനി. ശാസ്ത്രനാമം: പാന്തെറാ ഓന്‍കാ (Panthera onca). ലിയോ ഓന്‍കാ (Lio onca) എന്ന പേരിലാണ് മുമ്പ് ഇതറിയപ്പെട്ടിരുന്നത്. അര്‍ജന്റീന, മെക്സിക്കോ, ബ്രസീല്‍, ടെക്സാസ്, അരിസോണ എന്നിവിടങ്ങളില്‍ ജാഗ്വറുകളെ ധാരാളമായി കാണാം.

ജാഗ്വര്‍

സിംഹം, കടുവ എന്നിവയെക്കാള്‍ വലുപ്പം കുറഞ്ഞവയാണ് ജാഗ്വര്‍. പൂര്‍ണവളര്‍ച്ചയെത്തിയ മൃഗത്തിന് സു. 2 മീ. നീളവും സു. 60 സെ.മീ. ഉയരവും സു. 180 കി.ഗ്രാം തൂക്കവും വരും. ഇവയുടെ ദേഹം മുഴുവന്‍ പുള്ളിപ്പുലിയുടെതിനെക്കാള്‍ വലുപ്പം കൂടിയ കറുത്ത പുള്ളികള്‍ ഉണ്ടായിരിക്കും. സാമാന്യം വലിയ ഒരു കറുത്ത പുള്ളിക്കുചുറ്റും ചെറിയ കറുത്ത പുള്ളികള്‍കൊണ്ട് 'റോസെറ്റ്' പോലെ ഒരു വലയം രൂപപ്പെട്ടിരിക്കുന്നു. തലയിലും കാലുകളിലുമുള്ള കറുത്ത പുള്ളിക്കു ചുറ്റും റോസെറ്റ് വലയം കാണാറില്ല. കഴുത്തിലും മാറിലും ചെവിക്കകത്തും വെളുത്ത രോമങ്ങളാണ്. കഴുത്തിലും മാറിലും അങ്ങിങ്ങായി കുറുകെ കറുത്ത പുള്ളികള്‍ ഉണ്ടായിരിക്കും. ഉടലിനു പുറത്തും പാര്‍ശ്വഭാഗങ്ങളിലും വൃത്താകൃതിയിലുള്ള വളയങ്ങളും അവയ്ക്കുള്ളിലെ വടിവൊത്ത കറുത്ത പുള്ളികളും ജാഗ്വറിന്റെ പ്രത്യേകതയാണ്. അപൂര്‍വമായി ഈ പ്രത്യേകത പുള്ളിപ്പുലികളിലും കാണാറുണ്ട്. ആമസോണ്‍ നദീതടങ്ങളില്‍ കറുപ്പു നിറത്തിലുള്ള ജാഗ്വറുകളുണ്ട്.

സിംഹം, കടുവ, പുലി എന്നിവയുടേതുപോലെ ജാഗ്വറിന്റെ തൊണ്ടയിലെ ചില അസ്ഥികളും പ്രത്യേക രീതിയിലാണ്. അതിനാല്‍ ഇവയ്ക്ക് അത്യുച്ചത്തില്‍ അമറാന്‍ കഴിയും.

ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലുപ്പം കൂടിയതും ബലമേറിയതുമായ ഈ മാംസഭോജി മനുഷ്യരെ കടന്നാക്രമിക്കുകയോ മനുഷ്യമാംസം ഭക്ഷിക്കുകയോ ചെയ്യാറില്ല. ഇരയെ പിന്തുടരുകയോ കടന്നാക്രമിക്കുകയോ അല്ല; പതുങ്ങിയിരുന്നു തക്കം നോക്കി ഇരയുടെ മേല്‍ ചാടി വീണു പിടിക്കുകയാണു രീതി. നീര്‍പ്പന്നി, മാന്‍ തുടങ്ങിയവയാണ് ജാഗ്വറിന്റെ പ്രധാന ഇരകള്‍. ജലാശയങ്ങള്‍ക്കടുത്തു കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇവയിലെ കറുത്ത വര്‍ഗക്കാര്‍ ഇര തേടി വളരെ ദൂരെ നീന്തി ദ്വീപുകളിലേക്കു പോകാറുണ്ട്. മുട്ടയിടാന്‍ തീരങ്ങളിലെത്തുന്ന മുതല, ചീങ്കണ്ണി, ആമ തുടങ്ങിയ ജന്തുക്കളെയും ഇവ ഭക്ഷിക്കാറുണ്ട്. വെള്ളത്തിനു മുകളില്‍ ചാഞ്ഞുകിടക്കുന്ന വൃക്ഷശിഖരങ്ങളിലിരുന്ന് മത്സ്യങ്ങളെ കൈകൊണ്ടു പിടിച്ചു ഭക്ഷിക്കുന്ന ഇവ വെള്ളത്തില്‍ വാലിട്ടടിച്ച് മത്സ്യങ്ങളെ ആകര്‍ഷിക്കുന്നു.

വര്‍ഷത്തിലൊരിക്കല്‍ ജാഗ്വര്‍ ഇണചേരുന്നു. പ്രത്യേക കാലമില്ല. ജാഗ്വറിന്റെ ഗര്‍ഭകാലം സു. നൂറു ദിവസമാണ്. ഒരു പ്രസവത്തില്‍ രണ്ടോ നാലോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ധാരാളം കറുത്ത പുള്ളികളുണ്ടായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടുന്നത് ആണ്‍ ജാഗ്വറുകളാണ്. ഒരു വയസ്സുവരെ ഇവ കുഞ്ഞുങ്ങളെ സംരക്ഷിക്കും. അതിനുശേഷം ഇരതേടി പിരിഞ്ഞുപോകുന്നു. കുഞ്ഞുങ്ങള്‍ മൂന്നു വയസ്സാകുമ്പോള്‍ ഇണചേരാന്‍ തുടങ്ങും. ജാഗ്വറിന്റെ ആയുഷ്കാലം ഇരുപതു വര്‍ഷമാണ്. ഇവ പൊതുവേ രാത്രിഞ്ചരന്മാരാണ്. ജാഗ്വറുകളുടെ മനോഹരമായ തോലിനുവേണ്ടി മനുഷ്യര്‍ ഇവയെ വേട്ടയാടാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍