This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാക്സണ്‍, തോമസ് ജൊനാതന്‍ (1824 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാക്സണ്‍, തോമസ് ജൊനാതന്‍ (1824 - 63)

യു.എസ്. സൈനികോദ്യോഗസ്ഥന്‍. 1824 ജനു. 21-നു പശ്ചിമ വെര്‍ജീനിയയിലുള്ള ക്ളാര്‍ക്സ് ബര്‍ഗില്‍ ജനിച്ചു. 1846-ല്‍ ബിരുദമെടുത്തശേഷം ജാക്സണ്‍ ഒന്നാം യു.എസ്. ആര്‍ട്ടിലറിയില്‍ സൈനികനായി. ഇദ്ദേഹം മെക്സിക്കന്‍ യുദ്ധത്തില്‍ (1846-48) പങ്കെടുത്തിട്ടുണ്ട്. സൈനികസേവനത്തില്‍ നിന്നും വിരമിച്ച ജാക്സണ്‍ 1851 ആഗ. മുതല്‍ 61 ഏ. വരെ വെര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായിരുന്നു. അമേരിക്കന്‍ ആഭ്യന്തരയുദ്ധക്കാലത്ത് (1861-65) കോണ്‍ഫെഡറേറ്റ് സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ജാക്സണ്‍ 'സ്റ്റോണ്‍വാള്‍' എന്ന പേരില്‍ പ്രശസ്തനായി.

തോമസ് ജൊനാതന്‍ ജാക്സണ്‍

അമേരിക്കന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതോടെ ജാക്സണ്‍ വെര്‍ജീനിയയില്‍ കോണ്‍ഫെഡറേറ്റ് സേനയില്‍ ചേര്‍ന്നു. തന്ത്രപ്രാധാന്യമുള്ള ഹാര്‍പേഴ്സ് ഫെറി നഗരം സംരക്ഷിക്കുന്ന ചുമതല ഇദ്ദേഹത്തിനായിരുന്നു. 1861-ല്‍ ജാക്സണ്‍ കോണ്‍ഫെഡറേറ്റ് സൈന്യത്തില്‍ ബ്രിഗേഡിയര്‍ ജനറലായി. ഒന്നാം ബുള്‍റണ്‍ യുദ്ധത്തില്‍ (1861) യൂണിയനിസ്റ്റ് സേനയുടെ ആക്രമണത്തെ കന്മതില്‍പോലെ ചെറുത്തതിനെത്തുടര്‍ന്നാണ് ഇദ്ദേഹം 'സ്റ്റോണ്‍വാള്‍' ജാക്സണ്‍ എന്ന പേരില്‍ പ്രശസ്തനായത്. ഇതോടെ ജാക്സണ്‍ സ്ഥാനക്കയറ്റം ലഭിച്ച് മേജര്‍ ജനറലായി. ഷെനാന്‍ഡോ താഴ്വരയിലെ യുദ്ധത്തില്‍ (1862 മേയ് 25) യൂണിയന്‍ സേനയിലെ ജനറല്‍മാരായ ഇര്‍വിന്‍ മക്ഡവല്‍, നഥാനിയേല്‍ പി. ബാങ്ക്സ്, ജോണ്‍ സി. ഫ്രെമോണ്ട് എന്നിവരെ ഇദ്ദേഹം പരാജയപ്പെടുത്തി. പിന്നീട് ജൂണ്‍ 8-നു ക്രോസ് കീസ് (cross keys) എന്ന സ്ഥലത്തുവച്ച് യൂണിയന്‍ സേനയെ പരാജയപ്പെടുത്തി. രണ്ടാം ബുള്‍റണ്‍ യുദ്ധത്തില്‍ (ആഗ.) ജനറല്‍ ജോണ്‍ പോപ്പിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ സൈന്യത്തെ ഇദ്ദേഹം തോല്പിച്ചു. തുടര്‍ന്ന് 1862 സെപ്.-ല്‍ ജാക്സണ്‍ ഹാര്‍പേഴ്സ് ഫെറി കീഴടക്കി. ലഫ്റ്റനന്റ് ജനറലായി ഉദ്യോഗക്കയറ്റം ലഭിച്ച ജാക്സണ്‍ ഡി.-ല്‍ ഫ്രഡറിക് ബര്‍ഗ് യുദ്ധത്തിലും വിജയം നേടി. യൂണിയനിസ്റ്റ് സൈനിക മേധാവിയായിരുന്ന ഹൂക്കറെ ചാന്‍സലേഴ്സ്വില്‍ യുദ്ധത്തില്‍ 1863 മേയ് 2-ന് ഇദ്ദേഹം പരാജയപ്പെടുത്തി. ശത്രുപക്ഷത്താണെന്ന തെറ്റിദ്ധാരണയില്‍ സ്വപക്ഷത്തുനിന്നും അതേദിവസം തന്നെ ഇദ്ദേഹത്തിന് വെടിയേറ്റു. മേയ് 10-ന് ജാക്സണ്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍