This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാക്സണ്‍, ജോണ്‍ ഹ്യൂലിങ്സ് (1835 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജാക്സണ്‍, ജോണ്‍ ഹ്യൂലിങ്സ് (1835 - 1911)

സിരാരോഗചികിത്സാ വിദഗ്ധന്‍ (ന്യൂറോളജിസ്റ്റ്). ആധുനിക സിരാശാസ്ത്രവികാസത്തിനു വഴി തെളിച്ച ഇദ്ദേഹം 1835 ഏ. 4-നു യോര്‍ക്ക്ഷയറിലെ ഗ്രീന്‍ ഹാമര്‍ട്ടനില്‍ ജനിച്ചു.

ജാക്സണ്‍ 15-ാം വയസ്സില്‍ യോര്‍ക്ക് ഹോസ്പിറ്റലില്‍ ഡോ. ആന്റേഴ്സന്റെ കീഴില്‍ പരിശീലനത്തിനു ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്കൂളില്‍ വൈദ്യശാസ്ത്രപഠനം പൂര്‍ത്തിയാക്കി (1855-56). യോര്‍ക്ക് ഹോസ്പിറ്റലില്‍ ഹൌസ് സര്‍ജനായി സേവനമനുഷ്ഠിച്ചശേഷം 1862-ല്‍ അപസ്മാര രോഗികള്‍ക്കുള്ള നാഷണല്‍ ഹോസ്പിറ്റലില്‍ (ലണ്ടന്‍) ഔദ്യോഗികജീവിതം ആരംഭിച്ചു. 1868-ല്‍ ലണ്ടന്‍ റോയല്‍ കോളജ് ഒഫ് ഫിസിഷ്യന്‍സില്‍ അംഗത്വം ലഭിച്ചു.

അപസ്മാര രോഗത്തെക്കുറിച്ച് ആദ്യമായി ഗവേഷണം നടത്തിയത് ജാക്സണ്‍ ആയിരുന്നു. അപസ്മാരസിരാക്ഷോഭങ്ങള്‍ ചലനങ്ങളായിട്ടോ സംവേദനങ്ങളായിട്ടോ ആരംഭിക്കുന്നത് മസ്തിഷ്ക ആവൃതി (cerebral cortex)യില്‍ നിന്നാണെന്ന് ജാക്സണ്‍ കണ്ടെത്തി (1863). 1875 മുതല്‍ ഈ സിരാക്ഷോഭങ്ങള്‍ 'ജാക്സോണിയന്‍ അപസ്മാര'മെന്ന പേരില്‍ അറിയപ്പെട്ടു. ക്ലിനിക്കല്‍ ന്യൂറോളജിയിലും ന്യൂറോഫിസിയോളജിയിലും ജാക്സന്റെ സംഭാവന വിലപ്പെട്ടതാണ്.

മസ്തിഷ്ക-നേത്രരോഗങ്ങളെ സമന്വയിപ്പിച്ച് ചികിത്സ ആരംഭിച്ചതും ജാക്സനാണ്. ഈ ചികിത്സാരീതി ഇപ്പോള്‍ സാര്‍വത്രികമായിട്ടുണ്ട്.

1871-ല്‍ ജാക്സണ്‍ പാപ്പിലിഡെമ ആന്‍ഡ് ഓപ്ടിക് ന്യൂറൈറ്റിസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1878-ല്‍ ഇദ്ദേഹത്തിന് റോയല്‍ സൊസൈറ്റിയില്‍ അംഗത്വം ലഭിച്ചു. 1885-ല്‍ ന്യൂറോളജിക്കല്‍ സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റായി. 1906-ല്‍ നാഷണല്‍ ഹോസ്പിറ്റലില്‍ നിന്നു വിരമിച്ച ജാക്സണ്‍ 1911 ഒ. 7-ന് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍