This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജസ്റ്റിനിയന്‍ I (482 - 565)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജസ്റ്റിനിയന്‍ I (482 - 565)

നിയമരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശ്രുതനായ ബൈസാന്തിയന്‍ ചക്രവര്‍ത്തി.

ഇലീറികമിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ചു. ജസ്റ്റിന്‍ I-ന്റെ സഹോദരിയാണ് മാതാവ്. ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെ താത്പര്യപ്രകാരം കോണ്‍സ്റ്റാന്റിനോപ്പിളില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തുടര്‍ന്ന് ചക്രവര്‍ത്തിയുടെ ഉപദേഷ്ടാവായി. 527-ല്‍ ജസ്റ്റിന്‍ ക മരണമടഞ്ഞതോടെ ചക്രവര്‍ത്തിയായി ജസ്റ്റിനിയന്‍ അവരോധിക്കപ്പെട്ടു.

പുരാതന റോമാസാമ്രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുക എന്നതായിരുന്നു ജസ്റ്റിനിയന്റെ ആത്യന്തിക ലക്ഷ്യം. ബാര്‍ബേറിയന്മാര്‍ കീഴടക്കിയ പ്രദേശങ്ങള്‍ തിരികെ പിടിച്ച് റോമാസാമ്രാജ്യത്തിന്റെ വിസ്തൃതി പുനഃസ്ഥാപിക്കുന്നതിനായി ശ്രമമാരംഭിച്ചു. മികവുറ്റ സേനാധിപന്മാരുടെ സേവനം ഇതില്‍ ഇദ്ദേഹത്തിനു തുണയായി. അതിര്‍ത്തിയില്‍ പേര്‍ഷ്യക്കാര്‍ ഉയര്‍ത്തിയ ഭീഷണിയെ ജനറല്‍ ബരിസാറിയസ് വിജയകരമായി നേരിട്ടു. വാന്‍ഡലുകളില്‍ നിന്ന് ആഫ്രിക്ക, വിസിഗോത്തുകളില്‍ നിന്ന് സ്പെയിന്‍, ആസ്റ്റ്രഗോത്തുകളില്‍ നിന്ന് ഇറ്റലി തുടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് മെഡിറ്ററേനിയന്‍ പ്രദേശം മുഴുവന്‍ വീണ്ടും റോമിന്റെ അധീനതയില്‍ കൊണ്ടുവന്നു.

'നിയമനിര്‍മാതാവ്' എന്ന നിലയിലാണ് ജസ്റ്റിനിയന്‍ അനശ്വരനായത്. നിലവിലിരുന്ന എല്ലാ റോമന്‍ നിയമങ്ങളും ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ക്രോഡീകരിക്കപ്പെട്ടു (Codex Justinia- nus). 533-ല്‍ ജൂറിസ്റ്റുകളുടെ വ്യാഖ്യാനങ്ങള്‍ ഡൈജസ്റ്റ എന്ന പേരിലും ഗെയൂസ് സംഹിതകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടെസ് എന്ന പേരിലും പുറത്തുവന്നു. നോവെലേ എന്ന പേരില്‍ അറിയപ്പെട്ട പുതിയ ഓര്‍ഡിനന്‍സുകള്‍ ഇടയ്ക്കിടെ ഇദ്ദേഹം പ്രാബല്യത്തില്‍ വരുത്തി.

മണിമാളികകള്‍, കൊട്ടാരങ്ങള്‍, കോട്ടകള്‍, പള്ളികള്‍ എന്നിവ പടുത്തുയര്‍ത്തുന്നതിനോട് പ്രത്യേക മമതയുണ്ടായിരുന്ന ജസ്റ്റിനിയന്റെ താത്പര്യപ്രകാരം നിര്‍മിക്കപ്പെട്ട ഹാഗിയ സോഫിയ പള്ളി വിശ്വവിശ്രുതമാണ്. സമകാലീന ചരിത്രകാരനായിരുന്ന പ്രകോപിയസ് ചക്രവര്‍ത്തിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ മാത്രമായി ഒരു പുസ്തകം എഴുതുകയുണ്ടായി. നിര്‍മാണ പ്രക്രിയയ്ക്കു വേണ്ടി ഇദ്ദേഹം ഭാരിച്ച നികുതികള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്പിച്ചു. ഇതുകാരണം ചക്രവര്‍ത്തിക്ക് എതിര്‍പ്പു നേരിടേണ്ടിവന്നെങ്കിലും ഇദ്ദേഹത്തിന്റെ സാമ്പത്തിക നയം സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന ഒന്നായിരുന്നു.

'ദൈവത്തിന്റെ റീജന്റുകളാണ് ഭൂമിയിലെ രാജാക്കന്മാര്‍' എന്നു വിശ്വസിച്ചിരുന്ന ജസ്റ്റിനിയന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുക തന്റെ കടമയാണെന്നു കരുതിയ ഒരു യാഥാസ്ഥിതികനായിരുന്നു. ഇദ്ദേഹം ക്രിസ്തുമത വിരോധികളെ തീക്ഷ്ണതയോടെ എതിര്‍ക്കുകയും പേഗന്‍ തത്ത്വശാസ്ത്രം പഠനവിഷയമാക്കിയ പ്ലേറ്റോണിക് അക്കാദമി അടപ്പിക്കുകയും ചെയ്തു. മോണോഫിസൈറ്റ് ക്രിസ്ത്യാനികളെ പീഡിപ്പിച്ച ഇദ്ദേഹം പില്ക്കാലത്ത്, പത്നി തിയഡോറ രാജ്ഞിയുടെ പ്രേരണയാല്‍ അവരോട് അനുകമ്പാപൂര്‍വം പെരുമാറാനാരംഭിച്ചെങ്കിലും ക്രൈസ്തവര്‍ക്ക് ഏകതാനമായ ഒരു വിശ്വാസം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. അവസാനകാലത്ത് മതപരമായ കാര്യങ്ങളില്‍ മുഴുകിയ ജസ്റ്റിനിയന്‍ പത്നിയുടെ മരണത്തോടെ തികച്ചും ഏകാകിയായി. 565-ല്‍ അന്തരിച്ചു. നോ: ഗെയൂസ്; ജസ്റ്റിനിയന്‍ കോഡ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍