This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലോര്‍ധ്വഗമനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:49, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലോര്‍ധ്വഗമനം

Upwelling

സമുദ്രതലങ്ങളില്‍ അധസ്തല (subsurface) ജലം ഊര്‍ധ്വദിശയില്‍ കുതിച്ചുയരുന്ന പ്രക്രിയ. ജലോര്‍ധ്വഗമനം സംഭവിക്കുന്നത് നിശ്ചിത സ്ഥാനങ്ങളിലാണെങ്കില്‍പ്പോലും ഉയര്‍ന്നുവീഴുന്ന ജലസഞ്ചയം നൂറുകണക്കിനു കിലോമീറ്ററുകളോളം ഒഴുകി നീങ്ങുന്നു. സ്വാഭാവികമായും ഊര്‍ധ്വഗമനക്ഷേത്രത്തിനു (Upwelling area) ചുറ്റും ശതക്കണക്കിനു കി.മീ. വ്യാസത്തിലുള്ള മേഖലയിലെ രാസ-ഭൗതിക പ്രക്രിയകളെ സ്വാധീനിക്കുവാന്‍ ഈ നീരൊഴുക്ക് പ്രാപ്തമായി ഭവിക്കുന്നു. സമുദ്രങ്ങളിലെ ഏതുഭാഗത്തും ജലോര്‍ധ്വഗമനത്തിനു സാധ്യതയുണ്ട്. എന്നാല്‍ ഏറ്റവും സാധാരണമായി സംഭവിക്കാറുള്ളത് വന്‍കരകളുടെ പടിഞ്ഞാറേതീരങ്ങള്‍ക്കടുത്തായാണ്. കാറ്റിന്റെ ശക്തിയില്‍ പ്രതലജലപാളികള്‍ ആഴക്കടലിലേക്കു തള്ളിനീക്കപ്പെടുമ്പോഴും കടലൊഴുക്കുകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോഴും ജലപ്രവാഹങ്ങള്‍ വന്‍കരയുമായി സന്ധിക്കുമ്പോഴും ജലോര്‍ധ്വഗമനം ഉണ്ടാകാം. ഉത്തരാര്‍ധഗോളത്തില്‍ കടലോരത്തിന് ഏറെക്കുറെ സമാന്തരമായി സ്ഥിരവാതങ്ങള്‍ വീശുന്ന പരിതഃസ്ഥിതിയില്‍ ഉപരിതലജലപാളികള്‍ ആഴക്കടലിലേക്കു മറിക്കപ്പെടുന്നു. തുടര്‍ന്ന് അധസ്തലജലം ശക്തിയായി കുതിച്ചുയരുകയും ചെയ്യും. നിശ്ചിതസ്ഥാനം കേന്ദ്രീകരിച്ച് വിവിധ ദിശകളിലേക്ക് ജലം അപസരിക്കുന്നതും (divergence) അധഃസ്തലജലത്തിന്റെ ഊര്‍ധ്വഗമനത്തിനു പ്രേരകമാകും. ചെറുതും വലുതുമായ ചക്രവാതച്ചുഴലികള്‍ പ്രതലജലത്തെ വകഞ്ഞുമാറ്റി ജലോര്‍ധ്വഗമനത്തിനു കളമൊരുക്കുന്നു. പ്രേരകമായി വര്‍ത്തിക്കുന്ന കാറ്റിന്റെ വേഗത, ദിശ, സമയദൈര്‍ഘ്യം, വ്യാപ്തി തുടങ്ങിയ സ്വഭാവവിശേഷങ്ങളെ ആശ്രയിച്ചാണ് ഊര്‍ധ്വഗമനത്തിന്റെ പരിമാണം നിര്‍ണയിക്കപ്പെടുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ജലോര്‍ധ്വഗമനത്തിന്റെ പരിമാണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും.

സമുദ്രോപരിതലത്തിലെ പ്രധാന പ്രക്രിയകളിലൊന്നാണ് ജലോര്‍ധ്വഗമനം. പക്ഷേ ഇതിന്റെ പ്രവര്‍ത്തനം നന്നേ സാവധാനത്തിലാണ്. കാലിഫോര്‍ണിയയ്ക്കു പ. ഒരു മാസത്തില്‍ 20 മീ. എന്ന തോതില്‍ ഊര്‍ധ്വഗമനമുണ്ടായി; പ്രതലത്തിന് 200 മീ. താഴെ വരെയുള്ള ജലപാളികള്‍ മാത്രമാണ് ഇതില്‍ ഉയര്‍ന്നുപൊങ്ങിയത്.

ജലോര്‍ധ്വഗമനം വളരെ ശക്തമായ തോതില്‍ സംഭവിക്കാറുള്ളത് പശ്ചിമ യു.എസ്., പെറു, മൊറോക്കോ, ദക്ഷിണ ആഫ്രിക്ക, പശ്ചിമ ആസ്റ്റ്രേലിയ എന്നീ പ്രദേശങ്ങളുടെ തീരക്കടലിലാണ്. നിശ്ചിത കാലങ്ങളില്‍ ഇന്ത്യ, തായ്ലന്‍ഡ്, ദക്ഷിണ വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കിഴക്കെ തീരത്തോടടുത്ത് ജലോര്‍ധ്വഗമനം സാധാരണമാണ്. ഉഷ്ണകാലത്ത് ശക്തമായി വീശുന്ന തെ. പ. മണ്‍സൂണ്‍ ശൈത്യകാലാരംഭത്തോടെ പിന്‍വാങ്ങി വ. കി. മണ്‍സൂണിന്റെ പ്രഭാവത്തിനു കളമൊരുക്കുന്നു. ഉഷ്ണകാലാന്ത്യത്തില്‍ വ. കി. മണ്‍സൂണ്‍ പ്രാബല്യമാര്‍ജിച്ചതിനുശേഷവും ചിലപ്പോള്‍ തെ. പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടര്‍ന്നുവെന്നു വരാം. ഈ സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലും മറ്റും ഇരുവാതങ്ങളും തമ്മില്‍ മുഖാമുഖം സന്ധിക്കുന്നത് അതിശക്തങ്ങളായ ചുഴലിക്കാറ്റുകള്‍ക്കും ജലോര്‍ധ്വഗമനത്തിനും ഇട നല്കുന്നു. സൊമാലി ലാന്‍ഡിനു കി. അറേബ്യന്‍ സമുദ്രത്തിലുണ്ടാകുന്ന ജലോര്‍ധ്വഗമനങ്ങളാണ് ഏറ്റവും കൂടുതല്‍ പരന്നൊഴുകുന്നത്. അന്റാര്‍ട്ടിക്ക, അലൂഷന്‍ ദ്വീപുകള്‍ എന്നിവയുടെ തീരക്കടലുകളിലും ഭൂമധ്യരേഖാമേഖലയിലും മധ്യരേഖാ-പ്രതിപ്രവാഹത്തിന്റെ (equatorial counter current) വടക്കെ അതിര്‍ത്തിഭാഗത്തും ജലോര്‍ധ്വഗമനം സാധാരണമാണ്.

ദ്വീപുകളുടെയും ജലപ്രവാഹങ്ങളെ തഴുകി നില്ക്കുന്ന വന്‍കര മുനമ്പുകളുടെയും (promontory) നിര്‍വാതഭാഗങ്ങളില്‍ (leeward) ചെറിയ തോതില്‍ ഊര്‍ധ്വഗമനം ഉണ്ടാകാറുണ്ട്. ജലപിണ്ഡങ്ങളുടെ സീമാ മേഖലകള്‍, ഉപരിതലത്തോളം പൊങ്ങിനില്ക്കുന്ന തിട്ടുകളും കടല്‍ക്കുന്നുകളും ഉത്തരാര്‍ധഗോളത്തിലെ അപ്രദക്ഷിണദിശയില്‍ ചുഴലുന്ന ജലാവര്‍ത്തങ്ങള്‍ (eddies) തുടങ്ങിയവ ജലോര്‍ധ്വഗമനത്തിനു പ്രേരകങ്ങളായി വര്‍ത്തിക്കുന്നു.

വിഭിന്ന സ്വഭാവവിശേഷങ്ങളുള്ള അധസ്തലജലം ഊര്‍ധ്വഗമനത്തിലൂടെ പ്രതലത്തിലെത്തി പരന്നൊഴുകുന്നു. ഉപരിതല ജലപാളികളെ അപേക്ഷിച്ച് തണുത്തതും സാന്ദ്രത കൂടിയതുമാണ് അധഃസ്തലജലം. ശക്തമായ ജലോര്‍ധ്വഗമനം ഉഷ്ണകാലത്തിന്റെ മൂര്‍ധന്യദശയിലാണ് നടക്കുന്നതെങ്കില്‍പ്പോലും ഊര്‍ധ്വഗമനക്ഷേത്രത്തിലെ താപനില ശൈത്യകാലത്തേതിനെ അപേക്ഷിച്ച് വളരെ താഴ്ന്നതായിരിക്കും. ഇതുമൂലം തീരമേഖലയില്‍ തണുത്ത കാറ്റടിക്കുന്നതിനും നേരിയ ശൈത്യബാധ ഉണ്ടാകുന്നതിനും ഇടയാകുന്നു. അന്തരീക്ഷത്തിലെ താണവിതാനങ്ങളിലുള്ള വായു തണുത്തുറഞ്ഞ് മൂടല്‍ മഞ്ഞുണ്ടാകുന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഉദ്ഗമിച്ചെത്തുന്ന അധഃസ്തലജലത്തില്‍ ഫോസ്ഫേറ്റുകള്‍, നൈട്രേറ്റുകള്‍ തുടങ്ങിയ പോഷകപദാര്‍ഥങ്ങള്‍ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. പ്രകാശവീചികള്‍ കടന്നുചെല്ലുന്ന ഉപരിതലജലപാളികളുമായി കൂടിക്കലര്‍ന്ന് ഇവ ജൈവോത്പാദനത്തിന് ആക്കം കൂട്ടുന്നു. ജലോര്‍ധ്വഗമനം ആവര്‍ത്തിച്ചുണ്ടാകുന്നയിടങ്ങള്‍ ഒട്ടുമുക്കാലും സമ്പന്നങ്ങളായ മത്സ്യാവാസകേന്ദ്രങ്ങളായി പരിണമിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളെ ചൂഴ്ന്ന് ലക്ഷക്കണക്കിനു പക്ഷികള്‍ ചേക്കേറുന്നതും സാധാരണമാണ്. പെറുതീരത്തെ പക്ഷിക്കാഷ്ഠം അമൂല്യവളമെന്ന നിലയില്‍ സമ്പദ്പ്രാധാന്യം നേടിയിട്ടുണ്ട്. അത്ലാന്തിക്കിലെ അന്റാര്‍ട്ടിക് അഭിസരണമേഖല ഡയാറ്റം, പ്ലജലേറ്റുകള്‍ തുടങ്ങിയ സൂക്ഷ്മജീവികളാല്‍ സമ്പന്നമാണ്. ഇവിടത്തെ കടല്‍ത്തറയില്‍ സമൃദ്ധവും നിബിഡവുമായി വളരുന്ന 'ക്രില്‍' എന്ന കടല്‍ സസ്യം തിമിംഗലങ്ങളുടെ പ്രിയഭോജ്യമാകുന്നു. ജലോര്‍ധ്വഗമനം നിതലജീവി (benthos) സമൂഹത്തിലും സ്വാധീനം ചെലുത്തുന്നു.

കടല്‍ത്തറകളിലെ ജൈവസംഘടനത്തിലും ഈ പ്രക്രിയ പ്രഭാവം ചെലുത്തുന്നുണ്ടെന്നാണ് വിശ്വാസം. ജലപ്രവാഹങ്ങള്‍ക്കു വഹിച്ചു നീക്കാവുന്നതിലുമേറെ ജൈവവസ്തുക്കള്‍ സമുദ്രത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവ കടല്‍ത്തറകളില്‍, പ്രത്യേകിച്ച് അഗാധഗര്‍ത്തങ്ങളില്‍, അടിഞ്ഞുകൂടുന്നു. യുഗങ്ങള്‍ പിന്നിടുമ്പോള്‍ ഈ പദാര്‍ഥങ്ങള്‍ പെട്രോളിയമായി രൂപാന്തരം പ്രാപിക്കും. വന്‍കരത്തിട്ടുകളിലടിയുന്ന ജൈവപദാര്‍ഥങ്ങള്‍ വിക്ഷോഭങ്ങള്‍ വഴി തൂത്തുമാറ്റപ്പെട്ട് ആഴക്കടലില്‍ പതിക്കുന്നു. അഗാധതടങ്ങളില്‍ സഞ്ചയിക്കപ്പെടുന്ന ഇവ സ്ഥിരമായി അടിയുന്നതിന് അജൈവ വസ്തുക്കളുടേതായ ഒരു ആവരണം അത്യാന്താപേക്ഷിതമായിരിക്കും. വിക്ഷോഭപ്രവാഹങ്ങളിലൂടെയാണ് അജൈവ പദാര്‍ഥങ്ങള്‍ അടിയേണ്ടത്. ജലോര്‍ധ്വഗമനം ഇതിനു സഹായിക്കുന്നുവെന്നതിനാല്‍ ഇന്നത്തെ ഉദ്ഗമന മേഖലകളെ ഭാവിയിലെ എണ്ണപ്പാടങ്ങളായി വകയിരുത്താവുന്നതാണ്.

കടലിലെ കാത്സ്യം കാര്‍ബണേറ്റ് സമീകാരതലം (compensation depth) ജലോര്‍ധ്വഗമനത്തിന്റെ ഫലമായി സാരമായി ഉയരുന്നു. ഉപരിതലത്തിലേക്കു കുതിച്ചുയരുന്ന തണുത്ത ജലം ഉയര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് സമ്മര്‍ദനത്തിന്റെ സഹായത്തോടെ കാര്‍ബണേറ്റ് അവസാദങ്ങളെ വര്‍ധിച്ച തോതില്‍ വിലയിപ്പിക്കുന്നതിന്റെ ഫലമായി കാത്സ്യം കാര്‍ബണേറ്റ് സമീകാരതലം ക്രമവിരുദ്ധമായി പ്രതലത്തിന് ഏറ്റവും അടുത്ത് എത്താറുണ്ട്.

താപീയവും രാസപരവും ജൈവപരവും ഭൂവിജ്ഞാനപരവുമായ സ്വഭാവസവിശേഷതകളെ കാര്യമായി സ്വാധീനിക്കുന്ന ഒരു പ്രക്രിയയെന്ന നിലയില്‍ ജലോര്‍ധ്വഗമനത്തിന് സമുദ്രങ്ങളുടെ സാമ്പത്തിക പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ നിര്‍ണായകമായ സ്ഥാനം കല്പിക്കേണ്ടിയിരിക്കുന്നു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍