This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലാലുദ്ദീന്‍ റൂമി (1207 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലാലുദ്ദീന്‍ റൂമി (1207 - 73)

പേര്‍ഷ്യന്‍ മിസ്റ്റിക് കവി. 1207 സെപ്. 30-നു ബാല്‍ഖ് എന്ന സ്ഥലത്തു ജനിച്ചു. യഥാര്‍ഥ നാമധേയം മുഹമ്മദ് ഇബ്നു മുഹമ്മദ് മൌലവി ബാല്‍ഖി എന്നാണ്. ദാര്‍ശനികനും മതപണ്ഡിതനുമായ പ്രസിദ്ധ പ്രൊഫസര്‍ ആയിരുന്നു പിതാവ്. സുല്‍ത്താന്‍ മുഹമ്മദ് ഖരോഷായുമായുണ്ടായ അസ്വാരസ്യം കാരണം അദ്ദേഹം സകുടുംബം ജന്മനാടുവിടുകയും ഒടുവില്‍ ഏഷ്യമൈനറിലെ കൊണ്യാ എന്ന സ്ഥലത്തു സ്ഥിര താമസമാക്കുകയും ചെയ്തു. കൊണ്യായുടെ അന്നത്തെ പേരായ 'റൂമി'യാണ് ജലാലുദ്ദീന്‍ റൂമി എന്നതിലെ അവസാനപദം. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ജലാലുദ്ദീന്‍ മതപ്രഭാഷകനായ പ്രൊഫസറായിത്തീര്‍ന്നു. വൈകാതെ പരിവ്രാജകനും ദാര്‍ശനികനുമായ, തബ്രിസിലെ ഷംസുദ്ദീന്‍ മുഹമ്മദുമായി ഇദ്ദേഹം അടുപ്പത്തിലായി. അത് സൂഫി മിസ്റ്റിസിസത്തിലേക്ക് ജലാലുദ്ദീനെ എത്തിച്ചു. അങ്ങനെ സ്വായത്തമാക്കിയ ദാര്‍ശനികവീക്ഷണം കാവ്യരൂപത്തില്‍ അവതരിപ്പിച്ചതാണ് മത്നവി-ഇ-മനാവി. വിഖ്യാതമായ ഈ പേര്‍ഷ്യന്‍ ഇതിഹാസകാവ്യത്തില്‍ 6 പുസ്തകങ്ങളിലായി 30,000-ത്തിലേറെ ഈരടികളുണ്ട്. കഥകളും ഉപകഥകളും കോര്‍ത്തിണക്കി, ലളിതമായ ഭാഷയില്‍ സൂഫി ദര്‍ശനം വിവരിക്കുന്ന ഈ കൃതി ഒരു സൂഫി വിജ്ഞാനകോശത്തിനു സമാനമാണ്. 'പേര്‍ഷ്യന്‍ ഭാഷയിലെ ഖുറാന്‍' എന്ന അപരനാമം തന്നെ ഇതിനു തെളിവാണ്. കാവ്യാത്മകത മുറ്റിനില്ക്കുന്ന നിരവധി ഗസലുകളുടെ സമാഹാരമായ ദീവാന്‍-ഇ-ഷംസ്-ഇ-തബ്രിസ് എന്ന കൃതിയും ഇദ്ദേഹത്തിന്റെതായുണ്ട്. പേര്‍ഷ്യയിലെ ഏറ്റവും മികച്ച മിസ്റ്റിക് കവിയെന്നു പുകള്‍പെറ്റ ഇദ്ദേഹം 1273 ഡി. 17-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍