This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലാലാബാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലാലാബാദ്

Jalalabad

അഫ്ഗാനിസ്താനിലെ നങ്ഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരം. പെഷവാറില്‍ നിന്ന് 112 കി.മീ. മാറി, കാബൂള്‍ നദിക്കരയില്‍ ഖൈബര്‍ ചുരത്തിനടുത്തായുള്ള ഫലഭൂയിഷ്ഠമായ സമതലത്തില്‍ സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 205423 (2007).

മുഗള്‍ സാമ്രാജ്യസ്ഥാപകനായിരുന്ന ബാബറാണ് പട്ടണം സ്ഥാപിക്കുവാനുള്ള സ്ഥലം തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പൗത്രനായ അക്ബര്‍ ചക്രവര്‍ത്തി 1560-ല്‍ പട്ടണം പണിതു. 2-ാം ശ. മുതല്‍ ഇവിടെ ജലവാസമുണ്ടായിരുന്നുവെന്നും ഈ പ്രദേശം ഒരു ഗാന്ധാര കലാകേന്ദ്രം ആയിരുന്നുവെന്നും പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഇവിടെ നിന്നു കണ്ടെടുത്തിട്ടുള്ള അനേകം ബുദ്ധപ്രതിമകളും ബുദ്ധസ്തൂപങ്ങളും ഈ പ്രദേശം പണ്ട് ഒരു ബുദ്ധമതകേന്ദ്രമായിരുന്നുവെന്ന് അനുമാനിക്കാന്‍ സഹായകമായിട്ടുണ്ട്.

1841-42-ല്‍ നടന്ന ബ്രിട്ടീഷ്-അഫ്ഗാന്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരോട് ധീരമായി പൊരുതി നിന്നതാണ് ഈ പ്രവിശ്യ. എന്നാല്‍ അഫ്ഗാനിസ്താനില്‍ നിന്നുമുള്ള ബ്രിട്ടീഷ് സൈനിക പിന്മാറ്റത്തോടെ ഇതിന്റെ പ്രതിരോധശേഷിയും തകര്‍ക്കപ്പെട്ടു. കാബൂള്‍-പെഷവാര്‍ റോഡില്‍ തന്ത്രപ്രധാനമായ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ പട്ടണം ഒരു സൈനികകേന്ദ്രവും വ്യോമകേന്ദ്രവും കൂടിയാണ്. 1963-ല്‍ സ്ഥാപിതമായ ജലാലാബാദ് സര്‍വകലാശാല പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രമാകുന്നു.

മധുരനാരങ്ങ, കരിമ്പ്, നെല്ല് മുതലായവയാണ് ഇവിടത്തെ പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. രാജ്യത്തെ പ്രധാന പഞ്ചസാരസംസ്കരണ കേന്ദ്രവുമാണ് ഈ പട്ടണം.

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലുള്ള ഒരു പട്ടണത്തിനും ജലാലാബാദ് എന്നാണ് പേര്‍. ഫിറോസ്പൂരിന് 55 കി.മീ. തെ. പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍