This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലസന്ധി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:01, 15 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലസന്ധി

ഇടുങ്ങിയ ജലപാത അഥവാ ജലാശയം (കടലിടുക്ക്). സാധാരണയായി രണ്ടു വലിയ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണിത്. അന്തര്‍സമുദ്രകനാലുകളെ പലപ്പോഴും 'കൃത്രിമ ജലസന്ധികള്‍' എന്നു വിശേഷിപ്പിക്കാറുണ്ട്; ഇവയെ ബഹുവചനമുപയോഗിച്ചു വിവരിക്കുകയും പതിവാണ്. ഉദാ. ജിബ്രോള്‍ട്ടര്‍ ജലസന്ധികള്‍ (Straits of Gibralter). ലോകത്തിലെ വലുപ്പമേറിയ കടലിടുക്കുകളില്‍ ഒന്നാണ് ഇംഗ്ലീഷ് ചാനല്‍.

ലോകത്തെമ്പാടുമുള്ള കടലിടുക്കുകളില്‍ മുപ്പതോളമെണ്ണം അന്തര്‍ദേശീയ ഗതാഗതത്തിനുപയോഗിക്കുന്നു. കോര്‍ഫു ചാനല്‍ കേസില്‍ അന്തര്‍ദേശീയ നീതിന്യായകോടതി വിധിച്ച 'അന്തര്‍ദേശീയ പരമ്പരാഗത നിയമനടപടിക്രമം' (1948) അനുസരിച്ച് ഉടമ്പടിയില്‍ പ്രത്യേകം എടുത്തുപറയാത്ത പക്ഷം വാണിജ്യനൌകകള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍ദേശീയ ഗതാഗതത്തിനുപയോഗപ്പെടുത്തുന്ന കടലിടുക്കുകളിലൂടെ യഥേഷ്ടം സഞ്ചരിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ ഒരു തീര രാഷ്ട്രത്തിനും അവകാശമില്ല; പാത പ്രശ്നവിമുക്തവുമായിരിക്കണമെന്നു മാത്രം. ഒരു നിഷ്പക്ഷരാഷ്ട്രത്തിന് യുദ്ധകാലങ്ങളില്‍ അതിനോടടുത്തുള്ള ജലസന്ധി സംരക്ഷിക്കുവാന്‍ ന്യായമായ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. മൈനുകള്‍ വിതറുക, കടന്നുകയറി വരുന്ന കപ്പലുകളെ പരിശോധനാര്‍ഥം കെട്ടിവലിച്ചുകൊണ്ടുപോവുക ഇവയൊക്കെ ഇതില്‍പ്പെടുന്നു. എന്നാല്‍ ഈ സമയത്തും ജലസന്ധി സ്വതന്ത്ര ഗതാഗതത്തിനായി തുറന്നിടേണ്ടതാണ്. ഏതെങ്കിലും തീരരാഷ്ട്രം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അതിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന കടലിടുക്ക് അടച്ചിടാനുള്ള അവകാശം അതിനുണ്ട്.

അസാധാരണമായ ചില രാഷ്ട്രീയ-ഭൂമിശാസ്ത്രകാരണങ്ങളാല്‍ പല ജലസന്ധികളിലെയും ഗതാഗതം പ്രത്യേക കരാറുകള്‍മൂലം നിയന്ത്രിച്ചിരിക്കുന്നു. 1936-ലെ 'മോന്ത്രോക്സ് കണ്‍വന്‍ഷന്‍' അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇതിനുദാഹരണമാണ്. ടര്‍ക്കി യുദ്ധത്തിലായിരിക്കുമ്പോള്‍ ടര്‍ക്കിഷ് ജലസന്ധി അടയ്ക്കുന്നതും ഇപ്പോള്‍ നിലവിലുള്ള ഗതാഗത നിയന്ത്രണങ്ങളുമെല്ലാം ഈ കരാറിന്‍പ്രകാരമാണ്.

ഇന്ത്യയെയും അയല്‍രാജ്യമായ ശ്രീലങ്കയെയും തമ്മില്‍ വേര്‍തിരിക്കുന്ന പാക് ജലസന്ധി (palk strait) ഇന്ത്യാ മഹാസമുദ്രത്തെ ബംഗാള്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍